Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുലക്കരം ചോദിച്ച നാടുവാഴിക്ക് മുലകൾ ഛേദിച്ച് കൊടുത്ത നങ്ങേലി; കീഴാളർ മൂക്കുത്തി അണിഞ്ഞാലും പുടവ ധരിച്ചാലും ശിക്ഷ കിട്ടുന്ന കാലം; അയിത്തവും അടിമക്കച്ചവടവും ഉണ്ടായിരുന്ന കാലത്തിന്റെ രക്ഷകനായി കസറി സിജു വിത്സൺ; പ്രിയദർശനും മോഹൻലാലും വിനയനിൽനിന്ന് പഠിക്കണം; പറയാത്ത ചരിത്ര സത്യങ്ങളിലൂടെ പത്തൊമ്പതാം നൂറ്റാണ്ട്!

മുലക്കരം ചോദിച്ച നാടുവാഴിക്ക് മുലകൾ ഛേദിച്ച് കൊടുത്ത നങ്ങേലി; കീഴാളർ മൂക്കുത്തി അണിഞ്ഞാലും പുടവ ധരിച്ചാലും ശിക്ഷ കിട്ടുന്ന കാലം; അയിത്തവും അടിമക്കച്ചവടവും ഉണ്ടായിരുന്ന കാലത്തിന്റെ രക്ഷകനായി കസറി സിജു വിത്സൺ; പ്രിയദർശനും മോഹൻലാലും വിനയനിൽനിന്ന് പഠിക്കണം; പറയാത്ത ചരിത്ര സത്യങ്ങളിലൂടെ പത്തൊമ്പതാം നൂറ്റാണ്ട്!

എം റിജു

കേരള ചരിത്രത്തെക്കുറിച്ച് പറയുമ്പോൾ, നമുക്കുള്ള വ്യാപകമായ മിഥ്യാ ധാരണയാണ് നമ്മുടെ പുർവകാലം എന്നത് സമ്പൽ സമൃദ്ധമായ ഒരു 'മാവേലി നാടുവാണിരുന്ന' കാലമായിരുന്നെന്ന്. നമ്മുടെ സിനിമകളും നോവലുകളുമൊക്കെ ആ ധാരണയെ ഒരു പരിധിവരെ അരക്കിട്ട് ഉറപ്പിക്കുന്നവയുമാണ്. എന്നാൽ പട്ടിണിയും, ദരിദ്ര്യവും, കൊള്ളയും, കൊലയും, അടിമക്കച്ചവടവും, നരബലിയും, ശവഭോഗവും, സ്മാത്ത വിചാരവും, ലൈംഗിക അരാജകത്വവും, അയിത്തവും, ജാതിഭ്രാന്തുമായി ലോകത്തിലെ ഏറ്റവും പിന്നോട്ടടിപ്പിക്കപ്പെട്ട ഒരു വിഭാഗം ആയിരുന്നു നാം എന്നുള്ളതായിരുന്നു യാഥാർഥ്യം. പക്ഷേ ആ ചരിത്രം അധികം ആരും ചിത്രീകരിച്ചിട്ടില്ല. അങ്ങനെയുള്ള പത്തൊമ്പതാം നുറ്റാണ്ടിലെ ഇരുണ്ടകാലത്തേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോവുകയാണ് സംവിധായകൻ വിനയൻ.

വടക്കൻ വീരഗാഥ തൊട്ട് പഴശ്ശിരാജവരെയുള്ള എം ടിയുടെ മിത്തും ചരിത്രവും ഇടകലരുന്ന സിനിമകൾക്ക് ഒപ്പം എത്താൻ കഴിഞ്ഞില്ലെങ്കിലും, സമീപകാലത്ത് ഈ ജോണറിൽ ഇറങ്ങിയ, ജയരാജിന്റെ വീരം, മമ്മൂട്ടിയുടെ മാമാങ്കം, മോഹൻലാലിന്റെ മരക്കാർ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളെവെച്ചുനോക്കുമ്പോൾ ശരിക്കും സ്വർഗമാണ് പത്തൊമ്പതാം നൂറ്റാണ്ട്. ഒരു കൃത്യമായ കഥയും ആശയവും എക്സിക്യൂട്ട് ചെയ്യാൻ വിനയന് കഴിഞ്ഞിട്ടുണ്ട്. നായകൻ സിജു വിത്സണിന്റെ കരിയർ ബെസ്റ്റാണ് ഈ ചിത്രം. പോരായ്മകളും പരിമിതികളും ഉണ്ടെങ്കിലും, ഈ ഓണക്കാലത്ത് നന്നായി ആസ്വദിക്കാവുന്ന ചിത്രം ആണിത്.

മരക്കാർ ടീം കണ്ടുപഠിക്കേണ്ട മേക്കിങ്ങ്

മരയ്ക്കാറുമായൊക്കെ തട്ടിച്ചുനോക്കുമ്പോൾ, പത്തൊമ്പതാം നൂറ്റാണ്ടിനുള്ള മേന്മ ഒരു കൃത്യമായ കഥയും അത് ചടുലമായി പറയാനുള്ള കഴിവുമാണ്. മാത്രമല്ല നൂറുകോടി ബജറ്റിന്റെയും ഹോളിവുഡ് ഗ്രാഫിക്സിന്റെയുമൊക്കെയുള്ള തള്ളുകളൊന്നും വിനയന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. എന്തിന് നായകൻ പോലും താരതമ്യേന പുതുമുഖമാണ്. അതുകൊണ്ടുതന്നെ പ്രതീക്ഷയുടെ അമിതഭാരം ഒന്നുമില്ലാതെയാണ് പ്രേക്ഷകർ തീയേറ്ററിൽ എത്തുന്നത്്. ക്യാമറക്ക് പിന്നിൽ ഷാജികുമാർ ആവുമ്പോൾ വിഷ്വൽ റിച്ച്‌നെസിനെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ല. യുദ്ധരംഗങ്ങളൊക്കെ ഗ്രാഫിക്ക്സിന്റെയൊന്നും ആധിക്യമില്ലാതെ നാച്ചുറലായാണ് ചിത്രീകരിച്ചിരിക്കുന്നത്. കോടികൾ ചെലവിട്ട് നിർമ്മിച്ച മരക്കാർ ടീമൊക്കെ കണ്ടുപഠിക്കേണ്ടതാണ് ഈ പടത്തിന്റെ മേക്കിങ്ങ്.

കഥയിലേക്ക് വന്നാൽ കീഴാളരുടെ പക്ഷത്തുനിന്നുള്ള ചരിത്രമെഴുത്ത് എന്നത് തന്നെയാണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ പ്രസക്തി. എഡി 1825 മുതൽ എഡി 1874 വരെ ആലപ്പുഴ ജില്ലയിൽ ജീവിച്ചിരുന്ന ആറാട്ടുപുഴ വേലായുധപണിക്കർ അഥവാ കല്ലിശ്ശേരി വേലായുധ ചേകവർ എന്ന നവോത്ഥാന നായകന്റെ ധീരോജ്വലമായ ജീവിതവും, അനീതികൾക്കും അനാചാരങ്ങൾക്കും എതിരെയുള്ള പോരാട്ടങ്ങളും ആണ് സിനിമയുടെ പ്രമേയം. പണിക്കരുടെ ജീവിതത്തിലുടെ സ്വാമി വിവേകാനന്ദൻ പറഞ്ഞ കേരളം എന്ന ഭ്രാന്താലയത്തിന്റെ കഥ പറയുകയാണ് വിനയൻ. സ്ത്രീകൾക്ക് മാറുമറയ്ക്കാൻ അനുവദമില്ലാത്ത, മുലക്കരവും മീശക്കരവും പിരിക്കുന്ന ഒരു ഗതികെട്ട നാടിന്റെ കഥയാണ് ചിത്രം പറയുന്നത്.

പക്ഷേ ഒരു പെർഫക്ഷനിലേക്ക് ഈ പടം പലയിടത്തും എത്തുന്നില്ല. സംഭാഷണങ്ങൾ പലതും ചത്തതാണ്. തിരക്കഥയും സംഭാഷണവുമൊക്കെ ഒന്നിച്ച് ഏറ്റെടുക്കാതെ, വിനയൻ പണി അറിയാവുന്ന ആളുകൾക്ക് മാറിക്കൊടുക്കയായിരുന്നെങ്കിൽ പടം എത്രയോ നന്നാവുമായിരുന്നു. ചില കഥാപാത്രങ്ങളൊക്കെ മിസ് കാസ്റ്റ് ആയിപ്പോയിട്ടുമുണ്ട്. പക്ഷേ ക്ലൈമാക്സ് യുദ്ധത്തിനുശേഷം, വീണ്ടുമൊരു പത്തുമിനുട്ട് ഒരു സംഭവം കാണിക്കുന്നുണ്ട് വിനയൻ. അവിടെ പ്രേക്ഷകർ തരിച്ചിരുന്നുപോവുകയാണ്. വല്ലാത്ത ഒരു നൊമ്പരം മനസ്സിലേക്ക് വരുന്ന മാജിക്ക്. അത് കണ്ടുതന്നെ അറിയുക.

സിജു വിത്സന്റെ ആറാടുകയാണ്!

ഈ ചിത്രം കൊണ്ട് ഏറ്റവും ഗുണം ഉണ്ടായിരിക്കുന്നത് നായകൻ കൂടിയായ സിജു വിത്സണ് തന്നെതാണ്. കളരിയും ആയോധന മുറകളും കുതിരസവാരി പരിശീലനവുമായി ആറുമാസമാണ് സിജു വേലായുധ പണിക്കാരാകാനുള്ള തയ്യാറെടുപ്പിന് വേണ്ടി മാറ്റി വച്ചത്. ഒന്നരവർഷത്തോളം മറ്റ് സിനിമകൾ ഒന്നും ചെയ്തില്ല. ഈ കഷ്ടപ്പാടും അർപ്പണബോധവും ശരിക്കും ചിത്രത്തിൽ പ്രതിഫലിക്കുന്നുണ്ട്. യുദ്ധരംഗങ്ങളിലും മറ്റും ഈ യുവ നടൻ ശരിക്കും ആറാടുകയാണ്. ഡ്യൂപ്പില്ലാതെയാണ് സംഘട്ടന രംഗങ്ങളെല്ലാം ചെയ്തത്. അടുത്തകാലത്തൊന്നും ഇത്രയും നല്ല ശാരീരികക്ഷമതയുള്ള ഒരു നായകനെ കണ്ടിട്ടില്ല. ചെറിയ തമാശ റോളുകളിലാണ് നാം നേരത്തെ സിജുവിനെ കണ്ടിട്ടുള്ളത്. ഇത് ആ നടന്റെ പൂർണ്ണമായ മേക്ക് ഓവർ ആണ്. ശരിക്കും ഒരു പരകായ പ്രവേശം. പക്ഷേ ഗെറ്റപ്പിലും ആക്ഷൻ രംഗങ്ങളിലുമൊക്കെ സൂപ്പർ ആവുന്ന സിജുവിന് പക്ഷേ പ്രശ്നം ഡയലോഗ് ഡെലിവറിയിലും ഭാവാഭിനയത്തിലുമാണ്. തീക്ഷ്ണമായ വികാരം വരേണ്ട പല രംഗങ്ങളിലും അത് കിട്ടുന്നില്ല. ഇനിയുള്ള കരിയറിൽ അത് പരിഹരിച്ചാൽ, മലയാളത്തിലെ എണ്ണം പറഞ്ഞ നടനായി സിജു മാറുമെന്നതിൽ സംശയം വേണ്ട.

പക്ഷേ ഈ ചിത്രത്തിലെ മാൻ ഓഫ് ദ മാച്ച് എന്ന് പറയുന്നത് മുലക്കരത്തിനെതിരെ മുല മുറിച്ചുകൊടുത്ത് പ്രതിഷേധിച്ച സാക്ഷാൽ നങ്ങേലി തന്നെയാണ്. കയാദു ലോഹർ എന്ന കന്നഡ താരമാണ് ഈ വേഷം ഗംഭീരമാക്കിയത്. ആക്ഷൻ രംഗങ്ങളിലും ക്യാരക്ടർ റോളുകളിലും ഒരു പോലെ ഈ നടി തിളക്കുന്നണ്ട്. ക്ലൈമാക്സിൽ ശരിക്കും കൈയടി വാങ്ങുന്നുണ്ട് ഈ നടി. തിരുവിതാംകൂർ മഹാരാജാവായി അനൂപ് മേനോനും മികച്ച പ്രകടനം കാഴ്ചവച്ചു. പൂനം ബജ്വയുടെ മഹാറാണി, സുരേഷ് കൃഷ്ണയുടെ പരമേശ്വര കൈമൾ, രേണു സുന്ദർ അവതരിപ്പിച്ച നീലി, അലന്സിയറിന്റെ രാമൻ തമ്പി, ഇന്ദ്രൻസിന്റെ കേളു, എന്നിവരും മോശമായിട്ടില്ല. കണ്ണൻ കുറുപ്പ് എന്ന പ്രധാന കഥാപാത്രമായി വിനയന്റെ മകൻ വിഷ്ണു വിനയും തന്റെ ദൗത്യം ഭംഗിയാക്കിയിട്ടുണ്ട്. അതുപോലെ വൃദ്ധനാണെങ്കിലും വിടനായ ഒരു ബ്രഹ്മണനായി തന്റെ റോൾ ഗംഭീരമാക്കുന്നുണ്ട് നടൻ രാഘവൻ. ബിബിൻ ജോർജ്ജ്, മണികണ്ഠൻ ആചാരി, രാഘവൻ, സ്പടികം ജോർജ്ജ്, മാധുരി, രാമു, ടിനി ടോം, ശിവജി ഗുരുവായൂർ തുടങ്ങിയവരും ഒരു വലിയ സംഘം വിദേശികളും പത്തൊൻപതാം നൂറ്റാണ്ടിലുണ്ട്.

മിസ്‌കാസ്റ്റും അനവധി

പക്ഷേ ഒറ്റനോട്ടത്തിൽ മിസ്‌കാസ്റ്റിങ്ങ് എന്ന് പറയാൻ കഴിയുന്ന ഒരുപാട് പേരും ഈ ചിത്രത്തിൽ വന്നുപെട്ടിട്ടുണ്ട്. സുധീർ കരമനയുടെ പടത്തലവന്റെ മേക്കപ്പും രൂപഭാഗങ്ങളം കണ്ടാൽ സ്‌കൂൾ കുട്ടികളുടെ ഫാൻസി ഡ്രസ്സാണ് ഓർമ്മവരിക! മൊത്തത്തിൽ ചളമാക്കിയ കഥാപാത്രം. അതുപോലെ ചെമ്പൻ വിനോദിന്റെ കായംകുളം കൊച്ചുണ്ണിയുടെ സംഭാഷണങ്ങളും കേട്ടാൽ ചിരിച്ചുപോവും. ചെമ്പനെ ഒരു പടത്തിൽ മിസ് കാസ്റ്റായി തോനുന്നത് ഇത് ആദ്യമായാണ്. അതുപോലെയുള്ള രാജാപാർട്ട് വേഷമാണ് സുദവ് നായരുടെ പടവീടൻ നമ്പിയും. കണ്ണുരുട്ടി പേടിപ്പിക്കുന്നതുപോലെയാണ് പടവീടൻ നമ്പിയുടെ ചേഷ്ടകൾ. ദീപ്തി സതിയുടെ സാവിത്രിയും ആവറേജിൽ ഒതുങ്ങുന്നു. ഒരു ചരിത്ര സിനിമയിൽ ഒരിക്കലും പാടില്ലാത്തതാണ് ഇത്തരം മിസ്‌കാസ്റ്റുകൾ.

ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ മുത്തശ്ശനായി ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ സാക്ഷൽ ഗോകുലം ഗോപാലനും വേഷമിട്ടുണ്ട്. എങ്ങനെയോ അങ്ങോട്ട് ഒപ്പിച്ചുവെന്ന് പറയാം. അവസാനം വെട്ടേറ്റ് മരിക്കുന്ന രംഗത്തൊക്കെയുള്ള ഒരു 'ഭാവാഭിനയം', പച്ചാളം ഭാസി പറഞ്ഞ ശൈലിയിലുള്ളതായിപ്പോയി. നിർമ്മാതാവ്, വ്യവസായി എന്ന നിലയിലൊക്കെ കീർത്തിയുള്ള വ്യക്തിയാണ് ഗോകുലം ഗോപാലൻ. പിന്നെ എന്തിനാണ് അദ്ദേഹം അഭിനയിച്ച് നാട്ടുകാരുടെ വെറുപ്പ് സമ്പാദിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. സിനിമയിൽ വളരെ പ്രധാനമുള്ളതായിരുന്നു ആ മുത്തച്ഛൻ റോൾ. അന്തരിച്ച നടൻ തിലകനെയൊക്കെ അതിൽ സങ്കൽപ്പിച്ചുനോക്കുക. തീ പാറും. പുതിയ തലമുറയിൽ ജോയ്മാത്യുവോ, സായികുമാറോ ഒക്കെ ആയിരുന്നെങ്കിലും തകർത്തേനെ. ഓരോരുത്തരും അവർക്ക് കൃത്യമായി ആത്മിശ്വാസമുള്ള പണി എടുക്കുക എന്നതല്ലേ നല്ലത്.

ഈ നിർദ്ദേശം ചിത്രത്തിൽ തോഴിയായി വേഷമിട്ട ഡോക്ടർ ഷിനുശ്യാമളനും ബാധകമാണ്. ഒപ്പിച്ചു എന്നല്ലാതെ ഈ കഥാപാത്രവും നന്നായിട്ടില്ല. എന്നാൽ മാധ്യമ പ്രവർത്തകൻ ദീപക് ധർമ്മടം, തനിക്ക് കിട്ടിയ എതാനും നിമിഷം നന്നാക്കിയിട്ടുണ്ട്. മാമാങ്കം എന്ന മമ്മൂട്ടി ചിത്രത്തിലും, മേരാ നാം ഷാജി എന്ന നാദിർഷയുടെ ചിത്രത്തിലുമൊക്കെ ചെറിയ വേഷങ്ങൾ ദീപക് ഭംഗിയായി ചെയ്തിട്ടുണ്ട്. ഭാവിയിൽ ഒരു നല്ല ക്യാരക്ടർ നടനായി ഇദ്ദേഹം ഉയർന്നുവരാനുള്ള എല്ലാ സാധ്യതയും ഉണ്ട്.


കൊച്ചുണ്ണിയെ അപമാനിക്കുന്നോ?

ജീവിച്ചിരുന്ന ഏതൊരു വ്യക്തിയെക്കുറിച്ചും ചിത്രം ഉണ്ടാകുമ്പോൾ ഉയരുന്ന ആദ്യം ചോദ്യം അത് ചരിത്രത്തോട് നീതി പുലർത്തിയോ എന്നാണ്. ഇവിടെ 70 ശതമാനവും ഒ.കെയാണ്. എന്നാൽ ചിലയിടങ്ങളിൽ വിനയന്റെ ചില കണ്ടെത്തലുകൾ വിചിത്രമായി തോന്നി. ഉദാഹരണമായി കായംകുളം കൊച്ചുള്ളി ശ്രീപത്മനാഭന്റെ തിരുവാഭരണം മോഷ്ടിച്ചതും, നമ്മുടെ വേലായുധ പണിക്കാർ അത് കണ്ടെത്തി കൊച്ചുണ്ണിയെ കീഴടക്കി വീണ്ടെടുക്കുന്നതുമായ കഥ എത്രമാത്രം ചരിത്ര സത്യമാണെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. കായകുളം കൊച്ചുണ്ണിയെ നാം ഇതുവരെ കണ്ട റോബിൻഹുഡ് സറ്റെലിലുള്ള തസ്‌ക്കരനിൽനിന്ന് പൂർണ്ണമായും മാറ്റി നിർത്തി, ശരിക്കും ഒരു വില്ലനായാണ് ഈ ചിത്രം കാണിക്കുന്നത്. ഇത് 'കൊച്ചുണ്ണി ഫാൻസിന്' വലിയ തോതിൽ പ്രശ്നം ഉണ്ടാക്കാൻ ഇടയുണ്ട്. (കൊച്ചുണ്ണിയുടെ പേരിൽ ക്ഷേത്രംപോലും ഉണ്ട്.)

പക്ഷേ, അക്കാലത്ത് ഇത്തരത്തിൽ പല കഥകളും പ്രചരിച്ചിച്ചുണ്ട്. കായംകുളം കൊച്ചുണ്ണിയുടെ പേരിൽ പലരും തട്ടിപ്പും കൊലപാതകങ്ങളും നടത്തിയിട്ടുണ്ട്. ഇതിനൊന്നും, ലിഖിതമായ രേഖകൾ ഒന്നുമില്ല. വാമൊഴിയായി പല കഥകളും പ്രചരിച്ചിട്ടുണ്ട്. അതിൽ ഒന്ന് വിനയൻ എടുത്തുവെന്ന് മാത്രം. ഇതിന്റെ പേരിൽ വിനയനെക്കൊണ്ട് മാപ്പുപറയിക്കാനൊന്നും ശ്രമിക്കേണ്ടതില്ല. ഇപ്പോൾ അതാണെല്ലോ ഫാഷൻ. പിന്നെ ചരിത്രത്തെ അതേപോലെ സാക്ഷാൽ എം ടിപോലും എടുത്തിട്ടില്ല. പഴശ്ശിരാജയിലെ തലയ്ക്കൽ ചന്തുവിനെ തൂക്കിക്കൊന്നതൊക്കെ തീർത്തും തെറ്റാണെന്ന് വിമർശനം ഉയർന്നിരുന്നു.

അതുപോലെ നങ്ങേലി മുല മുറിച്ച് നാടുവാഴിക്ക് സമർപ്പിച്ച കഥയും, വെറും കെട്ടുകഥ മാത്രമാണ്. അതിന് ചരിത്രരേഖൾ ഒന്നുമില്ല. താൻ എടുത്തിരിക്കുന്ന സിനിമ പുർണ്ണമായും ചരിത്ര സത്യമാണെന്ന് വിയയൻ അവകാശപ്പെടുന്നുമില്ല. ഇവിടെ ഒക്കെ സംവിധായകന്റെ സ്വതന്ത്ര്യത്തെ നമുക്ക് അംഗീകരിച്ചുകൊടുക്കേണ്ടിവരും. ( പഴശ്ശിരാജ കുതിരപ്പുറത്ത് പോയി എന്നൊക്കെ വിശ്വസിച്ചപോലെ ഇതും ഒരു കഥയായി മാത്രം കാണുക) പക്ഷേ മാറുമറിക്കാനും, മൂക്കുത്തിയിടാനും, അച്ചിപ്പുടവ ഇടാനുള്ള അവകാശത്തിനുമൊക്കെയായി കേരളത്തിലെ അവർണ്ണ സ്ത്രീകൾക്ക് തെരുവിൽ ഇറങ്ങേണ്ടി വന്നു എന്നത് സത്യമാണ്. ആ സഹനങ്ങളുടെ പ്രതിരൂപമായി അടിച്ചമർത്തപ്പെട്ടവന്റെ കഥകളിലുടെ വാമൊഴിയായി പടർന്ന ഒരു കഥാപാത്രം ആയിരിക്കണം നങ്ങേലി. ആ കഥയെടുക്കാൻ വിനയന് അവകാശവുമുണ്ട്.

സത്യത്തിൽ ഒരാൾക്കും ഒരു പ്രയോജനവും കിട്ടാത്തതും നാടിനെ സാമൂഹികമായും സാമ്പത്തികമായും പിറകോട്ട് അടിപ്പിച്ച ഒന്നുമായിരുന്നു ജാതി വ്യവസ്ഥ. അതിന്റെ ഏറ്റവും മുന്നിൽനിൽക്കുന്ന ബ്രാഹ്മണർ പോലും അതിന്റെ ഇരകൾ ആയിരുന്നു. 'പട്ടിയായി ജനിക്കാം പൂച്ചയായി ജനിക്കാം പക്ഷേ ഒരു അപ്ഫനായി ജനിക്കാൻ കഴിയില്ല' എന്ന വിടി ഭട്ടതിരിപ്പാട് എഴുതിയത് ഓർമ്മവേണം. പക്ഷേ ഈ ചിത്രത്തിൽ അതിലേക്ക് വിനയൻ പോകുന്നില്ല. വിസ്താരഭയം കൊണ്ടാവണം. അക്കാലത്തെ നായർ സത്രീകളുടെ അവസ്ഥയും, നമ്പൂതിരി സംബന്ധവുമൊക്കെ ഗംഭീരമായി ചിത്രം കാണിച്ചുതരുന്നുണ്ട്.

വിനയൻ എന്ന പുപ്പുലി

ശരിക്കും മലയാള സിനിമയിലെ പുലിയാണ് വിനയൻ. സൂപ്പർ താരങ്ങളെയും താരസംഘടനകളെയും ഒറ്റക്ക് മുട്ടുകുത്തിച്ച പുപ്പുലി. തന്റെ സിനിമ മുടക്കിയ 'അമ്മ'ക്കെതിരെയും താരങ്ങൾക്ക് എതിരെയും വർഷങ്ങൾ കേസ് നടത്തി കോമ്പൻസേഷൻ കമ്മീഷനിൽ പോയി ലക്ഷങ്ങളുടെ നഷ്ടപരിഹാരം നേടിയ ധീരൻ. ചുരുങ്ങിയ ചെലവിൽ സൂപ്പർ ഹിറ്റ് സിനിമകൾ ഒരുക്കുന്ന വിനയൻ, എന്ന സംവിധായകനോട് ഈ താര ശിങ്കിടികൾ ചെത്ത അനീതി ചെറുതൊന്നുമല്ല. അതിനുള്ള കാരണവും ഈഗോ തന്നെ ആയിരുന്നു. സംവിധായകന്റെ മേധാവിത്വത്തിൽ വിശ്വസിക്കുന്ന വിനയൻ, താരങ്ങൾക്ക് മുന്നിൽ മുട്ടിടിക്കുന്നവൻ അല്ല. ജയസുര്യ, കലാഭവൻ മണി, പൃഥ്വീരാജ് എന്നിവർക്ക് ഒക്കെ വലിയ മാർക്കറ്റില്ലാത്ത കാലത്തും വിനയൻ അവരെവെച്ച് ഹിറ്റുകൾ ഉണ്ടാക്കി. എല്ലാവരും വിലക്കിയിട്ടും സ്വന്തം വീട് പണയം വെച്ച് സിനിമയെടുത്തു. ഗ്രാഫിക്്സ് ഒന്നും ഇല്ലാത്ത കാലത്തും, അദ്ദേഹം എടുത്ത ആകാശഗംഗയെും, അത്ഭുദദ്വീപുമൊക്കെ ഒന്ന് കണ്ടുനോക്കണം.

പക്ഷേ അവസാനമായി വിനയൻ എടുത്ത ചിത്രങ്ങൾ ഒന്നും തന്നെ വേണ്ടത്ര നന്നായിട്ടില്ല. ബജറ്റിന്റെ പരിമിതികൾക്കിടയിൽനിന്ന് എടുത്ത ചിത്രങ്ങൾ കൂടിയായിരുന്നു അവയൊക്കെ. പക്ഷേ ഇത്തവണ ഗോകുലം ഗോപാലനെപ്പോലെ ഒരു പ്രൊഡ്യൂസർ വന്നതോടെ കാര്യങ്ങൾ മാറി. ഒരു അർത്ഥത്തിൽ വിനയന്റെത് മധുര പ്രതികാരമാണ്. കാരണം പത്തൊമ്പതാം നൂറ്റാണ്ട് തുടങ്ങുന്നത് മോഹൻലാലിന്റെ വോയ്സ് ഓവറിലാണ്. അവസാനിക്കുന്നത് മമ്മൂട്ടിയുടേതിലും. ഒരുകാലത്ത് തനിക്കിട്ട് പണിഞ്ഞ താരങ്ങളെ ഇങ്ങനെ ഉപയോഗിക്കാൻ മറ്റാർക്ക് ആവും!

പക്ഷേ അടിസ്ഥാനപരമായി ഒരു വിനയൻ ചിത്രം തന്നെയാണ് പത്തൊമ്പൊതാം നൂറ്റാണ്ട്. മിക്കചിത്രങ്ങളിലുമുള്ള കൂട്ട കുളിസീൻ പോലുള്ള വിനയന്റെ ഇൻഹിബിഷനുപകരം ഇവിടെ സ്ത്രീ സൗന്ദര്യം മാക്സിമം സെക്സിയാക്കി പ്രാജക്്റ്റ് ചെയ്തുകൊണ്ടുള്ള നൃത്തമൊക്കെയുണ്ട്. ഒട്ടും നന്നായിട്ടുമില്ല. അങ്ങനെ പല പോരായ്മകളും ചിത്രത്തിനുണ്ട്.

പക്ഷേ ഈ ചരിത്രം ഒരു ഓർമ്മപ്പെടുത്തലാണ്. ഭ്രാന്താലയത്തേക്കാൾ ദുഷിച്ച, ജാതി സമ്പ്രദായം ഉള്ള ഈ നാട് എങ്ങനെയാണ് ഇന്ന് കാണുന്ന കേരളമായി മാറിയതെന്നുള്ള ഓർമ്മപ്പെടുത്തലാണ് ഇത്. എല്ലാ ഓണക്കാലത്തും പഴയ മനോഹരമായ കേരളത്തെക്കുറിച്ചുള്ള 'നൊസ്റ്റു' തള്ളിമറക്കാറുള്ളവർ ആണ് ഫേസ്‌ബുക്ക് മല്ലുസ്. പക്ഷേ എവിടെ ആയിരുന്നു ആ മനോഹര കാലം എന്ന് ചോദിച്ചാൽ ആർക്കും ഉത്തരമില്ല. 35 വയസ്സ് ശരാശരി ആയുസുള്ള, പട്ടിണിമരണങ്ങളും വസൂരിയുടെ താണ്ടവവും ഉണ്ടായിരുന്നു അതി പ്രാകൃതമായ ഒരു ഭുതകാലമാണ് നമുക്ക് ഉണ്ടായിരുന്നത്. ആ കാലത്തിന്റെ ഒരു ഓർമ്മപ്പെടുത്തലാണ് വിനയന്റെ ഈ ചിത്രം. കേരളം എങ്ങനെ കേരളം ആയി എന്നതിന്റെ നേർക്കാഴ്ചയാണ് ഈ ചിത്രം. അതുകൊണ്ടുമാത്രം പുതിയ തലമുറയടക്കം നിർബന്ധമായി കാണേണ്ട ചിത്രവും ആണിത്.

വാൽക്കഷ്ണം: ആചാരങ്ങളെ നിരന്തരം ലംഘിച്ചുകൊണ്ടും പരിഷ്‌ക്കരിച്ചുകൊണ്ടും വളർന്നുവന്ന ഒരു സമൂഹമാണ് നമ്മൾ. കീഴാള സ്ത്രീകൾക്ക് മൂക്കിത്തിയിടാനും മാറുമറയ്ക്കാനും പോലും ഇവിടെ സമരം നടത്തേണ്ടി വന്നു. ആചാരസംരക്ഷണത്തിനായി നാമ ജപഘോഷയാത്ര നടത്തിയ കേരളത്തിലെ കുലസ്ത്രീകളും, കുലപുരുഷന്മാരും ഒന്ന് കണ്ടുനോക്കേണ്ട ചിത്രമാണിത്. ആർഷ ഭാരത സംസ്‌ക്കാരത്തെ, ആ വാചകത്തിലെ ആദ്യത്തെ മൂന്ന് അക്ഷരങ്ങൾ എടുത്ത് 'ആഭാസം' എന്ന് വിമർശിക്കാനുള്ള കാരണങ്ങൾ ഈ ചിത്രം പറയുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP