Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന പോരാളിയുടെ കഥ വിനയൻ എന്ന ഫയർബ്രാന്റിന്റെ കണ്ണിലൂടെ ലോകം കാണണമെന്നത് കാലം കാത്തു വെച്ച കാവ്യനീതി; സമീപകാലത്ത് മലയാളത്തിൽ ഇറങ്ങിയ ചരിത്ര സിനിമകളിൽ ബഹുദൂരം മുന്നിൽ; പത്തൊൻപതാം നൂറ്റാണ്ട്: തമസ്‌കരിക്കപ്പെട്ട ചരിത്രത്തിന്റെ ചലച്ചിത്രഭാഷ്യം

ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന പോരാളിയുടെ കഥ വിനയൻ എന്ന ഫയർബ്രാന്റിന്റെ കണ്ണിലൂടെ ലോകം കാണണമെന്നത് കാലം കാത്തു വെച്ച കാവ്യനീതി; സമീപകാലത്ത് മലയാളത്തിൽ ഇറങ്ങിയ ചരിത്ര സിനിമകളിൽ ബഹുദൂരം മുന്നിൽ; പത്തൊൻപതാം നൂറ്റാണ്ട്: തമസ്‌കരിക്കപ്പെട്ട ചരിത്രത്തിന്റെ ചലച്ചിത്രഭാഷ്യം

ഇ.വി.പ്രകാശ്

കേരള ചരിത്രത്തിൽ പത്തൊൻപതാം നൂറ്റാണ്ടിന് സവിശേഷപ്രാധാന്യമുണ്ട്. ക്രിസ്ത്യൻ മിഷണറിമാരുടെ ആഗമനവും ചാന്നാർ ലഹളയും ശ്രീനാരായണ ഗുരു നടത്തിയ അരുവിപ്പുറം പ്രതിഷ്ഠയും സഞ്ചാരസ്വാതന്ത്ര്യത്തിനു വേണ്ടി അയ്യൻകാളിയുടെ വില്ലുവണ്ടി യാത്രയുമൊക്കെ അരങ്ങേറിയത് 19-ാം നൂറ്റാണ്ടിന്റെ മാർദ്ദവമില്ലാത്ത മണ്ണിലാണ്. ആ മണ്ണുഴുതുമറിച്ചാണ് നവോത്ഥാന പ്രസ്ഥാനം ആധുനിക കേരളം സൃഷ്ടിച്ചെടുത്തത്.

കേരള നവോത്ഥാന ചരിത്രത്തിൽ ഏറെയൊന്നും കേൾവിപ്പെട്ടിട്ടില്ലാത്ത ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന സാമൂഹ്യ പരിഷ്‌കർത്താവിനെ തികഞ്ഞ ആർജ്ജവത്തോടെ അഭ്രപാളികളിൽ എത്തിച്ചിരിക്കുകയാണ് സംവിധായകൻ വിനയൻ. കേരള നവോത്ഥാന പ്രസ്ഥാനം സംഘടിത സ്വഭാവത്തിൽ രൂപപ്പെട്ടതും ശക്തിപ്പെട്ടു വന്നതും ഈഴവ ജനവിഭാഗങ്ങൾക്കിടയിൽ നിന്നാണ്. ഈഴവർ ജാതി ശ്രേണിയിലെ മധ്യഭാഗത്ത് ആയതു കൊണ്ടു തന്നെ നവോത്ഥാന മുന്നേറ്റത്തിന്റെ അലയൊലികൾ താഴേയ്ക്കും മുകളിലേയ്ക്കും എത്തിച്ചേർന്നു.

വ്യാപാരവും വൈദ്യവൃത്തിയും ചെയ്ത് സമ്പന്നരായി മാറിയ ഈഴവർക്കിടയിലെ ചെറിയൊരു വിഭാഗത്തിന് സാമൂഹ്യ പദവി ലഭിക്കാതെ വന്നപ്പോഴാണ്, സംഘടിത സമരത്തിലൂടെ അത് നേടിയെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നത്. സമ്പത്തും വിദ്യാഭ്യാസവും നേടിയ ചെറിയൊരു വിഭാഗം ഉദയം ചെയ്‌തെങ്കിലും ജന്മിത്വ-ജാതി വ്യവസ്ഥ സാമൂഹികാംഗീകാരത്തിന് തടസ്സമായി.ആ വൈരുദ്ധ്യത്തിൽ നിന്നാണ് സാമൂഹിക കലാപം ഉടലെടുക്കുന്നത്.

ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതം പരിശോധിച്ചാൽ മേൽപ്പറഞ്ഞ അഭിപ്രായം ശരിയാണെന്ന് കാണാം. ഏക്കറ് കണക്കിന് നെൽവയലുകളും തെങ്ങിൻ തോപ്പുകളും സ്വന്തമായുണ്ടായിരുന്ന കല്ലിശ്ശേരി തറവാട്ടിലാണ് വേലായുധപ്പണിക്കർ വളർന്നത്. സ്വന്തം പായ്ക്കപ്പലുകളിൽ വിദേശ രാജ്യങ്ങളിലേയ്ക്ക് ഏലം, കുരുമുളക് തുടങ്ങിയ സുഗന്ധവിളകൾ കയറ്റുമതി ചെയ്യാൻ മാത്രം ശക്തരായ വ്യാപാരികളായിരുന്നു കല്ലിശ്ശേരി കുടുംബം.

സമ്പത്തുണ്ട്, സാമൂഹ്യ പദവി ഇല്ല എന്നത് അഭിമാനപ്രശ്‌നമായി മാറുന്നിടത്താണ് തുല്യത എന്ന ജനാധിപത്യ ബോധം ഉദിക്കുന്നത്. കേരള നവോത്ഥാന പ്രസ്ഥാനത്തിലെ അഗ്രഗാമികളിലൊരാളായ അയ്യൻകാളിയുടെ അച്ഛന് എട്ടേക്കർ ഭൂമിയുണ്ടായിരുന്നു എന്നതും ഇത്തരുണത്തിൽ ഓർക്കേണ്ടതാണ്. ഇംഗ്ലീഷ് വിദ്യാഭ്യാസവും മിഷണറിമാരുടെ കടന്നുവരവും സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ ആശയങ്ങൾ ഉത്പതിഷ്ണുക്കളായ മലയാളികൾക്കിടയിൽ വേരുറയ്ക്കുന്നതിന് ഇടവരുത്തിയിട്ടുണ്ടാവണം.

അധ:സ്ഥിത വിഭാഗത്തിൽ പെടുന്ന സ്ത്രീകൾക്ക് മാറുമറയ്ക്കുവാനും സ്വർണ്ണമൂക്കുത്തി ധരിക്കുവാനും അച്ചിപ്പുടവ ഉടുക്കുവാനുമുള്ള അവകാശത്തിനു വേണ്ടി പൊരുതി മരിച്ച ആറാട്ടുപുഴ വേലായുധപ്പണിക്കർക്കുള്ള ഉചിതമായ ആദരമാണ് പത്തൊൻപതാം നൂറ്റാണ്ട്. മൺമറഞ്ഞു പോയ മഹാന്മാരെ ആദരിച്ചുകൊണ്ട് അവരുടെ മൂല്യങ്ങൾ സ്വാംശീകരിക്കുകയെന്നത് ഏതൊരു സമൂഹത്തിന്റെയും മുന്നോട്ടുള്ള പ്രയാണത്തിൽ അത്യന്താപേക്ഷിതമാണ്.

തന്റെ കരുത്തുറ്റ നിലപാടുകൾ കൊണ്ട് മലയാള ചലച്ചിത്ര മേഖലയിലെ പലർക്കും അനഭിമതനായ സംവിധായകനാണ് വിനയൻ. പാർശ്വവത്ക്കരിക്കപ്പെട്ട കലാകാരന്മാർക്കു വേണ്ടിയും സിനിമയിൽ കായികാദ്ധ്വാനം ചെയ്യുന്ന തൊഴിലാളികൾക്കുവേണ്ടിയും ശക്തമായി ശബ്ദിച്ചു എന്നതാണ് വിനയന് മുന്നിൽ പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ വിലക്കുകൾ രൂപപ്പെടാൻ കാരണമായത്. എന്നാൽ, വിലക്കുകളെ തൃണവത്ഗണിച്ചു കൊണ്ട് ചെറിയ സിനിമകളിലൂടെ അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചു പോന്നു.

ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന പോരാളിയുടെ കഥ വിനയൻ എന്ന ഫയർബ്രാന്റിന്റെ കണ്ണിലൂടെ ലോകം കാണണമെന്നത് കാലം കാത്തു വെച്ച കാവ്യനീതിയാകും. സമീപകാലത്ത് മലയാളത്തിലിറങ്ങിയ പല ചരിത്ര സിനിമകളുമായി താരതമ്യപ്പെടുത്തിയാൽ പത്തൊമ്പതാം നൂറ്റാണ്ട് ബഹുദൂരം മുന്നിലാണ്. സിജു വിൽസൺ എന്ന നടന് തന്റെ കഴിവു തെളിയിക്കാനുള്ള സുവർണാവസരമാണ് വിനയൻ ഒരുക്കിയത്.

സിജു വിൽസൺ എന്ന താരമൂല്യമില്ലാത്ത നടനെ ആറാട്ടുപുഴ വേലായുധപ്പണിക്കരായി അവതരിപ്പിക്കുവാൻ വിനയൻ കാണിച്ച ആർജ്ജവത്തോടൊപ്പം അടിയുറച്ചു നിന്ന ഗോകുലം ഗോപാലൻ എന്ന നിർമ്മാതാവിന്റെ ധൈര്യവും എടുത്ത് പറയേണ്ടതാണ്. സിജു വിൽസൺ എല്ലാ അർത്ഥത്തിലും വേലായുധപ്പണിക്കരെ അവിസ്മരണീയമാക്കി.

ഷാജികുമാറിന്റെ ക്യാമറയുടെ സൗന്ദര്യം ഓരോ ഫ്രെയിമിലും കാണാനുണ്ട്. ക്ലൈമാക്‌സിലെ സംഘട്ടന രംഗത്തിലെ ക്യാമറയുടെ ഇന്ദ്രജാലം അതിഗംഭീരമാണ്. ചരിത്ര സിനിമകളിലെ അതിഭാവുകത്വത്തെ അകറ്റി നിർത്തിയൊരുക്കിയ ആർട്ട് വർക്കും കോസ്റ്റ്യൂമും സിനിമയുടെ മാറ്റുകൂട്ടുന്നുണ്ട്. അത്ര ഭദ്രമല്ലാത്ത തിരക്കഥ, ചിലപ്പോഴെങ്കിലും സിനിമയുടെ രസം കെടുത്തുന്നുണ്ട്. അവിടെയും ബി.ജി.എം ഉൾപ്പടെയുള്ള ടെക്‌നിക്കൽ വിഭാഗത്തിന്റെ മികവുകൊണ്ടാണ് തിരക്കഥയുടെ പോരായ്മകളെ സിനിമ മറികടക്കുന്നത്.

വിവേകാനന്ദ സ്വാമികൾ ഭ്രാന്താലയം എന്നു വിളിച്ച പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളത്തിന്റെ ഒരേടാണ് വിനയൻ ചലച്ചിത്രമാക്കിയത്. സംഘ പരിവാർ പ്രസ്ഥാനങ്ങൾ 'വിശാലഹിന്ദു' എന്ന രാഷ്ട്രീയസംജ്ഞയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഈഴവർ മുതൽ താഴേയ്ക്കുള്ളവരുടെ പൂർവ്വികർ, ഹിന്ദുമത നിയമപ്രകാരം ഭരണം നടന്നിരുന്ന തിരുവിതാംകൂറിൽ എങ്ങനെ ജീവിച്ചു എന്നത് മനസ്സിലാക്കുവാൻ പത്തൊൻപതാം നൂറ്റാണ്ട് കാണേണ്ടതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP