Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോട്ടയത്ത് ധനലക്ഷ്മി ബാങ്ക് ബ്രാഞ്ചിൽ ലോക്കർ പൊട്ടിച്ച് 125 പവൻ സ്വർണം കവർന്നു; പിതാവിന്റെ മരണശേഷം വ്യാജരേഖകൾ ഉണ്ടാക്കി ലോക്കറിൽ നിന്നും സ്വർണം കവർന്നത് ബാങ്ക് മാനേജരുടെ ഒത്താശയോടെ; അപഹരിച്ചത് വിവാഹ സമ്മാനമായി കിട്ടിയതടക്കമുള്ള ആഭരണങ്ങൾ; അയർക്കുന്നം സ്വദേശിനിയുടെ പരാതിയിൽ കേസെടുത്തു

കോട്ടയത്ത് ധനലക്ഷ്മി ബാങ്ക് ബ്രാഞ്ചിൽ ലോക്കർ പൊട്ടിച്ച് 125 പവൻ സ്വർണം കവർന്നു; പിതാവിന്റെ മരണശേഷം വ്യാജരേഖകൾ ഉണ്ടാക്കി ലോക്കറിൽ നിന്നും സ്വർണം കവർന്നത് ബാങ്ക് മാനേജരുടെ ഒത്താശയോടെ; അപഹരിച്ചത് വിവാഹ സമ്മാനമായി കിട്ടിയതടക്കമുള്ള ആഭരണങ്ങൾ; അയർക്കുന്നം സ്വദേശിനിയുടെ പരാതിയിൽ കേസെടുത്തു

എം എസ് സനിൽ കുമാർ

കോട്ടയം: കോട്ടയത്തെ അയർക്കുന്നം ധനലക്ഷ്മി ബാങ്ക് ബ്രാഞ്ചിൽ ലോക്കർ പൊട്ടിച്ച് 125 പവൻ സ്വർണം കവർന്നതായി പരാതി. കോട്ടയം അയർക്കുന്നം സ്വദേശി റോഷ്‌നി മാത്യുവാണ് പരാതിക്കാരി. ബാങ്ക് മാനേജരുടെ ഒത്താശയോടെയാണ് സ്വർണം കവർന്നതെന്നും പരാതിയിൽ പറയുന്നു. പരാതിയിൽ അയർക്കുന്നം പൊലീസ് ബാങ്ക് മാനേജർ ഉൾപ്പെടെ നാലുപേരെ പ്രതികളാക്കി കേസെടുത്തു.

റോഷ്‌നിയുടെ പിതാവ് വി ഐ മാത്യുവിന്റെ പേരിൽ ധനലക്ഷ്മി ബാങ്കിൽ ലോക്കർ ഉണ്ടായിരുന്നു. ഈ ലോക്കറിലാണ് റോഷ്‌നി മാത്യുവിന്റെ സ്വർണം സൂക്ഷിച്ചിരുന്നത്. ഉദ്ദേശം 50 ലക്ഷം രൂപ വില വരുന്ന 125 പവൻ സ്വർണ്ണാഭരണങ്ങളാണ് ലോക്കറിൽ റോഷ്‌നി വച്ചിരുന്നത്. ലോക്കറിന്റെ ഒരു താക്കോൽ റോഷ്‌നിയുടെ കൈവശം ഉണ്ടായിരുന്നു.

ഇതിനിടെ റോഷ്‌നിയുടെ പിതാവ് മരിച്ചു. ഇതേത്തുടർന്ന് ലോക്കറിന്റെ ഒരു താക്കോൽ തന്റെ കൈവശം ഉണ്ടെന്നും താൻ വരാതെ ലോക്കർ തുറക്കരുതെന്നും റോഷ്‌നി ബാങ്ക് മാനേജരായ വി എം അനീഷിനെ അറിയിച്ചു. നേരിട്ടു കണ്ടും ഫോൺ മുഖേനയും ലീഗൽ നോട്ടീസ് അയച്ചും ഇക്കാര്യങ്ങൾ ബാങ്ക് മാനേജരെ അറിയിച്ചിരുന്നതായി റോഷ്‌നി മറുനാടൻ മലയാളിയോട് പറഞ്ഞു.

എന്നാൽ ലോക്കർ തുറക്കണമെന്നാവശ്യപ്പെട്ട് റോഷ്‌നിയുടെ സഹോദരി രഞ്ജിനി മാത്യുവും ഭർത്താവ് ബിമൽ മാത്യുവും ബാങ്ക് മാനേജരെ സമീപിക്കുകയായിരുന്നു. മാനേജരെ സ്വാധീനിച്ച് രഞ്ജിനി മാത്യുവും ബിമൽ മാത്യുവും ബാങ്ക് മാനേജരെക്കൊണ്ട് ലോക്കർ പൊട്ടിച്ചു. തുടർന്ന് തന്റെ 125 പവൻ സ്വർണം ഇവർ അപഹരിച്ചതായാണ് റോഷ്‌നിയുടെ പരാതി. വ്യാജരേഖകൾ ഉണ്ടാക്കിയാണ് ലോക്കർ പൊട്ടിച്ചതെന്നും റോഷ്‌നി പരാതിയിൽ പറയുന്നു. ലോക്കറിന്റെ താക്കോൽ നഷ്ടപ്പെട്ടു എന്ന് പറഞ്ഞാണ് വ്യാജ രേഖകൾ ഉണ്ടാക്കിയതെന്ന് ആണ് ആരോപണം. ലോക്കർ പൊട്ടിക്കുന്ന വിവരം ബാങ്ക് മാനേജർ റോഷ്‌നിയെ അറിയിച്ചില്ല. സ്വർണം അപഹരിച്ച ശേഷം ലോക്കർ രഞ്ജിനി മാത്യുവിന്റെയും അമ്മ റോയമ്മ മാത്യുവിന്റെയും പേരിലേക്ക് മാറ്റി.



20 വർഷത്തോളം വിദേശത്ത് ജോലി ചെയ്ത വകയിലും വിവാഹ സമ്മാനമായി കിട്ടിയതും ഉൾപ്പെടെ 125 പവനാണ് അപഹരിക്കപ്പെട്ടത് എന്ന് റോഷ്‌നിയുടെ പരാതിയിൽ പറയുന്നു.

ലോക്കർ പൊട്ടിച്ച് സ്വർണം എടുത്തു കൊണ്ടുപോയ വിവരം അറിഞ്ഞ് റോഷ്‌നി അയർകുന്നം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് രഞ്ജിനി മാത്യു, ബിമൽ മാത്യു, റോയമ്മ മാത്യു, ധനലക്ഷ്മി ബാങ്ക് മാനേജരായ വി എം അനീഷ് എന്നിവരെ പ്രതികളാക്കി അയർകുന്നം പൊലീസ് കേസെടുത്ത് എഫ് ഐ ആർ ഇട്ടു . ഈ വർഷം മെയ് 10 ന് ആണ് കേസിൽ എഫ് ഐ ആർ ഇട്ടത്. എന്നാൽ എഫ് ഐ ആർ ഇട്ട് നാലു മാസം കഴിഞ്ഞിട്ടും നഷ്ടപെട്ട സ്വർണം വീണ്ടെടുക്കാനോ പ്രതികളെ പിടികൂടാനോ അയർക്കുന്നം പൊലീസ് തയ്യാറായിട്ടില്ലെന്ന് റോഷ്‌നി മാത്യു പറഞ്ഞു.



തുടർന്ന് ഇവർ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. പരാതി പരിഗണിച്ച മുഖ്യമന്ത്രിയുടെ ഓഫീസ് അടിയന്തര പരി ഗണന നൽകി കേസ് കൈകാര്യം ചെയ്യണമെന്ന് അയർക്കുന്നം പൊലീസിന് നിർദ്ദേശം നൽകി. എന്നിട്ടും കേസിൽ ഇടപെടാൻ അയർകുന്നം പൊലീസ് തയ്യാറായില്ലെന്ന് റോഷ്‌നി പറയുന്നു. പ്രതികൾ പൊലീസിനെ സ്വാധീനിച്ചതായാണ് ആരോപണം.

ധനലക്ഷ്മി ബാങ്ക് മാനേജർ ലോക്കർ പൊട്ടിച്ചത് റിസർവ് ബാങ്കിന്റെ മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നും റോഷ്‌നിയുടെ പരാതിയിൽ പറയുന്നു. റിസർവ് ബാങ്ക് നിയമപ്രകാരം ലോക്കറിന്റെ താക്കോൽ ആരുടെയെങ്കിലും കൈവശം ഉണ്ടെങ്കിൽ ലോക്കർ തകർക്കാൻ പാടില്ല.

ഇത്തരത്തിൽ നിരവധി നിയമ ലംഘനങ്ങളാണ് ധനലക്ഷ്മി ബാങ്ക് ബ്രാഞ്ച് മാനേജർ നടത്തിയിട്ടുള്ള തെന്നും റോഷ്‌നി പരാതിയിൽ പറയുന്നു. പ്രതികൾ നൽകുന്ന വ്യാജ രേഖകൾക്ക് മുൻതൂക്കം കൊടുക്കുകയാണ് അയർകുന്നം പൊലീസെന്നും റോഷ്‌നി ആരോപിക്കുന്നു. ഏറ്റവും ഒടുവിൽ കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി കൊടുത്ത് കാത്തിരിക്കുകയാണ് റോഷ്‌നിയും കുടുംബവും . ഇതിനിടെ കേസിൽ പ്രതിയായ ധനലക്ഷ്മി ബാങ്ക് മാനേജർ വി എം അനീഷിനെ പത്തനംതിട്ടയിലേക്ക് ബാങ്ക് സ്ഥലം മാറ്റിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP