Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആരാധനാലയങ്ങൾ നിർമ്മിക്കാനുള്ള അനുമതി തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകി; പി എസ് സിയിൽ ഇഷ്ടക്കാരെ കയറ്റി; വിവരാവകാശ കമ്മീഷണറായി മർക്കസ് നേതാവ്; ശ്രീറാമിനെ ആലപ്പുഴയിൽ നിന്ന് മാറ്റിയതും വിട്ടുവീഴ്ച; കാന്തപുരം നിരസിക്കുമ്പോഴും വേണ്ടെന്ന് പറയാതെ വെള്ളാപ്പള്ളി; കാലിക്കറ്റിലെ 'ഡോക്ടറേറ്റ്' ദുർഘട ഘട്ടത്തിലെ സഹായത്തിനുള്ള പിണറായിയുടെ പ്രത്യുപകാരമോ?

ആരാധനാലയങ്ങൾ നിർമ്മിക്കാനുള്ള അനുമതി തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകി; പി എസ് സിയിൽ ഇഷ്ടക്കാരെ കയറ്റി; വിവരാവകാശ കമ്മീഷണറായി മർക്കസ് നേതാവ്; ശ്രീറാമിനെ ആലപ്പുഴയിൽ നിന്ന് മാറ്റിയതും വിട്ടുവീഴ്ച; കാന്തപുരം നിരസിക്കുമ്പോഴും വേണ്ടെന്ന് പറയാതെ വെള്ളാപ്പള്ളി; കാലിക്കറ്റിലെ 'ഡോക്ടറേറ്റ്' ദുർഘട ഘട്ടത്തിലെ സഹായത്തിനുള്ള പിണറായിയുടെ പ്രത്യുപകാരമോ?

സായ് കിരൺ

തിരുവനന്തപുരം :  സുന്നി നേതാവ് കാന്തപുരം അബൂബർക്കർ മുസ്ലിയാർ ഡോക്ടറേറ്റ് നിരസിച്ചങ്കെിലും എസ്എൻഡിപി യോഗം നേതാവ് വെള്ളാപ്പളി നടേശൻ മൗനം തുടരുകയാണ്. ഇരുവരെയും ഡോക്ടറേറ്റ് നൽകി ആദരിക്കാനുള്ള കാലിക്കറ്റ് സർവകലാശാലയുടെ നീക്കം വിവാദമായതോടെയാണ് കാന്തപുരം തടിയൂരിയത്. എന്നാൽ തീരുമാനം നടപ്പാക്കണമെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശം. ഇരുവരും  പിണറായി വിജയന്റെ മാനസഗുരുക്കന്മാരാണ്.

ഏത് ദുർഘടഘട്ടത്തിലും പിണറായി വിജയൻ എടുക്കുന്ന തീരുമാനങ്ങളെ അനുകൂലിച്ച് സമൂഹത്തിൽ ഉയരുന്ന പ്രതിഷേധത്തിന്റെ ദിശമാറ്റുന്നത് കാന്തപുരവും വെള്ളാപ്പള്ളിയുമാണെന്നത് കഴിഞ്ഞകാലം പരിശോധിച്ചാൽ വ്യക്തമാണ്. അതിനുള്ള പ്രത്യുപകാരമാണിതെന്ന് പാർട്ടിയിലെ ഒരുവിഭാഗം സമ്മതിക്കുന്നു. ഊരിപിടിച്ച വാളിന് മുന്നിലൂടെ നടന്നെന്ന് പറയുന്ന പിണറായി വിജയൻ കാലങ്ങളായി കാന്തപുരത്തിന് വേണ്ടി എന്തു വിട്ടു വീഴ്ചയും ചെയ്യും.

ഒന്നാം പിണറായി സർക്കാരിന്റെ അവസാനകാലത്ത് ആരാധനാലയങ്ങൾ പണിയാനുള്ള അനുമതി നൽകാനുള്ള അധികാരം കളക്ടർമാരിൽ നിന്ന് മാറ്റി തദ്ദേശസ്ഥാപങ്ങൾക്ക് നൽകിയതും, പിഎസ്.സിയിൽ ആവശ്യപ്പെട്ടവരെ അംഗങ്ങളാക്കിയതും മർക്കസ് നേതാവിനെ വിവരാവകാശ കമ്മീഷണറാക്കിയതും, ശ്രീറാം വെങ്കിട്ടരാമനെ കളക്ടർ സ്ഥാനത്ത് നിന്ന് നീക്കിയതുമെല്ലാം കാന്തരപുരത്തിന്റെ മാത്രം താത്പര്യമാണെന്ന് സിപിഎമ്മുകാർ പോലും സമ്മതിക്കുന്നു.

പിണറായി വിജയന് ശക്തമായ സാമുദായിക പിന്തുണയാണ് വെള്ളാപ്പളി നടേശൻ നൽകുന്നത്. രാഷ്ട്രീയ എതിരാളികൾ പിണറായിയുടെ കുടുംബത്തെ അധിക്ഷേപിച്ചാൽ ശക്തമായി പ്രതികരിക്കുന്നത് വെള്ളാപ്പളിയാണ്. ശബരിമല സ്ത്രീപ്രവേശനത്തിൽ ഹൈന്ദവ സംഘടകൾ ഭൂരിഭാഗവും ഒറ്റക്കെട്ടാപ്പോൾ എസ്എൻഡിപി വിഭാഗക്കാർക്കിടയിൽ എതിർപ്പ് ഉയർന്നിട്ടുപോലും അത് വകയ്ക്കാതെ നവോത്ഥാന സംരക്ഷണ സമിതിയുടെ തലപ്പത്ത് ഇരുന്ന് പിണറായിക്ക് അകമഴിഞ്ഞ പിന്തുണയാണ് വെള്ളാപ്പളി നൽകിയത്. മകൻ തുഷാർ വെള്ളാപ്പളി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണി സ്്ത്രീ പ്രവേശനത്തിന് എതിരെ ശക്തമായി രംഗത്തിറങ്ങിയപ്പോഴായിരുന്നു വെള്ളാപ്പളിയുടെ പിണറായി സ്നേഹം.

ഡീലിറ്റ് നൽകാനുള്ള നീക്കം വിവാദമായതിന് പിന്നാലെ ഇത് സംബന്ധിച്ച പരാതി ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മുന്നിലെത്തിയിട്ടുണ്ട്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിയായിരുന്ന രാംനാഥ് കോവിന്ദിന് ഡോക്ടറേറ്റ് നൽകണമെന്ന് കേരളസർവകലാശാലയോട് ആവശ്യപ്പെട്ടെങ്കിലും  നിരസിച്ചിരുന്നു. വൈസ് ചാൻസിൽ മഹാദേവൻപിള്ള വെള്ളകടലാസിൽ ഇക്കാര്യം എഴുതി ഗവർണറെ അവഹേളിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ്  സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റിയുടെ പരാതി ഗവർണർക്ക് മുന്നിലെത്തിയത്.

സാംസ്കാരിക മണ്ഡലത്തിനും വൈജ്ഞാനിക മേഖലയയ്ക്കും ഉന്നത സംഭാവനകൾ നൽകിയിട്ടുള്ള  വ്യക്തിത്വങ്ങളെ ആദരിക്കുന്നതിന്  സർവകലാശാലാ ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടുള്ള ഓണററി ഡോക്ടറേറ്റ് ബിരുദം കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർക്കും, വെള്ളാപ്പള്ളി നടേശനും നൽകാനുള്ള കാലിക്കറ്റ് സർവകലാശാലയുടെ  നീക്കം പുനപരിശോധിക്കണമെന്നാണ് കാലിക്കറ്റ് വൈസ്  ചാൻസലറോടും, ഡിഗ്രിക്ക് അംഗീകാരം നൽകരുതെന്ന് ഗവർണറോടും സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്ത്യയുടെ രാഷ്ട്രപതിക്ക് പോലും  ഡിലിറ്റ് ബിരുദം നൽകുവാൻ വിസമ്മതിച്ചിരിക്കുമ്പോഴാണ് കാലിക്കറ്റ് സർവകലാശാല ഇവർ രണ്ടു പേർക്കും ഡിലിറ്റ് ബിരുദം നൽകി ആദരിക്കുവാനുള്ള പ്രമേയം അനുഭാവപൂർവ്വം പരിഗണിച്ചത്. ജാതിമത പ്രീണനത്തിന്റെ ഭാഗമായി  ഇടതുപക്ഷ സർക്കാരിന്റെ നിർദ്ദേശാനുസരണമാണ് പ്രമേയം അവതരിപ്പിക്കുവാൻ അപ്രധാനിയായ ഒരു സിൻഡിക്കേറ്റ് അംഗത്തിന് വൈസ് ചാൻസിലർ അനുമതി നൽകിയത്.സർവകലാശാലയെ ഉപയോഗിച്ച് സമുദായങ്ങളെ കൂടെ നിർത്തുവാനുള്ള  രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാണ് ഡോക്ടറേറ്റ് നൽകാനുള്ള കാലിക്കറ്റിന്റെ തീരുമാനം. സംസ്ഥാനത്തെ  സർവ്വകലാശാലകൾ ഇതിനകം ഓണററി ഡോക്ടറേറ്റ് ബിരുദം നൽകിയിട്ടുള്ളവരുടെ സംഭാവനകൾ പരിശോധിച്ച ശേഷം,ഇവർ രണ്ടുപേരും സാംസ്‌കാരിക - വൈജ്ഞാനിക മേഖലകൾക്ക് നൽകിയിട്ടുള്ള സംഭാവനകൾ വ്യക്തമാക്കുവാൻ കാലിക്കറ്റ് സർവ്വകലാശാല തയ്യാറാ വണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടു.

തിങ്കളാഴ്ച ചേർന്ന കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റിൽ  ഇടത് അനുകൂലിയായ സിൻഡിക്കേറ്റംഗം ഇ അബ്ദുറഹീമാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, വെള്ളാപ്പള്ളി നടേശൻ എന്നിവർക്ക് ഡോക്ടറേറ്റ്  നൽകണമെന്ന  പ്രമേയം അവതരിപ്പിച്ചത്. വൈസ് ചാൻസലറുടെ അനുവാദത്തോടെയായിരുന്നു ഇത്.സമൂഹത്തിനാകെ പ്രയോജനപ്പെടുംവിധം വിദ്യാഭ്യാസരംഗത്ത് പ്രവർത്തനങ്ങൾ നടത്തുന്നവരാണ് ഇരുവരുമെന്ന് പ്രമേയത്തിൽ പറയുന്നു. മറ്റു രാജ്യങ്ങളുമായി ആശയവിനിമയം നടത്തി കാന്തപുരം അബൂബക്കർ മുസ്ലിയാർ പുതുതലമുറ കോഴ്സുകൾ കേരളത്തിന്റെ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നു.

നൂറുകണക്കിന് വിദ്യാഭ്യാസസ്ഥാപനങ്ങൾ പടുത്തുയർത്തി ഇന്നും ഈ മേഖലയിൽ സജീവമാണ് വെള്ളാപ്പള്ളി നടേശൻ. ഇരുവരുടെയും പ്രൊഫൈലുകൾ ഡി.ലിറ്റ് നൽകുന്നതിനായി നിയമിക്കപ്പെട്ട ഉപസമിതി പഠിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.  ഭിന്നതയെത്തുടർന്ന് ഡി.ലിറ്റ് നൽകാനുള്ളവരെ കണ്ടെത്താൻ രൂപീകരിച്ച ഉപസമിതിയുടെ പരിഗണനയ്ക്കായി പ്രമേയം കൈമാറാൻ തീരുമാനിക്കുകയായിരുന്നു.

- എല്ലാ മലയാളികൾക്കും മറുനാടൻ മലയാളി കുടുംബത്തിന്റെ തിരുവോണ ആശംസകൾ. തിരുവോണ ദിനത്തിൽ (08/09/2022 -വ്യാഴാഴ്ച) ഓഫീസ് അവധി ആയതിനാൽ മറുനാടൻ മലയാളി സൈറ്റ് അപ്‌ഡേഷൻ ഉണ്ടായിരിക്കുന്നതല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP