Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പാലക്കാട് വീണ്ടും തെരുവുനായ ആക്രമണം; യുവതിയുടെ മുഖത്തും കാലിലും കടിയേറ്റു; തെരുവുനായ ശല്യത്തിൽ പൊറുതിമുട്ടി കേരളം; വിമർശനം ഏറിയതോടെ നടപടിയുമായി സർക്കാർ; പ്രശ്‌നം പരിഹരിക്കാൻ ജില്ലാതലത്തിൽ ഏകോപനം നടത്തുമെന്ന് മന്ത്രി എം.ബി. രാജേഷ്; നിരീക്ഷിക്കാൻ നാലംഗ സമിതി

പാലക്കാട് വീണ്ടും തെരുവുനായ ആക്രമണം; യുവതിയുടെ മുഖത്തും കാലിലും കടിയേറ്റു; തെരുവുനായ ശല്യത്തിൽ പൊറുതിമുട്ടി കേരളം; വിമർശനം ഏറിയതോടെ നടപടിയുമായി സർക്കാർ; പ്രശ്‌നം പരിഹരിക്കാൻ ജില്ലാതലത്തിൽ ഏകോപനം നടത്തുമെന്ന് മന്ത്രി എം.ബി. രാജേഷ്; നിരീക്ഷിക്കാൻ നാലംഗ സമിതി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷം. പാലക്കാട് വീണ്ടും തെരുവുനായ ആക്രമണം റിപ്പോർട്ട് ചെയ്തു. പാലക്കാട് നഗരത്തിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിക്ക് നായയുടെ കടിയേറ്റു. മണലാഞ്ചേരി സ്വദേശി സുൽത്താനയെയാണ് തെരുവ് നായ കടിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് നായയുടെ ആക്രമണമുണ്ടായത്. മുഖത്തും കൈകാലുകളിലും കടിയേറ്റ ഇവരെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാലക്കാട് ജില്ലയിൽ ഇന്ന് മാത്രം ആറ് പേർക്കാണ് നായയുടെ കടിയേറ്റത്. മദ്രസയിൽ പോയ വിദ്യാർത്ഥികളും സ്‌കൂൾ അദ്ധ്യാപകനും വിദ്യാർത്ഥിയും അടക്കം നായയുടെ ആക്രമണത്തിനിരയായി. മേപറമ്പിൽ രാവിലെ മദ്രസയിൽ പോയ വിദ്യാർത്ഥികൾക്കാണ് ആദ്യം കടിയേറ്റത്. അലാന ഫാത്തിമ, റിഫ ഫാത്തിമ എന്നീ വിദ്യാർത്ഥിനികളെയാണ് നായ ആക്രമിച്ചത്. നായ കുട്ടികളെ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാനെത്തിയ ആൾക്കും കടിയേറ്റു. മാരകമായി പരിക്കേറ്റ നെദ്ഹറുദ്ധീനെയും വിദ്യാർത്ഥികളേയും പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ചങ്ങല പൊട്ടിച്ചെത്തിയ വളർത്തുനായായാണ് ഇവരെ കടിച്ചത്.

സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമാകുകയും, ആക്രമണത്തിന് ഇരയാകുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയും ചെയ്തതോടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ രംഗത്തെത്തി. തെരുവുനായ നിയന്ത്രണത്തിനുള്ള പ്രവർത്തനങ്ങൾ ജില്ലാ ഭരണകൂടം ഏകോപിപ്പിക്കുമെന്ന് മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. ജില്ലാ കലക്ടർമാരുടെ യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ തെരുവുനായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് എബിസി പദ്ധതി നടപടികൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാ അടിസ്ഥാനത്തിൽ സമിതി രൂപീകരിക്കാനാണ് തീരുമാനം. സർക്കാരിന്റെ നേതൃത്വത്തിൽ, കോവിഡ്, പ്രളയ കാലത്ത് നടത്തിയ ജനകീയ ഇടപെടലിന് സമാനമായ രീതിയിലുള്ള ഇടപെടലാണ് തെരുവ് നായ പ്രശ്‌നത്തിലുണ്ടാകുകയെന്നും മന്ത്രി എംബി രാജേഷ് വിശദീകരിച്ചു.

ജില്ലകളിൽ നാലംഗ സമിതി പ്രവർത്തനം നിരീക്ഷിക്കും. ജില്ലാ കലക്ടർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ, പഞ്ചായത്ത് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എന്നിവർ സമിതിയിൽ അംഗങ്ങളാണ്. ആവശ്യമെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തും.

ആഴ്ചയിൽ ഒരിക്കൽ വാക്‌സിനേഷന്റെ പ്രവർത്തനം സംസ്ഥാന അടിസ്ഥാനത്തിൽ വിലയിരുത്തും. തദ്ദേശ സ്ഥാപനങ്ങൾ ദിവസവും പ്രവർത്തനം വിലയിരുത്തി ദൈനംദിന റിപ്പോർട്ട് സർക്കാരിനു കൈമാറണം. ക്ലീൻ കേരള കമ്പനി വഴി മാലിന്യം നിർമ്മാർജനം ചെയ്യും.

എംഎൽഎമാരുടെ പങ്കാളിത്തത്തോടെയായിരിക്കും പ്രവർത്തനമെന്ന് റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. എംഎൽഎമാരുടെ നേതൃത്വത്തിൽ മണ്ഡലത്തിൽ കമ്മിറ്റികൾ രൂപീകരിക്കും. പ്രവർത്തനങ്ങളിൽ ഇടപെടാൻ നോഡൽ ഓഫിസർമാരെ നിയമിക്കും. സർക്കാർ മേൽനോട്ടത്തിൽ ജനകീയ ഇടപെടലാണ് ആലോചിക്കുന്നതെന്നും മന്ത്രിമാർ വ്യക്തമാക്കി.  മാലിന്യം നീക്കാൻ കർശന നടപടിയെടുക്കണം. ഹോട്ടലുകൾ, കല്യാണ മണ്ഡപം, മാസ വ്യാപാരികൾ അടക്കമുള്ളവരുടെ യോഗം ജില്ലാടിസ്ഥാനത്തിൽ വിളിച്ച് ചേർക്കണം.

ജില്ലാ ഭരണകൂടം ഇത് ഉറപ്പാക്കണം. ക്ലീൻ കേരളാ കമ്പനി വഴി മാലിന്യം സംസ്‌ക്കരിക്കണം. എംഎൽഎമാരുടെ കൂടി നേതൃത്വത്തിൽ മണ്ഡലം തല യോഗം വിളിക്കണം. തെരുവുനായ പ്രശ്‌നം വേഗത്തിൽ തന്നെ പരിഹരിക്കാൻ നടപടികൾ ആരംഭിച്ചതായും മന്ത്രിമാരായ എംബി രാജേഷും കെ രാജനും വിശദീകരിച്ചു. ഷെൽറ്റർ, വാക്‌സിനേഷൻ, എബിസി പദ്ധതിയടക്കം ദിവസേനെ നടപ്പാക്കും. അത് ബന്ധപ്പെട്ടവർ ദിവസേനെ മോണിറ്റർ ചെയ്യണമെന്നും മന്ത്രി രാജേഷ് നിർദ്ദേശിച്ചു.

തെരുവു നായ ശല്യം നിയന്ത്രിക്കാൻ ഊർജിത വാക്‌സിനേഷൻ ഡ്രൈവ് നടത്താനടക്കം കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ തീരുമാനമായിരുന്നു. ഈ മാസം 20 മുതൽ ഒക്ടോബർ 20 വരെയാകും വാക്‌സിനേഷൻ ഡ്രൈവ് നടത്തുക. ഇതിനായി പ്രത്യേക വണ്ടികൾ വാടകയ്ക്ക് എടുക്കും. നിലവിൽ പരിശീലനം ലഭിച്ചിട്ടുള്ളവരെ വച്ച് യജ്ഞം തുടങ്ങും. കൂടുതൽ പേരെ പരിശീലിപ്പിക്കും. കുടുംബശ്രീയിൽ നിന്നും കോവിഡ് കാല വോളന്റിയർമാരിൽ നിന്നും സന്നദ്ധത അറിയിക്കുന്നവരെ തെരഞ്ഞെടുത്ത് പരിശീലനം നൽകി വാക്‌സിനേഷൻ ഡ്രൈവിനായി നിയോഗിക്കും. ഈ മാസം തന്നെ പരിശീലനം പൂർത്തിയാക്കും. സ്‌കൂളുകൾ കേന്ദ്രീകരിച്ചാകും വാക്‌സിനേഷൻ ഡ്രൈവ് നടത്തുക. തെരുവുനായ്ക്കൾ കടിച്ചാലും അപകടകരമായ സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്താതിരിക്കാനാണ് ഈ നീക്കം.

ഉടമസ്ഥരില്ലാത്ത നായ്ക്കളെ വാക്‌സിനേഷന് കൊണ്ടുവന്നാൽ 500 രൂപ പാരിതോഷികം നൽകും. തെരുവുനായ്ക്കൾക്ക് ഓറൽ വാക്‌സിനേഷൻ നൽകാനുള്ള സാധ്യതയും പരിശോധിക്കും. നായ്ക്കളെ വന്ധ്യംകരിക്കാനുള്ള എബിസി പദ്ധതി നടപ്പിലാക്കാൻ നേരത്തെ കുടുംബശ്രീകളെ നിയോഗിച്ചിരുന്നെങ്കിലും സുപ്രീം കോടതി തടഞ്ഞിരുന്നു. ഇക്കാര്യത്തിലെ നിയമതടസ്സം നീക്കാൻ നടപടി സ്വീകരിക്കും. സുപ്രീം കോടതി കേസ് പരിഗണിക്കുമ്പോൾ ഇക്കാര്യം ആവശ്യപ്പെടും. നിലവിൽ 37 എബിസി കേന്ദ്രങ്ങൾ തയ്യാറാണ്. 152 എണ്ണം കൂടി ഉടൻ തയ്യാറാക്കുമെന്നും മന്ത്രി നേരത്തെ വിശദീകരിച്ചിരുന്നു.

ആകെ മൂന്ന് ലക്ഷം തെരുവ് നായകൾ കേരളത്തിലുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. പ്രതിദിനം പതിനായിരം നായകൾക്ക് വാക്‌സിൻ നൽകുകയാണ് ലക്ഷ്യമിടുന്നത്. ഇതിനായി സന്നദ്ധ പ്രവർത്തകരുടെയും കുടുംബശ്രീ പ്രവർത്തകരുടെയും സഹായം തേടും. പഞ്ചായത്ത് തലത്തിൽ ഷെൽട്ടർ ഹോമുകൾ തുടങ്ങും. കുമിഞ്ഞ് കൂടികിടക്കുന്ന മാലിന്യങ്ങൾ നീക്കും. തെരുവ് നായ ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശങ്ങൾ ഹോട്ട്‌സ്‌പോട്ടാക്കി പ്രത്യേക ശ്രദ്ധ നൽകും.  ലോക് ഡൗണ് കാലത്ത് മനുഷ്യസമീപ്യമില്ലാതെ വളർന്ന നായകളാണ് സമീപകാലത്തെ ആക്രമണങ്ങൾക്ക് കാരണമെന്നാണ് നിഗമനം.

കേരളത്തിൽ കഴിഞ്ഞ കുറച്ചേറെ നാളുകളായുള്ള സാമൂഹിക പ്രശ്‌നമാണ് തെരുവ് നായ ശല്യം. കേരളത്തിൽ പേ ബാധിച്ച തെരുവ് നായ കടിച്ച് ഏതാണ്ട് 21 പേർ ഇതുവരെ മരിച്ചു. അതിൽ ആറ് പേർ സർക്കാർ നിർദ്ദേശിച്ച വാക്‌സിൻ എടുത്ത ശേഷമാണ് മരിച്ചത്. ഇതോടെ കേരളത്തിലെ തെരുവ് നായകളെ കൊന്നൊടുക്കണമെന്ന ആവശ്യം ശക്തമായി. ട്രോളന്മാരും രംഗത്തിറങ്ങി. എല്ലാവരുടെയും ആവശ്യം ഒന്നാണ്, തെരുവ് നായകളെ കൊല്ലുക. ഇതിനെതിരെ സംസാരിച്ചവരെയൊക്കെ സാമൂഹിക മാധ്യമങ്ങളിലൂടെ കടന്നാക്രമിച്ചും കേരളീയർ മുന്നേറുകയാണ്. തെരുവുനായ നിയന്ത്രണത്തിലും പ്രതിരോധത്തിലും സർക്കാർ പരാജയപ്പെട്ടുവെന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം വിമർശനം ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP