Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

400 കോടിയുടെ വീട്, അഞ്ചുകോടിയുടെ കാർ, മൂന്ന് ജെറ്റുവിമാനങ്ങൾ; ഓസ്ട്രേലിയയിൽ കൽക്കരി ഖനി, ശ്രീലങ്കയിൽ തുറമുഖവും കാറ്റാടിപ്പാടവും; വിഴിഞ്ഞം പോർട്ടും തിരുവനന്തപുരം എയർപോർട്ടും എൻഡിടിവിയും.... 2.6 ലക്ഷം കോടിരൂപ കടം, 137.4 ബില്യൺ ഡോളർ ആസ്തി; ലോകത്തിൽ ഏറ്റവും കൂടുതൽ കടമുള്ള കോടീശ്വരൻ! അദാനിയുടേത് സാമ്പത്തിക മാജിക്ക്

400 കോടിയുടെ വീട്, അഞ്ചുകോടിയുടെ കാർ, മൂന്ന് ജെറ്റുവിമാനങ്ങൾ; ഓസ്ട്രേലിയയിൽ കൽക്കരി ഖനി, ശ്രീലങ്കയിൽ തുറമുഖവും കാറ്റാടിപ്പാടവും; വിഴിഞ്ഞം പോർട്ടും തിരുവനന്തപുരം എയർപോർട്ടും എൻഡിടിവിയും.... 2.6 ലക്ഷം കോടിരൂപ കടം, 137.4 ബില്യൺ ഡോളർ ആസ്തി; ലോകത്തിൽ ഏറ്റവും കൂടുതൽ കടമുള്ള കോടീശ്വരൻ! അദാനിയുടേത് സാമ്പത്തിക മാജിക്ക്

എം റിജു

'വേദനിക്കുന്ന കോടീശ്വരൻ' എന്ന് അഴകിയ രാവണൻ സിനിമയിൽ മമ്മൂട്ടി പറഞ്ഞിട്ട് നാം കേട്ടിട്ടുണ്ട്. പക്ഷേ കോടികളുടെ കടക്കാരനായ കോടീശ്വരൻ എന്ന് പറയുമ്പോൾ നാം ഗൗതം അദാനിയെയാണ് ഓർമ്മിക്കുക. കാരണം ഒന്നും രണ്ടുമല്ല, 2.6 ലക്ഷം കോടി രൂപയാണ് അദാനിയുടെ മൊത്തം കടം!

എന്നിട്ടും, അയാൾ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പന്നായി ഉയരുന്നു. ടാറ്റയും, ബിർളയും, മിസ്ട്രിയും, വാഡിയയും, അംബാനിയും അടക്കിവാണിരുന്ന, ഇന്ത്യൻ വ്യവസായ ലോകത്തുനിന്ന് അയാൾ അവരെയെല്ലാം പിന്നിലാക്കി പറക്കുന്നു. ശ്രീലങ്കയിലെ തുറമുഖവും കാറ്റാടിപ്പാടവും, ഓസ്ട്രേലിയയിലെ കൽക്കരി ഖനികളും, മഡഗസ്സ്‌ക്കറിലെ ചുണ്ണാമ്പുപാറകളും തൊട്ട് ലോകത്തിന്റെ വിവിധ മേഖലകളിലേക്ക് നീങ്ങുകയാണ്, ഈ ഗുജറാത്തി ജൈനന്റെ വ്യവസായക്കണ്ണുകൾ. ഇന്ത്യയിലാവട്ടെ, വിമാനത്താവളവും വൈദ്യുതിയും തുറമുഖവും കയറ്റുമതിയും, ഖനിയും സിമന്റും ഒടുവിൽ എൻഡിടിവി വരെ അദാനിയുടെ കൈയിലാവുന്നു. കോളജ് ഡ്രോപ്പ്ഔട്ട് ആയി, എല്ലാവരും എഴുതിത്ത്ത്ത്ത്ത്ത്ത്തള്ളിയ പയ്യനിൽ നിന്ന്, 60 വയസ്സായപ്പോഴേക്കും ലോകത്തിലെ മൂന്നാമത്തെ കോടീശ്വരനായി അദാനി മാറിയത് ഒരു അദ്ഭുതം തന്നെയാണ്.

അദാനിയുടെ വിമർശകർ ഇപ്പോഴും ചൂണ്ടിക്കാട്ടാറുള്ള ഒരു കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അടുപ്പമാണ് അയാളെ വളർത്തിയത് എന്നാണ്. മോദിയുടെ ക്രോണി എന്നാണ് വിമർശകർ അയാളെ വിശേഷിപ്പിക്കാറുള്ളത്. തീർച്ചയായും രാഷ്ട്രീയ സ്വാധീനം അദാനിയുടെ വളർച്ചയുടെ പ്രധാന ഘടകമാണ്. പക്ഷേ കമ്യൂണിസ്റ്റുകാർ ആരോപിക്കുന്നതുപോലെ അതുമാത്രമല്ല അദാനിയുടെ കരുത്ത്. ബിസിനസ് നവീകരണം, പുതിയ മേഖലയിലേക്കുള്ള കടന്നുകയറൽ, തന്ത്രപരമായ നിക്ഷേപം, ബ്രാൻഡിങ്ങ് വഴി ഷെയർ ഉടമകളിൽ ഉണ്ടാക്കിയെടുക്കുന്ന വിശ്വാസം, അങ്ങനെ നിരവധിയായ കാര്യങ്ങൾ ഈ വളർച്ചക്ക് പിന്നിലുണ്ട്. ശരിക്കും പഠിക്കേണ്ടതുതന്നെയാണ് അദാനിയുടെ സാമ്പത്തിക മാജിക്ക്.

ലോകത്തിലെ മൂന്നാമത്തെ കോടീശ്വരൻ

കടം വർധിക്കുമ്പോഴും അദാനിയുടെ ആസ്തിയും വർധിക്കുന്നുണ്ട്. ബ്ളൂംബെർഗ് എന്ന ലോകപ്രശസ്ത ബിസിനസ് മാസിക പറയുന്നത്, ഗൗതം അദാനി ലോകത്തെ മൂന്നാം നമ്പർ കോടീശ്വരനായെന്നാണ്. 137.4 ബില്യൺ ഡോളർ ആസ്തിയുമായി ഫ്രാൻസിന്റെ ബെർണാഡ് അർനോൾട്ടിനെ പിന്തള്ളിയാണ് അദാനി ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പന്നനായി മാറിയത്. ആദ്യമായാണ് ഏഷ്യയിൽ നിന്നുള്ള ഒരു വ്യക്തി ബ്ലൂംബെർഗ് ബില്യണയർ സൂചികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇടംപിടിക്കുന്നത്.

ഫ്രാൻസിന്റെ ബെർണാഡ് അർനോൾട്ട് പ്രമുഖ വ്യവസായിയും, നിക്ഷേപകനും ആണ്. ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഉൽപ്പന്ന കമ്പനിയായ ലൂയി വിറ്റൺ എസ്ഇ - എൽവി എംഎച്ച് മൊയ്റ്റ് ഹെന്നസിയുടെ സഹസ്ഥാപകനും ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമാണ്. 91.9 ബില്യൺ ഡോളർ ആസ്തിയുമായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി ഈ പട്ടികയിൽ 11-ാം സ്ഥാനത്താണ്. കഴിഞ്ഞ മാസം, ഗൗതം അദാനി ബിൽ ഗേറ്റ്‌സിനെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ധനികനായ വ്യക്തിയായി മാറിയിരുന്നു. 60.9 ബില്യൺ ഡോളർ ആണ് 2022ൽ മാത്രം അദാനി തന്റെ സാമ്പത്തിലേക്ക് കൂട്ടിച്ചേർത്തത്. ഫെബ്രുവരിയിൽ ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയെ അദാനി ആദ്യം മറികടന്നിരുന്നു.

ഇതിനർഥം അദാനി ഈ കോടികൾ എല്ലാം മേശയിൽ അട്ടിയിട്ടിരിക്കയാണ് എന്നല്ല. കമ്പനികളുടെ ഓഹരി വില കുതിച്ചപ്പോൾ അതിൽ അദാനിക്ക് എത്ര ഓഹരിയുണ്ട് അതിന്റെ മൂല്യം എത്ര എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്ക്. ഓഹരി വിലകൾ ഇടിഞ്ഞാൽ ഈ സ്ഥാനത്തിൽ മാറ്റവും വരാം. അതായത് ഈ പണം ഒന്നും അദാനിയുടെ കൈയിൽ ഉള്ളത് അല്ല, ഫ്ളോട്ടിങ്ങ് ആണെന്ന് ചരുക്കം. ഇതാണ് ആധുനിക ഫിനാൻസ് മാനേജ്മെന്റ്.

പക്ഷേ ഇപ്പോൾ കേരളത്തിലടക്കം മറ്റൊരു കാര്യമാണ് പ്രചരിക്കുന്നത്. അദാനിയുടെ അടിത്തറ മുഴുവൻ ബാങ്ക് വായ്‌പ്പകളും കടവുമാണെന്നും, അതിനിൽ വൈകാതെ പൊളിയുമെന്നാണ്, സൈബർ സഖാക്കൾ അടക്കം പ്രചരിപ്പിക്കുന്നത്.

കടം കയറി പൊളിയുമോ?

അദാനി കടകയറി പൊളിയുമെന്നതിന് കാരണമായി വിമർശകർ ചൂണ്ടിക്കാട്ടുന്ന ചില കാര്യങ്ങൾ ചില അന്താരാഷ്ട്ര സാമ്പത്തിക നിരീക്ഷണ സ്ഥാപനങ്ങൾ നൽകുന്ന മുന്നറിയിപ്പുകൾ ആണ്. അദാനി
ഗ്രൂപ്പ് കമ്പനികളുടെ സംയുക്ത കടം 2021-22 സാമ്പത്തിക വർഷം 40.5 ശതമാനം വർധിച്ചതായാണ് ദ മോണിങ് കോൺടക്‌സ് ഡാറ്റ പറയുന്നത്. മുൻ വർഷത്തെ 1.57 ലക്ഷം കോടിയിൽനിന്ന് 2.6 ലക്ഷം കോടി രൂപയായാണ് കടം വർധിച്ചത്. ഫ്‌ളാഗ്ഷിപ്പ് കമ്പനിയായ അദാനി എന്റർപ്രൈസസാണ് ഏറ്റവും കൂടുതൽ കടമുള്ള കമ്പനി. ഗ്രൂപ്പിന്റെ ഡെബ്റ്റ് ടു ഇക്വിറ്റി റേഷ്യോ നാലു വർഷത്തെ ഉയർന്ന നിലയിലാണ് എന്നും റിപ്പോർട്ടിൽ പറയുന്നു.

അദാനി സ്ഥാപനങ്ങളുടെ സാമ്പത്തിക ഭദ്രതയെക്കുറിച്ച് യുഎസ് ക്രഡിറ്റ് റേറ്റിങ് ഏജൻസി ഫിച്ച് ഗ്രൂപ്പിനു കീഴിലുള്ള വായ്പാ നിരീക്ഷണ ബോഡി ക്രഡിറ്റ്‌സൈറ്റ്‌സ് ഈയിടെ ചില നെഗറ്റീവ് പരാമർശങ്ങൾ പുറത്തുവിട്ടിരുന്നു. ഓവർലെവറജിഡ് എന്നാണ് ക്രഡിറ്റ്‌സൈറ്റ്‌സ് അദാനി സാമ്രാജ്യത്തെ വിശേഷിപ്പിച്ചിരുന്നത്. പ്രവർത്തന ചെലവിന് പണം കണ്ടെത്താൻ കഴിയാതെ, കൂടുതൽ കടമെടുക്കുന്ന സ്ഥാപനങ്ങളെയാണ് ഇങ്ങനെ വിളിക്കുന്നത്. ഇതിന് പിന്നാലെയാണ് പൊതുകടത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

തുറമുഖം മുതൽ ഊർജം വരെ പടർന്നു കിടക്കുന്ന വ്യവസായ ലോകത്തിൽ അദാനി നടത്തുന്ന നിക്ഷേപങ്ങൾക്കു മേൽ വായ്പാ ഭാരം സമ്മർദം ചെലുത്തുമെന്ന് ബ്ലൂംബർഗും റിപ്പോർട്ടു ചെയ്യുന്നു. ഒരു മോശം സാഹചര്യത്തിൽ വായ്പാ കുടിശ്ശികയിലേക്ക് മാറാവുന്ന കടക്കെണിയായി ഇതുമാറാമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെ വിപണിയിൽ രജിസ്റ്റർ ചെയ്ത ഏഴിൽ അഞ്ചു കമ്പനികളുടെയും ഓഹരിയിടിഞ്ഞു. ഏകദേശം 17 ലക്ഷം കോടി രൂപയാണ് ഗ്രൂപ്പിന്റെ വിപണി മൂലധനം.

ആർ ലക്ഷ്മണൻ, റോഹൻ കപൂർ, ജോനാഥൻ ടാൻ എന്നിവർ എഴുതിയ റിപ്പോർട്ടിലെ പ്രസക്ത ഭാഗം ബ്ലൂംബർഗ് റിപ്പോർട്ടു ചെയ്യുന്നത് ഇങ്ങനെയാണ്. വൻതോതിൽ മൂലധന നിക്ഷേപം ആവശ്യമുള്ള, പരസ്പര ബന്ധമില്ലാത്ത വ്യവസായങ്ങളിലാണ് അദാനി പ്രവേശിക്കുന്നത്. പദ്ധതികൾ വിജയകരമായി നടപ്പാക്കുന്നതിൽ ആശങ്ക നിലനിൽക്കുന്നു.വിപണിയിലെ മേധാവിത്വം നിലനിർത്തുന്നതിനായി അദാനി ഗ്രൂപ്പും റിലയൻസ് ഗ്രൂപ്പും ശക്തമായ മത്സരമാണ് ഉള്ളത്. ഇത് വിവേകമില്ലാത്ത സാമ്പത്തിക തീരുമാനങ്ങളിലേക്ക് കമ്പനിയെ നയിക്കുന്നു.

ഗ്രൂപ്പിന് മധ്യനിലവാരത്തിലുള്ള ഗവേണൻസാണ് ഉള്ളത്. ഇ.എസ്.ജി (എൻവയോൺമെന്റൽ, സൊസൈറ്റി, ഗവൺമെന്റ്) റിസ്‌കുകൾ കൂടുതലാണ്. അദാനി എന്റർപ്രൈസസ് ഫ്‌ളാഗ്ഷിപ്പ് പദ്ധതികളിലൂടെ ശക്തവും സുസ്ഥിരവുമായ കമ്പനികൾ ഉണ്ടാക്കാനുള്ള മികച്ച ട്രാക്ക് റെക്കോർഡ് കമ്പനിക്കുണ്ട്. ഇന്ത്യൻ സാമ്പത്തിക മേഖലയിൽ ആരോഗ്യകരമായി പ്രവർത്തിക്കുന്ന മികച്ച അടിസ്ഥാന സൗകര്യ ആസ്തികളും കമ്പനി ഉണ്ടാക്കിയിട്ടുണ്ട്.ഗ്രൂപ്പ് സ്ഥാപകൻ നരേന്ദ്ര മോദി ഗവൺമെന്റുമായി ശക്തമായ ബന്ധം സൂക്ഷിക്കുന്നു. നയപരമായ തീരുമാനങ്ങളിൽ ഇത് ഗുണകരമാകുന്നുണ്ട്.കൂടുതൽ കടം വാങ്ങിയുള്ള കമ്പനിയുടെ നിക്ഷേപങ്ങൾ ക്രഡിറ്റ് സൈറ്റ്‌സ് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

പക്ഷേ ഒറ്റ കിട്ടാക്കടവുമില്ല


കടം പെരുകി നിൽക്കുമ്പോഴും പൊതുമേഖലാ ബാങ്കുകളിൽ നിന്ന് വൻ തോതിൽ വായ്പ കിട്ടുന്ന വ്യവസായ ഭീമൻ കൂടിയാണ് അദാനി. യുപിയിലെ 594 കിലോമീറ്റർ നീളം വരുന്ന ഗംഗ എക്സ്‌പ്രസ് വേയ്ക്കു വേണ്ടി 12,000 കോടി രൂപയുടെ വായ്പയാണ് അദാനി ഗ്രൂപ്പ് എസ്‌ബിഐയിൽ നിന്ന് എടുത്തത്. കോപ്പർ റിഫൈനറിക്കു വേണ്ടി ആറായിരം കോടി രൂപയും പി.വി സി പ്ലാന്റിന് വേണ്ടി 14000 കോടി രൂപയും ഗ്രൂപ്പ് വായ്പയിനത്തിൽ സ്വന്തമാക്കിയിട്ടുണ്ട്.

അതേസമയം, ബഹുരാഷ്ട്ര കമ്പനി എന്ന നിലയിൽ അദാനിക്ക് ഇവ കൈകാര്യം ചെയ്യാവുന്നതേയുള്ളൂവെന്ന് ചില സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. 2014 മുതൽ പൊതുമേഖലാ ബാങ്കുകളിൽ അദാനിയുടെ പേരിൽ ഒരു രൂപയുടെ കിട്ടാക്കടമില്ലെന്നും അവർ പറയുന്നു. ഗ്രൂപ്പിന്റെ ഡെബ്റ്റ് ടു ഈക്വിറ്റി റേഷ്യോ കുറഞ്ഞുവരികയാണ്. അതായത് കോടികളുടെ കടം ഉണ്ടെങ്കിലും അതെല്ലാം അവർ നന്നായി അടയ്ക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അദാനി ഗ്രൂപ്പിന്റെ ബിസിനസ് നന്നായി പോകുന്നുണ്ട്. പിന്നെ എങ്ങനെയാണ് അവർ പൊളിയുമെന്ന് പ്രവചിക്കുക. പിന്നെ ഈ പറയുന്ന ഓരോ ക്രെഡിറ്റ് റേറ്റിങ്ങ് ഏജൻസികളും, ചില സൂചനകളും സാധ്യതകളുമാണ് നൽകുക. അല്ലാതെ അത് കൃത്യമായ പ്രവചനമല്ല.

ഇതിൽ നിന്നെല്ലാം ഭിന്നമായി നിക്ഷേപകർക്ക് കൃത്യമായി വിശ്വാസമുള്ള ഒരു ബ്രാൻഡ് ആണിത്. അതുകൊണ്ടുതന്നെ ഉടനെയാന്നും അദാനിയുടെ ഓഹരി വില ഇടിയില്ല. മൊത്തത്തിലുള്ള കടത്തിന്റെ അളവ് ഉയർന്നിട്ടുണ്ടെങ്കിലും, ദീർഘകാല കാലാവധിയുള്ള ബോണ്ടുകൾക്കും ധനകാര്യ സ്ഥാപന (എഫ്‌ഐ) ലെൻഡർമാർക്കും അനുകൂലമായി കടം വൈവിധ്യവത്കരിക്കാൻ ഗ്രൂപ്പിന് കഴിഞ്ഞു. നിലവിലെ സാഹചര്യത്തിൽ അദാനി ഗ്രൂപ്പിന്റെ ആസ്തിയും, പെർഫോമൻസുമായി തട്ടിച്ചുനോക്കുമ്പോൾ, അവർക്ക് മാനേജ് ചെയ്യാവുന്ന കടം തന്നെയാണ് ഇപ്പോഴുള്ളത്

വൈവിധ്യങ്ങളുടെ രാജകുമാരൻ

വൈവിധ്യവത്ക്കരണമാണ് അദാനിയുടെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ടുതന്നെ ഒന്നിൽ പിഴവ് പറ്റിയാൽ അത് മറ്റൊന്ന്വെച്ച് നികത്തും. തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, ഹരിത വൈദ്യുതി, കൽക്കരിയിൽ നിന്നുള്ള വൈദ്യുതി, സിമന്റ്, കാർഷികോൽപ്പന്ന കയറ്റുമതി, ലോജിസ്റ്റിക്സ്, എയ്റോസ്പേസ്....ഒടുവിലിതാ എൻഡിടിവിയും. അദാനിയുടെ സാമ്രാജ്യം വിപുലീകരിക്കപ്പെടുകയാണ്് .അദാനിയുടെ പബ്ലിക്കായ കമ്പനികൾ നോക്കുക. അദാനി എന്റർപ്രൈസസ്, അദാനി പോർട്സ് ആൻഡ് ലോജിസ്റ്റിക്സ്, അദാനി ഗ്യാസ്, അദാനി വിൽമർ, അദാനി പവർ, അദാനി ഗ്രീൻ എനർജി, അദാനി ട്രാൻസ്മിഷൻ. ഇവയെല്ലാം ലിസ്റ്റഡ് കമ്പനികളാണ്. അദാനി എന്റർപ്രൈസസിന്റെ ഓഹരി വില 3130 രൂപയ്ക്കടുത്ത്. ഇവയുടെ സംയുക്ത വിപണി മൂല്യം 20,000 കോടി ഡോളറാണ് (16 ലക്ഷം കോടി രൂപ!).

1985 മുതൽ ചെറുകിട വ്യവസായങ്ങൾക്കു വേണ്ട പ്രൈമറി പോളിമേഴ്സ് കച്ചവടം നടത്തിയാണ് അദാനി എന്ന കോളജ് ഡ്രോപ്പ് ഔട്ട് പ്രവർത്തനം തുടങ്ങുന്നത്. 1988ൽ അദാനി എക്സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിച്ചു. ഇന്ന് നിരവധി തുറമുഖങ്ങളുടെ നടത്തിപ്പ് ഈ കമ്പനിക്കാണ്. കയറ്റുമതി കമ്പനിയുടെ പേരിൽ 1991 മുതൽ കാർഷികോൽപ്പന്നങ്ങളും തുണിത്തരങ്ങളും ലോഹങ്ങളും കയറ്റുമതി ചെയ്തു. ഗുജറാത്തിൽ മുന്ധ്ര തുറമുഖം വളർന്നു വരുന്ന കാലം. അദാനിക്ക് തുറമുഖത്തിന്റെ മാനേജീരിയിൽ ഔട്ട്സോഴ്സിങ് കരാർ കിട്ടി. 1993. മുന്ധ്ര തുറമുഖത്തെ പ്രത്യേക സാമ്പത്തിക മേഖലയിൽ ഒരു ജെട്ടിയുടെ കരാർ എടുത്തുകൊണ്ടാണ് തുറമുഖ രംഗത്തേക്കുള്ള പ്രവേശം. 1995ൽ മുന്ധ്ര തുറമുഖത്തിന്റെ മാനേജ്മെന്റ് കരാർ കിട്ടി. ഇന്ന് വർഷം 20 കോടി ടൺ ചരക്ക് കൈകാര്യം ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖമാണിത്.

ഇന്ന് ഇന്ത്യയിലെ 13 തന്ത്രപ്രധാന തുറമുഖങ്ങൾ നിയന്ത്രിക്കുന്നത് അദാനി പോർട്ട്സ് ലിമിറ്റഡാണ്. നമ്മുടെ വിഴിഞ്ഞം അതിലുൾപ്പെടും. ഇന്ത്യയുടെ തുറമുഖ ശേഷിയുടെ 24% അദാനിക്കാണ്. ഇവയാണ് ആ തുറമുഖങ്ങൾ1. മുന്ധ്ര, 2. കൃഷ്ണപട്ടണം, 3. ദാഹേജ്, 4.ട്യൂണ ടെർമിനൽ, 5.ഹസിറ, 6. മർഗാവ്, 7.കാട്ടുപ്പള്ളി, 8.എണ്ണൂർ, 9.വിശാഖപട്ടണം, 10.ധമ്റ, 11.ദിഖി. ഗുജറാത്തിലാണ് ഏറ്റവും കൂടുതൽ തുറമുഖങ്ങൾ 5 എണ്ണം. ഗോവയിലും കേരളത്തിലും ഒഡീഷയിലും ആന്ധ്രയിലും ഓരോന്ന്. തമിഴ്‌നാട്ടിൽ രണ്ടെണ്ണം. അറബിക്കടൽ തീരത്തും ബംഗാൾ ഉൾക്കടൽ തീരത്തും തുറമുഖങ്ങളുള്ള ഏക വമ്പനാണ് അദാനി.

അദാനി പവർ 1996ൽ തുടങ്ങി. ഇന്ന് ഏകദേശം 5000 മെഗാവാട്ട് താപവൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ താപവൈദ്യുതി ഉത്പാദകൻ. ഓസ്ട്രേലിയയിൽ കൽക്കരി ഖനികളുണ്ട്. കൽക്കരി ഖനനം ചെയ്യുന്നതും അതുപയോഗിച്ച് ഇന്ത്യയിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നതും വിൽക്കുന്നതും ഒരേ അദാനിതന്നെ. ഇങ്ങനെ ഒരു വ്യവസായത്തിനിന്നുള്ള കണക്ഷൻ വെച്ച് മറ്റൊരു മേഖലയിലേക്ക് കടക്കുന്നിടത്താണ് അദാനിയുടെ വിജയം.

ചൈനയോട് പൊരുതി ലങ്കയിൽ

മറ്റ് രാജ്യങ്ങളുടെ സാമ്പത്തിക കുഴപ്പങ്ങളും പ്രശ്നങ്ങളും നോക്കി സൂത്രത്തിൽ ഇടപെടാൻ കഴിയുന്ന വ്യക്തിയാണ് അദാനി. അതിന് ദേശീയതയെയും ഉപയോഗിക്കാൻ അദ്ദേഹത്തിന് അറിയാം. ആ രാജ്യത്തെ സാമ്പത്തിക കുഴപ്പങ്ങൾക്ക് ഇടയിലാണ് കഴിഞ്ഞ വർഷം ശ്രീലങ്കയുടെ തുറമുഖവും അദാനി സ്വന്തമാക്കിയത്. ചൈനയുടെ കടക്കെണിയിൽ കുടുങ്ങിയതോടെ ഇന്ത്യയുമായി അടുക്കേണ്ട ആവശ്യം മൂൻ ശ്രീലങ്കൻ പ്രസിഡന്റ് ഗോതാബായ രാജപക്‌സെയ്ക്ക് ഉണ്ടായി. അങ്ങനെയാണ് അദാനിയുമായി അടുക്കുന്നത്. അതോടെ മോദിയുമായും അടുപ്പമാവുമെന്ന് ഗോതബായക്ക് അറിയാം. അദാനിക്ക് കൊളംബോയുടെ പശ്ചിമ തീരത്ത് പുതിയ തുറമുഖത്തിന്റെ 51 ശതമാനം ഓഹരി കൊടുത്തിരിക്കയാണ് ലങ്കൻ സർക്കാർ.

അതിനുപിന്നാലെയാണ് 4000 കോടിയുടെ നിക്ഷേപം വരുന്ന രണ്ടു വമ്പൻ ഹരിത വൈദ്യുത പദ്ധതികൾ അദാനി ഗ്രൂപ്പിനു നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നു ശ്രീലങ്കൻ സർക്കാരിനു മേൽ സമ്മർദ്ദം ഉണ്ടായ വാർത്ത പുറത്താവുന്നത്. രാമേശ്വരവുമായി അടുത്തുകിടക്കുന്ന ശ്രീലങ്കയിലെ വടക്കു കിഴക്കൻ മാന്നാറിൽ 500 മെഗാവാട്ടിന്റെ കാറ്റാടിപ്പാടവും ഇതിൽപെടും. ഈ വിവാദത്തിന്റെ പേരിൽ സിലോൺ ഇലക്ട്രിസിറ്റി ബോർഡിന്റെ ചെയർമാൻ എം.എം.സി.ഫെർഡിനാന്റോ രാജി വയ്ക്കേണ്ടി വന്നു. ലങ്കയുടെ മുൻ പ്രധാനന്ത്രി മഹീന്ദ രാജപക്സെ കഴിഞ്ഞ നവംബറിൽ ഫെർഡിനാന്റോയെ നേരിട്ടു വിളിച്ചു വരുത്തി പദ്ധതികൾ അദാനിക്കു കൊടുക്കാൻ ഇന്ത്യാ ഗവൺമെന്റിൽ നിന്നു സമ്മർദ്ദമുണ്ട് എന്ന് പറഞ്ഞതായാണ് ഇയാൾ വെളിപ്പെടുത്തി. അദാനി ഗ്രീൻ എനർജി ലിമിറ്റഡിന് (എജിഇഎൽ) അങ്ങനെ ലഭിച്ചത് 500 മെഗാവാട്ട് ഉത്പാദനമുള്ള രണ്ടു പദ്ധതികളാണ്. മാന്നാറിൽ കാറ്റിൽ നിന്നു വൈദ്യുതിയും ജാഫ്നയുടെ തെക്കുള്ള പൂണെറിനിൽ സൗരോർജ പദ്ധതിയും.

പക്ഷേ ഇവിടെയും ദേശീയത വച്ചാണ് അദാനി കളിച്ചത്. താൻ ലങ്കയിൽ കയറി പറ്റിയാൽ അത് ചൈനയെ വെല്ലാൻ ഇന്ത്യയെ സഹായിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഇന്ത്യക്ക് ശ്രീലങ്കൻ തീരത്തേക്കുള്ള ആക്സസ് ആണ് അദാനി. ശ്രീലങ്കയിൽ ഹരിത വൈദ്യുതി ഉത്പാദിപ്പിച്ച് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. 1000 മെഗാവാട്ട് ഉത്പാദിപ്പിക്കും. എന്നിട്ട് കടലിലൂടെ കേബിളിട്ട് വൈദ്യുതി ഇന്ത്യയിലെത്തിക്കുമെന്ന് അദാനി പറയുന്നത

ഏറ്റവും ഒടുവിലായി കൊളംബോ തുറമുഖത്ത് കണ്ടെയ്നർ ടെർമിനലാണ് അദാനി ഗ്രൂപ്പ് പണിയുന്നത്. വിഴിഞ്ഞത്ത് കണ്ടെയ്നർ ടെർമിനൽ നിർമ്മിക്കുന്നതിനു പുറമെയാണിത്. കൊളംബോ തുറമുഖവും കൂടി കയ്യിലാവുന്നതോടെ ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലുമുള്ള പ്രമുഖ തുറമുഖങ്ങളെല്ലാം അദാനിക്ക് 'സ്വന്ത'മാവും.

 

ഇന്ത്യ- ഓസ്ട്രേലിയ കരാറിലും നേട്ടം

മോദി എവിടെ എന്ത് ചെയ്താലും ഏത് അന്താരാഷ്ട്ര കാരാറിൽ ഒപ്പിട്ടാലും അതിന്റെയും നേട്ടം അദാനിക്കും ഉണ്ടാവും. മൂന്നു വർഷം മുമ്പ്, ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ വാണിജ്യ കരാറുണ്ടാക്കിയത് ഓർക്കണം. അതനുസരിച്ച് ഓസ്ട്രേലിയയിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്യുന്ന ഉൽപന്നങ്ങളിൽ 96 ശതമാനവും ഇറക്കുമതിച്ചുങ്കമില്ലാതെ അവിടെ ചെന്നിറങ്ങും. തിരിച്ച് ഓസ്ട്രേലിയയിൽനിന്ന് ഇന്ത്യയിലേക്കു വരുന്ന 70 ശതമാനം ഉൽപന്നങ്ങൾക്കും ചുങ്കം കുറച്ചു.

ഓസ്ട്രേലിയൻ കൽക്കരിക്ക് ഇറക്കുമതിച്ചുങ്കം ഇന്ത്യ കുറച്ചതിന്റെ നേട്ടം അദാനിക്കായിരുന്നു. ഓസ്ട്രേലിയയിലെ ക്വീൻസ്ലൻഡിലെ കാർമൈക്കേൽ കൽക്കരി ഖനി അദാനി സ്വന്തമാക്കിയിരുന്നു. പക്ഷേ ഖനനം ചെയ്യാൻ അവിടുത്തെ പരിസ്ഥിതി പ്രവർത്തകർ സമ്മതിച്ചിരുന്നില്ല. വർഷങ്ങളോളം പരിശ്രമിച്ചാണ് അനുമതികൾ നേടിയത്. 2019 മാർച്ചിലെ കാലാവസ്ഥാ വ്യതിയാനത്തിനെതിരെ സിഡ്നിയിൽ നടന്ന പ്രതിഷേധത്തിൽ 'സ്റ്റോപ് അദാനി' എന്നെഴുതിയ കമ്മൽ ധരിച്ച വിദ്യാർത്ഥിനിയുടെ ചിത്രം ശ്രദ്ധയാകർഷിച്ചിരുന്നു.

പുതിയ കരാർ വന്നതോടെ ഇന്ത്യയിലേക്ക് ചുങ്കമില്ലാതെ കൽക്കരി അദാനിക്ക് കയറ്റുമതി ചെയ്യാം. അതിനായി ഖനിയിൽ നിന്ന് റയിൽവേ ലൈൻ തുറമുഖത്തേക്ക് സ്ഥാപിച്ചു അദാനി. ഓസ്ട്രേലിയയിൽനിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയുടെ 75 ശതമാനം കൽക്കരിയാകുന്നു. 5 കൊല്ലം കൊണ്ട് ഇന്ത്യഓസ്ട്രേലിയ വാണിജ്യം നിലവിലുള്ള 2700 കോടി ഡോളറിൽ നിന്ന് 5000 കോടി ഡോളറാക്കുകയാണ് കരാർ ലക്ഷ്യമിടുന്നത്.

എസിസി സിമന്റ്, അംബുജ സിമന്റ് എന്നീ രണ്ട് കമ്പനികളെ അടുത്തിടെ അദാനി സ്വന്തമാക്കി. കൽക്കരി കത്തിക്കുമ്പോൾ കിട്ടുന്ന ഫ്ളൈ ആഷ് സിമന്റ് നിർമ്മാണത്തിൽ അടിസ്ഥാന ഘടകമാണ്. ഓസ്ട്രേലിയൻ കൽക്കരിക്ക് നിലവാരം കൂടുതലായതിനാൽ ഫ്ളൈ ആഷിനും ഗുണനിലവാരം കൂടുതൽ. സ്വന്തമാക്കിയ സിമന്റ് ഫാക്ടറികൾക്കു വേണ്ട അസംസ്‌കൃത വസ്തു അദാനിയുടെ കയ്യിലുണ്ടെന്നു ചുരുക്കം. ഈ രീതിയിലുള്ള ബുദ്ധിയും ആസൂത്രണവും തന്നെയാണ് അവരുടെ വിജയത്തിന് പിന്നിൽ.

കുബുദ്ധിയും കുശാഗ്രതയും ധാരാളമുള്ള വ്യക്തിയാണ് അദാനി. ഉടമകൾ ആയ പ്രണോയ് റോയും, രാധികാ റോയും അറിയാതെ എൻഡിടിവിയുടെ മുപ്പത് ശതമാനത്തോളം ഷെയറുകൾ വാങ്ങിയത് തന്നെ അതിന് ഉദാഹരണം. ഒരു ഷെൽ കമ്പനിയുണ്ടാക്കി, എൻഡിടിവിക്ക് പലിശ രഹിത വായ്‌പ്പകൊടുത്ത്, പിന്നെ അതിനെ അദാനി മീഡിയാഗ്രൂപ്പിനെ കൊണ്ട് ഏറ്റെടുപ്പിച്ച്, പതുക്കെയുള്ള പണി കൊടുക്കൽ. നിരന്തരമായി മോദിയെ വിമർശിക്കുന്ന എൻഡിടിവി ഏറ്റടുക്കുന്നതിലൂടെ അദാനി എന്താണ് ലക്ഷ്യമിടുന്നത് എന്നതും വ്യക്തമാണ്.

400 കോടി രൂപയുടെ വീട്; അഞ്ചുകോടിയുടെ കാറ്

ആഡംബരങ്ങളുടെ രാജാവ് കൂടിയാണ് ഗൗതം അദാനി. ഏകദേശം 3.4 ഏക്കറിലാണ് അദ്ദേഹത്തിന്റെ വീട് നിർമ്മിച്ചിരിക്കുന്നത്. ഏകദേശം 400 കോടി രൂപയാണ് ഈ വീടിന്റെ ചെലവ്. ജെറ്റ് വിമാനങ്ങളുടെ കാര്യത്തിലും അദാനി മുന്നിലാണ്. അദ്ദേഹത്തിന് 3 സ്വകാര്യ ജെറ്റുകൾ ഉണ്ട്. ജെറ്റ് ശേഖരത്തിൽ ഒരു ബീച്ച്ക്രാഫ്റ്റ്, ഒരു ഹോക്കർ, ഒരു ബോംബാർഡിയർ എന്നിവ ഉൾപ്പെടുന്നു.

1977-ൽ ഗൗതം അദാനി അഹമ്മദാബാദിൽ ആയിരിക്കുമ്പോൾ ഒരു സ്ുകൂട്ടർ വാങ്ങിയാണ് അയാൾ തുടങ്ങിയത്. ഇന്ന് മൂന്ന് മുതൽ അഞ്ച് കോടി വരെ വിലമതിക്കുന്ന ഫെരാരി കാറുകൾ ഉണ്ട്. കൂടാതെ ഗാരേജിൽ ഒരു ബിഎംഡബ്ല്യു 7 സീരീസ് ഉണ്ട്. ഈ ആഡംബര കാറിന് ഏകദേശം 1-3 കോടി രൂപ വരും. ഡൽഹിയിൽ ആരും മോഹിക്കുന്ന പഴയൊരു ആഡംബര ബംഗ്ലാവ്, അദാനി സ്വന്തമാക്കിയിട്ടുണ്ട്. പണ്ട് സായിപ്പ് താമസിച്ചിരുന്ന 25,000 ചതുരശ്രയടി വിസ്തീർണമുള്ള നൂറ്റാണ്ടു പഴക്കമുള്ള ബംഗ്ലാവ്. നോയിഡയിലും വീടുണ്ട്. ലോകമാകെ വീടുകളുണ്ട്.

പക്ഷേ ഗുജറാത്തി പാരമ്പര്യത്തിലാണ് ഇന്നും ജീവിതം. ജൈന ബനിയ സമുദായം. ചമ്രംപടഞ്ഞിരുന്ന് വെങ്കല പാത്രങ്ങളിൽ ഗുജറാത്തി വിഭവങ്ങൾ നിരത്തിയാണ് ഗൗതം അദാനിയും ഭാര്യ പ്രീതിയും മക്കളായ കരനും ജീതും ഭക്ഷണം കഴിക്കുക. ശുദ്ധ വെജിറ്റേറിയനാണ് ഇദ്ദേഹം. എത്ര വളർന്നാലും പാരമ്പര്യം വിടാൻ പാടില്ല എന്നാണ് അദാനിയുടെ പക്ഷം. ഇപ്പോൾ മക്കൾ കരൻ അദാനിയും, ജീത് അദാനിയും കമ്പനി ഡയറക്ടർമാരായി. പിതാവിന്റെ ബിസിനസ് സാമ്രാജ്യം വിപുലീകരിക്കാനുള്ള ഓട്ടത്തിലാണ് മക്കളും.

കൊമേഴ്സ് ബിരുദത്തിൽനിന്ന് ഡ്രോപ്പ് ഔട്ട് ആയതോടെ, സൂറത്തിലെ ഒരു രത്നവ്യാപാരശാലയിൽ വെറും ഒരു തൊഴിലാളി മാത്രമായിരുന്നു, നാലു പതിറ്റാണ്ടുമുമ്പ് ഗൗതം അദാനി. ഹാർവാർഡിലെയും ഓക്സ്ഫോഡിലെയും എംബിഎ വഴിയല്ല, ബോംബെയിലെയും സൂററ്റിലെയും അഹമ്മദബാദിലെയും വിയർക്കുന്ന മനുഷ്യർക്കിടയിൽ ജീവിതം കണ്ടാണ് അയാൾ ബിസിനസ് പഠിച്ചത്. ഈ വളർച്ചയിൽ ഭാഗ്യം, കഠിനാധ്വാനം, കാലത്തിന് അനുസരിച്ച് മാറാനുള്ള പ്രവണത, രാഷ്ട്രീയ സ്വാധീനം തുടങ്ങിയ ഒരുപാട് ഘടകങ്ങൾ ഉണ്ട്.

ഒരു പുതിയ വ്യവസായി വളർന്നുവരുമ്പോൾ, ഒരുപാട് തൊഴിൽ അവസരങ്ങളും, നികുതി വരുമാനുവുമൊക്കെയായി ഒരു രാജ്യം തന്നെയാണ് ഉയർത്തെഴുനേൽക്കുന്നത്. ഒരു ഇന്ത്യൻ വ്യവസായി ഈ രീതിയിൽ ഉയർന്നതിൽ സന്തോഷിക്കയല്ലാതെ, അയാൾ ഇപ്പോൾ പൊളിയും എന്ന് ആഹ്ളാദിക്കുന്നവരോട് എന്ത് പറയാൻ.

വാൽക്കഷ്ണം: ക്രെഡിറ്റ് റേറ്റിങ്ങ് ഏജൻസികൾ പുറത്തുവിടുന്ന, പണക്കാരുടെ ലിസ്റ്റിൽ അദാനിയുടെ ആസ്തി മാത്രമല്ല, താഴോട്ട് സേർച്ച് ചെയ്താൽ, യൂസഫലിയും രവിപിള്ളയും അടക്കമുള്ള മലയാളികളെയും കാണാം. 35,000 കോടിയിലേറെ ആസ്തിയുള്ള എം.എ.യൂസഫലിയാണ് ഏറ്റവും ധനികനായ മലയാളി. പക്ഷേ യൂസഫലിയോട് നമുക്ക് വെറുപ്പൊന്നുമില്ല. നമ്മടെ കാഴ്ചപ്പാടിൽ അദാനിയും അംബാനിയും മാത്രമാണ്, കുത്തകയും കച്ചറയുമെല്ലാം. ഇനി ചാരിറ്റിയുടെ കാര്യമെടുത്താൽ അംബാനിയും അദാനിയുമൊക്കെ അതും ചെയ്യുന്നുണ്ട്. റിലയൻസിന്റെ ചാരിറ്റമ്പിൾ ഫൗണ്ടേഷൻ ഇന്ത്യയിലെ ഏറ്റവും വലിയ ചാരിറ്റി സംഘടനയാണ്. പക്ഷേ അവർ ഈ കാശ് കൊടുത്തിട്ട് ഫോട്ടോ പിടിച്ച് ഫേസ്‌ബുക്കിൽ തള്ളുന്നില്ല എന്ന് വ്യത്യാസമേയുള്ളൂ!

- എല്ലാ മലയാളികൾക്കും മറുനാടൻ മലയാളി കുടുംബത്തിന്റെ തിരുവോണ ആശംസകൾ. തിരുവോണ ദിനത്തിൽ (08/09/2022 -വ്യാഴാഴ്ച) ഓഫീസ് അവധി ആയതിനാൽ മറുനാടൻ മലയാളി സൈറ്റ് അപ്‌ഡേഷൻ ഉണ്ടായിരിക്കുന്നതല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP