Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അദാനിയുടെ സമ്പത്ത് എന്ന് പറഞ്ഞു കാണിക്കുന്ന അക്കങ്ങളിലെ പൂജ്യങ്ങളുടെ എണ്ണം നോക്കി അന്ധാളിക്കരുത്; ഇതൊക്കെ പൊലിപ്പിക്കുന്നവർ സംസാരിക്കുന്നത് പാലക്കാടൻ കുപ്പുവച്ഛന്മാരെ പോലെ; അരുൺ കുമാർമാരുടെ അവസരവാദങ്ങൾ- ഹരിദാസൻ പി ബി എഴുതുന്നു

അദാനിയുടെ സമ്പത്ത് എന്ന് പറഞ്ഞു കാണിക്കുന്ന അക്കങ്ങളിലെ പൂജ്യങ്ങളുടെ എണ്ണം നോക്കി അന്ധാളിക്കരുത്; ഇതൊക്കെ പൊലിപ്പിക്കുന്നവർ സംസാരിക്കുന്നത് പാലക്കാടൻ കുപ്പുവച്ഛന്മാരെ പോലെ; അരുൺ കുമാർമാരുടെ അവസരവാദങ്ങൾ- ഹരിദാസൻ പി ബി എഴുതുന്നു

ഹരിദാസൻ പി ബി

പൊതു ഇടങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ ഇത്തരം പോസ്റ്റുകളിട്ട് യുവാക്കളെ നിരന്തരം തെറ്റിദ്ധരിപ്പിക്കുന്നതുകൊണ്ടാണ് ഈ ലേഖനം. ഈ പ്രമുഖർ അവരുടെ അജ്ഞതകൊണ്ടോ അവസരവാദം കൊണ്ടോ യുവാക്കളുടെ കാഴ്ചപ്പാടിനെ തെറ്റിദ്ധരിപ്പിക്കുന്ന എഴുത്തുകളും പ്രഭാഷണങ്ങളും പോസ്റ്റുകളും ഇടുന്നു. അവരുടെ വാക്‌ധോരണിയിൽ പെട്ടുപോകുന്ന യുവാക്കൾ ഇത്തരം അബദ്ധ അറിവുകളിൽ നിന്ന് വെളിയിൽ വരാൻ വർഷങ്ങൾ എടുക്കുന്നു.ആധുനിക സാമ്പത്തിക വ്യവസ്ഥയിലെ സാധ്യതകളെ പരിചയപെടുത്തുന്നതിനു പകരം, അഭ്യൂദയേച്ഛയും അംബിഷനുകളും പരിചയപെടുത്തുന്നതിനു പകരം, ഈ പ്രമുഖർ പാലക്കാടൻ കുപ്പുവച്ഛന്മാരെ പോലെ സംസാരിക്കുമ്പോൾ, കാര്യങ്ങൾ വിശദീകരിക്കേണ്ടി വരുന്നു .

യുവാക്കളെ, ഫോർച്യു ൺ മാസിക അല്ലെങ്കിൽ Bloomberg എന്ന് പറയുന്ന മീഡിയ കമ്പനി ഇവരൊക്കെ പ്രസിദ്ധീകരിക്കുന്ന Billionaires Index എന്താണ് ? ലോകത്തെ ഏറ്റവും വലിയ സമ്പന്നൻ എന്ന് പറഞ്ഞു അവർ പ്രസിദ്ധീകരിക്കുന്ന സമ്പത്ത് എന്താണ് ? ഇതെന്താണ് എന്ന് നിങ്ങൾക്ക് വിശദീകരിച്ചു തരാതെയാണ് പല പ്രമുഖ വ്യക്തിത്വങ്ങളും പല NGO ബുദ്ധിജീവികളും ദുരുപദിഷ്ടതയോടെ സോഷ്യൽ മീഡിയയിൽ നിരന്തരം അവരുടെ അവസരവാദങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് അവരുടെ സാമ്പത്തിക അന്ധവിശ്വാങ്ങൾ സംക്രമിപ്പിച്ചുകൊണ്ട് നടക്കുന്നത്. അത്തരം NGO ബുദ്ധിജീവികളിൽ ചിലർ യുക്തിവാദികളാണ് പക്ഷെ യുക്തി പണയപെടുത്തി സംസാരിക്കുന്നു. വേറെ ചിലർ കുഴലൂത്തുകാരാണ് . പക്ഷെ റാഷണലിസ്റ്റ് എന്ന കുപ്പായം അവർ കൊണ്ടുനടക്കുന്നുണ്ട്. നിങ്ങൾ വളരെ സാമർഥ്യം പുലർത്തേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ ഈ അജ്ഞതകളിൽ നിങ്ങളും പെട്ടുപോകും.

അദാനിയുടെ സമ്പത്ത് എന്ന് പറഞ്ഞു കാണിക്കുന്ന അക്കങ്ങളിലെ പൂജ്യങ്ങളുടെ എണ്ണം നോക്കി അന്ധാളിക്കരുത്. അതിൽ ആല്മരതി കണ്ടെത്തുന്നവർ അത് ചെയ്യട്ടെ. അവർ പ്രൊഫസ്സർ മാരായിരിക്കാം പക്ഷെ അവരുടെ ഈ പൊലിപ്പുകളുടെ ഉദ്ദേശം നമുക്കറിഞ്ഞുകൂടാ. അദാനിയുടെ അല്ലെങ്കിൽ അംബാനിമാരുടെ ഈ ബ്ലൂംബെർഗ് പറയുന്ന സമ്പത്ത് എന്താണെന്ന് പരിശോധിക്കാം. ആദ്യം തന്നെ മനസ്സിലാക്കേണ്ടത് ഈ പറയുന്ന തുകകൾ നമ്മളെയൊക്കെ , ഇന്ത്യക്കാരെ, ചൂഷണം ചെയ്ത് സ്വരുക്കൂട്ടിയ കള്ള സ്വത്തിന്റെ അളവല്ല. അത് അദാനിയുടെ ബാങ്ക് ബാലൻസ് അല്ല.

ബാങ്ക് ബാലൻസ് പോലെ എടുത്ത് ഉപയോഗിക്കാൻ പറ്റുന്ന തുകയല്ല അത് . ഈ സ്വത്ത് ആർക്കെങ്കിലും പോയി തൊട്ടെണ്ണാൻ പറ്റുന്ന കറൻസിയോ സ്വർണ്ണമോ മറ്റ് വിലപിടിച്ച രത്‌നങ്ങളോ അല്ല. ആഡിറ്റർമാർക്ക് പോയി കണക്കെടുക്കാൻ പറ്റിയ തുകയല്ല. അത് ഇന്ത്യൻ സ്റ്റോക്ക് മാർക്കെറ്റ് ക്യാപിറ്റലൈസേഷനിൽ കിടക്കുന്ന ഒരു നമ്പർ ആകുന്നു. അത് ആധുനിക ക്യാപിറ്റൽ മാർക്കറ്റിനെ മനസ്സിലാക്കി അവിടെ വിശ്വാസ്യതയുണ്ടാക്കി മിടുക്കുതെളിയുന്നവർക്ക് ആ മാർക്കെറ്റ് കനിഞ്ഞനുഗ്രഹിക്കുന്ന ഒരു സാധ്യതയാകുന്നു. ആ സാധ്യതയുടെ, അവർക്ക് മാർക്കെറ്റ് നൽകുന്ന വിശ്വാസ്യതയുടെ, ഒരു ഇൻഡക്‌സ് ആണെന്ന് പറയാം.

യുവാക്കളെ, ഈ മാസികകൾ സമ്പന്നൻ മാരുടെ സമ്പത്തെന്നു പറഞ്ഞു കണക്കാക്കുന്നത് സ്റ്റോക്ക് മാർക്കെറ്റ് ക്യാപിറ്റലൈസേഷനെയാണ്. ഉദാഹരണമായി ഇന്ത്യയുടെ സ്റ്റോക്ക് മാർക്കറ്റിന്റെ മാർക്കെറ്റ് ക്യാപിറ്റലൈസേഷൻ എന്നുപറയുന്നത് 3 .2 ട്രില്ല്യൻ ഡോളറാകുന്നു. അരുണ്കുമാറിന്റെ ഭാഷയിൽ പറഞ്ഞാൽ 26,27,11,02,00,00,000 രൂപ( BSE July 2022 ). ഇതിലെ അദാനിയുടെ കമ്പനികളുടെ, അദാനിയുടെ കൈവകാവകാശ ഷെയറുകളുടെ ഭാഗത്തെയാണ് ഈ മാസികകൾ സമ്പത്തു കണക്കാക്കാൻ എടുക്കുന്നത്.

ആ നമ്പർ ഒരു വ്യവസായിക്കോ ഒരു വ്യവസായ ഗ്രൂപ്പിനോ അവരുടെ കഴിവിനെ, അവരുടെ മാർക്കെറ്റ് ഇന്റെഗ്രിറ്റിയെ, അത്തരം ബിസിനസ്സ് ഹൗസുകൾ ഉണ്ടാക്കിയെടുക്കുന്ന അവരുടെ GOOD WILL നെ മാനിച്ചുകൊണ്ട് ഈ മാർക്കെറ്റ് കൽപ്പിച്ചു കൊടുക്കുന്ന ഒരു അളവുകോൽ ആയി കാണുക. ആധുനിക ക്യാപിറ്റൽ മാർക്കെറ്റ് വിശ്വാസ്യതക്കും റെപ്യൂട്ടേഷനും ഗുഡ് വിൽ നും ആണ് വളരെ പ്രാധാന്യം നൽകുന്നത്. ഇതൊക്കെ പാലിക്കാൻ കഴിയുന്നവരെ മാർക്കെറ്റ് കനിഞ്ഞനുഗ്രഹിക്കുന്നു. അത്തരം വ്യക്തിത്വങ്ങൾക്ക് ആകാശത്തോളം ഉയരാൻ, പരിധിയില്ലാതെ വളരാൻ മാർക്കെറ്റ് സഹായിക്കുന്നു.

ശ്രീ അദാനി എന്ന വ്യക്തി ഇത്തരം വിശ്വാസ്യത ഗുഡ് വിൽ നിലനിർത്തുന്നതുകൊണ്ടാണ്, എഫിഷ്യന്‌സി നിരന്തരം തെളിയിക്കുന്നതുകൊണ്ടാണ് അദ്ദേഹത്തിന്റെ കമ്പനികൾ സ്റ്റോക്ക് മാർക്കെറ്റിൽ വലിയ വിലക്ക് കച്ചവടം ചെയ്യപ്പെടുന്നത്. അതാണ് ആ വെൽത്ത്. ആ തുക ഏതോ മോദിയുമായി കൂട്ടുകൂടിയതുകൊണ്ടുണ്ടായതാണെന്ന ധ്വനിപ്പിക്കുന്നവർ ദുരുപദിഷ്ടതയോടെ സംസാരിക്കുന്നവർ മാത്രമാകുന്നു. അത് ക്രോണിസത്തിൽ കൂടി നേടുന്ന ബാങ്ക് ബാലൻസ് അല്ല. ഇത്തരം വ്യക്തിത്വങ്ങളെ എപ്പോഴും നിങ്ങൾ സംശയ ദൃഷ്ടിയോട് മാത്രം കാണുക. ഇന്ത്യൻ സ്റ്റോക്ക് മാർക്കെറ്റ് ലോക സ്റ്റോക്ക് മാർക്കെറ്റു മായി ഇന്റഗ്രേറ്റ് ചെയ്യപെട്ടാണ് കിടക്കുന്നത്. അതുകൊണ്ടുതന്നെ അംബാനിമാർക്കും അദാനിമാർക്കും ഈ മാർക്കെറ്റ് കൊടുക്കുന്ന ഇൻഡക്‌സ് ഡബ്‌ളി ക്രോസ് ചെക് ചെയ്യപ്പെട്ടവയാണ്. മത്സരാധിഷ്ഠിതമാണ്. നിരന്തരം എഫിഷ്യൻസി തെളിയിക്കപ്പെടേണ്ട ഗോദയാണ്.

ഇതിലെ വൈരുദ്ധ്യമെന്തെന്നു വച്ചാൽ ഈ പോസ്റ്റിൽ കൊടുത്തിരിക്കുന്ന തുകയെ ശ്രീ അരുൺ കുമാറിന്റെ ഗുരുക്കന്മാർ, ശ്രീ അരുൺ കുമാറിന്റെ ഹീറോ പ്രവാചകന്മാർ, NGO ബുദ്ധിജീവികളുടെ ഗുരുക്കന്മാർ, അതിനെ 'Fictitious Capital' എന്നാണ് വിളിച്ചിരുന്നത്. എന്നുവച്ചാൽ സാങ്കല്പികമായ ഒരു സമ്പത്ത് എന്ന്. ഏതെങ്കിലുമൊരു അദാനിക്ക് അല്ലെങ്കിൽ ഒരു അംബാനിക്ക് കുറെ Fictitious Capital കുമിഞ്ഞുകൂടിയാൽ ഇവർക്ക് അസൂയ എന്തിന്.ഇവർ പ്രകോപിതരായി അരിശപ്പെട്ട് പോസ്റ്റ് ഇടുന്നതെന്തിന്. അതൊരു വാർത്തയായി പൊക്കി പിടിച്ചു നടക്കുന്നതെന്തിന്. അതിലെ ഡുപ്ലിസിറ്റി ആലോചിക്കുക. ഒന്നുകിൽ ഗുരുക്കന്മാർ പറഞ്ഞത് മണ്ടത്തരമായിരുന്നു എന്ന് വിലയിരുത്തണം എങ്കിലേ ഈ അരിശപെടലിന് സാധുതയുള്ളു.

ബ്ലൂംബെർഗ് കാർ പറയുന്ന ഈ സമ്പത്തിനെ വിശദീകരിക്കാനായി അംബാനിയുടെ ഉദാഹരണം എടുക്കുകയാണ്. രണ്ടു പേരും ലോക 'സമ്പന്നർ' ആണല്ലോ. അംബാനിയുടെ റിലയൻസ് ആകുമ്പോൾ ഉദാഹരിക്കാൻ എളുപ്പമായതുകൊണ്ടാണ്. അദാനിയുടെ ഉദാഹരണമെടുക്കണമെങ്കിൽ ഏഴു ലിസ്റ്റഡ് കമ്പനികളെടുത്ത് അതിന്റെ യൊക്കെ മാർക്കെറ്റ് വിശദീകരിക്കുമ്പോൾ ഈ ലേഖനം വല്ലാതെ നീണ്ടുപോകും.

ആശയം കൂടുതൽ വിശദീകരിക്കുന്നതിനായി ചില hypothesis കൾ വെച്ച് വിശദീകരിക്കാം. ഹൈ സ്‌കൂൾ ക്ലാസുകളിൽ വില 'X' ആണെന്ന് കരുതുക എന്ന് വെച്ച് തുടങ്ങാറില്ലേ. അതുപോലെ. റിലയൻസ് എന്ന കമ്പനി എത്തിയോപ്പിയ രാജ്യത്തെ ഒരു കമ്പനി ആണെന്ന് കരുതുക . അല്ലെങ്കിൽ ഒരു ബ്രൂണെ യിലുള്ള കമ്പനി ആണെന്ന് കരുതുക ( ക്യൂബ യിലുള്ള കമ്പനി ആയും കരുതാവുന്നതാണ് ). ഇപ്പോഴത്തെ അതേ കപ്പാസിറ്റിയുള്ള അതേ ഉത്പാദന ക്ഷമതയുള്ള ഇപ്പോൾ ഉണ്ടാക്കുന്ന ലാഭം അത്രയ്ക്ക് തന്നെ ഉണ്ടാക്കുന്ന, ബാക്കി എല്ലാ പരാമീറ്ററുകളും ഇന്നത്തേതുപോലെയുള്ള ഒരു എത്തിയോപ്പ്യൻ കമ്പനി ആണ് റിലയൻസ് എന്ന് കരുതുക .

അങ്ങനെയെങ്കിൽ അവിടത്തെ അംബാനി ലോകത്തെ എത്രാമത്തെ സമ്പന്നൻ ആയിരിക്കുo. ഒന്ന് ഗണിക്കാമോ . ഈ രാജ്യങ്ങളിലൊന്നും സ്റ്റോക്ക് മാർക്കറ്റ് ഇല്ല. അതുകൊണ്ട് തന്നെ ലോക സമ്പന്നരുടെ പട്ടികയിലെ നാലയലത്തുപോലും അംബാനിയുടെ പേരുണ്ടാകുകയില്ല. അതെന്തുകൊണ്ട്. അതേ ഉത്പാദനo. അതേ ലാഭം . ഇവിടത്തെ ബുദ്ധിജീവികളുടെ ഭാഷയിൽ പറഞ്ഞാൽ കൊള്ള ലാഭം. പിന്നെന്തുകൊണ്ട് ആ സാഹചര്യത്തിൽ അംബാനി ലോക പണക്കാരന്റെ പട്ടികയിൽ വരുന്നില്ല. ഇത് മനസ്സിലായാൽ നിങ്ങൾക്ക് ഈ പറയുന്നതിലെ Fictitious Capital മനസ്സിലാകും.

ഇനി ഇതേ കാര്യം വേറൊരു ഹൈപ്പോത്തിസിസിലൂടെ പറയാം.. 2013 ൽ അംബാനിയുടെ Net worth USD 21000 മില്യൺ മാത്രമായിരുന്നു. ലോക സമ്പന്ന പട്ടികയിലെ വളരെ താഴെ. അന്നത്തെ ഇന്ത്യയുടെ സ്റ്റോക്ക് മാർക്കെറ്റ് BSE Index 22000യിരത്തിനടുത്തായിരുന്നു. ഇന്ന് BSE ഇൻഡക്‌സ് 59000 ആണ്. എന്നുവച്ചാൽ ഏകദേശം മൂന്നിരട്ടി. അതായത് ശ്രീ മുകേഷ് അംബാനി അന്ന് മുതൽ ഒന്നും ചെയ്യാതെ അദ്ദേഹത്തിന്റെ കമ്പനി അതെ ഉത്പാദന ക്ഷമത മാത്രം നിലനിർത്തികൊണ്ടിരുന്നാലും, അദ്ദേഹം വെറുതെ സാമ്പാറും കുടിച്ചു് കിടന്നിരുന്നു എങ്കിൽ പോലും അദ്ദേഹത്തിന്റെ സമ്പത്ത് ഇന്ന് USD 63000 മില്യൺ ആകുമായിരുന്നു. ലോക സമ്പന്നർ പട്ടികയിൽ ഒന്നും ചെയ്യാതെ തന്നെ കുറെ മുകളിൽ എത്തുമായിരുന്നു. ബ്ലൂംബെർഗുകൾ പറയുന്ന സമ്പന്നൻ ആകണമെങ്കിൽ ആ രാജ്യവും അവിടത്തെ ക്യാപിറ്റൽ മാർക്കറ്റും മുകളിലായിരിക്കണം എന്നർത്ഥം. അദാനിമാർ ലാഭമുണ്ടാക്കിയതുകൊണ്ട് മാത്രം കാര്യമില്ല.


അംബാനിയുടെ വരുമാനം എന്ന് പറയുന്നത് അംബാനിക്ക് റിലയൻസ് എന്ന് പറയുന്ന കമ്പനി കൊടുക്കുന്ന മാസശമ്പളവും ആ കമ്പനി കൊടുക്കുന്ന ഡിവിഡണ്ട് ഉം മാത്രമാകുന്നു. അല്ലാതെ അംബാനിയുടെ ഓൺ ഹാൻഡ് വരുമാനം എന്നുപറയുന്നത് RIL കമ്പനിയുടെ ഷെയർ വിലയല്ല. റിലയൻസ് ഈ വർഷം കൊടുത്ത ഡിവിഡൻഡ് ഒരു ഷെയറിന് Rs 8 ആകുന്നു. എന്നുവച്ചാൽ RIL ഒരു ഷെയറിന് ഇപ്പോഴത്തെ മാർക്കെറ്റ് വില Rs 2637 ന്റെ 0 .3 % ഡിവിഡൻഡ് ആയി കിട്ടുമെന്ന് അർത്ഥം. ആ കിട്ടിയ ഡിവിഡൻഡ് നും മാസ ശമ്പളത്തിനും മുകളിൽ അംബാനി 30 ശതമാനം വ്യക്തിഗത ഇൻകം ടാക്‌സ് കൊടുക്കണം. പോരാ ആ വരുമാനം 5 കോടിയിൽ കൂടുതലായതുകൊണ്ട് ആ ടാക്‌സിനു മുകളിൽ 37% വ്യക്തിഗത സർചാർജും കൊടുക്കണം.

കഴിഞ്ഞ വര്ഷം റിലയൻസ് സർക്കാറിന്റെ ഖജാനാവിലേക്ക് വിവിധ തരം ടാക്‌സ് ആയി കൊടുത്ത ത് 1,88,000 കോടി രൂപ യാണ്. ഇതിനു പുറമെയാണ് റിലയൻസ് ഗ്രൂപ്പിൽ ജോലി ചെയ്യുന്ന മൂന്നു ലക്ഷത്തിനു മുകളിൽ വാർഷിക വരുമാനമുള്ള ലക്ഷകണക്കിന് സ്റ്റാഫ് കളുടെ വ്യക്തിഗത ഇൻകം ടാക്‌സ് എന്ന് പ്രത്യേകം ഓർക്കുക.. ( റിലയൻസിൽ രണ്ടുലക്ഷത്തിലധികം പേർ നേരിട്ട് ജോലിചെയ്യുന്നു). റിലയൻസിന്റെ കഴിഞ്ഞ വർഷത്തെ ലാഭം 39,084.00 കോടി രൂപയാകുന്നു . അതായത് റിലയൻസുകാരൻ വിവിധ പേരുകളിലായി സർക്കാർ ഖജനാവിലേക്ക് കൊടുത്തിരിക്കുന്ന ടാക്‌സുകൾ 1,88,000 കോടി രൂപ. പക്ഷെ അവരുടെ ലാഭം കോടി 39,084.00 രൂപ മാത്രം. കോർപറേറ്റുകൾ കൊള്ളലാഭം എടുക്കുന്നു എന്ന മലയാളി ബുദ്ധിമാന്മാരുടെ പഴിക്ക് പക്ഷെ കുറവൊന്നും ഇല്ല. അജ്ഞതയാണ്.

ഇതിന്റെയൊക്കെ പ്രായോഗികമായ അർത്ഥം, കേരളത്തിൽ നാഴികക്ക് നാല്പതുവട്ടം അംബാനി അദാനി എന്ന് പ്രസംഗിച്ചു നടക്കുന്ന പ്രൊഫസ്സർ മാരുടെ ഭാര്യമാർക്ക് സാരിവാങ്ങിക്കാനുള്ള തുക അംബാനി മാരും അദാനിമാരും കഠിനാദ്ധ്വാനം ചെയ്തുണ്ടാക്കിയതായിരുന്നു എന്നാണ്. അംബാനി കൊടുത്ത ടാക്‌സ് UGC ലേക്ക് ഗ്രാൻഡ് ആയി പോകുന്നു .

യുജിസി അത് യൂണിവേഴ്‌സിറ്റി കൾക്ക് പല പേരുകളിൽ കൊടുക്കുന്നു. അതിലെ ഒരംശവും കൂടിച്ചേർന്നതാണ് പ്രൊഫസ്സർ മാരുടെ മാസ ശമ്പളം. ഇതൊന്നുമില്ലെങ്കിൽ പ്രൊഫസ്സർമാരുടെ മാസ ശമ്പളം ഇപ്പോഴത്തെ പോലെ ഒന്നൊന്നര ലക്ഷമൊന്നും ആയിരിക്കില്ല അത് പഴയപോലെ പതിനഞ്ചആയിരമോ ഇരുപത്തിനായിരമോ ആയിരിക്കും എന്നുകൂടി പ്രൊഫസർമാർ ഓർക്കണം.

ഇനി അദാനി വലിയ ബിസിനസ്സ് ഹൗസ് ആയി വളർന്ന വഴി വിശകലനം ചെയ്യാം. അദാനി 1980 കളിൽ പ്ലാസ്റ്റിക് ബിസിനെസ്സിലേക്കു വന്നു എന്ന് ഇന്ന് കേരളത്തിലെ എല്ലാ ദോഷൈകദൃക്കുകൾക്കും അറിയാം. പക്ഷെ അവർ അറിയാൻ മെനക്കെടാത്ത വേറൊരു കാര്യമുണ്ട്. 1980 കളിലാണ് പ്ലാസ്റ്റിക് ഇന്ത്യക്കാരുടെ ഡേ ടു ഡേ ജീവിതത്തിലേക്ക് കയറിവരുന്നത്. നമ്മുടെ പാൽ കവറുകളായും തുണി കടകളിലെ സഞ്ചികളായും പ്ലാസ്റ്റിക് കസേരകളായും വന്നു തുടങ്ങുന്നത് ഇക്കാലത്താണ്.

ഏതൊരു ബിസിനസ്സ് സംരംഭവും വിജയിക്കുന്നത്, ചിലപ്പോൾ അതിശയകരമായി വികസിക്കുന്നത്, ഓരോ പുതിയ ബ്രേക്ക് ത്രൂ ഉല്പന്നങ്ങൾ മാർക്കെറ്റിൽ വരുമ്പോഴാണ്. സന്ദര്ഭവശാലോ അവസരങ്ങൾ നിപുണതയോടെ കണ്ടെത്തുന്ന ചിലരുടെ സാമർഥ്യം കൊണ്ടോ അത്തരം ബ്രേക്ക് ത്രൂ ഉൽപന്നങ്ങളിൽ ബിസിനസ്സ് തുടങ്ങുന്ന വ്യക്തികൾ, കമ്പനികൾ, സ്‌കൈ ഹൈ ആയി വികസിക്കാറുണ്ട് വളരാറുണ്ട് . അത് കമ്പ്യൂട്ടർ വന്ന കാലത്ത് യഥാ സമയത്ത് മാർക്കെറ്റിൽ ഇറങ്ങിയവരായാലും കൊള്ളാം പ്ലാസ്റ്റിക് ഗ്രാന്യൂൾസിൽ ബിസിനസ്സ് തുടങ്ങിയവരായാലും അങ്ങനെതന്നെ. ശ്രീ അദാനി ഇക്കാലത്ത് ഈ മേഖലയിലേക്ക് വന്ന 'The right man, in the right place, at the right time ' ആയിരുന്നു .

മാത്രമല്ല അക്കാലത്ത് ഇന്ത്യയി ലെ ലൈസൻസ് കോട്ട രാജ് പലരെയും മാർക്കെറ്റിൽ വന്ന് മത്സരം അനുവദിക്കാത്ത കാലമായിരുന്നു എന്നും ഓർക്കണം. നാരായണമൂർത്തിയെ പോലുള്ളവർക്ക് ഒരു കമ്പ്യൂട്ടർ വാങ്ങിക്കണമെങ്കിൽ പോലും ഡൽഹിയിൽ പോയി അംഗീകാരം വാങ്ങിക്കണമായിരുന്നു. . ശ്രീ മന്മോഹൻ സിങ് തുടങ്ങിയ ഇക്കോണമിയുടെ തുറക്കൽ 1991 ലാണ് ഉണ്ടായത്. അത് പ്രായോഗിക തലത്തിലെത്തുമ്പോഴേക്കും പിന്നെയും രണ്ടു വര്ഷമെടുത്തിരുന്നു.

ഇക്കാലത്താണ് ഇതിലെ പല കൈവഴികൾ ഉപയോഗിച്ചുകൊണ്ട് പല ഗുജറാത്തികളെയും പോലെ അദാനിയും ബിസിനസ്സ് ചെയ്തിരുന്നത്. അത്തരം കൈവഴികൾ ഉപയോഗിച്ചാണ് അദാനി അദ്ദേഹത്തിന്റെ ഹിസ് ഫസ്റ്റ് ബില്ല്യൻ നേടിയത്. ഫസ്റ്റ് ബില്ല്യൻ ആണ് ഒരു വ്യവസായിയെ സമ്പന്തിച്ചിടത്തോളം ഏറ്റവും പ്രയാസമുള്ള കടമ്പ. അത് നേടിക്കഴിഞ്ഞാൽ പിന്നീട് ബിസിനസ്സ് അറിയുന്നവരെ സംബന്ധിച്ചിടത്തോളം പുതിയ ബിസിനസ്സ് അവസരങ്ങളുടെ പെരുമഴ ആയിരിക്കും. അതുപയോഗിക്കുന്നവരാണ് ബിഗ് സ്‌കെയിലിലേക്ക് വളരുന്നവർ.

ഇതൊന്നും ഗൗനിക്കാതെ എക്കോ ചേംബറിൽ ഇരുന്നുകൊണ്ട് തനിക്കിഷ്ടമില്ലാത്തവർക്കെതിരെ കുനുഷ്ടുപറയാൻ സന്ദർഭത്തെ ഉപയോഗിച്ചതാണ് ഡോക്ടർ അരുൺ കുമാറിന്റെ പോസ്റ്റ് . അതൊരു അജ്ഞതയുടെ പോസ്റ്റ് ആണെന്ന് ഞാൻ കരുതുന്നില്ല.

ഇത്രയും പറഞ്ഞതുകൊണ്ട് ശ്രീ അദാനി കാലാകാലങ്ങളിലെ ഭരണകൂടവുമായി ചങ്ങാത്തം കൂടിയിരുന്നില്ല എന്നൊന്നും അർത്ഥമില്ല. ഇന്ത്യയിൽ ഒരു ബിസിനസ്സ് എമ്പയറിനും കാലാകാലങ്ങളിലെ ഭരണകൂട വുമായി ചങ്ങാത്തം കൂടാതെ നിലനിൽക്കാനാവില്ല. ഇന്നത് മോദിയാണെങ്കിൽ നാളെ ഏതെങ്കിലും കോൺഗ്രസ്സ് നേതാവായിരിക്കും അത്രമാത്രം. അമേരിക്കയിലെ പോലെ എലോൺ മസ്‌ക് മാർക്കും Jeff Bezos മാർക്കും ബൈഡനെയോ അല്ലെങ്കിൽ റിപ്പബ്‌ളിക്കാൻ പാർട്ടിയെയോ കൂസലില്ലാതെ ഗൗനിക്കാതെ അവരവരുടെ ബിസിനസ്സ് കളുമായി മുന്നോട്ടുപോകാൻ കഴിയുന്നതുപോലെ ഇന്ത്യയിൽ കഴിയില്ല.

ഇന്ദിരാഗാന്ധിയുടെ കാലത്തും നരസിംഹ റാവുവിന്റെ കാലത്തും ഇത്തരം 'പോസ്റ്റുകൾ' അവരുടെ പേരുമായി ബന്ധ പെടുത്തികൊണ്ട് നടക്കുന്നുണ്ടായിരുന്നു. അക്കാലത്തെ അത്തരം പോസ്റ്റുകൾ (പത്രവാർത്തകൾ) ശ്രീ അരുൺ മറന്നു പോയതാണോ സൗകര്യപൂർവം അത് വിസ്മരിക്കുകയാണോ എന്നറിയില്ല. ഇവിടെ അറിയേണ്ട കാര്യമെന്തെന്നാൽ ചങ്ങാത്തം കൂടിയതുകൊണ്ടുമാത്രം ആർക്കും ഇത്രക്കും വലിയൊരു ബിസിനസ്സ് സാമ്രാജ്യം വളർത്താമെന്നൊന്നും കരുതേണ്ട. അതിന് മാനേജീരിയൽ എഫിഷ്യൻസി, ബിസിനസ്സ് അക്യൂമെൻ എന്നിവ ഉള്ളവർക്ക് മാത്രമേ കഴിയൂ. ആ കഴിവ് ആർട്ടിലും മറ്റുo ചിലരിൽ മാത്രം കാണുന്നതുപോലെയുള്ളൊരു പ്രത്യേക കഴിവ് തന്നെയാണ്. സമ്പത്ത് നേടുന്നതിനേക്കാൾ ശ്രമകരമാണ് അത് നിലനിർത്തുന്നത്.

അദാനിയുടെ കാര്യം പറഞ്ഞതുകൊണ്ട് ദോഷൈക ദൃക്കുകൾ കാണാത്ത ഇനിയൊരു പോയിന്റ് കൂടി പറയാം. 2012 വരെ അദാനി ഗ്രൂപ്പിലെ ബാലൻസ് ഷീറ്റിലെ കടം 4300 കോടി മാത്രമായിരുന്നു. ഉടനെ ബാക്കിയൊക്കെ പിന്നീട് ഭരണകൂടത്തെ വശത്താക്കി നേടിയതാണല്ലേ എന്നല്ല കാണേണ്ടത്. അത് കേരളത്തിലെ ബുദ്ധിജീവികളുടെ എപ്പോഴത്തെയും പോലുള്ള തലകീഴായുള്ള കാഴ്ചപ്പാടാണ്. ഏതെങ്കിലും ചാർട്ടേർഡ് അക്കൗണ്ടി നോട് ചോദിക്കുക. ഒരു ബാലൻസ് ഷീ റ്റിൽ ഇത്രയേ കടമുണ്ടായിരുന്നുള്ളു എന്നതിനർത്ഥം ആ കമ്പനിക്ക് പിന്നീട് കുതിച്ചു വളരാൻ യഥേഷ്ടം അവസരങ്ങൾ മുന്നിൽ കിടക്കുന്നു എന്നാണ്. ലോക സ്റ്റോക്ക് മാർക്കെറ്റിൽ വിശ്വാസ്യത നേടിയെടുത്ത ഒരു ബിസിനസ്സ് ഹൗസിന് ഇത്തരം ശക്തമായ ബാലൻസ് ഷീറ്റുണ്ടെങ്കിൽ പിന്നീട് വളരാൻ ഒരു മോദിയുടെ ആവശ്യമൊന്നുമില്ല. ഇതങ്ട് മനസ്സിലാക്കുക.

ഇപ്പോൾ ചിലരാലോചിക്കുന്നത് അദാനി ഗ്രൂപ്പിന് വൻ കടബാധ്യതകൾ ഉണ്ടെന്ന് കേൾക്കുന്നുണ്ടല്ലോ എന്നായിരിക്കും. അങ്ങനെയാണെങ്കിൽ അത് ആ ഗ്രൂപ്പ് അനുഭവിക്കുമെന്നെ. Capital Market is brutal and merciless. മാനേജ്‌ചെമെന്റിലെ ചെറിയ അബദ്ധങ്ങൾ പോലും ചിലപ്പോൾ വൻ പ്രതിസന്ധികളുണ്ടാക്കും. അതൊക്കെ മനസ്സിലാക്കി മുൻകൈ എടുത്ത് തരണം ചെയ്യുന്നവരാണ് ബിഗ് ബിസിനസ്സ് ഹൗസുകൾ. Learn to respect Successful Men.

ഈ അടുത്ത് കേട്ട ഒരു അമേരിക്കൻ സാമ്പത്തിക വിദഗ്ദന്റെ അഭിപ്രായവും കൂടി പറയാം. ഇപ്പോൾ പരിസ്ഥിതി മേഖലയിൽ നിക്ഷേപം ആരൊക്കെ നടത്തുന്നുവോ അവരായിരിക്കും വരാൻ പോകുന്ന ദശകങ്ങളിലെ ട്രില്ല്യനെയർ, വരാൻ പോകുന്ന വര്ഷങ്ങളിലെ അതി സൂപ്പർ സമ്പന്നൻ. The Adani Group will invest $70 billion in green energy transition and infrastructure projects ( NDTV , Times of India). അദാനി ഗ്രൂപ്പ് സോളാർ എനർജി മുതലായ ഗ്രീൻ എനർജി മേഖലയിൽ അഞ്ചു ലക്ഷത്തിലധികം കോടി രൂപ നിക്ഷേപിക്കാൻ പോകുന്നു എന്ന്. അരുണിന്റെ രീതിയിൽ പറഞ്ഞാൽ 55,79,86,10,00,000 രൂപ. എന്നുവച്ചാൽ അടുത്ത പതിറ്റാണ്ടിലും അരുൺകുമാർ മാർക്ക് പോസ്റ്റ്ങ് നടത്താൻ വക ഒരുപാടുണ്ടാകും.

ഈ ലേഖനത്തിലെ തലവാചകത്തിന് അവസരവാദങ്ങൾ എന്ന വാക്കുപയോഗിക്കുമ്പോൾ ഒരു പാട് വിഷമം ഉണ്ടായിരുന്നു. പക്ഷെ പിന്നെ ഉപയോഗിക്കപെടാനുള്ള വാക്ക് അജ്ഞത എന്നതാണ് . അത് പക്ഷെ ഔചിത്യമില്ലാത്ത പ്രയോഗമായി പോകും. എക്കോ ചേംബറിങ് അവസരവാദം തന്നെ. അത് യുക്തിവാദികൾക്ക് ചേർന്നതല്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP