Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിപിഐ എറണാകുളം ജില്ലാസമ്മേളനം അട്ടിമറിക്കാൻ കാനം രാജേന്ദ്രൻ കൂട്ട് നിന്നു;മുൻ എംഎൽഐക്ക് സ്ഥാനംവാഗാദാനം ചെയ്തു ഗ്രൂപ്പ് മാറ്റി; കാനത്തിന്റെ സാന്നിധ്യത്തിൽ വിഭാഗീയ കമ്മറ്റി; വിരുദ്ധ പക്ഷത്തിന്റെ ശക്തികേന്ദ്രങ്ങൾ പിടിച്ചെടുക്കാൻ കമ്മ്യൂണിസ്റ്റ് ശൈലി അട്ടിമറിച്ചു; കാനത്തിന് എതിരേ ഗുരുതര ആരോപണങ്ങളുമായി പരാതി; സിപിഐയിൽ വീണ്ടും വിവാദവും ചേരിപ്പോരും

സിപിഐ എറണാകുളം ജില്ലാസമ്മേളനം അട്ടിമറിക്കാൻ കാനം രാജേന്ദ്രൻ കൂട്ട് നിന്നു;മുൻ എംഎൽഐക്ക് സ്ഥാനംവാഗാദാനം ചെയ്തു ഗ്രൂപ്പ് മാറ്റി; കാനത്തിന്റെ സാന്നിധ്യത്തിൽ വിഭാഗീയ കമ്മറ്റി; വിരുദ്ധ പക്ഷത്തിന്റെ ശക്തികേന്ദ്രങ്ങൾ പിടിച്ചെടുക്കാൻ കമ്മ്യൂണിസ്റ്റ് ശൈലി അട്ടിമറിച്ചു; കാനത്തിന് എതിരേ ഗുരുതര ആരോപണങ്ങളുമായി പരാതി; സിപിഐയിൽ വീണ്ടും വിവാദവും ചേരിപ്പോരും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിപിഐ. എറണാകുളം ജില്ലാ സമ്മേളനതീരുമാനങ്ങൾ റദ്ദാക്കണമെന്ന് പരാതി. സ്ഥാനം വാഗ്ദാനം ചെയ്ത് മുൻ എംഎൽഎ യെ ഗ്രൂപ്പ് മാറ്റി, സമ്മേളന ഹാളിൽ തന്നെ വിഭാഗീയ സമ്മേളനം നടത്തി,വോട്ടു എണ്ണലിൽ കൃത്രിമത്വം കാട്ടി തുടങ്ങി ഗുരുതര ആരോപണങ്ങളാണ് നാല് സംസ്ഥാന കൗൺസിൽ അംഗങ്ങളും തിരഞ്ഞെടപ്പിൽ പരാജയപ്പെട്ട മണ്ഡലം പ്രസിഡന്റുമാർ ഉൾപ്പെടെയുള്ളവരും സംസ്ഥാനനേതൃത്വത്തിന് നൽകിയ പരാതിയിൽ ആരോപിക്കുന്നത്.

കമ്യൂണിസ്റ്റ് ശൈലിക്ക് നിരക്കാത്ത ഒട്ടേറെ കാര്യങ്ങൾ സമ്മേളനത്തിൽ നടന്നു, സിപിഐ. എറണാകുളം ജില്ലാ സമ്മേളനത്തിൽ മുൻ എംഎ‍ൽഎ.യെ കാംകോ ചെയർമാൻ സ്ഥാനം ഒഴിവുവരുമ്പോൾ നൽകാമെന്ന് വാഗ്ദാനംനൽകി പക്ഷംമാറ്റിച്ചു. കെ.എൻ. സുഗതനെ ജില്ലാ സെക്രട്ടറിയാക്കാനായിരുന്നു സംസ്ഥാന എക്സിക്യുട്ടീവിന്റെ തീരുമാനം. എന്നാലത് നടപ്പാക്കുന്നതിനുള്ള ഒരു ശ്രമവും സംസ്ഥാന സെക്രട്ടറിയിൽനിന്ന് ഉണ്ടായില്ല.

പകരം സമ്മേളനത്തിൽ മത്സരം ഉണ്ടാകാനുള്ള സാഹചര്യം ഒരുക്കി. സമ്മേളന ഹാളിൽത്തന്നെ ഒരുവിഭാഗം പ്രതിനിധികൾ യോഗംചേർന്ന് വിഭാഗീയ പ്രവർത്തനം നടത്തിയത് സംസ്ഥാന കൗൺസിൽ അംഗംതന്നെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും സംസ്ഥാന സെക്രട്ടറിയുടെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടായില്ല.സംസ്ഥാനസമ്മേളന പ്രതിനിധികളെ കണ്ടെത്താനുള്ള വോട്ടെടുപ്പിൽ വലിയ കൃത്രിമം നടന്നു. വോട്ടെടുപ്പ് നടത്തുന്നതിനായി സർക്കാർ ജീവനക്കാരെ ഉപയോഗിച്ചു.

അവർ അട്ടിമറി നടത്തി. രണ്ടു കെട്ട് വോട്ട് എണ്ണിയപ്പോൾ ഒരംഗത്തിന് മുഴുവൻ വോട്ടുകിട്ടിയത് ജില്ല എക്സിക്യുട്ടീവ് അംഗം ചോദ്യംചെയ്തു. വീണ്ടും എണ്ണിയപ്പോൾ 50 വോട്ടുകിട്ടിയ ആൾക്ക് ഒമ്പതു വോട്ടായി.ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പും നീട്ടിക്കൊണ്ടുപോയി കൃത്രിമം കാട്ടി. വോട്ടെണ്ണലിൽ കൃത്രിമം കാട്ടുന്നതായി തെളിവുസഹിതം ഒരു ലോക്കൽ സെക്രട്ടറി നേതൃത്വത്തെ ബോധ്യപ്പെടുത്തി. എന്നിട്ടും നേതൃത്വം അനങ്ങിയില്ല.

സമ്മേളനത്തിന് നേതൃത്വം നൽകിയ മുതിർന്ന നേതാവിന്റെ അറിവോടെയാണ് കാര്യങ്ങൾ നടന്നതെന്നും നൽകിയ പരാതിയിലുണ്ട്.കോട്ടയം, പാലക്കാട്, ഇടുക്കി സമ്മേളനങ്ങളിലും തിരഞ്ഞെടുപ്പുകൾ ഉണ്ടായിരുന്നു. എന്നാൽ, എറണാകുളത്ത് നേതൃത്വം ഒരു ലോബിയുടെ മാത്രം ഭാഗമായി പ്രവർത്തിച്ചു. ഈ സാഹചര്യത്തിൽ സമ്മേളന തീരുമാനങ്ങൾ റദ്ദാക്കണമെന്നാണ് പരാതിയിൽ ആവിശ്യപ്പെടുന്നത്.

എറണാകുളം ജില്ലാ സമ്മേളനം അട്ടിമറിക്കു പിന്നിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തന്നെയാണ് എന്ന് നേരത്തെ തന്നെ പാർട്ടിയിൽ വിവാദം ഉയർന്നിരുന്നിരുന്നു.
ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ എന്ന പോലെ സിപിഐ സംസ്ഥാന സമ്മേളന പ്രതിനിധികളുടെ തിരഞ്ഞെടുപ്പിലും കാനം പക്ഷം ആധിപത്യം ഉറപ്പിച്ചി
രുന്നു.  സംസ്ഥാന സമ്മേളന പ്രതിനിധികളുടെ വോട്ടെണ്ണൽ പൂർത്തിയാക്കിയപ്പോൾ മൊത്തം 36 പ്രതിനിധികളിൽ 21 പേരുടെയെങ്കിലും പിന്തുണ കാനംപക്ഷം പ്രതീക്ഷിച്ചിരുന്നു.

 എന്നാൽ കാനം പക്ഷത്ത് ഉറച്ചുനിൽക്കുന്ന 18 പേരേ ഉള്ളുവെന്നു കാനം വിരുദ്ധ പക്ഷം
ആരോപിച്ചിരുന്നു.മുൻ എംഎൽഎമാരായ ബാബു പോൾ, എൽദോ ഏബ്രഹാം, ജില്ലാ കൗൺസിൽ അംഗം ശാരദ മോഹൻ, മണ്ഡലം സെക്രട്ടറിമാർ തുടങ്ങി ഇരു പക്ഷത്തിന്റെയും പാനലിൽ ഉൾപ്പെട്ടവർക്കാണു കൂടുതൽ വോട്ടു ലഭിച്ചത്. കമ്യൂണിസ്റ്റ് മര്യാദകളും പാർട്ടി അച്ചടക്കവും പൂർണമായി ലംഘിക്കപ്പെട്ട തിരഞ്ഞെടുപ്പാണു ജില്ലാ കൗൺസിലിലേക്കു നടന്നതെന്നാണു കാനം വിരുദ്ധ പക്ഷത്തിന്റെ വിലയിരുത്തൽ.

  സമ്മേളന വേദിയിലെത്തിയ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തന്നെ ഇതിനു നേതൃത്വം നൽകി എന്നായിരുന്നുആക്ഷേപം. സമ്മേളനത്തിൽ തിരഞ്ഞെടുപ്പിനു സാഹചര്യമുണ്ടായാൽ അത് ഇല്ലാതാക്കാൻ പരമാവധി ശ്രമിക്കുകയെന്നതാണു നേതൃത്വം ചെയ്യേണ്ടത്. അതുണ്ടായില്ല.ജില്ലാ സെക്രട്ടറിയായി കെ.എൻ. സുഗതനെ എന്തുകൊണ്ടു നിർദ്ദേശിക്കുന്നുവെന്ന് വിശദീകരിച്ചുമില്ല. തിരഞ്ഞെടുപ്പും പരമാവധി വൈകിപ്പിച്ചു. ബാലറ്റ് തയാറാക്കാൻ മാത്രം 3 മണിക്കൂർ വേണ്ടിവന്നു.

ഈ സമയമെല്ലാം പ്രതിനിധികളെ സ്വാധീനിക്കാൻ വിനിയോഗിച്ചു. ജില്ലാ കൗൺസിലിലേക്കു തിരഞ്ഞെടുക്കപ്പെട്ടവരെ പ്രഖ്യാപിച്ചിട്ടും ജില്ലാ കൗൺസിൽ ചേരാൻ ഒന്നര മണിക്കൂർ വൈകി. ഈ സമയം അവരെ സ്വാധീനിക്കാൻ ഉപയോഗപ്പെടുത്തി. ചില പൊതുമേഖലാ സ്ഥാപനങ്ങളുടെ ചെയർമാൻപദവി വരെ വാഗ്ദാനം ചെയ്തതായും കാനം വിരുദ്ധ പക്ഷം കുറ്റപ്പെടുത്തിരുന്നു.ജില്ലാ സമ്മേളനത്തിലെ ചർച്ചകളിൽ കാനത്തെ വ്യക്തിപരമായി വിമർശിച്ച കമ്മിറ്റികൾക്കാണു ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ ഏറെ നഷ്ടമുണ്ടായത്. ചർച്ചകളിലൂടനീളം കാനം സന്നിഹിതനായിരുന്നു.

കാനത്തിനെതിരെ ഏറ്റവും വിമർശനം ഉന്നയിച്ച കളമശേരി, പിറവം, തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറിമാർ പരാജയപ്പെട്ടു. കാനം വിരുദ്ധ പക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളായിരുന്നു ഈ കമ്മിറ്റികൾ. ജില്ലാ സെക്രട്ടറി തിരഞ്ഞെടുപ്പിൽ 28 വോട്ടുകൾ മാത്രം ലഭിച്ചത് അവസാനനിമിഷം ഉണ്ടായ ആശയക്കുഴപ്പം മൂലമായിരുന്നു. കെ.കെ. അഷ്‌റഫിനെ സെക്രട്ടറി സ്ഥാനത്തേക്കു മത്സരിപ്പിക്കാനായിരുന്നു ആലോചന.പുതിയ ജില്ലാ കൗൺസിൽ യോഗത്തിനു മുൻപ് കാനം പക്ഷം ഗ്രൂപ്പ് യോഗം നടത്താൻ ശ്രമിച്ചത് നേരിയ സംഘർഷത്തിനിടയാക്കി.

ജില്ലാ കൗൺസിൽ അംഗങ്ങളെ പ്രഖ്യാപിച്ച് ഒന്നര മണിക്കൂറിനു ശേഷമാണു ജില്ലാ കൗൺസിൽ യോഗം നടന്നത്.ഇതിനു മുൻപ് ഓരോ അംഗത്തെയും പ്രത്യേകം കണ്ട് പിന്തുണ ഉറപ്പാക്കാൻ കാനം പക്ഷം ശ്രമിച്ചെന്നാണ് ആരോപണം. ഇതിനു ശേഷം സമ്മേളന ഹാളിലെ സ്റ്റേജിനു പുറകിൽ കാനം പക്ഷം യോഗം ചേർന്നു. ഒരു സംസ്ഥാന സമിതി അംഗത്തിന്റെ നേതൃത്വത്തിലായിരുന്നു ഇത്. കാനം വിരുദ്ധ പക്ഷത്തുള്ള മറ്റൊരു സംസ്ഥാന സമിതി അംഗം ഇതു ചോദ്യം ചെയ്തു.

ഈ സമയമെല്ലാം തൊട്ടടുത്ത മുറിയിൽ കാനം ഇരിക്കുന്നുണ്ടായിരുന്നു. ഏതാനും മണ്ഡലം സെക്രട്ടറിമാർ ഗ്രൂപ്പ് യോഗം കാനത്തിന്റെ ശ്രദ്ധയിൽപെടുത്തി. വാക്കേറ്റം കൈയേറ്റത്തിലെത്തുമെന്ന ഘട്ടത്തിലാണ് സമാന്തര യോഗം അവസാനിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP