Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൊതുവിപണിയിൽ നിന്ന് സർക്കാർ സംവിധാനങ്ങൾ ഒളിച്ചോടി; നിത്യോപയോഗ സാധനങ്ങൾക്ക് റോക്കറ്റ് പോലെ വില കയറുന്നു; ബിസ്‌ക്കറ്റും സോപ്പുൽപന്നങ്ങൾക്കുമെല്ലാം വില വർദ്ധനവ് ഇരട്ടിയോളം; ഓണത്തിന് സാധാരണക്കാരുടെ കുടുംബ ബജറ്റിന്റെ താളം തെറ്റുന്നു

പൊതുവിപണിയിൽ നിന്ന് സർക്കാർ സംവിധാനങ്ങൾ ഒളിച്ചോടി; നിത്യോപയോഗ സാധനങ്ങൾക്ക് റോക്കറ്റ് പോലെ വില കയറുന്നു;  ബിസ്‌ക്കറ്റും സോപ്പുൽപന്നങ്ങൾക്കുമെല്ലാം വില വർദ്ധനവ് ഇരട്ടിയോളം; ഓണത്തിന് സാധാരണക്കാരുടെ കുടുംബ ബജറ്റിന്റെ താളം തെറ്റുന്നു

എം എ എ റഹ്‌മാൻ

കോഴിക്കോട്: അരി വില വർധിച്ചതുമായി ബന്ധപ്പെട്ട് പത്ര ദൃശ്യമാധ്യമങ്ങളിൽ വലിയ വാർത്തകൾ വന്നെങ്കിലും അതോടൊപ്പം ഏതാനും മാസങ്ങൾക്കകം മറ്റ് നിത്യോപയോഗ ഭക്ഷ്യവസ്തുക്കൾക്ക് വിപണിയിൽ സംഭവിച്ച വൻ വില വ്യത്യാസത്തെക്കുറിച്ച് വലിയ വാർത്തകളൊന്നും കാര്യമായി കണ്ടില്ല. പച്ചക്കറി വില ഉയരുമ്പോഴും വാർത്തകൾ സംഭവിക്കാറുണ്ട്. തക്കാളിയുടെയും സവാളയുടെയും വില കുതിച്ചുയർന്നപ്പോൾ അതിന്റെയെല്ലാം കാര്യകാരണ സഹിതം വാർത്തകളുണ്ടായി.

എന്നാൽ അടുത്തിടെ സോപ്പിനും സോപ്പുൽപന്നങ്ങൾക്കും ബിസ്‌ക്കറ്റുകൾക്കുമെല്ലാം കുത്തനെ വില വർധിച്ചിട്ടും അതൊന്നും വേണ്ട രീതിയിൽ വാർത്തയായി കാണുന്നില്ല. ന്യൂസ് ചാനലുകൾ ഇക്കാര്യത്തിൽ കുറ്റകരമായ മൗനത്തിലുമാണ്. അവരാണല്ലോ സോപ്പും ബിസ്‌ക്കറ്റും കറി പൗഡറുമെല്ലാം ഏതാണ് അടുക്കളയിലേക്കു നല്ലതെന്നു അടിക്കടി ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം ഇത്തരം വിഷയങ്ങളിൽ ജനങ്ങളോടുള്ളതിലും കൂടുതൽ പ്രതിബദ്ധത പരസ്യ ദാതാക്കളോടാണ്. അതുകൊണ്ടുതന്നെയായിരുന്നു കറി പൗഡറുകളിൽ വ്യാപകമായി ആരോഗ്യത്തിന് ഹാനികരമായ തോതിൽ മായം കലർന്നതായി വാർത്ത വന്നപ്പോഴും അതൊന്നും അവയിൽ പ്രത്യക്ഷപ്പെടാതെ പോയത്.

മുളകിന് 160 ഉണ്ടായിരുന്നത് കിലോക്ക് ഇപ്പോൾ 320, മല്ലി 90 രൂപയിൽനിന്ന് 170ലേക്ക്. കടല കിലോക്ക് 70 രൂപയിൽനിന്നാണ് ഒറ്റയടിക്ക് 110 രൂപയിലേക്ക് എത്തിയിരിക്കുന്നത്. പയറിന് 50 രൂപ കൂടി 130 ആയി. അരിയുടെ ശരാശരി വില 30നും 38നും ഇടയിലായിരുന്നത് ഇപ്പോൾ 45 മുതൽ 55 വരെയാണ്. മുളകിന് കിലോക്ക് 160 ഉണ്ടായിരുന്നത് ഇപ്പോൾ വിൽക്കപ്പെടുന്നത് 320 രൂപക്കാണ്. പാക്കറ്റിലല്ലാതെ ലഭിക്കുന്ന ലൂസ് മുളക് പൊടിക്ക് കിലോക്ക് 260ൽ നിന്ന് 350 ആയി. ഇത് ബ്രാന്റെഡ് ഐറ്റംസിലേക്കു പോയാൽ ഇനിയും വർധിക്കും. മല്ലിക്ക് ശരാശരി 90 രൂപ മുതൽ 100 രൂപവരെയുണ്ടായിരുന്നത് ഇപ്പോൾ 170 മതുൽ 180 വരെയാണ്.

ലൂസ് മല്ലിപ്പൊടിക്ക് 180 രൂപയായിരുന്നത് 280 ആയി. മട്ട അരിക്ക് 36 വരെയായിരുന്നു വിലയെങ്കിൽ ഇപ്പോൾ 45ന് മുകളിലാണ്. ചില സ്ഥലങ്ങളിൽ 50 രൂപവരെ വില ഈടാക്കുന്നുണ്ട്. പൊന്നി അരിക്കും സമാനമായ രീതിയിൽ വില വർധവുണ്ടായിട്ടുണ്ട്. ആട്ട, മൈദ, റവ എന്നിവക്ക് 32 മുതൽ 35 രൂപവരെയായിരുന്നു നേരത്തെ വിലയെങ്കിൽ ഇപ്പോഴിത് 40 മുതൽ 42 രൂപയെത്തിയിട്ടുണ്ട്. മൈദയൊന്നും ചാക്കെടുത്ത് ചില്ലറ വിൽപന അസാധ്യമായിരിക്കയാണെന്ന് വ്യാപാരിയായ കെ സി നാരായണൻ പറഞ്ഞു. 38 രൂപയാണ് ചാക്കെടുക്കുമ്പോൾ വില. വണ്ടിക്കൂലിയും കയറ്റിറക്കുമെല്ലാം നൽകിയാൽ മുതലാവില്ല.

ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന അമൂല്യയുടെ പാൽപ്പൊടിക്ക് ലൂസിന് കിലോക്ക് ഇപ്പോഴത്തെ വില 360 മുതൽ 380 രൂപ വരെയാണ്. നേരത്തെ ഇത് 320 രൂയായിരുന്നു. 200 ഗ്രാം പാക്കിന് 80ൽ നിന്ന് 87 ആയി. 500 ഗ്രാം പാക്കിന് 190ൽ നിന്ന് 215 ആയി. മല്ലിക്കും മുളകിനുമുണ്ടായ വില വർധനവിന്റെ ഭാഗമാണ് കറി പൗഡറുകളുടെ വില വർധനവെന്ന് കമ്പനികൾക്ക് ന്യായീകരിക്കാം. എന്നാൽ പല കമ്പനികളും നൂറുകണക്കിന് മെട്രിക് ടൺ അസംസ്‌കൃത വസ്തുക്കൾ ഗോഡൗണുകളിൽ നിറച്ചാണ് ഇത്തരത്തിൽ കൊള്ളലാഭമുണ്ടാക്കുന്നതെന്നത് മറക്കാനാവില്ല.

മുളക് പൊടിക്ക് 250 ഗ്രാം പാക്കറ്റിന് 65 ഉണ്ടായിരുന്നത് 96 ആയി. സാമ്പാർ പൊടിക്കു 100 ഗ്രാമിന് 28ൽ നിന്ന് 45 രൂപയായി. ഇറച്ചി മസാലയുടേത് 32 രൂപയുള്ളത് 46 ആയി. ഭക്ഷ്യയെണ്ണകൾക്കൊന്നും കാര്യമായ വർധനവ് സംഭവിച്ചിട്ടില്ല. മുൻപ് ഉക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ സൺഫ്ളവർ ഓയലിനും പാംഓയലിനും വൻ വില വിലവർധനവ് ഉണ്ടായിരുന്നു. എന്നാൽ ഇന്നത്തെ കമ്പോളനിലവാരത്തിൽ പാംഓയലിന് ലിറ്ററിന് 125 രൂപയാണ്. മുൻപ് 170 രൂപവരെ എത്തിയിരുന്നു. കഴിഞ്ഞ വർഷം ശരാശരി വില 80 മുതൽ 90 രൂപവരെയായിരുന്നു. സൺഫ്ളവർ ഓയലിന് ലിറ്ററിന് 200 രൂപക്ക് മുകളിലേക്കു ഒരു സമയത്ത് എത്തിയിരുന്നു. എന്നാൽ ഇപ്പോഴിത് 170ലാണ് വിൽക്കപ്പെടുന്നത്. മുൻപ് 160 രൂപയായിരുന്നു സാധാരണ വിൽപന വില.

സോപ്പുകളുടെ വില

കഴിഞ്ഞ വർഷം സോപ്പുകൾക്ക് ഉണ്ടായിരുന്ന വിലയും ഇപ്പോഴത്തെ വിലയുമൊന്നു നോക്കാം. വാഷിങ് സോപ്പായ സൺലൈറ്റ് കട്ടക്ക് 20 രൂപയായിരുന്നത് ഈ വർഷം 30 ആയി ഉയർന്നു. സൺലൈറ്റ് വാഷിങ് പൗഡറിന് 500 ഗ്രാമിന് ഇപ്പോൾ വില 104 ആണ്. മുൻപ് 74 രൂപക്ക് ലഭിച്ചിരുന്നതാണ്. ഇനി കുറച്ച ബ്രാൻഡുകളുടെ ഇപ്പോഴത്തെ വിലയും ബ്രാക്കറ്റിൽ കഴിഞ്ഞ വർഷത്തെ വിലയും നോക്കാം. സൺലൈറ്റ് ബാർ സോപ്പ് 115 (77), ഡോ. വാഷ് 22 (41). വിമ്മിന്റെ ഡിഷ് വാഷ് കട്ട 22 (30). സോപ്പു പൊടിയായ സർഫ് എക്സലിന് 500 ഗ്രാമിന് 52 രൂപയായിരുന്നത് 75 രൂപയായയും ഒരു കിലോഗ്രാമിന് 105 ഉണ്ടായിരുന്നത് 154 ആയും ഉയർന്നു. ബാത്ത് സോപ്പുകളുടെ കാര്യവും വ്യത്യസ്തമല്ല. ലക്സിന് കഴിഞ്ഞ വർഷം 25 രൂപയായിരുന്നത് ഈ വർഷം 38 ആയി ഉയർന്നു.

ക്യൂട്ടി ദ ബ്യൂട്ടി സോപ്പ് 20 എന്നത് 28 ആയി. പിയേഴ്സ് 35ൽ നിന്ന് 54ലേക്കു ചാടി. ആയുർവേദ സോപ്പുകൾക്ക് മാത്രമാണ് താരതമ്യേന വില വർധനവ് അധികം സംഭവിക്കാത്തത്. ചന്ദ്രിക സോപ്പിന് കാര്യമായ വർധനവില്ല. മെഡിമിക്സിന് രണ്ടു രൂപയുടെ വർധവേ സംഭവിച്ചിട്ടുള്ളൂ, 30 ആയിരുന്നത് 32 ആയി. 100 ഗ്രാം കോൾഗേറ്റ് പേസ്റ്റിന് 52 രണ്ട് രൂപയായിരുന്നെങ്കിൽ ഇപ്പോഴത് 63 രൂപയാണ്. മുഖ്യ എതിരാളിയായ ക്ലോസപ്പിന് കാര്യമായ വില വർധവ് ഉണ്ടായിട്ടില്ല.

ചായക്കും ലഘുഭക്ഷണമായുമെല്ലാം വ്യാപകമായി ആളുകൾ കഴിക്കുന്ന ബ്രാന്റഡ് ബിസ്‌ക്കറ്റുകളിൽ പലതിനും ഇരട്ടിയോളമാണ് വില കൂടിയിരിക്കുന്നത്. ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളതും പനിയുൾപ്പെടെയുള്ള രോഗികൾ കഴിക്കുന്നതുമായ ആരോറൂട്ട് ബിസ്‌ക്കറ്റിന് 30 രൂപയിൽനിന്ന് 50ലേക്കെത്തി. സമാനമായ വർധനവാണ് ഗുഡ് ഡേ ബിസ്‌ക്കറ്റിനും സംഭവിച്ചിരിക്കുന്നത്. പാക്കറ്റിൽ ലഭിക്കുന്ന റെസ്‌ക്കിന്റെ വിലയും 20ൽനിന്ന് ഇരട്ടിയോളം വർധിച്ച് 35 ആയിട്ടുണ്ട്. ഡാർക്ക് ഫാന്റസിക്ക് പത്തുരൂപയുടെ വർധനവാണ് വന്നിരിക്കുന്നത്. 30ൽ നിന്ന് 40 ആയി.

വിലകൾ യാതൊരു നിയന്ത്രണവുമില്ലാതെ വർധിക്കുമ്പോഴും പൊതുവിപണിയിൽ ഇടപെടാനുള്ള യാതൊരു നീക്കവും കേന്ദ്ര സംസ്ഥാന സർക്കാരുകളിൽനിന്ന് ഉണ്ടാവുന്നില്ലെന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിന്റെ താളമാണ് തെറ്റിക്കുന്നത്. ഓണംകൂടി എത്തിയതോടെ വിപണിയിലേക്കിറങ്ങുന്നവർ നോട്ടുകൾക്കു പകരം നോട്ടുകെട്ടുകളുമായി പോകേണ്ടുന്ന സ്ഥിതിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP