Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്‌കൃത സർവ്വകലാശാലയിൽ ചുമർചിത്രകലാ പൈതൃക സംരക്ഷണകേന്ദ്രം ആരംഭിക്കുന്നു; സെക്ഷൻ 8 കമ്പനി സ്ഥാപിക്കും

സ്വന്തം ലേഖകൻ

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ ചുമർചിത്രകലാ പൈതൃക സംരക്ഷണകേന്ദ്രം (SSUS Centre for Preservation and Promotion of Mural Arts & Cultural Heritage - SSUS C-MACH) ആരംഭിക്കുന്നു. സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിൽ തുടങ്ങുന്ന കേന്ദ്രം, ഫൈൻ ആർട്‌സ് കൺസോർഷ്യത്തിന് കീഴിലായിരിക്കും പ്രവർത്തിക്കുക. ചുമർചിത്രകലയുടെ പരിപോഷണം, വ്യാപനം, സംരക്ഷണം എന്നിവ ലക്ഷ്യമാക്കി ആരംഭിക്കുന്ന ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല ചുമർചിത്രകലാ പൈതൃക സംരക്ഷണകേന്ദ്രത്തിലൂടെ ചുമർചിത്രകലയിലും അനുബന്ധ കലാവിഷയങ്ങളിലും സർവ്വകലാശാലയിൽ നടക്കുന്ന പഠനഗവേഷണ പ്രവർത്തനങ്ങൾ പൊതുസമൂഹത്തിന് പ്രാപ്യമാക്കുവാൻ സർവ്വകലാശാല ഉദ്ദേശിക്കുന്നു.

ക്ഷേത്രങ്ങൾ, പള്ളികൾ, മ്യൂസിയങ്ങൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവയ്ക്കായി ചുമർചിത്രങ്ങൾ ആലേഖനം ചെയ്യുന്ന പദ്ധതികൾ ഏറ്റെടുക്കുന്നതുൾപ്പെടെ നിലവിലുള്ള ഇത്തരം ചുമർചിത്രങ്ങളും കലാരൂപങ്ങളും സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനുമുള്ള പദ്ധതികൾ തയ്യാറാക്കുന്നതിനുള്ള നിർവ്വഹണം, നിർവ്വഹണ മേൽനോട്ടം എന്നിവ ഈ കേന്ദ്രത്തിലൂടെ സർവ്വകലാശാല ഏറ്റെടുക്കുമെന്ന് വൈസ് ചാൻസലർ ഡോ. എം. വി. നാരായണൻ പറഞ്ഞു. ചുമർചിത്ര ആലേഖനവുമായി ബന്ധപ്പെട്ട് സർക്കാർ/സ്വകാര്യ സ്ഥാപനങ്ങൾക്ക് സർവ്വകലാശാല കൺസൾട്ടൻസി സർവ്വീസ് നൽകും. ഇന്ത്യയ്ക്കകത്തും പുറത്തും ചുമർചിത്രകലയുടെ വ്യാപനത്തിനായി ഇത്തരത്തിലുള്ള പദ്ധതികൾ ആവിഷ്‌കരിക്കുവാനും നിർവ്വഹിക്കുവാനും ഈ കേന്ദ്രത്തിലൂടെ സർവ്വകലാശാലയ്ക്ക് കഴിയും.

കേരളത്തിലെ പൗരാണിക ചുമർചിത്രങ്ങളുടെ വിവരശേഖരണം നടത്തി പഠനഗവേഷണ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തുവാനും സർവ്വകലാശാല ഈ കേന്ദ്രത്തിലൂടെ ഉദ്ദേശിക്കുന്നുണ്ട്. വിവിധ കൺസൾട്ടൻസി ആവശ്യങ്ങൾക്കായി സർവ്വകലാശാലയിൽ സെക്ഷൻ 8 കമ്പനി ആരംഭിക്കും. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല ചുമർചിത്രകലാ പൈതൃക സംരക്ഷണകേന്ദ്രം ഈ സെക്ഷൻ 8 കമ്പനിയുമായി ചേർന്ന് പ്രവർത്തിക്കും, ഡോ. എം. വി. നാരായണൻ പറഞ്ഞു.

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല ചുമർചിത്രകലാ പൈതൃക സംരക്ഷണ കേന്ദ്രത്തിന്റെ ഡയറക്ടറായി സർവ്വകലാശാലയിലെ ചുമർചിത്രകലാ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. സാജു. ടി. എസിനെ നിയമിച്ചു. കേന്ദ്രത്തിന്റെ നടത്തിപ്പിനായി ഡയറക്ടർ കൺവീനറായി ഉപദേശക സമിതിയും രൂപീകരിച്ചിട്ടുണ്ട്. ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ ഡയറക്ടർ ഡോ. ടി. മിനി, നാടക വിഭാഗം അദ്ധ്യാപിക ഉഷ പി. കെ., ഫിനാൻസ് ഓഫീസർ സുനിൽകുമാർ എസ്., ജോയിന്റ് രജിസ്ട്രാർ സുഖേഷ് കെ. ദിവാകർ, സോഷ്യോളജി വിഭാഗം അദ്ധ്യാപിക ഡോ. ശീതൾ എസ്. കുമാർ, മലയാള വിഭാഗം അദ്ധ്യാപിക ഡോ. നിനിത ആർ. എന്നിവരാണ് ഉപദേശക സമിതി അംഗങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP