Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വോട്ടർപട്ടിക നിഗൂഢമാക്കി വെച്ച ഹൈക്കമാൻഡ് സംഘത്തിനും തിരിച്ചടി; തരൂർ അടക്കമുള്ള പരിഷ്‌ക്കരണ വാദികൾക്ക് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക നൽകുമെന്ന് അറിയിച്ചു എ.ഐ.സി.സി; കേന്ദ്ര തെരഞ്ഞെടുപ്പ് അഥോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി എംപിമാർക്ക് കത്തയച്ചു വിവരം അറിയിച്ചു; എതിരാളി ആരായാലും കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ ഉറപ്പിച്ചു തരൂർ

വോട്ടർപട്ടിക നിഗൂഢമാക്കി വെച്ച ഹൈക്കമാൻഡ് സംഘത്തിനും തിരിച്ചടി; തരൂർ അടക്കമുള്ള പരിഷ്‌ക്കരണ വാദികൾക്ക് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക നൽകുമെന്ന് അറിയിച്ചു എ.ഐ.സി.സി; കേന്ദ്ര തെരഞ്ഞെടുപ്പ് അഥോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി എംപിമാർക്ക് കത്തയച്ചു വിവരം അറിയിച്ചു; എതിരാളി ആരായാലും കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ ഉറപ്പിച്ചു തരൂർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ വോട്ടവകാശം ഉള്ളത് ആർക്കൊക്കെയാണ്? ഇക്കാര്യത്തിൽ വലിയ സംശയവും നിഗൂഢതയുമാണ് കോൺഗ്രസ് നേതാക്കൾക്കിടയിൽ നിലനിന്നിരുന്നത്. ഇതിനിടെയാണ് അധ്യക്ഷനെ തെരഞ്ഞെടുക്കുമെന്ന പ്രഖ്യാപനവും എത്തിയത്. ഇത് അനുസരിച്ച് ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ ഗെലോട്ടിനെ അധ്യക്ഷനാക്കാൻ ശ്രമം നടക്കവേ അതിന് തടയിടാൻ വേണ്ടി മറ്റ് നേതാക്കളും രംഗത്തുണ്ട്. ജി 23 നേതാക്കളിൽ അവശേഷിക്കുന്ന നേതാക്കളാണ് ഇപ്പോഴും പാർട്ടിയിൽ പരിഷ്‌ക്കരണം വേണമെന്ന നിലപാടുമായി മുന്നോട്ടു പോകുന്നത്.

അതേസമയം വോട്ടർപട്ടിക നൽകാതെ നിഗൂഢമായി വെച്ച ഹൈക്കമാൻഡ് സംഘത്തിന് ഇപ്പോൾ തിരിച്ചടി ഉണ്ടായിരിക്കയാണ്. ഈ വോട്ടർപട്ടിക ആവശ്യപ്പെട്ട് പരിഷ്‌ക്കരവാദികൾ രംഗത്തുവന്നതോടെ പട്ടിക അവർക്ക് നൽകാൻ ഇപ്പോൾ നേതൃത്വം നിർബന്ധിതരായി. ശശി തരൂർ അടക്കം അഞ്ച് എംപിമാർക്ക് കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക എ.ഐ.സി.സി നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. എംപിമാർ കത്തയച്ചതിന് പിന്നാലെയാണ് നടപടി. കേന്ദ്ര തെരഞ്ഞെടുപ്പ് അഥോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി എംപിമാർക്ക് കത്തയച്ചു. മറുപടി തൃപ്തികരമാണെന്ന് ശശി തരൂർ പ്രതികരിച്ചു.

തിരഞ്ഞെടുപ്പിൽ സുതാര്യത ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അഞ്ച് എംപിമാർ കത്തയച്ചതിന് പിന്നാലെയാണ് നടപടി. പരിഷ്‌ക്കരണ വാദികളുടെ ആദ്യ വിജയമാണ് ഇതെന്ന വിശേഷണങ്ങൾ ഇതിനോടകം പുറത്തു വന്നു കഴിഞ്ഞു. ശശി തരൂർ, മനീഷ് തിവാരി, കാർത്തി ചിദംബരം, പ്രദ്യുത് ബോർദോലോയ്, അബ്ദുൾ ഖലീഖ് എന്നിവരാണ് സെപ്റ്റംബർ ആറിന് മധുസൂദൻ മിസ്ത്രിക്ക് കത്തയച്ചത്. ഇവരെ അഭിസംബോധന ചെയ്ത് മിസ്ത്രി എഴുതിയ മറുപടിക്കത്തിൽ അധ്യക്ഷ തിരഞ്ഞെടുപ്പ് എത്രത്തോളം സുതാര്യമായാണ് നടത്തുക എന്ന് വ്യക്തമാക്കുന്നു.

മൂന്ന് കാര്യങ്ങളാണ് കത്തിൽ പറയുന്നത്. ആഗ്രഹിക്കുന്ന ആർക്കും അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കാനായി പത്രിക സമർപ്പിക്കാം. പത്രിക സ്വീകരിക്കാനായി പ്രത്യേക സംവിധാനമുണ്ട്. പത്ത് പേരുടെ പിന്തുണയാണ് ഇതിന് വേണ്ടത്. അവരവരുടെ സംസ്ഥാനത്തുനിന്ന് തന്നെ പിന്തുണയ്ക്കുന്നവരെ കണ്ടെത്താൻ പിസിസി ഓഫീസുകളിൽ വെച്ച് വോട്ടർ പട്ടിക പരിശോധിക്കാം. ചരിത്രത്തിലാദ്യമായി ക്യു ആർ കോഡ് ഉൾപ്പെടുത്തിയുള്ള വോട്ടർ ഐഡി കാർഡ് വിതരണം ചെയ്യും. ഈ കാർഡ് ഉള്ളവർക്കാണ് മത്സരിക്കാനും സ്ഥാനാർത്ഥികളെ പിന്താങ്ങാനും കഴിയുക.

മത്സരിക്കാൻ താൽപര്യപ്പെടുന്നവർ പിന്തുണയ്ക്കുന്നവരെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കുകയാണെങ്കിൽ അതിനും സൗകര്യമൊരുക്കും. സെപ്റ്റംബർ 20 മുതൽ എഐസിസി അസ്ഥാനത്തെ തിരഞ്ഞെടുപ്പ് സമിതി ഓഫീസിൽ രാവിലെ 11 മുതൽ വൈകീട്ട് ആറ് വരെ വോട്ടർ പട്ടിക ലഭ്യമാകും. സെപ്റ്റംബർ 24-നാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.

വിശദീകരണത്തിൽ സന്തോഷമുണ്ടെന്നും തിരഞ്ഞെടുപ്പ് പ്രക്രിയ പാർട്ടിയെ ശക്തിപ്പെടുത്തുമെന്നും ശശി തരൂർ പ്രതികരിച്ചു. തരൂരിന്റെ അഭിപ്രായത്തെ കാർത്തി ചിദംബരം പിന്തുണയ്ക്കുകയും ചെയ്തു. വോട്ടർ പട്ടിക സംബന്ധിച്ച് പാർട്ടി നേതാക്കളിൽ തന്നെ ഉയർന്ന സംശയം പൊതുമധ്യത്തിൽ സജീവ ചർച്ചയായതാണ് ഹൈക്കമാന്റിനെക്കൊണ്ട് മാറ്റിച്ചിന്തിപ്പിച്ചത്. പാർട്ടിയിലെ പരിഷ്‌കരണവാദികളുടെ ആദ്യ വിജയമായി ഈ തീരുമാനത്തെ കണക്കാക്കാം.

രാഹുൽ ഗാന്ധി മത്സര രംഗത്തില്ലെങ്കിൽ അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് ശശി തരൂർ. ഇപ്പോഴത്തെ നിലയിൽ തരൂർ മത്സരിക്കാൻ തയ്യാറായാൽ കേരളത്തിൽ നിന്നും അദ്ദേഹത്തെ ആരൊക്കെ പിന്തുണക്കാൻ ഉണ്ടാകും എന്നതും ശ്രദ്ധേയമാകും. നേരത്തെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ തരൂരിനെ പിന്തുണച്ചു രംഗത്തുവന്നെങ്കിലും അദ്ദേഹം പിന്നീട് മലക്കം മറിഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP