Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്പീക്കർ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് യുഡിഎഫ്; എ.എൻ.ഷംസീറിനെ നേരിടാൻ അൻവർ സാദത്ത്; പുതിയ സ്പീക്കറെ തിരഞ്ഞെടുക്കാൻ 12ന് നിയമസഭ ചേരും; പ്രതിപക്ഷം സ്ഥാനാർത്ഥിയെ നിർത്തിയതോടെ വോട്ടെടുപ്പ് രഹസ്യ ബാലറ്റിലൂടെ

സ്പീക്കർ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് യുഡിഎഫ്; എ.എൻ.ഷംസീറിനെ നേരിടാൻ അൻവർ സാദത്ത്; പുതിയ സ്പീക്കറെ തിരഞ്ഞെടുക്കാൻ 12ന് നിയമസഭ ചേരും; പ്രതിപക്ഷം സ്ഥാനാർത്ഥിയെ നിർത്തിയതോടെ വോട്ടെടുപ്പ് രഹസ്യ ബാലറ്റിലൂടെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എം.ബി.രാജേഷ് രാജിവച്ച ഒഴിവിൽ നടക്കുന്ന സ്പീക്കർ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. കോൺഗ്രസ് നേതാവ് അൻവർ സാദത്ത് എംഎൽഎ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബർ 12നാണ് സ്പീക്കർ തിരഞ്ഞെടുപ്പു നടക്കുക. ആലുവ എംഎൽഎയാണ് യുഡിഎഫിനായി മത്സരിക്കുന്ന അൻവർ സാദത്ത്.

സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും തലശ്ശേരി എംഎൽഎയുമായ എ.എൻ.ഷംസീറിനെ സ്പീക്കറാക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു. സ്പീക്കർ സ്ഥാനത്തുനിന്നു രാജിവച്ച എം.ബി.രാജേഷ് പിന്നാലെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനാണ് രാജേഷ് രാജിക്കത്ത് കൈമാറിയത്.

സഭയിലെ ഭൂരിപക്ഷം അനുസരിച്ച് ഷംസീർ തെരഞ്ഞെടുക്കുമെന്നുറപ്പാണ്. സ്പീക്കർ തെരഞ്ഞെടുപ്പിന് മാത്രമായാണ് തിങ്കളാഴ്ച നിയമസഭ സമ്മേളനം ചേരുന്നത്. മന്ത്രിയായിരുന്ന എം വി ഗോവിന്ദൻ പാർട്ടി സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതോടെ സ്പീക്കറായിരുന്ന എം ബി രാജേഷ് മന്ത്രിസഭയിലേക്ക് എത്തിയിരുന്നു.

ഇതോടെ എ എൻ ഷംസീറിനെ സ്പീക്കർ സ്ഥാനത്തേക്ക് എൽഡിഎഫ് തീരുമാനിക്കുകയായിരുന്നു. എം ബി രാജേഷിന്റെയും എ എൻ ഷംസീറിന്റെയും പേര് മന്ത്രി സ്ഥാനത്തേക്കുള്ള ചർച്ചയിൽ ഉണ്ടായിരുന്നെങ്കിലും ഒടുവിൽ തൃത്താല എംഎൽഎയെ മന്ത്രിയാക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു. എം വി ഗോവിന്ദൻ ഒഴിയുന്ന സ്ഥാനത്തേക്ക് കണ്ണൂരിൽ നിന്നൊരു നേതാവ് മന്ത്രിസ്ഥാനത്തേക്ക് വരുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു.

എന്നാൽ അപ്രതീക്ഷിതമായിട്ടാണ് ഷംസീർ സ്പീക്കർ സ്ഥാനത്തേക്ക് വരുന്നത്. തുടർച്ചയായ രണ്ടാം തവണയാണ് ഷംസീർ എം എൽ എയാകുന്നത്. അതുകൊണ്ടുതന്നെ മന്ത്രിസഭയിലേക്ക് അദ്ദേഹത്തെ പരിഗണിക്കുമെന്ന് ഉറപ്പായിരുന്നു. എന്നാൽ, എം പിയെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച എം ബി രാജേഷിനെയും പാർട്ടിക്ക് അവഗണിക്കാനാകുമായിരുന്നില്ല. നേരത്തെ എം ബി രാജേഷിനെ സ്പീക്കറാക്കി ഒതുക്കിയെന്ന ആരോപണവും ഉയർന്നിരുന്നു.

എന്തായാലും ഉത്തരവാദിത്തപ്പെട്ട സ്ഥാനമാണ് പാർട്ടി ഷംസീറിന് നൽകിയിരിക്കുന്നത്. എം ബി രാജേഷ് തിളങ്ങിയ സ്ഥാനത്ത് ഷംസീറിന്റെ പ്രകടനമെങ്ങനെയാകുമെന്നാണ് രാഷ്ട്രീയ കേരളം ഇനി ഉറ്റുനോക്കുന്നത്. സ്പീക്കർ പദവിയുടെ മഹത്വത്തെ കുറിച്ച് നല്ല ബോധ്യമുണ്ടെന്ന് എ എൻ ഷംസീർ പ്രതികരിച്ചിരുന്നു.

മുൻ വിധിയില്ലാതെ പ്രതിപക്ഷത്തേയും ഭരണപക്ഷത്തേയും ഒരുമിച്ച് കൊണ്ടുപോകുമെന്നും ഷംസീർ പറഞ്ഞു. സ്പീക്കർ പദവിയിൽ എ എൻ ഷംസീറിനെ തീരുമാനിച്ചത് മുതൽ ട്രോളുകൾ വന്നിരുന്നു. രാഷ്ട്രീയം പറയേണ്ട സാഹചര്യത്തിൽ പറയും. പക്ഷേ, കക്ഷി രാഷ്ട്രീയം ഒഴിവാക്കും. മുൻ സ്പീക്കർമാരിൽ നിന്ന് ഉപദേശം സ്വീകരിച്ച് പ്രവർത്തിക്കും. തന്നെപ്പറ്റി ഒരു മുൻ വിധിയും ആർക്കും ഉണ്ടാവേണ്ടതില്ലെന്നും ഷംസീർ പറഞ്ഞു.

പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നതിന് തിങ്കളാഴ്ച രാവിലെ 10നാണ് നിയമസഭ ചേരുക. കഴിഞ്ഞ ഒന്നിന് അവസാനിച്ച നിയമസഭാ സമ്മേളനത്തിന്റെ തുടർച്ചയായി ആണ് ചേരുന്നത്. ആ സമ്മേളനം പ്രൊറോഗ് ചെയ്തിരുന്നില്ല. പ്രതിപക്ഷം സ്ഥാനാർത്ഥിയെ നിർത്തിയ സാഹചര്യത്തിൽ രഹസ്യ ബാലറ്റിലൂടെയാകും വോട്ടെടുപ്പ് നടത്തുക. തുടർന്നു വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും. പുതിയ സ്പീക്കറുടെ പ്രസംഗത്തിനു ശേഷമാവും സഭ പിരിയുക.


-എല്ലാ മലയാളികൾക്കും മറുനാടൻ മലയാളി കുടുംബത്തിന്റെ തിരുവോണ ആശംസകൾ. തിരുവോണ ദിനത്തിൽ (08/09/2022 -വ്യാഴാഴ്ച) ഓഫീസ് അവധി ആയതിനാൽ മറുനാടൻ മലയാളി സൈറ്റ് അപ്‌ഡേഷൻ ഉണ്ടായിരിക്കുന്നതല്ല.

- എല്ലാ മലയാളികൾക്കും മറുനാടൻ മലയാളി കുടുംബത്തിന്റെ തിരുവോണ ആശംസകൾ. തിരുവോണ ദിനത്തിൽ (08/09/2022 -വ്യാഴാഴ്ച) ഓഫീസ് അവധി ആയതിനാൽ മറുനാടൻ മലയാളി സൈറ്റ് അപ്‌ഡേഷൻ ഉണ്ടായിരിക്കുന്നതല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP