Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കരുതൽ മേഖല: എതിർപ്പുമായി നിലകൊള്ളുന്ന സാമുദായിക സംഘടനകൾക്ക് പിന്നിൽ ക്വാറി മാഫിയ ജോൺ പെരുവന്താനം

കരുതൽ മേഖല: എതിർപ്പുമായി നിലകൊള്ളുന്ന സാമുദായിക സംഘടനകൾക്ക് പിന്നിൽ ക്വാറി മാഫിയ ജോൺ പെരുവന്താനം

സ്വന്തം ലേഖകൻ

കോഴിക്കോട്: വനത്തോടു ചേർന്ന കരുതൽ മേഖലാ പരിധി ഒരു കിലോമീറ്ററായിരിക്കണമെന്ന സുപ്രിംകോടതി ഉത്തരവിനെതിരേ സാമുദായിക നേതൃത്വം പാവപ്പെട്ടവന്റെ അതിജീവനം ഇല്ലാതാവുമെന്ന വാദം ഉന്നയിച്ച് പ്രക്ഷോഭം നയിക്കുമ്പോൾ ഇതിന്റെ യഥാർഥ കാരണം ക്വാറി മാഫിയകളെ സഹായിക്കലാണെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി ചെയർമാനും പ്രമുഖ പരിസ്ഥിതി പ്രവർത്തകനുമായ ജോൺ പെരുവന്താനം.

ബഫർ സോൺ വിഷത്തിൽ എതിർപ്പുയർത്തുന്നത് ക്വാറികളുടെ പ്രവർത്തനം തടസപ്പെടുമെന്നതിനാലാണ്. രാഷ്ട്രീയ നേതൃത്വങ്ങളും സാമുദായിക നേതൃത്വങ്ങളും സംസ്ഥാനത്ത് വ്യാപകമായി ക്വാറികളുടെ പ്രവർത്തനങ്ങളിൽ പ്രത്യക്ഷമായും പരോക്ഷമായും ഇടപെടുന്നുണ്ട്. ഇവരുടെയെല്ലും മുഖ്യ ഫണ്ടിംങ് ഏജൻസികളാണ് ക്വാറി മാഫിയകളെന്നും കേരളത്തിലെ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയായ ഗ്രീൻ കേരള മൂവ്മെന്റിന്റെ ചെയർമാൻ കൂടിയായ ജോൺ പെരുവന്താനം ആരോപിച്ചു.

സുപ്രിം കോടതിയുടെ വിധി വനപ്രദേശങ്ങളോടു ചേർന്ന് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കേരളത്തിൽ വൻ പ്രത്യാഘാതമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി ജൂൺ മൂന്നിന് സംസ്ഥാന സർക്കാർ പുനപരിശോധനാ ഹരജി നൽകിയിരുന്നു. രാജ്യത്തെ മൊത്തം ജനസാന്ദ്രതയുടെ രണ്ടിരട്ടിയാണ് കേരളത്തിലേത്. കരുതൽ മേഖലയിൽ ക്വാറിയുൾപ്പെടെയുള്ളവയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് ജനങ്ങളുടെ നിത്യജീവിതത്തെ സാരമായി ബാധിക്കുമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ഭരണഘടന ഉറപ്പ് നൽകുന്ന ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുന്നതാണ്.

പുതിയ കെട്ടിടങ്ങൾ പാടില്ലെന്നത് ജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്നു ഹരജിയിൽ പറഞ്ഞ സർക്കാർ ആദിവാസികൾക്കായി സംസ്ഥാന സർക്കാർ പതിച്ചുനൽകിയ 35,500 ഏക്കർ ഭൂമിയുടെ കാര്യവും എടുത്തുപറഞ്ഞിരുന്നു. പ്രത്യക്ഷത്തിൽ സർക്കാർ വാദം ആദിവാസികളെയും പാവപ്പെട്ട മേഖലയിലെ ജനങ്ങളെയും സംരിക്ഷിക്കാനുതകുന്നതാണെന്ന് തോന്നുമെങ്കിലും സാമുദായിക, ക്വാറി മാഫിയകളുടെ സമ്മർദ തന്ത്രങ്ങളാണ് ഇതിന് പിന്നിലെന്ന് ചിന്തിക്കുന്ന ആർക്കും ബോധ്യപ്പെടും.

ജനവാസ മേഖലകളിൽനിന്ന് ക്വാറികളുമായുള്ള അകലം 200 മീറ്റർ ഉണ്ടായിരുന്നത് കഴിഞ്ഞ എൽ ഡി എഫ് സർക്കാരിന്റെ കാലത്തായിരുന്നു വ്യവസായ മന്ത്രി ഇ പി ജയരാജന്റെ നേതൃത്വത്തിൽ ദൂരപരിധി 50 മീറ്ററാക്കി കുറച്ചത്. ക്വാറി ഉടമകളുടെ താൽപര്യം പരിഗണിച്ചുള്ള നടപടിയായിരുന്നു ഇത്. രാജ്യത്തെ തന്നെ ഏറ്റവും പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുന്ന കേരളത്തിന്റെ ഭാവിക്ക് ആഘാതമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ദൂരപരിധി 200 മീറ്ററിൽതന്നെ നിലനിർത്തണമെന്ന ആവശ്യവുമായി കേരളത്തിലെ പരിസ്ഥിതി പ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചത്.

കോടതി കേസ് ഹരിത ട്രിബ്യൂണലിലേക്കു അയക്കുകയായിരുന്നു. ട്രിബ്യൂണൽ 200 മീറ്റർ പുനർസ്ഥാപിക്കാൻ ഉത്തരവിട്ടെങ്കിലും ഈ വിധിക്കെതിരേ ക്വാറി ഉടമകൾ അപ്പീലുമായി സുപ്രിംകോടതിയെ സമീപിച്ചു. തങ്ങളുടെ വാദം കേൾക്കാതെയാണ് വിധിയുണ്ടായിരിക്കുന്നതെന്നായിരുന്നു അവർ വ്യക്തമാക്കിയത്. വിധിക്കാനുള്ള അവകാശം ഹരിത ട്രിബ്യൂണലിനാണെന്ന് അർഥശങ്കക്കിടയില്ലാതെ വ്യക്തമാക്കിയ സുപ്രിംകോടതി ക്വാറി ഉടമകളുടെ വാദംകൂടി കേൾക്കാൻ ഉത്തവിടുകയായിരുന്നു.

ഇതിന്റെ ഭാഗമായിരുന്നു കഴിഞ്ഞ മാസം കേരളത്തിൽ ഹരിത ട്രിബ്യൂണൽ ഹിയറിങ് നടത്തിയത്. 23ന് കോഴിക്കോട്ടും 24ന് എറണാകുളത്തും 25ന് തിരുവനന്തപുരത്തുമായിരുന്നു പബ്ലിക് ഹിയറിങ് നടത്തിയത്. 900 ഓളം പരിസ്ഥിതി പ്രവർത്തകരാണ് ഇതിൽ പങ്കെടുത്ത് സംസ്ഥാനത്തെ പ്രകൃതി വിഭവങ്ങൾ യാതൊരു മാനണ്ഡവും പാലിക്കാതെ ക്വാറി മാഫിയകളും വ്യവസായ സ്ഥാപനങ്ങളും ചൂഷണം ചെയ്യുന്നതിനെക്കുറിച്ച് തെളിവ് നൽകിയത്.

ക്വാറി മാഫിയ കേരളത്തിലുടനീളം ചെല്ലും ചെലവും നൽകി ധാരാളം പേരെ തങ്ങൾക്ക് അനുകൂലമായി ഹിയറിങ്ങിൽ പങ്കെടുക്കാനും ആളുകളെ നിയോഗിച്ചിരുന്നുവെന്ന ഞെട്ടിക്കുന്ന വാർത്തയും മാധ്യമങ്ങൾ അന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ഓഗസ്റ്റ് 28ന് പള്ളികളിൽ വായിക്കാൻ താമരശേരി രൂപത ഇടയലെഖനം നൽകിയിരുന്നു. ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ആയിരുന്നു ഇടയലെഖനം പുറപ്പെടുവിച്ചത്. കരുതൽ മേഖലാ വിഷയത്തിൽ മലയോര കർഷകരുടെ അവകാശ സംരക്ഷണത്തിനായി സംഘടിച്ച് പ്രതിരോധിക്കാനായിരുന്നു അഹ്വാനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP