Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കെസിയും ഒസിയും ആർസിയും വെടിനിർത്തി; കെ എസും വിഡിയും ഒരുമിച്ചു നിന്നു; കെപിസിസി യോഗത്തിൽ സംഭവിച്ചതെല്ലാം മുൻകൂട്ടിയുണ്ടാക്കിയ തിരക്കഥ; അധ്യക്ഷനേയും എഐസിസി അംഗങ്ങളേയും നിശ്ചയിക്കാനുള്ള ചുമതല സോണിയയ്ക്ക് നൽകി പ്രമേയം; സുധാകരൻ അധ്യക്ഷനായി തുടരും; പ്രഖ്യാപനം ഡൽഹിയിൽ ഉടനുണ്ടാകും

കെസിയും ഒസിയും ആർസിയും വെടിനിർത്തി; കെ എസും വിഡിയും ഒരുമിച്ചു നിന്നു; കെപിസിസി യോഗത്തിൽ സംഭവിച്ചതെല്ലാം മുൻകൂട്ടിയുണ്ടാക്കിയ തിരക്കഥ; അധ്യക്ഷനേയും എഐസിസി അംഗങ്ങളേയും നിശ്ചയിക്കാനുള്ള ചുമതല സോണിയയ്ക്ക് നൽകി പ്രമേയം; സുധാകരൻ അധ്യക്ഷനായി തുടരും; പ്രഖ്യാപനം ഡൽഹിയിൽ ഉടനുണ്ടാകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെപിസിസി. പ്രസിഡന്റ് അടക്കമുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള ജനറൽബോഡിയോഗത്തിൽ അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല. ഭാരവാഹികളെ നേരത്തേ നിശ്ചയിച്ചതിനാൽ തികച്ചും സാങ്കേതിക തിരഞ്ഞെടുപ്പുമാത്രമാണ് നടക്കുക. പ്രസിഡന്റ് സ്ഥാനത്ത് കെ. സുധാകരൻ തുടരും എന്നാണ് സൂചന. ഇക്കാര്യത്തിൽ കെപിസിസിയിൽ തീരുമാനം ഉണ്ടായിട്ടില്ല.

കെപിസിസിയിൽ മത്സരമില്ലാതെ സുധാകരനെ തിരഞ്ഞെടുക്കാനുള്ള ധാരണ നേതൃതലത്തിലുണ്ട്. അതിനാൽ, കെപിസിസി. പ്രസിഡന്റിനെ നിശ്ചയിക്കാൻ ദേശീയ അധ്യക്ഷയെ ചുമതലപ്പെടുത്തുന്ന പ്രമേയം കെപിസിസി അംഗീകരിച്ചു. പ്രഖ്യാപനം ഹൈക്കമാൻഡാകും നടത്തുക. ഇന്ദിരാഭവനിലെ യോഗത്തിൽ രമേശ് ചെന്നിത്തലയാണ് പ്രമേയം അവതരിപ്പിച്ചത്. എ.ഐ.സി.സി. തിരഞ്ഞെടുപ്പിനുമുമ്പ് സംസ്ഥാനതല ഭാരവാഹികളെ നിശ്ചയിക്കുന്നത് പൂർത്തിയാക്കേണ്ടതുണ്ട്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ട്രഷറർ എന്നീ സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്. അതുകൊണ്ട് തന്നെ ഉടൻ സോണിയ സുധാകരന്റെ പേര് പ്രഖ്യാപിക്കാനാണ് സാധ്യത.

കെപിസിസി യോഗത്തിലാണ് പ്രമേയം പാസാക്കിയത്. രമേശ് ചെന്നിത്തല അവതരിപ്പിച്ച പ്രമേയത്തെ വി ഡി സതീശൻ, കെ മുരളീധരൻ, എം എം ഹസ്സൻ, കൊടിക്കുന്നിൽ സുരേഷ്, കെ സി ജോസഫ് എന്നിവർ പിന്താങ്ങി. എഐസിസി അംഗങ്ങളെയും സോണിയ തീരുമാനിക്കും. പുതുതായി തെരെഞ്ഞെടുക്കപ്പെട്ട കെപിസിസി അംഗങ്ങൾ പങ്കെടുത്ത ആദ്യ ജനറൽ ബോഡി യോഗമാണ് ഇന്ന് ചേർന്നത്. 282 ബ്ലോക്ക് പ്രതിനിധികളും മുതിർന്ന നേതാക്കളും പാർലിമെന്ററി പാർട്ടി പ്രതിനിധികളും അടക്കം 315 അംഗങ്ങൾ ആണുള്ളത്. കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കണം എന്ന് എ ഐ സി സിയോട് ആവശ്യപെടുന്ന ഒറ്റ വരി പ്രമേയം യോഗത്തിൽ പാസ്സാക്കിയത്. 

സുധാകരനെ പ്രസിഡന്റാക്കുന്നതിനെ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും അനുകൂലിക്കും. ചെന്നിത്തലയുടെ നേതൃത്വത്തിലാണ് സുധാകരനെ കെപിസിസിയുടെ ചുമതല വീണ്ടും ഏൽപ്പിക്കുന്ന ഫോർമുല തയ്യാറാക്കിയത്. ഉമ്മൻ ചാണ്ടിയും ഇതിനെ അംഗീകരിച്ചു. ഹൈക്കമാണ്ടിൽ നിന്ന് മറ്റൊരു പേരുകാരൻ എഐസിസിയെ നയിക്കാൻ എത്തില്ല. ബെന്നി ബെഹന്നാനും കൊടിക്കുന്നിൽ സുരേഷും ഈ പദവി ആഗ്രഹിച്ചിരുന്നു. എന്നാൽ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഒരുമിച്ചത് എല്ലാവർക്കും തടസ്സമായി. സുധാകരനെ മാറ്റുന്നത് സംഘടനയ്ക്ക് ദോഷം ആകുമെന്ന നിലപാടിലാണ് അവർ.

ഇക്കാര്യം കെസി വേണുഗോപാലിനേയും ബോധ്യപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയനെ നേരിടാൻ സുധാകരനാണ് നല്ലതെന്ന വാദമാണ് ഇതിന് കാരണമായി മാറിയത്. ഭിന്നത വിട്ട് കെ.സി വേണുഗോപാൽ പക്ഷവും എ,ഐ ഗ്രൂപ്പുകളും വിട്ടുവീഴ്ചക്കൊരുങ്ങിയതാണ് സംസ്ഥാന കോൺഗ്രസ്സിലെ സംഘടനാ തെരഞ്ഞെടുപ്പ് സമവായത്തിലെത്താൻ കാരണം. ഗ്രൂപ്പ് നോമിനികളെ ചേർത്ത് പുതുക്കിയ അംഗത്വ പട്ടികയിൽ പരാതി ബാക്കിയുണ്ടെങ്കിൽ പുറത്ത് വരുന്നത് ഒഴിവാക്കാൻ പട്ടിക ഔദ്യോഗികമായി നേതൃത്വം പുറത്തുവിട്ടില്ല. സമവായത്തിന്റെ ഭാഗമായി കെ.സുധാകരൻ പ്രസിഡന്റായി തുടരാൻ നേതാക്കൾക്കിടയിൽ ധാരണയാവുകയായിരുന്നു.

ആദ്യം നൽകിയ പട്ടിക ഹൈക്കമാൻഡ് തിരിച്ചയച്ചതോടെയാണ് എ-ഐ ഗ്രൂപ്പുകളുമായി അതിവേഗം കെസുധാകരനും വിഡി സതീശനും സമവായത്തിലെത്തിയത്. ഗ്രൂപ്പല്ല മാനദണ്ഡമെന്നാണ് നേതൃത്വത്തിന്റെ അവകാശവാദമെങ്കിലും പുതുതായി പട്ടികയിൽ ചേർത്തത് ഗ്രൂപ്പ് നോമിനികളെയാണ് എന്നതാണ് വാസ്തവം. എ-ഐ ഗ്രൂപ്പുകളും കെസി പക്ഷവും പല ജില്ലകളിലും ശരിക്കും നടത്തിയത് ധാരണ അനുസരിച്ചുള്ള വീതംവെയ്പാണ്. ഇതോടെ പുതുക്കിയ പട്ടികക്കെതിരെ പരാതി ഉയർന്നില്ല. ഇതോടെ എഐസിസി പട്ടികയ്ക്ക് അനുമതിയും നൽകി.

പുനഃസംഘടിപ്പിച്ച കെപിസിസി.യിൽ 310 അംഗങ്ങളുടെ പട്ടികയ്ക്കാണ് ഹൈക്കമാൻഡ് അംഗീകാരം നൽകിയത്. ഇതിൽ 77 പേർ പുതുമുഖങ്ങളാണ്. നിലവിലെ കെപിസിസി. ഭാരവാഹികളായ ചിലർ കെപിസിസി. ജനറൽബോഡിയിൽ അംഗങ്ങളായിട്ടില്ലെന്ന വൈരുധ്യവുമുണ്ട്. കെപിസിസി. അംഗങ്ങളിൽനിന്ന് ഭാരവാഹികളെ തിരഞ്ഞെടുക്കണമെന്നാണ് പാർട്ടി ഭരണഘടന പറയുന്നത്. സുധാകരൻ പ്രസിഡന്റായതിനുശേഷം ഭാരവാഹിസ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ചിലരാണ് ജനറൽബോഡി അംഗങ്ങളല്ലാത്തവരായുള്ളത്. ഇവരെക്കൂടി കെപിസിസി. അംഗങ്ങളാക്കാനുള്ള ശ്രമംനടക്കുന്നുണ്ട്.

അതുകൊണ്ട് അംഗങ്ങളുടെ പട്ടിക ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഡി.സി.സി. ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ എന്നിവരുടെ തിരഞ്ഞെടുപ്പ് നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും ഗ്രൂപ്പ് തർക്കത്തെത്തുടർന്ന് അത് നടത്താനായിട്ടില്ല. ഒരു ബ്ലോക്കിൽനിന്ന് ഒരു പ്രതിനിധി എന്ന രീതിയിലാണ് കെപിസിസി. അംഗങ്ങൾ. അങ്ങനെ ബ്ലോക്ക് പ്രതിനിധികളായ 282 പേരാണുള്ളത്. ഇതിനുപുറമേ മുൻ കെപിസിസി. പ്രസിഡന്റുമാർ, പാർലമെന്ററി പാർട്ടിനേതാക്കൾ എന്നിവരും ജനറൽബോഡിയിലുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

ജോഡോയാത്ര കേരളത്തിലൂടെ കടന്നു പോകുന്ന സാഹചര്യത്തിൽ പൊട്ടിത്തെറി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് നേതൃത്വം പട്ടിക പുറത്ത് വിടേണ്ട എന്ന തന്ത്രപരമായ തീരുമാനം എടുത്തത്. കെപിസിസി നേതൃത്വം വ്യക്തിപരമായി തെരഞ്ഞെടുക്കപ്പെട്ട വിവരം നേതാക്കളെ അറിയിച്ചിട്ടുണ്ട്. സമവായമാണ് എല്ലായിടത്തെങ്കിലും ചെറിയ ചില പരാതികൾ പല ജില്ലകളിലും ചെറുതായി നേതാക്കൾക്കുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP