Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പണം നൽകിയില്ലെങ്കിൽ നഗ്ന ഫോട്ടോ കാട്ടി ഭീഷണി; ബന്ധുക്കൾക്കും പരിചക്കാർക്കും അയച്ചു കൊടുത്തു അപമാനിക്കൽ; ഫോൺ ഹാക്കിഗും മോർഫിങ്ങും ചെയ്യാൻ സോഫ്റ്റ് വെയറുകൾ; പൊലീസിനും സൈബർ വിങ്ങിനും തൊടാനാവാത്ത ഓൺലൈൻ ലോൺ ആപ്പ് മാഫിയ;അപമാനിതരായി ആത്മഹത്യ ചെയ്യുന്നത് സാധാരണക്കാർ; ആപ്പുകൾക്ക് മുന്നിൽ കുഴങ്ങി സർക്കാരും

പണം നൽകിയില്ലെങ്കിൽ നഗ്ന ഫോട്ടോ കാട്ടി ഭീഷണി; ബന്ധുക്കൾക്കും പരിചക്കാർക്കും അയച്ചു കൊടുത്തു അപമാനിക്കൽ; ഫോൺ ഹാക്കിഗും മോർഫിങ്ങും ചെയ്യാൻ സോഫ്റ്റ് വെയറുകൾ; പൊലീസിനും സൈബർ വിങ്ങിനും തൊടാനാവാത്ത ഓൺലൈൻ ലോൺ ആപ്പ് മാഫിയ;അപമാനിതരായി ആത്മഹത്യ ചെയ്യുന്നത് സാധാരണക്കാർ; ആപ്പുകൾക്ക് മുന്നിൽ കുഴങ്ങി സർക്കാരും

അഖിൽ രാമൻ

തിരുവനന്തപുരം:സാധാരണക്കാരെ പറ്റിക്കുന്ന ഓൺലൈൻ ലോൺ ആപ്പുകൾ തട്ടിപ്പും ഭീഷണിയും കഴിഞ്ഞ് ആളുകളുടെ ജീവൻ എടുക്കുന്ന ഘട്ടത്തിലെത്തിനിൽക്കുകയാണ്. നിരവധി ആളുകൾ ഇവരുടെ കെണിയിൽ പെടുകയും ആത്മഹത്യ ചെയ്യുന്നതും നിത്യസംഭവമായി മാറിയിരിക്കുന്നു.ഇത്തരക്കാർക്കെതിരേ കർശന നടപടി എടുക്കാൻ കേന്ദ്രവും സംസ്ഥാന സർക്കാരുകളും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുന്നുണ്ടെങ്കിലും സാങ്കേതികമായി ഇവരെ കുടുക്കാനാവുന്നില്ല.

അംഗീകാരമില്ലാത്ത ആപ്പുകളുടെ നിരോധനം നടത്തിയാൽ അടുത്ത പേരിൽ ഇതേ ഫോർമുലയുമായി ഈ തട്ടിപ്പ് സംഘം വീണ്ടും അവതരിക്കും.ലോൺ ആപ്പ് ഏജന്റുമാർ സമൂഹ മാധ്യമങ്ങൾ വഴിയാണ് സാധാരണക്കാരായ ജനങ്ങളെ ലക്ഷ്യമിടുന്നത്. ഇൻസ്റ്റന്റ് മണി ലോൺ ആപ്പുകൾ ഡൗൺഗ്രേഡ് ചെയ്ത ക്രെഡിറ്റ് സ്‌കോർ ഉപയോഗിച്ച് കടം വാങ്ങുന്നവരെ ആകർഷിക്കുകയും ആദ്യത്തേത് തിരിച്ചടയ്ക്കാൻ മറ്റൊരു ലോൺ എടുക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

ബാങ്കിൽ കയറിയിറങ്ങാതെ മറ്റുള്ളവരുടെ കാലുപിടിക്കാതെ പണം ലഭിക്കും എന്നതാണ് ഇത്തരം ആപ്ലിക്കേഷനുകളിലേക്ക് ആളുകളെ ആകർഷിക്കപ്പെടാനുള്ള മുഖ്യ കാരണങ്ങളിലൊന്ന്. ഇങ്ങനെ പണമെടുക്കുന്നവർ വലിയ പലിശ നിരക്കിനെ വകവെക്കാറുമില്ല. എന്നാൽ നാട്ടിലെ ബ്ലേഡ് പലിശക്കാരെ പോലെ കഴുത്തറുപ്പൻ പലിശ ചുമത്തിക്കൊണ്ടാണ് ഈ ആപ്പുകളിൽ പലതും ലോൺ നൽകുന്നത്. കൃത്യമായി അടയ്ക്കാൻ സാധിച്ചാൽ എളുപ്പം രക്ഷപ്പെടാം എന്നാൽ വീഴ്ച വന്നാൽ കളിമാറും.

ഒരു മൊബൈൽ ആപ്പ് ഫോണിൽ ഡൗൺലോഡ് ചെയ്യുമ്പോൾ അത് സ്റ്റോറേജ്, കോൺടാക്റ്റുകൾ, ക്യാമറ, മൈക്രോഫോൺ എന്നിവയിലേക്ക് ആക്സസ് ആവശ്യപ്പെടുന്നുണ്ട്. ഇത് ഉപയോക്താക്കളുടെ ഡേറ്റ ആക്സസ് ചെയ്യാൻ ആപ്പിന് പിന്നിൽ പ്രവർത്തിക്കുന്നവരെ അനുവദിക്കുന്നു. ഇതേത്തുടർന്ന്, ഉപയോക്താക്കൾ വായ്പ തിരിച്ചടയ്ക്കാൻ വൈകുമ്പോഴെല്ലാം ഏജന്റുമാർ നിരന്തരം ഫോൺ വിളിച്ച് ഉപദ്രവിക്കാൻ തുടങ്ങുകയും അവരുടെ സ്വകാര്യ വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ ചോർത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.

നിയമമനുസരിച്ച്, ഒരു ലോൺ കമ്പനി ഒന്നുകിൽ ഒരു ബാങ്കോ ബാങ്കിങ് ഇതര ധനകാര്യ കമ്പനിയോ ആയിരിക്കണം. കൂടാതെ വായ്പ നൽകാൻ ആർബിഐയിൽ രജിസ്റ്റർ ചെയ്തിരിക്കണം. സ്റ്റേറ്റ് മണി ലെൻഡേഴ്സ് ആക്ട്സ് പ്രകാരം അവർക്ക് പണമിടപാട് ദാതാവായി ലൈസൻസ് ഉണ്ടായിരിക്കണം. പണമിടപാട് ആപ്പുകളിൽ ഭൂരിഭാഗവും നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നത്.

ഈ മാസം അഞ്ചിനാണ് രാജമുണ്ട്രി സ്വദേശികളായ കെ.ദുർഗാറാവു (32), രമ്യാ ലക്ഷ്മി (24) എന്നിവർ ഓൺലൈൻ വായ്പാ സംഘത്തിന്റെ ഭീഷണിയെ തുടർന്ന് ആത്മഹത്യ ചെയ്തത്. ആറു വർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. ഇവർക്ക് നാലും രണ്ടും വയസ്സുള്ള പെൺമക്കളുണ്ട്. ദുർഗാ റാവു പെയിന്ററും രമ്യലക്ഷ്മി തയ്യൽ ജോലിക്കാരിയുമായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളെ തുടർന്നാണ് ഇവർ 'റുപി ടൈഗർ', 'ഹാൻഡി ലോൺ' എന്നീ ആപ്പുകളിൽനിന്ന് 50,000 രൂപ കടമെടുത്തത്.

തിരിച്ചടയ്ക്കാൻ കഴിയാതെ വന്നപ്പോൾ ലോൺ തിരിച്ചുവാങ്ങുന്ന ഏജന്റുമാർ അവരെ ഭീഷണിപ്പെടുത്താൻ തുടങ്ങി. ഇതോടെ ചെറിയ തുക ദമ്പതികൾ അടച്ചെങ്കിലും മുഴുവൻ പണവും അയയ്ക്കണമെന്ന ഭീഷണി തുടർന്നു. പണം കണ്ടെത്തുന്നതിനായി ദിവസങ്ങൾക്കു മുൻപ് ദുർഗ റാവു ഡെലിവറി ബോയ് ആയും ജോലിക്കു പോയി തുടങ്ങി.പണം തിരികെ നൽകിയില്ലെങ്കിൽ രമ്യ ലക്ഷ്മിയുടെ മോർഫ് ചെയ്ത നഗ്‌നചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.

തുടർന്ന് ബന്ധുക്കൾക്ക് നഗ്‌നഫോട്ടോകൾ വാട്‌സാപ് വഴി അയച്ചുകൊടുത്തു. ഇതിൽ മനംനൊന്താണ് ഇവർ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് റിപ്പോർട്ട്.ദമ്പതികൾ രാജമുണ്ട്രിയിൽ ആത്മഹത്യ ചെയ്തതിനെത്തുടർന്ന്, ജനങ്ങളെ ശല്യപ്പെടുത്തുന്ന അനധികൃത പണമിടപാട് ആപ്പുകൾക്കെതിരെ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി വൈ. എസ്. ജഗൻ മോഹൻ റെഡ്ഡി ആവശ്യപ്പെട്ടു. രാജ്യത്ത് നിരവധി വ്യാജ ലോൺ ആപ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നും എല്ലാം പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്യാനും കേന്ദ്ര സർക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്.

ഫോണിൽ എപ്പോഴും ലോണിനായി തിരച്ചിൽ നടത്താതെ ഇരിക്കുക,അംഗീകാരമില്ലാത്ത ബാങ്കുകളുടെ ആപ്പുകൾ ഇൻസ്റ്റോൾ ചെയ്യാതിരിക്കുക,ആവശ്യമില്ലാത്ത ആപ്പുകളിൽ കയറി ഗെയിം കളിക്കാതിരിക്കുക,നിങ്ങളുടെ നിക്ഷേപ ആപ്പിൽ പൊങ്ങിവരുന്ന പരസ്യങ്ങൾ സന്ദർശിക്കാതിരിക്കുക,നിക്ഷേപം ആയാലും ലോൺ ആയാലും അധികൃത ബാങ്കുകളിലൂടെയും ധനകാര്യ സ്ഥാപനങ്ങളിലൂടെയും എടുക്കുക ഇങ്ങനെ ചെയ്യ്താൽ ഇത്തരം ആപ്പുകളിൽ നിന്നും രക്ഷ നേടാം എന്ന് വിദഗ്ദർ പറയുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP