Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിന് കേന്ദ്രസർക്കാരിന്റെ ഓണസമ്മാനം; കൊച്ചി മെട്രോ കലൂരിൽ നിന്നും ഐടി ഹബ്ബായ കാക്കനാടേക്ക്; രണ്ടാം ഘട്ടത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം; തീരുമാനം, പ്രധാനമന്ത്രി ശിലാ സ്ഥാപന കർമ്മം നിർവഹിച്ചതിന് പിന്നാലെ; സ്ഥലമേറ്റെടുപ്പ് വൈകാതെ തുടങ്ങും

കേരളത്തിന് കേന്ദ്രസർക്കാരിന്റെ ഓണസമ്മാനം; കൊച്ചി മെട്രോ കലൂരിൽ നിന്നും ഐടി ഹബ്ബായ കാക്കനാടേക്ക്; രണ്ടാം ഘട്ടത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം; തീരുമാനം, പ്രധാനമന്ത്രി ശിലാ സ്ഥാപന കർമ്മം നിർവഹിച്ചതിന് പിന്നാലെ; സ്ഥലമേറ്റെടുപ്പ് വൈകാതെ തുടങ്ങും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേരളം കാത്തിരുന്ന കൊച്ചി മെട്രോ പാതയുടെ ദീർഘിപ്പിക്കലിന് കേന്ദ്രസർക്കാരിന്റെ അനുമതി. കൊച്ചി മെട്രോ കലൂരിൽ നിന്നും ഐടി ഹബ്ബായ കാക്കനാട് വരെ നീട്ടാനുള്ള പദ്ധതിക്ക് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം അനുമതി നൽകി. മൂന്ന് ദിവസം മുൻപ് കേരളത്തിൽ സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചി മെട്രോയുടെ പുതിയ ഘട്ടത്തിന് തറക്കല്ലിട്ടിരുന്നു.

മലയാള നാട് ഒന്നാകെ തിരുവോണം ആഘോഷിക്കാനുള്ള ഉത്രാടപ്പാച്ചിലിൽ മുഴുകവെയാണ് ഓണസമ്മാനമായി കേന്ദ്രസർക്കാരിന്റെ തീരുമാനം എത്തുന്നത്. 11.17 കിലോമീറ്റർ വരുന്നതാണ് നിർദിഷ്ട പാത. പാതയിൽ 11 സ്റ്റേഷനുകളാണ് വരുന്നത്. 1957.05 കോടി രൂപ ചെലവ് വരുന്നതാണ് പദ്ധതി. കൊച്ചി മെട്രോ ഇൻഫോപാർക്കിൽ എത്തുന്നതോടെ, കൊച്ചിയുടെ ഗതാഗത സൗകര്യങ്ങൾക്ക് കൂടുതൽ തിളക്കം കൈവരുമെന്നാണ് വിലയിരുത്തൽ.

കൊച്ചി മെട്രോ രണ്ടാം ഘട്ടം നടപ്പാക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കുകയും ഇപ്പോൾ കേന്ദ്രമന്ത്രിസഭായോഗം പദ്ധതിക്ക് അനുമതി നൽകുകയും ചെയ്തതോടെ കലൂർ - കാക്കനാട് പാതയിലെ മുടങ്ങി കിടക്കുന്ന സ്ഥലമേറ്റെടുപ്പും വൈകാതെ തുടങ്ങും.പണമില്ലാത്തതിനാൽ നാലിൽ രണ്ട് വില്ലേജുകളിലെ ഭൂമി മാത്രമാണ് നിലവിൽ സംസ്ഥാന സർക്കാർ ഏറ്റെടുത്തത്.പദ്ധതി തുടങ്ങാൻ വൈകിയതിനാൽ പ്രഖ്യാപിച്ചിരിക്കുന്ന നിർമ്മാണ ചെലവിനേക്കാൾ ഇനി ചെലവ് എത്രകൂടുമെന്നാണ് അറിയേണ്ടത്.

കലൂർ സ്റ്റേഡിയം- പാലാരിവട്ടം സിവിൽ ലൈൻ റോഡിലൂടെ ബൈപാസ് കടന്ന് ആലിൻചുവട്, ചെമ്പ്മുക്ക്, വാഴക്കാല, പടമുകൾ, ലിങ്ക് റോഡിലൂടെ സീപോർട്ട്-എയർപോർട്ട് റോഡ് വഴി ഈച്ചമുക്ക്, ചിത്തേറ്റുകര, ഐ.ടി. റോഡ് വഴി ഇൻഫോപാർക്ക് വരെ നീളുന്നതാണ് നിർദിഷ്ട കലൂർ - ഇൻഫോപാർക്ക് പാത.

കൊച്ചി മെട്രോ പ്രഖ്യാപിച്ചപ്പോൾ തന്നെ രണ്ടാം ഘട്ടത്തിനും അംഗീകാരം കിട്ടിയിരുന്നു.എന്നാൽ കേന്ദ്ര ക്യാബിനറ്റ് അനുമതി നൽകാത്തതാണ് കഴിഞ്ഞ അഞ്ച് വർഷക്കാലം തിരിച്ചടിയായത്.വൈകിയെങ്കിലും പ്രധാനമന്ത്രി നേരിട്ട് കൊച്ചിയിലെത്തി ഏവരും കാത്തിരുന്ന ആ പ്രഖ്യാപനം നടത്തി പിന്നാലെ കേന്ദ്രമന്ത്രിസഭ പദ്ധതിക്ക് അംഗീകാരവും നൽകി.

ഡിഎംആർസിക്ക് പകരം കൊച്ചി മെട്രോ നേരിട്ടാവും പദ്ധതിയുടെ നിർമ്മാണം നിർവഹിക്കുക.11 സ്റ്റേഷനുകളാണ് പാതയിലുണ്ടാവുക. 1950 കോടി രൂപയാണ് നേരത്തെയുള്ള കണക്ക് പ്രകാരം പദ്ധതിക്കായി ചെലവാക്കുക. എന്നാൽ പദ്ധതി നീണ്ടു പോയതിനാൽ ചെലവാക്കേണ്ട തുകയിലും മാറ്റം വരും.

കേന്ദ്രവും സംസ്ഥാനവും ചെലവ് പങ്കിടുന്ന പദ്ധതിക്കായി തുക അനുവദിക്കുന്നത് വൈകുമോയെന്നാണ് ഇനി ആശങ്ക. പദ്ധതി പൂർത്തിയാക്കാൻ എത്രസമയമെടുക്കുമെന്നതും വ്യക്തമാക്കാനുണ്ട്. സംസ്ഥാനം സ്ഥലമേറ്റെടുക്കൽ തുടങ്ങിയെങ്കിലും പണമില്ലാത്തതിനാൽ ഏറ്റെടുക്കാനുള്ള നാല് വില്ലേജുകളിൽ രണ്ടെണ്ണത്തിന്റെ മാത്രമാണ് ഭൂമി ഇത് വരെ കൈമാറിയത്.

കാക്കനാട് ,ഇടപ്പള്ളി സൗത്ത് വില്ലേജിലെ 2.51 ഭൂമി ജില്ല ഭരണകൂടം ഏറ്റെടുത്ത് മെട്രോ കമ്പനിക്ക് കൈമാറി.226 ഭൂഉടമകൾക്കായി 132 കോടി രൂപ നൽകി.പൂണിത്തുറ,വാഴക്കാല വില്ലേജുകളിലെ സ്ഥലമേറ്റെടുക്കലാണ് ഇനി ബാക്കിയുള്ളത്. കടയുടകൾക്കും,വാടകക്കാർക്കുള്ള പുനരധിവാസ പാക്കേജ് അനുവദിക്കുന്നതിലും ഇനി വേഗം കൂട്ടണം.

അരലക്ഷത്തിലധികം ജീവനക്കാരുള്ള ഇൻഫോപാർക്കിൽ മെട്രോ എത്തിയാൽ യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുതിച്ച് ചാട്ടമാണ് പ്രതീക്ഷിക്കുന്നത്. എസ് എൻ ജംഗ്ഷൻ വരെ നിലവിൽ 24 സ്റ്റേഷനുകളിലായി ആലുവ തുടങ്ങി കൊച്ചി നഗരം ചുറ്റി 27 കിലോമീറ്ററാണ് മെട്രോ ഓടിയെത്തുന്നത്.

-എല്ലാ മലയാളികൾക്കും മറുനാടൻ മലയാളി കുടുംബത്തിന്റെ തിരുവോണ ആശംസകൾ. തിരുവോണ ദിനത്തിൽ (08/09/2022 -വ്യാഴാഴ്ച) ഓഫീസ് അവധി ആയതിനാൽ മറുനാടൻ മലയാളി സൈറ്റ് അപ്‌ഡേഷൻ ഉണ്ടായിരിക്കുന്നതല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP