Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമ്മയുടെ മരണത്തോടെ ഒറ്റയ്ക്കായി; ഏക വരുമാനം ഭിന്നശേഷിക്കാർക്ക് നൽകുന്ന പെൻഷൻ; കാഴ്ചയില്ല; പാട്ടും പാടി നടന്നത് അഞ്ച് കിലോമീറ്റർ; ഓണക്കാലത്തെ ഓർമ്മകൾ പങ്കുവച്ച് എരുമേലി മുട്ടപ്പള്ളി സ്വദേശി ശശി

അമ്മയുടെ മരണത്തോടെ ഒറ്റയ്ക്കായി; ഏക വരുമാനം ഭിന്നശേഷിക്കാർക്ക് നൽകുന്ന പെൻഷൻ; കാഴ്ചയില്ല; പാട്ടും പാടി നടന്നത് അഞ്ച് കിലോമീറ്റർ; ഓണക്കാലത്തെ ഓർമ്മകൾ പങ്കുവച്ച് എരുമേലി മുട്ടപ്പള്ളി സ്വദേശി ശശി

സി. ആർ. ശ്യാം

കോട്ടയം: എരുമേലി - പമ്പ പാതയിലാണ് ഏറെ വ്യത്യസ്‌നായ മനുഷ്യനെ കണ്ടുമുട്ടിയത്. കാഴ്ചയില്ലാത്തതിനാൽ തപ്പി തടഞ്ഞാണ് നടക്കുക. അടുത്തുള്ള വസ്തുക്കൾ മാത്രം മങ്ങിയാണെങ്കിലും കാണാൻ സാധിക്കും. കാലിൽ ചെരുപ്പുകളില്ല. വഴിയരികിൽ വച്ച് വിശേഷങ്ങൾ ചോദിച്ചപ്പോൾ മനസ് തുറന്നു. അത്രയും കാലം ഓർമയിൽ സൂക്ഷിച്ചിരുന്നവ പാട്ടുകളായി പെയ്തിറങ്ങി. കണ്ഠം ഇടറി... കണ്ണുകളിൽ നനവ് നിറഞ്ഞു.

എരുമേലി മുട്ടപ്പള്ളി സ്വദേശിയാണ് ഈ 48 കാരൻ. വിവാഹം കഴിച്ചിട്ടില്ല. ആരോരുമില്ലാതെ ജീവിക്കുന്നതിന്റെ വിഷമം എത്രത്തോളമെന്നു ഓർമപ്പെടുത്തുന്നതായിരുന്നു ഓരോ വാക്കുകളും. പ്രിയപ്പെട്ടവരേ ഓരോരുത്തരായി മരണം കവർന്നെടുത്തപ്പോൾ ശശി ഒറ്റക്കായി.

തലച്ചോറിലേക്കുള്ള ഞരമ്പിനെ ബാധിച്ചിരിക്കുന്ന അസുഖത്തിന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയപ്പോൾ തിരുവനന്തപുരം ശ്രീചിത്രയിൽ കൊണ്ടുപോകാനാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. അമ്മയുടെ മരണ ശേഷം കൊണ്ടുപോകാൻ ആരും ഇല്ലാതെയായി. അതോടെ ചികിത്സയും മുടങ്ങി. അസുഖത്തിന്റെ ബുദ്ധിമുട്ടുകൾ ഇപ്പോളും അലട്ടുന്നുണ്ട്.

മനോഹരമായി പാട്ട് പാടും. പറഞ്ഞപ്പോൾ അച്ഛന്റെ ഓർമയിൽ ഓണക്കാലത്തെ കുറിച്ചുള്ള മനോഹരമായ ഒരു നാടൻ പാട്ട് പാടി തന്നു. പാട്ടുകൾ തനിയെ എഴുതാറുമുണ്ട്. ഗാനമേള, മിമിക്രി കലാകാരനായ അന്തരിച്ച ചോറ്റി റെജിയുടെ സഹോദരനാണ്.

ഏക വരുമാനം ഭിന്നശേഷിക്കാർക്ക് നൽകുന്ന പെൻഷനാണ്. അച്ഛനും അമ്മയും സഹോദരങ്ങളും ഉണ്ടായിരുന്നപ്പോളുള്ള ഓണം അദ്ദേഹം ഓർത്തെടുത്തു. അവരുടെ തീരാ നഷ്ടമാണ് വിശേഷങ്ങൾ ചോദിച്ചപ്പോൾ മറുപടിയായി ലഭിച്ചത്. അച്ഛനും അമ്മയും ഉള്ളപ്പോൾ നല്ല ഭക്ഷണം വച്ചു തരുമായിരുന്നു. ഇപ്പോൾ അതില്ല. പുത്തൻ ഉടുപ്പുകൾ ആരും തരാറില്ല. ഓണം ആയാലും ക്രിസ്മസ് ആയാലും നോമ്പ് കാലമായാലും അങ്ങനെ തന്നെ. കടകളിൽ നിന്നാണ് ഭക്ഷണം കഴിക്കാറുള്ളത്. അതിന്റെ കടം തീർക്കുമ്പോഴേക്കും പെൻഷൻ ക്യാഷ് തീരും . പിന്നെ വീണ്ടും കടം പറയേണ്ടതായി വരും.

പത്താം ക്ലാസ്സ് വരെ പഠിച്ചിട്ടുണ്ട്. പൊക്കം കുറവുള്ള ആളാണ്. ബസിൽ കയറാനും ഇറങ്ങാനുമൊക്കെ തന്നെ ബുദ്ധിമുട്ടാണ്. മുക്കൂട്ടുതറയിൽ നിന്നും എരുമേലി വരെയുള്ള 10 കിലോമീറ്റർ പോകണമെങ്കിൽ പാതയുടെ ഓരം ചേർന്നു ഒറ്റ നടത്തം. തിരികെയും അതുപോലെ. ചിലപ്പോൾ ആരെങ്കിലും വാഹനത്തിൽ കയറ്റും. നടത്തത്തെ പറ്റി ചോദിച്ചപ്പോൾ വണ്ടിക്കൂലിക്ക് പൈസയില്ലായെന്നു മറുപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP