Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്രീസ് വിട്ടിറങ്ങി നടന്നടിച്ച ആ കൂറ്റൻ സിക്സറുകൾ...; ആദ്യ ട്വന്റി 20 ലോകകപ്പിലെ നിർണായക താരം; ആഭ്യന്തര ക്രിക്കറ്റിൽ ഒടുവിൽ പാഡണിഞ്ഞത് കേരളത്തിനായി; പാതി മലയാളിയായ ഇന്ത്യൻതാരം റോബിൻ ഉത്തപ്പ വിരമിച്ചു; ക്രിക്കറ്റ് ലോകത്തിന്റെ ആശംസാപ്രവാഹം

ക്രീസ് വിട്ടിറങ്ങി നടന്നടിച്ച ആ കൂറ്റൻ സിക്സറുകൾ...; ആദ്യ ട്വന്റി 20 ലോകകപ്പിലെ നിർണായക താരം; ആഭ്യന്തര ക്രിക്കറ്റിൽ ഒടുവിൽ പാഡണിഞ്ഞത് കേരളത്തിനായി; പാതി മലയാളിയായ ഇന്ത്യൻതാരം റോബിൻ ഉത്തപ്പ വിരമിച്ചു; ക്രിക്കറ്റ് ലോകത്തിന്റെ ആശംസാപ്രവാഹം

സ്പോർട്സ് ഡെസ്ക്

ബെംഗളൂരു: ലോകോത്തര പേസർമാർക്കെതിരെ പോലും ഭയമില്ലാതെ ക്രീസ് വിട്ട് നടന്നിറങ്ങി ഗാലറിയിലേക്ക് പറത്തുന്ന കൂറ്റൻ സിക്സറുകൾ....ഗാലറിയുടെ എതു കോണിലേക്കും അനായാസം പന്തെത്തിക്കാനുള്ള ആസാധാരണ മികവ്. സ്പിൻ ബൗളർമാരെയും പേസ് ബൗളർമാരെയും തല്ലിത്തകർത്ത് മുന്നേറാനുള്ള ബാറ്റിങ് മികവ്. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ച് ഉത്തപ്പ പാഡഴിക്കുമ്പോൾ ക്രിക്കറ്റിനെ നെഞ്ചേറ്റുന്ന ആരാധകർക്ക് നഷ്ടമാകുന്നത് ഈ കാഴ്ചകളാണ്.

2006ൽ ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറ്റം കുറിച്ച് തൊട്ടടുത്ത വർഷം ട്വന്റി 20 ലോകകപ്പ് ഉയർത്തിയ ടീമിലംഗമായ ഉത്തപ്പ ഐപിഎല്ലിൽ ഇതിഹാസമായി പേരെടുത്താണ് മടങ്ങുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിനായി അവസാനം കളിച്ച താരത്തിന് മലയാളക്കരയിലും ആരാധകരേറെ. ഉത്തപ്പ പാഡഴിക്കുമ്പോൾ താരത്തിന് നന്ദിയും ആശംസയും കുറിക്കുകയാണ് കായിക പ്രേമികൾ.

ഇന്ത്യക്കായി 2006ൽ ഇംഗ്ലണ്ടിനെതിരെ ഏകദിന ക്രിക്കറ്റിൽ അരങ്ങേറിയ ഉത്തപ്പ 2007ലെ ടി20 ലോകകപ്പ് ജയിച്ച ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. ഇന്ത്യക്കായി 46 ഏകദിനങ്ങളിൽ കളിച്ച ഉത്തപ്പ 934 റൺസ് നേടി. 86 റൺസാണ് ഉയർന്ന സ്‌കോർ.

മുൻ ഇന്ത്യൻ ഓപ്പണറും ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് താരവുമായ റോബിൻ ഉത്തപ്പ മറ്റൊരു ലോകകപ്പിന് അരങ്ങൊരുങ്ങവെയാണ് സജീവ ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. രാജ്യത്തെയും കർണാടകയെയെും പ്രതിനിധീകരിക്കാനായതിൽ അഭിമാനമുണ്ടെന്നും എന്നാൽ എല്ലാ നല്ല കാര്യങ്ങൾക്കും ഒരു അവസാനമുണ്ടെന്നും അതിനാൽ നിറഞ്ഞ ഹൃദയത്തോടെ സജീവ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുന്നുവെന്നും ഉത്തപ്പ ട്വീറ്റിൽ വ്യക്തമാക്കി.

2007ൽ ടി20 ക്രിക്കറ്റിൽ അരങ്ങേറിയ ഉത്തപ്പ ഇന്ത്യക്കായി 13 ടി20 മത്സരങ്ങളിൽ കളിച്ചു. 118.01 പ്രഹരശേഷിയിൽ 249 റൺസാണ് ടി20 ക്രിക്കറ്റിൽ ഉത്തപ്പയുടെ നേട്ടം. 2015സ് സിംബാബ്വെക്കെതിരായ ഏകദിനത്തിലാണ് ഉത്തപ്പ അവസാനമായി ഇന്ത്യക്കായി കളിച്ചത്. 44 പന്തിൽ 31 റൺസെടുത്ത് ഉത്തപ്പ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുകയും ചെയ്തു. അതേ പരമ്പരയിൽ തന്നെയായിരുന്നു ഉത്തപ്പ അവസാനമായി ഇന്ത്യക്കായി ടി20 യിലും കളിച്ചത്.

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വിശ്വസ്തനായിരുന്ന ഉത്തപ്പ ഐപിഎല്ലിൽ കൊൽക്കത്തക്കൊപ്പവും ചെന്നൈ സൂപ്പർ കിങ്‌സിനൊപ്പവും മൂന്ന് കിരീട നേട്ടങ്ങളിൽ പങ്കാളിയായി. 2014ലെ ഐപിഎല്ലിലെ റൺവേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് ഉത്തപ്പക്കായിരുന്നു. 2007ലെ ആദ്യ ടി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരായ ഗ്രൂപ്പ് മത്സരം ടൈ ആയപ്പോൾ നടന്ന ബൗൾ ഔട്ടിൽ ഇന്ത്യക്കായി പന്തെറിഞ്ഞവിരലൊരാൾ ഉത്തപ്പയായിരുന്നു. കരിയറിന്റെ അവസാന കാലത്ത് ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിനായി പാതി മലയാളി കൂടിയായ ഉത്തപ്പ പാഡണിഞ്ഞു.

കഴിഞ്ഞ ഐപിഎല്ലിലും ചെന്നൈ സൂപ്പർ കിങ്‌സ് താരമായിരുന്നു ഉത്തപ്പ. 2020 ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ ചാമ്പ്യന്മാരാക്കുന്നതിലും ഉത്തപ്പ നിർണായക സംഭാവന നൽകിയിരുന്നു.

കിരീടങ്ങൾ സ്വന്തമാക്കിയ ക്രിക്കറ്റിലെ രാജകുമാരൻ

മുപ്പത്തിയാറാം വയസിലാണ് സജീവ ക്രിക്കറ്റിൽ നിന്ന് റോബിൻ ഉത്തപ്പ വിരമിക്കുന്നത്. 2002-2003 സീസണിൽ കർണാടകയ്‌ക്കൊപ്പം ആഭ്യന്തര ക്രിക്കറ്റിലെ ഇന്നിങ്സ് തുടങ്ങിയ ഉത്തപ്പ 2004ലെ അണ്ടർ 19 ലോകകപ്പ് സ്‌ക്വാഡിലൂടെയാണ് റോബിൻ ഉത്തപ്പ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയത്. രണ്ട് വർഷത്തിന് ശേഷം ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറ്റം കുറിച്ച താരം 46 ഏകദിനങ്ങളും 13 ടി20കളും നീലപ്പടയ്ക്കായി കളിച്ചു. ഏകദിനത്തിൽ 934 ഉം രാജ്യാന്തര ടി20യിൽ 249 റൺസുമാണ് സമ്പാദ്യം. 142 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ 22 സെഞ്ചുറികളോടെ 41നടുത്ത് ശരാശരിയിൽ 9446 റൺസ് നേടി.

ഐപിഎല്ലിൽ 15 സീസണുകളിലും കളിച്ച താരം ചെന്നൈ സൂപ്പർ കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, മുംബൈ ഇന്ത്യൻസ്, പുനെ വാരിയേഴ്സ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, രാജസ്ഥാൻ റോയൽസ് എന്നിങ്ങനെ ആറ് ടീമുകളെ പ്രതിനിധീകരിച്ചു. ഐപിഎല്ലിൽ 205 മത്സരങ്ങളിൽ 130.35 സ്‌ട്രൈക്ക് റേറ്റിലും 27.51 ശരാശരിയിലും 4952 റൺസാണ് സമ്പാദ്യം.

2007ലെ ടി20 ലോകകപ്പിൽ തുടങ്ങി കരിയറിൽ ഒരുപിടി കിരീട നേട്ടങ്ങളുണ്ട് റോബിൻ ഉത്തപ്പയ്ക്ക്. 2014ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പവും 2021ൽ ചെന്നൈ സൂപ്പർ കിങ്സിനൊപ്പവും ഐപിഎൽ കിരീടം ചൂടി. 2013-14, 2014-15 വർഷങ്ങളിൽ രഞ്ജി ട്രോഫി കിരീടം നേടിയ ടീമുകളിൽ അംഗമായി. ഇതേ കാലയളവിൽ( 201314 & 201415 ) തന്നെ ഇറാനി ട്രോഫിയും സ്വന്തം. ഐപിഎല്ലിൽ 2014 സീസണിൽ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയതും 2007 ടി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ 39 പന്തിൽ 50 റൺസ് നേടിയതും വ്യക്തിഗത മികവിന് ഉദാഹരണങ്ങളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP