Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

100 കിലോമീറ്റർ പിന്നിട്ട് ഭാരത് ജോഡോ പദയാത്ര; യാത്ര ബിജെപിയെ അസ്വസ്ഥരാക്കുമ്പോൾ തങ്ങൾക്ക് 100 മടങ്ങ് പുതുജീവനെന്ന് കോൺഗ്രസ്; വെറുപ്പും വിദ്വേഷവും പടർത്തുന്ന ബിജെപിക്ക് പകരം ഒന്നിച്ച് നിൽക്കുന്ന ഇന്ത്യ മറ്റ് രാജ്യങ്ങൾക്ക് സന്ദേശമാകണം എന്ന് രാഹുൽ; റൂട്ട് മാപ്പിൽ ഗുജറാത്തിനെ ഒഴിവാക്കിയതിൽ ചില നേതാക്കൾക്ക് വിയോജിപ്പെന്ന് റിപ്പോർട്ട്

100 കിലോമീറ്റർ പിന്നിട്ട് ഭാരത് ജോഡോ പദയാത്ര; യാത്ര ബിജെപിയെ അസ്വസ്ഥരാക്കുമ്പോൾ തങ്ങൾക്ക് 100 മടങ്ങ് പുതുജീവനെന്ന് കോൺഗ്രസ്; വെറുപ്പും വിദ്വേഷവും പടർത്തുന്ന ബിജെപിക്ക് പകരം ഒന്നിച്ച് നിൽക്കുന്ന ഇന്ത്യ മറ്റ് രാജ്യങ്ങൾക്ക് സന്ദേശമാകണം എന്ന് രാഹുൽ; റൂട്ട് മാപ്പിൽ ഗുജറാത്തിനെ ഒഴിവാക്കിയതിൽ ചില നേതാക്കൾക്ക് വിയോജിപ്പെന്ന് റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎമ്മും, ബിജെപിയും വിമർശനങ്ങൾ തൊടുത്തുവിടുന്നതിനിടയിൽ, രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര 100 കിലോമീറ്റർ പൂർത്തിയാക്കി. 'പദയാത്ര ബിജെപിയെ അസഹ്യപ്പെടുത്തുകയും, അസ്വസ്ഥപ്പെടുത്തുകയും ചെയ്തു. അതേസമയം, കോൺഗ്രസാകട്ടെ 100 മടങ്ങ് പുതുക്കപ്പെട്ടു. ഓരോ ചുവടും ഞങ്ങളുടെ നിശ്ചയദാർഢ്യത്തെ നവീകരിക്കുന്നു', ജയ്‌റാം രമേശ് ട്വീറ്റ് ചെയ്തു.

യാത്രക്ക് ലഭിക്കുന്ന അസാധാരണ പ്രതികരണം ബിജെപിയെ ഭയപ്പെടുത്തുന്നുവെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും പറഞ്ഞു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും മറ്റു നേതാക്കളും അവരുടെ ജോലികൾ ഒഴിവാക്കിയാണ് രാഹുൽ ഗാന്ധിയെ ആക്രമിക്കുന്നതെന്നും ഗെഹ്ലോട്ട് കുറ്റപ്പെടുത്തി. പര്യടനത്തിൽ രാഹുൽ ഗാന്ധി ധരിച്ച ടി ഷർട്ടിന്റെ വിലയെ കുറിച്ച് ബിജെപി ഉന്നയിച്ച ആരോപണത്തിനും ഗെഹ്ലോട്ട് മറുപടി നൽകി.

41000 രൂപയുടെ ടി ഷർട്ടാണ് രാഹുൽ ധരിച്ചതെന്നും രാജ്യം ഇതു കാണുന്നുണ്ടെന്നുമാണ് ബിജെപി ഔദ്യോഗിക ട്വിറ്റർ പേജിൽ കുറിച്ചത്. രാഹുൽ ധരിക്കുന്നത് വിദേശ നിർമ്മിത ടി ഷർട്ടാണെന്ന അവകാശവാദവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും രംഗത്തുവന്നിരുന്നു. അമിത് ഷാക്കും ബിജെപിക്കും അതേ നാണയത്തിൽ മറുപടി നൽകിയിരിക്കുകയാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്.

അമിത് ഷായുടെ മഫ്‌ളറിന് 80,000 രൂപ വിലയുണ്ടെന്നും രണ്ടര ലക്ഷം രൂപയുടെ സൺ ഗ്ലാസുകളാണ് ബിജെപി നേതാക്കൾ ധരിക്കുന്നതെന്നും ഗെഹ്ലോട്ട് തുറന്നടിച്ചു. 'ഭാരത് ജോഡോ യാത്രക്ക് ജനങ്ങളിൽനിന്ന് ലഭിക്കുന്ന അസാധാരണമായ പ്രതികരണം ബിജെപിയെ വിറളിപിടിപ്പിക്കുകയാണ്. ഭാരത് ജോഡോ യാത്രയുമായി അവർക്ക് എന്ത് പ്രശ്‌നമാണുള്ളത്? രണ്ടര ലക്ഷത്തിന്റെ സൺ ഗ്ലാസും 80,000 രൂപയുടെ മഫ്‌ളറും ധരിക്കുന്നവരാണ് രാഹുലിന്റെ ടി ഷർട്ടിനെ കുറിച്ച് സംസാരിക്കുന്നത്. കേന്ദ്ര അഭ്യന്തര മന്ത്രിയുടെ മഫ്‌ളറിന് 80,000 രൂപ വിലയുണ്ട്' -ഗെഹ്ലോട്ട് മാധ്യമങ്ങളോട് പറഞ്ഞു.

യാത്ര റൂട്ടിൽ വിയോജിപ്പ്?

യാത്ര റൂട്ടിൽ വിയോജിപ്പ് അറിയിച്ച് ചില പാർട്ടി നേതാക്കളും പ്രവർത്തകരും രംഗത്ത് എത്തിയതായി റിപ്പോർട്ട്. യാത്രയുടെ റൂട്ട് മാപ്പിൽ ഗുജറാത്തിനെ ഒഴിവാക്കിയതിലാണ് പാർട്ടി പ്രവർത്തകരുടെ വിയോജിപ്പ്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലും യാത്ര ഉൾപ്പെടുത്തേണ്ടതായിരുന്നു എന്നാണ് പാർട്ടി അണികളുടെ ആവശ്യം. ഡെക്കാൻ ക്രോണിക്കിളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

കന്യാകുമാരി മുതൽ കശ്മീർ വരെ നീളുന്ന 3,500 കിലോമീറ്ററും 150 ദിവസവും നീണ്ടുനിൽക്കുന്ന പ്രചാരണത്തിന്റെ ദൈർഘ്യം വർദ്ധിപ്പിക്കുമെന്നതിനാൽ എല്ലാ സംസ്ഥാനത്തെയും ഉൾപ്പെടുത്തുന്നത് സാധ്യമല്ലെന്ന് യാത്രാ ആസൂത്രകർ പറഞ്ഞു. എന്നാൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ യാത്രയുടെ റൂട്ട് മാപ്പിൽ ഗുജറാത്ത് ഉണ്ടായിരിക്കണമായിരുന്നുവെന്ന് ഒരു കോൺഗ്രസ് നേതാവ് പറഞ്ഞു. ഗുജറാത്തിൽ നിന്നുള്ള നിരവധി നേതാക്കൾ പാർട്ടി വിട്ടു. ആം ആദ്മി പാർട്ടിയും സംസ്ഥാനത്ത് തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നുണ്ട്. യാത്ര പാർട്ടിക്ക് വലിയ ഉണർവ് നൽകുമായിരുന്നു. ഈ യാത്ര ആസൂത്രണം ചെയ്ത നേതാക്കൾ ഇത് ഉൾപ്പെടുത്താത്തത് ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗുജറാത്തിന് പുറമേ കിഴക്കൻ സംസ്ഥാനങ്ങളെയും യാത്രയിൽ നിന്ന് ഒഴിവാക്കി. തെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് സംസ്ഥാനങ്ങളെയും പ്രചാരണത്തിൽ ഉൾപ്പെടുത്തണമെന്ന് ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും നേതാക്കൾ യാത്രാ സംഘാടക സമിതിയോട് അഭ്യർത്ഥിച്ചതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ഈ ആവശ്യങ്ങൾ സംഘാടക സമിതി അവഗണിച്ചു. ഗുജറാത്ത്, ഹിമാചൽ പ്രദേശ് നേതാക്കളോട് അതത് സംസ്ഥാനങ്ങളിൽ സ്വന്തമായി യാത്രകൾ ആരംഭിക്കാനും പ്രധാന യാത്രയിൽ പങ്കെടുക്കാനും പറഞ്ഞതായാണ് വിവരം.



ബിജെപി വെറുപ്പും വിദ്വേഷവും പടർത്തുന്നു: രാഹുൽ

ആറാം ദിവസമായ ഇന്ന് തിരുവനന്തപുരം ജില്ലയിലെ നേമത്ത് നിന്ന് ആരംഭിച്ച യാത്ര കഴക്കൂട്ടത്ത് സമാപിച്ചു. കേരളത്തിലെ യാത്രയുടെ രണ്ടാം ദിവസമായിരുന്നു ഇന്ന് കഴക്കൂട്ടത്തെ അൽസാജ് കൺവെൻഷൻ സെന്ററിലെ സമ്മേളന സ്ഥലത്ത് സമാപിച്ചത്. ഇന്ത്യയൊട്ടാകെയുള്ള 3,571 കിലോമീറ്റർ ദൂരത്തിലെ ആദ്യ 100 കിലോമീറ്റർ ദൂരമാണ് യാത്ര പിന്നിട്ടത്. യാത്ര വൻ വിജയമാക്കിയ എല്ലാവർക്കും രാഹുൽ ഗാന്ധി സമാപന സമ്മേളനത്തിൽ നന്ദി അറിയിച്ചു. യാത്രയിൽ ഒപ്പം അണിചേർന്നവർക്കും അഭിവാദ്യം അർപ്പിക്കാൻ കാത്തുനിന്നവർക്കും ടെലിവിഷനിലൂടെ കണ്ടവർക്കും എല്ലാം രാഹുൽ ഗാന്ധി നന്ദി പ്രകാശിപ്പിച്ചു.

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാജ്യമായി മാത്രം ഇന്ത്യ മാറുകയാണെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. സമൂഹത്തിൽ ബിജെപി വെറുപ്പും വിദ്വേഷവും പടർത്തുകയാണ്. ഒന്നിച്ച് നിൽക്കുന്ന ഇന്ത്യ മറ്റ് രാജ്യങ്ങൾക്ക് സന്ദേശമാകണം. അതാണ് ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.രാവിലെ 7 മണിക്ക് നേമത്ത് നിന്നാണ് ഇന്ന് യാത്ര ആരംഭിച്ചത്.

കിള്ളിപ്പാലം, കരമന, തമ്പാനൂർ, പാളയം തുടങ്ങി യാത്ര കടന്നുപോയ സ്ഥലങ്ങളിലെല്ലാം വൻ ജനാവലിയാണ് രാഹുൽ ഗാന്ധിയെ കാണാനും അഭിവാദ്യം അർപ്പിക്കാനുമായി കാത്തുനിന്നത്. സ്വാതന്ത്ര്യസമര പോരാളികളുടെ സ്മരണകളിരമ്പുന്ന പാളയം രക്തസാക്ഷി മണ്ഡപത്തിൽ രാഹുൽ ഗാന്ധി പുഷ്പാർച്ചന നടത്തി. തുടർന്ന് 10 മണിയോടെ പട്ടത്ത് എത്തിച്ചേർന്നതോടെ യാത്രയുടെ ആദ്യഘട്ടം സമാപിച്ചു.

ഉച്ചയ്ക്ക് 2 മണിക്ക് വിഴിഞ്ഞം സമരസമിതി നേതാക്കളുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി, കെപിസിസി പ്രസിഡന്റ്‌കെ സുധാകരൻ എംപി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവരും പങ്കെടുത്തു. തുടർന്ന് വൈകിട്ട് 4 മണിയോടെ യാത്രയുടെ രണ്ടാം ഘട്ടം ഉള്ളൂരിൽ നിന്ന് പുനരാരംഭിച്ചു. രാത്രി 7.30 ഓടെ യാത്ര കഴക്കൂട്ടത്ത് സമാപിച്ചു. നാളെ കഴക്കൂട്ടത്ത് നിന്ന് ആരംഭിക്കുന്ന യാത്ര കല്ലമ്പലത്ത് സമാപിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP