Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തലസ്ഥാന നഗരിയെ ഇളക്കിമറിച്ച് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര; നേമത്തു നിന്നും തുടങ്ങിയ യാത്ര അവസാനിപ്പിച്ചത് പട്ടത്ത്; കാണാനെത്തിയവരെ കൈവീശി കാണിച്ചു രാഹുൽ; പാളയത്ത് രക്ഷസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി; നഗരം വൻ ട്രാഫിക് ബ്ലോക്കിലായെങ്കിലും കോൺഗ്രസ് അണികളിൽ ആവേശം

തലസ്ഥാന നഗരിയെ ഇളക്കിമറിച്ച് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര; നേമത്തു നിന്നും തുടങ്ങിയ യാത്ര അവസാനിപ്പിച്ചത് പട്ടത്ത്; കാണാനെത്തിയവരെ കൈവീശി കാണിച്ചു രാഹുൽ; പാളയത്ത് രക്ഷസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി; നഗരം വൻ ട്രാഫിക് ബ്ലോക്കിലായെങ്കിലും കോൺഗ്രസ് അണികളിൽ ആവേശം

അഖിൽ രാമൻ

തിരുവനന്തപുരം: അക്ഷരാർത്ഥത്തിൽ തിരുവനന്തപുരത്തെ ഇളക്കി മറിച്ചാണ് ജോഡോയാത്ര മുന്നോട്ട് പോകുന്നത്. രാവിലെ നേമത്ത് നിന്നും ആരംഭിച്ച ജാഥ തമ്പാനൂരിലെത്തുമ്പോഴെക്കും ആയിരക്കണക്കിന് ആളുകളാണ് തമ്പാനൂർ ജംഗ്ഷനിൽ ജാഥയ്ക്ക് അഭിവാദ്യം അർപ്പിച്ചത്. പാതയുടെ ഇരു വശങ്ങളിലും ബസ് സ്റ്റാഡന്റിന്റെ മുന്നിലും റയിൽവേ സ്റ്റേഷന്റെ മുൻഭാഗത്തുമെല്ലാം ആളുകൾ രാഹുൽഗാന്ധിയെ കാണാനായി കാത്തു നിന്നു. കൈ ഉയർത്തി വീശി രാഹുൽ ജനങ്ങളെ അഭിവാദ്യം ചെയ്തു.

ദേശീയ,സംസ്ഥാന നേതാക്കൾ രാഹുലിനോപ്പം ജോഡോയാത്രയുടെ മുൻ നിരയിലുണ്ട്. ആയിരക്കണക്കിന് പ്രവർത്തകരാണ് ജാഥയെ അനുഗമിക്കുന്നത്. വെള്ള വസ്ത്രവും ബാഡ്ജും ധരിച്ച വോളന്റിയർമാരാണ് യാത്രയെ നിയന്ത്രിക്കുന്നത്. രാവിലെ നേമത്ത് നിന്നും ആരംഭിച്ച ജാഥ തമ്പാനൂർ വഴി പാളയത്തെത്തി രക്ഷസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. അവിടെ നിന്ന് പട്ടത്തെക്ക് പുറപ്പെട്ട ജോഡോയാത്ര പട്ടം സെന്റ് മേരിസ് സ്‌ക്കൂളിലാണ് ക്യാമ്പ് ചെയ്യുന്നത്.

അടൂർ ഗോപാലകൃഷ്ണൻ, പെരുമ്പടവം ശ്രീധരൻ, ഡോ.ജി.വിജയരാഘവൻ ഉൾപ്പെടെ വിവിധ മേഖലകളിലെ പ്രമുഖരുമായി രാഹുൽഗാന്ധി കൂടിക്കാഴ്ച നടത്തും. വിഴിഞ്ഞം സമരസമിതി നേതാക്കളെയും രാഹുൽ കാണും.ഉച്ചയ്ക്ക് ഒരു മണിയോടെ സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ ക്ഷണിക്കപ്പെട്ട വ്യക്തിത്വങ്ങൾക്കൊപ്പം രാഹുൽ ഗാന്ധിയുടെ ഉച്ചഭക്ഷണം കഴിക്കും. രണ്ടു മണിയോടെ ജവഹർ ബാൽ മഞ്ച് നടത്തിയ ചിത്രരചനാ മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്യും.

കുട്ടികളുമായുള്ള ആശയവിനിമയത്തിനു ശേഷം 3.30 ഓടെ കണ്ണമൂലയിലെ ചട്ടമ്പി സ്വാമികളുടെ ജന്മഗൃഹം സന്ദർശിക്കും. വൈകിട്ട് 4ന് പദയാത്ര പട്ടം ജംക്ഷനിൽനിന്ന് പുനരാരംഭിക്കും. തിരുവനന്തപുരം ജില്ലയിലെ പ്രവർത്തകരോടൊപ്പം പത്തനംതിട്ട ജില്ലയിലെ നാലു നിയോജകമണ്ഡലങ്ങളിലെ പ്രവർത്തകരും യാത്രയിൽ പങ്കെടുക്കും. 7 മണിയോടെ പദയാത്ര കഴക്കൂട്ടം അൽസാജ് അങ്കണത്തിൽ സമാപിക്കും. സമാപന പൊതുയോഗത്തിൽ ദേശീയ, സംസ്ഥാന നേതാക്കൾ പങ്കെടുക്കും.

കന്യാകുമാരി മുതൽ കാശ്മീർ വരെ രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ ആദ്യ ദിവസത്തെ പര്യടനം ഞാറാഴ്ച ആയിരങ്ങളുടെ അഭിവാദ്യങ്ങൾ ഏറ്റുവാങ്ങിയാണ്.നേമത്ത് സമാപിച്ചു. വിദ്യാഭ്യാസ മേഖലയിലെ വളർച്ചയും ആതുര സേവന രംഗത്ത് നഴ്സുമാർ നടത്തുന്ന സേവനങ്ങളെയും പ്രകീർത്തിച്ചുകൊണ്ട് അദ്ദേഹം നടത്തിയ പ്രസംഗം കൈയടിയോടെയാണ് പാർട്ടി പ്രവർത്തകരും നാട്ടുകാരും സ്വീകരിച്ചത്.

ശ്രീ നാരായണ ഗുരുവിന്റെ നാടായ കേരളത്തിൽ നിലനിൽക്കുന്ന ഈ ഗുണങ്ങൾ രാജ്യം മുഴുവൻ വ്യാപിപ്പിക്കാൻ കൂടിയാണ് താൻ ഭാരത് ജോഡോ യാത്ര നടത്തുന്നതെന്നുംകേരളം പരസ്പരം ബഹുമാനിക്കുന്നവരുടെ നാടാണ്. ആളുകളെ തമ്മിൽ ഭിന്നിപ്പിക്കുന്നതിനും വെറുപ്പ് വളർത്തുന്നതിനും കേരളം അനുവദിക്കാറില്ല എന്നും രാഹുൽ പറഞ്ഞു. കേരളത്തിലെ പാർലമെന്റ് അംഗം എന്ന നിലയിൽ ഇവിടുത്തെ സംസ്‌കാരവും പാരമ്പര്യവും സഹവർത്തിത്വവും എല്ലാം എനിക്ക് കഴിഞ്ഞ കുറേ കാലങ്ങളായി വ്യക്തമായി അറിയാവുന്നതാണെന്ന് പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്.

നേരത്തെ നിശ്ചയിച്ചിരുന്നതിൽ നിന്ന് ഒരു മണിക്കൂർ വൈകിയാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷമുള്ള പദയാത്ര ആരംഭിച്ചതെങ്കിലും കൃത്യസമയത്തുതന്നെ സമാപന യോഗം നടന്ന നേമത്ത് രാഹുലും സംഘവും നടന്നെത്തിയിരുന്നു.ഭാരത് ജോഡോ യാത്രയുടെ സ്വാഗത സംഘം രൂപീകരണം മുതൽ നടന്ന ചിട്ടയായ പ്രവർത്തനങ്ങളാണ് ജോഡോയാത്രയെ വ്യത്യസ്ഥമാക്കുന്നത്. കോൺഗ്രസിന്റെ മറ്റ് പരുപാടികളെ പൊലെയല്ല ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.സേവാദൾ വോളണ്ടിയർമാർ അനുവദിച്ച സ്ഥലത്ത് തന്നെ ഡിസിസി, കെപിസിസി ഭാരവാഹികളും, എംപി, എംഎൽഎ അടക്കമുള്ള ജനപ്രതിനിധികളും നിലഉറപ്പിക്കുകയും ജാഥയിൽ പങ്കെടുക്കുകയും ചെയ്യുന്നത് ശ്രദ്ധേയമാകുന്നുണ്ട്.

മികച്ചതും ചിട്ടയായതുമായ സംഘടനാപ്രവർത്തനമാണ് യാത്രയുടെ തുടക്കത്തിലെ തന്നെയുള്ള സ്വീകാര്യത വെളിവാക്കുന്നത് എന്നും രണ്ട് പതിറ്റാണ്ടിനു ഇടയിൽ പ്രവർത്തകരുടെ നിറസാന്നിധ്യം ലഭിച്ച പരിപാടി നടന്നിട്ടില്ലെന്നുമാണ് മുൻ നിര നേതാക്കളുടെ വരെ വിലയിരുത്തൽ. യാത്രയുടെ പ്രചരണാർത്ഥം ബോർഡുകളും കൊടിതോരണങ്ങളും ആഴ്ചകൾക്ക് മുൻപ് തന്നെ നിറഞ്ഞിരുന്നു. അവധി ദിവസമായ ഞാറാഴ്ച രാവിലെ 7 ന് പാറശാലയിലെ സ്വീകരണ പരിപാടിയിൽ ജന സാന്നിധ്യത്തെ കുറിച്ച് ആശങ്കകൾ ഉയർന്നെങ്കിലും കണക്ക് കുട്ടലുകൾ ഒന്നാകെ തെറ്റിക്കുന്നത് ആയിരുന്നു ജനത്തിരക്ക്.

നെയ്യാറ്റിൻകരയിൽയിലും വെങ്ങാനൂരിലും എല്ലാം ആവേശകരമായ സ്വീകരണമാണ് യാത്രയ്ക്ക് ലഭിച്ചത്. രാഹുൽ നെയ്യാറ്റിൻകര നിയോജക മണ്ഡലം കമ്മിറ്റി സ്വാഗത സംഘം ഓഫിസിനു മുന്നിൽ മുൻ എംഎൽഎയും എഐസിസി അംഗവുമായ തമ്പാനൂർ രവി രാഹുലിനെഷാൾ അണിയിച്ചു മുൻ എംഎൽഎ ആർ. സെൽവരാജ്, അയിര സുരേന്ദ്രൻ, എം. മുഹിനുദീൻ, വെൺപകൽ അവനീന്ദ്രകുമാർ, നെയ്യാറ്റിൻകര അജിത്, എം.സി. സെൽവരാജ്, പി.സി. പ്രതാപൻ, കവളാകുളം സന്തോഷ്, ഗോപകുമാർ, സജീവ് തുടങ്ങിയവർ ചേർന്നു സ്വീകരിച്ചു.

പാറശാലയിൽ പ്രവേശിച്ച യാത്ര നെയ്യാറ്റിൻകര നിന്നു നേമത്തേക്കു കടക്കുന്നതിനിടെ ആണ് വെങ്ങാനൂരിലേക്കുള്ള രാഹുലിന്റെ അപ്രതീക്ഷിത വരവ്. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ശശി തരൂർ എംപി, എം.വിൻസന്റ് എംഎൽഎ, ഡിസിസി പ്രസിഡന്റ് പാലോട് രവി, നേതാക്കളായ കോളിയൂർ ദിവാകരൻ നായർ, ആർ. ശിവകുമാർ, വെങ്ങാനൂർ ശ്രീകുമാർ, സുബോധനൻ, കെ.വി.അഭിലാഷ്, ആഗ്നസ് റാണി, സി.ഓമന, എൻ.എസ്. നുസൂർ എന്നിവർ ഒപ്പമുണ്ടായിരുന്നു.

വൈകിട്ടോടെ രാഹുൽ ഗാന്ധി സ്മൃതി മണ്ഡപത്തിൽ എത്തി പുഷ്പാർച്ചന നടത്തി. സാധുജന പരിപാലന സംഘം സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് ജഗതി, ട്രഷറർ റിഞ്ചുലാൽ വെങ്ങാനൂർ, സംസ്ഥാന കമ്മിറ്റി അംഗം ബിനു കുമാർ, കരയോഗം പ്രസിഡന്റ് ചന്ദ്രലേഖ, വൈസ് പ്രസിഡന്റ് വിശ്വനാഥൻ എന്നിവർ രാഹുലിനെ സ്വീകരിച്ചു. രാഹുലിനെ അടുത്തു നിന്നു കാണാൻ ആൾക്കാർ തിക്കിതിരക്കി. സുരക്ഷ ഏജൻസികളുടെ വലയം പലർക്കും വിലങ്ങായി.എങ്കിലും പരമാവധി അടുത്തു നിന്നു കാണാനായതിൽ പലരും സന്തോഷം പ്രകടിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP