Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വൈദ്യുതി ബിൽ കൗണ്ടറുകളിൽ നേരിട്ട് അടച്ചാൽ അധിക തുക വേണ്ട; ഓൺലൈൻ വഴി കുറഞ്ഞ തുക അടയ്ക്കണമെങ്കിലും സർവീസ് ചാർജും ജി എസ് ടിയും നൽകണം; സർവീസ് ചാർജിൽ നിന്ന് തങ്ങൾക്കൊന്നും ലഭിക്കുന്നില്ലെന്ന് കെ എസ് ഇ ബി; കൗണ്ടറുകളിൽ ബിൽ തുക സ്വീകരിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയത് പേമെന്റ് ഗേറ്റ് വേകളെ സഹായിക്കാനോ?

വൈദ്യുതി ബിൽ കൗണ്ടറുകളിൽ നേരിട്ട് അടച്ചാൽ അധിക തുക വേണ്ട; ഓൺലൈൻ വഴി കുറഞ്ഞ തുക അടയ്ക്കണമെങ്കിലും സർവീസ് ചാർജും ജി എസ് ടിയും നൽകണം; സർവീസ് ചാർജിൽ നിന്ന് തങ്ങൾക്കൊന്നും ലഭിക്കുന്നില്ലെന്ന് കെ എസ് ഇ ബി; കൗണ്ടറുകളിൽ ബിൽ തുക സ്വീകരിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയത് പേമെന്റ് ഗേറ്റ് വേകളെ സഹായിക്കാനോ?

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: അടുത്തിടെ കെഎസ്ഇബി ബിൽ അടയ്ക്കുന്നത് സംബന്ധിച്ച് ഒരു വിവാദം ഉണ്ടായിരുന്നു. 500 രൂപയിൽ കൂടുതലുള്ള ബില്ലുകൾ ഇനി മേലിൽ കൗണ്ടറുകളിൽ അടയ്ക്കാൻ കഴിയില്ലെന്നും അതിന് ഓൺലൈൻ പേമെന്റ് സംവിധാനം ഉപയോഗിക്കണമെന്നും ഒരു ഉത്തരവ് വന്നു. ഉത്തരവ് വിവാദമായതോടെ കൗണ്ടറിൽ അടയ്ക്കാവുന്ന കുറഞ്ഞ തുക ആയിരമായി നിജപ്പെടുത്തി.

ആദ്യമൊക്കെ നിരുപദ്രവകരമായ ഒരു വിവാദം എന്നു തോന്നിയെങ്കിലും ഓൺലൈൻ പേമെന്റിന് കയറിപ്പോഴാണ് ടെക്നിക് പിടികിട്ടിയത്. നേരത്തേ രണ്ടായിരം രൂപ വരെയുള്ള ഓൺലൈൻ പേമെന്റിന് ഗേറ്റ്‌വേകൾ സർവീസ് ചാർജ് ഈടാക്കിയിരുന്നില്ല. എന്നാലിപ്പോൾ ഏതു പേമെന്റ് ആണെങ്കിലും അവർക്ക് സർവീസ് ചാർജും ജിഎസ്ടിയും അടയ്ക്കണം. ഉദാഹരണത്തിന് 1000 രൂപയുടെ ബിൽ പേമെന്റ് കെഎസ്ഇബി കൗണ്ടറിലാണ് നടത്തുന്നതെങ്കിൽ ഉപയോക്താവ് ആ പണം മാത്രം നൽകിയാൽ മതി. പക്ഷേ, അത് ഓൺലൈനിൽ ആണെങ്കിൽ 1006 രൂപയോളം കൊടുക്കേണ്ടി വരും. അതായത് സർവീസ് ചാർജും ജിഎസ്ടിയും നൽകേണ്ടി വരുമെന്ന് അർഥം.

വിവരാവകാശ പ്രവർത്തകനായ വലഞ്ചുഴി കാർത്തികയിൽ ബി. മനോജ് കെഎസ്ഇബി ലിമിറ്റഡിന്റെ ഓൺലൈൻ ബിൽ പേമെന്റ് സംബന്ധിച്ച് വിശദമായ ചോദ്യങ്ങൾ ഉൾപ്പെടുത്തി വിവരാവകാശ അപേക്ഷ തയാറാക്കി നൽകി. അതിൻ പ്രകാരം കിട്ടിയ മറുപടിയിൽ പേമെന്റ ഗേറ്റ്‌വേ വഴി ഉപയോക്താവിന്റെ കീശ ചോരുന്നത് എങ്ങനെ എന്നുള്ള കാര്യം വ്യക്തമായി. ചോദിച്ച ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി പൂർണമായും കിട്ടിയില്ലെങ്കിലും ചിലതൊക്കെ ചേർത്തു വായിച്ചാൽ പേമെന്റ് ഗേറ്റ്‌വേ സർവീസ് ചാർജ് ഇനത്തിൽ രണ്ടു കമ്പനികൾക്ക് പ്രതിമാസം കോടികൾ പോക്കറ്റിലെത്തുമെന്ന് മനസിലായി. ഇനി ഇവരുടെ പോക്കറ്റിൽ കെഎസ്ഇബി കൈയിട്ടു വാരുന്നുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്ന് മറുപടിയും ലഭിച്ചു.

ടെക്പ്രോസസ്, ഫെഡറൽ ബാങ്ക് എന്നിങ്ങനെ രണ്ടു പേമെന്റ് ഗേറ്റ്‌വേ കമ്പനികളിലൂടെയാണ് കറണ്ട് ബിൽ അടയ്ക്കാൻ കഴിയുക. ഇതിന് സർവീസ് ചാർജ് ഉപഭോക്താവ് കൊടുക്കണം. ടെണ്ടറിലൂടെ ഏറ്റവും കുറഞ്ഞ തുക സർവീസ് ചാർജ് വാഗ്ദാനം ചെയ്ത കമ്പനികളാണ് ഇവയെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ പറയുന്നു. ഓൺലൈൻ പേമെന്റ് തുടങ്ങിയ കാലം മുതൽ സർവീസ് ചാർജ് നിലവിലുണ്ടായിരുന്നുവെന്നും കോവിഡ് കാലത്ത് മാത്രമാണ് അതൊഴിവാക്കിയതെന്നും വിവരാവകാശ മറുപടിയിൽ കെഎസ്ഇബി അധികൃതർ പറയുന്നുണ്ട്.

കെഎസ്ഇബിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ കയറിയാൽ എസ്‌ബിഐ, സൗത്ത് ഇന്ത്യൻ ബാങ്ക്, ഫെഡറൽ ബാങ്ക്, കാത്തലിക് സിറിയൻ ബാങ്ക് എന്നീ ബാങ്കുകളിൽ അക്കൗണ്ട് ഉള്ളവർക്ക് സർവീസ് ചാർജില്ലാതെ കറണ്ട് ബിൽ അടയ്ക്കാം. മറ്റ് ബാങ്കുകളിൽ നിന്നുള്ളവർക്ക് ടെക് പ്രോസസ് ഗേറ്റ് വേ വഴി അടയ്ക്കണമെങ്കിൽ 3.20 രൂപ സർവീസ് ചാർജും ജിഎസ്ടിയും നൽകണം. ഫെഡ് ഗേറ്റ് വഴിയാണെങ്കിൽ ഇത് നാലു രൂപ സർവീസ് ചാർജും ജിഎസ്ടിയുമാണ്.

ഇനി ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ടെക് പ്രോസസ് ഗേറ്റ്‌വേ വഴി അടയ്ക്കുന്നവർക്ക് ബിൽ തുക 2000 രൂപയിൽ താഴെയാണെങ്കിൽ 0.40 ശതമാനം സർവീസ് ചാർജും ജിഎസ്ടിയും 2000 രൂപയ്ക്ക് മുകളിൽ ആണെങ്കിൽ 0.90 ശതമാനം സർവീസ് ചാർജും ജിഎസ്ടിയും അടയ്ക്കണം. ഫെഡ് ഇ ഗേറ്റിൽ 2000 രൂപ വരെ സർവീസ് ചാർജില്ല. അതിന് മുകളിലേക്ക് 17 രൂപയാണ് സർവീസ് ചാർജ്. ജിഎസ്ടിയുമില്ല. റുപേ ഡെബിറ്റ് കാർഡ് വഴിയുള്ള ഇടപാടുകൾക്ക് സർവീസ് ചാർജില്ല.

ക്രെഡിറ്റ് കാർഡ് പേമെന്റാണെങ്കിൽ തുക എത്രയായാലും ടെക്പ്രോസസിന് 0.90 ശതമാനം സർവീസ് ചാർജും ജിഎസ്ടിയും ഫെഡ്ഗേറ്റിന് 0.85 ശതമാനം സർവീസ് ചാർജും ജിഎസ്ടിയും നൽകണം. ഗൂഗിൾ പേ, പേടിഎം തുടങ്ങിയ യുപിഐ ആപ്പുകൾ വഴി യാതൊരു സർവീസ് ചാർജുമില്ലാതെ പണം അടയ്ക്കാൻ കഴിയും.

അംഗീകരിച്ച നിരക്കിനേക്കാൾ കൂടുതൽ തുക ഉപഭോക്താവിൽ നിന്ന് ഈടാക്കരുത്, ശേഖരിക്കുന്ന ബിൽ തുക അടുത്ത ദിവസം 10 മണിക്ക് കെഎസ്ഇബിയടെ എസ്‌ബിഐ അക്കൗണ്ടിലേക്ക് മാറ്റണമെന്ന കരാറാണ് പേമെന്റ് ഗേറ്റ്‌വേ കമ്പനികളുമായുള്ളത്. പേമെന്റ് ഗേറ്റ്‌വേ ചാർജിനത്തിൽ ഉപഭോക്താവിൽ നിന്ന് ഈടാക്കുന്ന തുകയിൽ നിന്നും യാതൊന്നും കെഎസ്ഇബിക്ക് ലഭിക്കുന്നില്ലെന്നുംവിവരാവകാശ മറുപടിയിൽ പറയുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP