Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കല്യാണം വിളിച്ചതും, അമ്പലപ്പറമ്പിൽ അതിഥികളെ സ്വീകരിച്ചതും സദ്യ വിളമ്പിയതും മുസ്ലിം ലീഗ് പ്രവർത്തകർ; കരുതലോടെ ഒപ്പം നിന്ന് ക്ഷേത്ര ഭാരവാഹികൾ; അഗതി മന്ദിരത്തിൽ വളർന്ന ഗിരിജയെ മംഗല്യവതിയാക്കാൻ ഈ ഓണക്കാലത്ത് ഒന്നിച്ച ആ നാടിന്റെ നന്മ ഇങ്ങനെ

കല്യാണം വിളിച്ചതും, അമ്പലപ്പറമ്പിൽ അതിഥികളെ സ്വീകരിച്ചതും സദ്യ വിളമ്പിയതും മുസ്ലിം ലീഗ് പ്രവർത്തകർ; കരുതലോടെ ഒപ്പം നിന്ന് ക്ഷേത്ര ഭാരവാഹികൾ; അഗതി മന്ദിരത്തിൽ വളർന്ന ഗിരിജയെ മംഗല്യവതിയാക്കാൻ ഈ ഓണക്കാലത്ത് ഒന്നിച്ച ആ നാടിന്റെ നന്മ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ദിവസങ്ങളായി തങ്ങളുടെ വളർത്ത് മകളുടെ വിവാഹത്തിനുള്ള ഒരുക്കത്തിലായിരുന്നു വേങ്ങരയിലെ നാട്ടുകാർ. സുമനസ്സുകളുടെ സഹായത്തോടെ കല്യാണത്തിനുള്ള എല്ലാ ഒരുക്കങ്ങളും 600 പേർക്കുള്ള വിവാഹ സദ്യയും ഒരുക്കി. കല്യാണം വിളിച്ചതും, അമ്പലപ്പറമ്പിൽ അതിഥികളെ സ്വീകരിച്ചതും, വലിയ പന്തലൊരുക്കി സദ്യ വിളമ്പിയതും വേങ്ങര മനാട്ടിപറമ്പിലെ മുസ്ലിം ലീഗ്, യൂത്ത് ലീഗ് പ്രവർത്തകർ. എല്ലാത്തിനും ചേർന്ന് നിന്ന് ക്ഷേത്ര ഭാരവാഹികൾ. സാഹോദര്യത്തിന്റെ പുതു സന്ദേശമാണ് ഈ നാട്ടുകാർ ഓണക്കാലത്ത് പങ്കുവയ്ക്കുന്നത്.

വേങ്ങര മനാട്ടിപ്പറമ്പ് റോസ് മനാർ ഷോർട്ട് സ്റ്റേ ഹോമിലെ പാലക്കാട് സ്വദേശിനിയായ ഗിരിജയുടെ കല്യാണത്തിന്റെ ആഹ്ലാദത്തിലാണ് ഒരു നാട് മുഴുവൻ. അച്ഛനാൽ ഉപേക്ഷിക്കപ്പെട്ട് അമ്മയ്ക്കൊപ്പം അനിയത്തിക്കുമൊപ്പം അഗതി മന്ദിരത്തിലെത്തിയ ഗിരിജയെ വളർത്തുമകളായാണ് ആ നാട് കണ്ടിരുന്നത്. വേങ്ങര പറമ്പിൽപടി ശ്രീ അമ്മാഞ്ചേരി ക്ഷേത്ര പരിസരത്തെ പന്തലിൽ ഇന്ന് രാവിലെ 8.30 നും 9 മണിക്കും ഇടയിലുള്ള ശുഭ മുഹൂർത്തത്തിൽ എളമ്പിലക്കാട് ആനന്ദ് നമ്പൂതിരിയുടെ കാർമ്മികത്വത്തിലാണ് എടയൂരിലെ രാകേഷ് ഗിരിജയുടെ കഴുത്തിൽ മിന്ന് ചാർത്തിയത്.

പത്ത് വർഷം മുമ്പ് അച്ഛൻ ഉപേക്ഷിച്ചതിനെ തുടർന്ന് അമ്മക്കും അനിയത്തിക്കുമൊപ്പം വലിയോറ മനാട്ടിപ്പറമ്പിലെ റോസ് മനാർ അഗതി മന്ദിരത്തിൽ എത്തിയതാണ് ഗിരിജ. പിന്നെ ഒരു നാട് മുഴുവൻ അവർക്ക് താങ്ങും തണലുമായി. ഹിന്ദു ആചാര പ്രകാരം നടന്ന വിവാഹത്തിൽ പങ്കെടുക്കാൻ പി.കെ കുഞ്ഞാലിക്കുട്ടി എത്തി വധുവിനും വരനും ആശംസകൾ നേർന്നു. കുഞ്ഞാലിക്കുട്ടി വിവാഹ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

വിവാഹത്തിന് സാക്ഷ്യം വഹിക്കാനായത് ജീവിതത്തിലെ ഏറ്റവും ധന്യമായ അനുഭവങ്ങളിലൊന്നായെന്ന് കുഞ്ഞാലിക്കുട്ടി കുറിച്ചു. വിവാഹത്തിൽ പങ്കെടുത്തതിന്റെ വിഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

കുഞ്ഞാലിക്കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

ഇന്നത്തെ ദിവസത്തെ സന്തോഷത്തിന് സമാനതകളില്ല.

വേങ്ങര മനാട്ടിപ്പറമ്പ് റോസ് മനാർ ഷോർട്ട് സ്റ്റേ ഹോമിലെ പാലക്കാട്ടുകാരി ഗിരിജയുടെ കഴുത്തിൽ വേങ്ങര അമ്മാഞ്ചേരിക്കാവ് ഭഗവതി ക്ഷേത്ര സന്നിധിയിൽ വച്ച് എടയൂരിലെ ബാലന്റെ മകൻ രാകേഷ് മിന്നു ചാർത്തി.

      View this post on Instagram

A post shared by P K Kunhalikutty (@pk.kunhalikutty)

വളരെ ചെറുപ്പത്തിൽ അമ്മയോടൊപ്പം റോസ് മനാറിലെത്തിയ ഗിരിജയ്ക്ക് പിന്നെ സ്വന്തക്കാരും, ബന്ധുക്കളുമൊക്കെ ഈ നാട്ടുകാരായിരുന്നു. അവളുടെ കല്യാണം അവർ ആഘോഷപൂർവം കൊണ്ടാടുന്ന കാഴ്ചയ്ക്ക് ക്ഷേത്ര സന്നിധിയിൽ സാക്ഷ്യം വഹിക്കാനായത് ജീവിതത്തിലെ ഏറ്റവും ധന്യമായ അനുഭവങ്ങളിലൊന്നായി.

കല്യാണം വിളിച്ചതും, ഒരുക്കിയതും, അമ്പലപ്പറമ്പിൽ അതിഥികളെ സ്വീകരിച്ചതും, വലിയ പന്തലൊരുക്കി സദ്യ വിളമ്പിയതും വേങ്ങര മനാട്ടിപറമ്പിലെ മുസ്ലിം ലീഗ്, യൂത്ത് ലീഗ് പ്രവർത്തകർ. എല്ലാത്തിനും ചേർന്നുനിന്ന് ക്ഷേത്ര ഭാരവാഹികൾ. സ്‌നേഹവും പിന്തുണയുമായി ഒരു നാട് മുഴുവൻ കൂടിയപ്പോൾ കല്യാണം ഗംഭീരമായി.

എന്റെ നാടിന്റെ നന്മ മുഴുവൻ തെളിഞ്ഞു കണ്ട സുന്ദര മുഹൂർത്തത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷവും, അഭിമാനവുമുണ്ട്. സ്‌നേഹത്തോടെ രാകേഷ്-ഗിരിജ ദമ്പതികൾക്ക് മംഗളാശംസകൾ നേരുന്നു. ഒപ്പം എന്റെ പ്രിയപ്പെട്ട മുസ്ലിം ലീഗ് പ്രവർത്തകരോടൊപ്പം അഭിമാനത്തോടെ ചേർന്ന് നിൽക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP