Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പണം നഷ്ടപ്പെട്ടാൽ സ്വർണവ്യാപാരികൾ പരാതി നൽകില്ലെന്ന കണക്കുകൂട്ടലിൽ കവർന്നത് ഒന്നര കോടി; ഒരു വർഷം മുൻപ് നടന്ന മോഷണ കേസിലെ പ്രതിയെ പിടികൂടുന്നത് എറണാകുളത്തെ സി ബി ഐ കോടതിക്ക് മുന്നിൽ നിന്നും; കതിരൂർമനോജ് വധക്കേസ് പ്രതി കൂടിയായ സി പി എം മുൻ ബ്രാഞ്ച് സെക്രട്ടറി സിനിൽ കുമാർ കാസർഗോഡ് പൊലീസിന്റെ വലയിലായത് ഇങ്ങനെ

പണം നഷ്ടപ്പെട്ടാൽ സ്വർണവ്യാപാരികൾ പരാതി നൽകില്ലെന്ന കണക്കുകൂട്ടലിൽ കവർന്നത്  ഒന്നര കോടി; ഒരു വർഷം മുൻപ് നടന്ന മോഷണ കേസിലെ പ്രതിയെ പിടികൂടുന്നത് എറണാകുളത്തെ സി ബി ഐ കോടതിക്ക്  മുന്നിൽ നിന്നും; കതിരൂർമനോജ് വധക്കേസ് പ്രതി കൂടിയായ സി പി എം മുൻ ബ്രാഞ്ച് സെക്രട്ടറി സിനിൽ കുമാർ കാസർഗോഡ് പൊലീസിന്റെ വലയിലായത് ഇങ്ങനെ

വിനോദ് പൂന്തോട്ടം

കാസർഗോഡ്: ദേശീയ പാത വഴി മംഗലാപുരത്തേക്കും മുംബൈയിലേക്കും സ്വർണം വാങ്ങാനും, വിൽക്കാനും പോകുന്ന സ്വർണ വ്യാപാരികളുടെ വാഹനം തട്ടിയെടുത്തുകൊള്ളയടിക്കുന്ന സംഘങ്ങൾ കാസർഗോഡ് - കണ്ണൂർ അതിർത്തിയിൽ സജീവമാണ്. സ്വർണവും പണവു നഷ്ടപ്പെട്ടാൽ വ്യാപാരികൾ പരാതിക്ക് പോകില്ല എന്നത് ഈ മേഖലയിലെ പിടിച്ചു പറിക്കും കൊള്ളയ്ക്കും ആക്കം കൂട്ടി. കണക്കിൽപ്പെടാത്ത പണമായിരിക്കും പലപ്പോഴും കൊള്ള നടത്തുന്നത്. വ്യാപാരികൾക്ക് ഇത് സംബന്ധിച്ച് കണക്ക് പൊലീസിന് മുന്നിൽ ബോധിപ്പിക്കാൻ കഴിയാത്തതിനാൽ അവരും പുറത്തു പറയാറില്ല. ഇതൊക്കെ മനസിലാക്കി അങ്ങനെ ഒരു വർഷം മുൻപ് നടത്തിയ ഒരു കൊള്ളയിൽ ഒന്നരക്കോടി തട്ടിയെടുത്ത പ്രതിയെയാണ് കാസർഗോഡ് പൊലീസ് എറണാകുളത്ത് നിന്നും പിടികൂടിയത്.

സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയും കതിരൂർ മനോജ് വധക്കേസിലെ പ്രതിയുമായ സിനിൽ കുമാർ കാസർകോട് മൊഗ്രാൽപുത്തൂരിൽ വെച്ച് സ്വർണ വ്യാപാരിയുടെ കാർ തടഞ്ഞു 1.6 കോടിയുടെ പണം കവരുകയായിരുന്നു. കേസിലെ മുഖ്യപ്രതിയായ കണ്ണൂർ മാലൂർ സ്വദേശി സിനിൽ കുമാറിനെ വല വിരിച്ചു തന്നെയാണ് കാസർഗോഡ് പൊലീസ് പിടികൂടിയത്. തലശ്ശേരിയിലെ ബിജെപി നേതാവ് കതിരൂർ മനോജ് വധക്കേസിൽ പ്രതിയായ ഇയാൾ, മറ്റു പ്രതികൾക്കൊപ്പം തിങ്കളാഴ്ച എറണാകുളത്തെ സിബിഐ കോടതിയിൽ ഹാജരായ ശേഷം പുറത്തിറങ്ങുമ്പോളാണ് പൊലീസ് സംഘം പിടികൂടിയത്.

സിപിഎമ്മിന്റെ മാലൂർ തോലമ്പ്ര മടത്തിക്കുണ്ട് ബ്രാഞ്ച് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള ഇയാളെ തിങ്കളാഴ്ച രാത്രി തന്നെ കാസർകോട് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം സെപ്റ്റംബർ 25ന് കാസർകോട് മൊഗ്രാൽ പുത്തൂരിൽ സ്വർണ വ്യാപാരിയുടെ പണം തട്ടിയ കേസിലെ മുഖ്യപ്രതിയാണു സിനിൽ. കതിരൂർ മനോജ് വധക്കേസിൽ ജാമ്യത്തിൽ ഇറങ്ങിയപ്പോഴാണു മോഷണം നടത്തിയത്. പിന്നീട് ഒരു വർഷത്തോളമായി ഒളിവിലായിരുന്നു.

മഹാരാഷ്ട്ര സ്വദേശിയായ സ്വർണ വ്യാപാരിയുടെ പണമാണ് കവർന്നത്. ദേശീയപാത വഴി കൊണ്ടുപോകുന്ന പണം കൊള്ളയടിക്കുന്ന സംഘത്തിനു സിനിലും സുഹൃത്ത് സുജിത്തും ചേർന്നാണു നേതൃത്വം നൽകുന്നത്. സമാനമായ കേസുകളിൽ ഈ സംഘം ഉൾപ്പെട്ടതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം സംഭവങ്ങളിൽ കണക്കിൽ പെടാത്ത പണം ഉൾപ്പെടുമെന്നും അതിനാൽ പരാതികൾ ഉണ്ടാകില്ലെന്നുമാണു പ്രതികൾ കരുതിയിരുന്നത്. മൊഗ്രാലിലെ കേസിലെ മറ്റു 10 പ്രതികളെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കാസർകോട് ഡിവൈഎസ്‌പി പി.വി.മനോജിന്റെ നിർദ്ദേശപ്രകാരം സിഐ പി.അജിത് കുമാറാണു പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ സിനിലിനെ റിമാൻഡ് ചെയ്തു.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന കവർച്ചയിലെ മുഖ്യപ്രതി പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിഞ്ഞത് ഒരു വർഷത്തോളമാണ്. ജൂവലറി ഉടമയുടെ വാഹനം തട്ടിക്കൊണ്ടു പോയി 1.65 കോടി കവർന്ന കേസിൽ ആകെ 11 പ്രതികളാണുണ്ടായിരുന്നത്. ബാക്കി 10 പേരും നേരത്തെ പൊലീസിന്റെ വലയിലായിരുന്നു. 7 വാഹനങ്ങൾ ഇവരിൽ നിന്നു പിടിച്ചെടുക്കുകയും ചെയ്തു. ഒടുവിൽ മുങ്ങി നടന്ന മുഖ്യപ്രതിയും അറസ്റ്റിലായി. പണം നഷ്ടപ്പെട്ടവർ പരാതി കൊടുക്കില്ല എന്ന ധാരണയിലാണ് പ്രതികൾ തുടർച്ചയായി ജൂവലറി ഉടമകളെ ലക്ഷ്യം വച്ച് മോഷണം നടത്തിയിരുന്നത്.

മംഗളുരുവിൽ നിന്നു തലശ്ശേരിയിലേക്കു പോവുകയായിരുന്ന മഹാരാഷ്ട്ര സാംഗ്ലീയിലെ കൗത്തോളി രാഹുൽ മഹാദേവ് ജാബർ(35)നെയാണ് കാറിലെത്തിയ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയത്. പയ്യന്നൂർ കാങ്കോലിനടുത്ത് ആദ്യം കാർ ഉപേക്ഷിക്കുകയും പിന്നാലെ മഹാദേവിനെ ഇറക്കി വിടുകയും ചെയ്തു. ബെൽഗാമിലും കോലാപൂരിലും സ്വർണ വ്യാപാരം നടത്തുന്നയാളുടെ പണമാണു തട്ടിയെടുക്കപ്പെട്ടത്. 2016 ഓഗസ്റ്റ് 7നു ദേശീയപാത ചെർക്കള-ചട്ടഞ്ചാലിനും ഇടയിൽ സമാനരീതിയിലുള്ള സംഭവം ഉണ്ടായിരുന്നു. അന്നു നഷ്ടമായത് ഒന്നരക്കോടി രൂപയാണ്. ഇതിന്റെ പിന്നിലും ഇതേ ക്വട്ടേഷൻ സംഘത്തലവന്റെ നേതൃത്വത്തിലുള്ള സംഘമാണെന്നു സൂചനയുണ്ടായിരുന്നുവെങ്കിലും പൊലീസ് അന്വേഷണം എങ്ങുമെത്തിയിരുന്നില്ല. മഞ്ചേശ്വരത്തും സമാനമായ രീതിയിൽ പണം തട്ടിയെടുത്ത സംഭവമുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP