Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൗമാരത്തിൽ താച്ചറുടെ ശത്രുവായ സോഷ്യലിസ്റ്റ്; ഇപ്പോൾ വേഷത്തിൽ പോലും 'ഉരുക്കുവനിതയെ' അനുകരിക്കുന്ന ഫാൻ; ഓക്സ്ഫഡ് പഠനകാലത്ത് ഇടത്തുനിന്ന് വലത്തോട്ട് മാറി; അക്കാഡമീഷ്യൻ ആവണം എന്ന് ആഗ്രഹിച്ച അന്തർമുഖി; രാഷ്ട്രീയത്തിൽ വളർന്നത് പടിപടിയായി; ഇന്ത്യയുടെ മിത്രം; പുടിന്റെ ശത്രു; നിയുക്ത ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിന്റെ ജീവിത കഥ

കൗമാരത്തിൽ താച്ചറുടെ ശത്രുവായ സോഷ്യലിസ്റ്റ്; ഇപ്പോൾ വേഷത്തിൽ പോലും 'ഉരുക്കുവനിതയെ' അനുകരിക്കുന്ന ഫാൻ; ഓക്സ്ഫഡ് പഠനകാലത്ത് ഇടത്തുനിന്ന് വലത്തോട്ട് മാറി; അക്കാഡമീഷ്യൻ ആവണം എന്ന് ആഗ്രഹിച്ച അന്തർമുഖി; രാഷ്ട്രീയത്തിൽ വളർന്നത് പടിപടിയായി; ഇന്ത്യയുടെ മിത്രം; പുടിന്റെ ശത്രു; നിയുക്ത ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിന്റെ ജീവിത കഥ

എം റിജു

കോളേജുകാലത്ത് നക്സലായി കമ്പോളവ്യവസ്ഥയെയും, കോർപ്പറേറ്റുകളെയുമൊക്കെ വിമർശിച്ച് നടക്കുകയും, കാലാന്തരത്തിൽ വിദേശ കമ്പനികളിൽ ജോലി നോക്കുകയും, കടുത്ത ക്യാപിറ്റലിസ്റ്റ്‌വാദികളുമായി മാറുകയും ചെയ്യുന്ന ഒരുപാട് ചെറുപ്പക്കാരെ നമുക്ക് കേരളത്തിൽ കാണാൻ കഴിയും. അതുപോലെ ഒരു ആശയ മാനസാന്തരത്തിലൂടെ കടന്നുപോയ വനിതയാണ് ഇപ്പോൾ ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ലിസ് ട്രസ്. ഇടതുപക്ഷക്കാരായ മാതാപിതാക്കൾ അവരെ വളർത്തിയത് ഒരു സോഷ്യലിസ്റ്റ് ആയിട്ടായിരുന്നു. സ്‌കൾ കാലത്ത് മാർഗരറ്റ് താച്ചറിന്റെ കടുത്ത എതിരാളിയായിരുന്നു അവർ. ഓക്സ്ഫഡ് സർവകലാശാലയിലെ പഠനം അവരുടെ ജീവിതം വഴിതിരിച്ചുവിട്ടു. ഇപ്പോൾ മാർഗരറ്റ് താച്ചറുടെ കടുത്ത ആരാധികയാണ് ലിസ്. വേഷത്തിലൂടെ മാർഗരറ്റ് താച്ചറെ അനുകരിക്കാൻ ഇവർ ശ്രമിക്കയാണെന്നാണ് എതിരാളികൾ ഉന്നയിക്കുന്ന ആരോപണം.

മാർഗരറ്റ് താച്ചറിനും തെരേസ മെയ്‌ക്കും ശേഷം ബ്രിട്ടന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ലിസ് ട്രസ്. പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാൻ കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ നടന്ന വോട്ടെടുപ്പിന്റെ ആദ്യ ഘട്ടങ്ങളിൽ ഇന്ത്യൻ വംശജൻ ഋഷി സുനക് വ്യക്തമായ മേൽക്കൈ നേടിയെങ്കിലും അവസാന ഘട്ടമായതോടെ, ബോറിസ് ജോൺസൻ സർക്കാരിൽ വിദേശകാര്യ സെക്രട്ടറിയായിരുന്ന ലിസ് ട്രസ് ജോൺസന്റെ പിൻഗാമിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുടെ കടന്നു പോകുന്ന സമയത്ത് ജീവിതച്ചെലവ് പിടിച്ചു കെട്ടാൻ ലിസ് ട്രസ് പ്രഖ്യാപിച്ച പദ്ധതികൾക്കു വൻ ജനപിന്തുണയാണു ലഭിച്ചത്. ഊർജ പ്രതിസന്ധിയെ നേരിടാൻ അവർ മുന്നോട്ടുവച്ച പദ്ധതികളും ജനപിന്തുണ നേടി.

ഇടത്തുനിന്ന് വലത്തോട്ട്

ലിങ്കൺഷെറിലെ പലചരക്കു വ്യാപാരിയുടെ മകളായ മാർഗരറ്റ് ഹിൽഡ താച്ചർ ബ്രിട്ടന്റെ പ്രധാനമന്ത്രിയാവുമെന്ന് ആരും കരുതിയിരുന്നില്ല. അതുപോലെ അവിചാരിതം ആയിരുന്നു, ഓക്സ്ഫഡിലെ അപ്പർ മിഡൽ ക്ലാസ് കുടുംബത്തിൽ ജനിച്ച, ഒരു അക്കാഡമീഷ്യൻ ആവണം എന്ന് ആഗ്രഹിച്ച അന്തർമുഖിയായ ലിസ് ട്രസ് എന്ന പഠിപ്പിസ്റ്റ് രാഷ്ട്രീയത്തിൽ ഇറങ്ങുമെന്നും ആരും കരുതിയതല്ല.

1975ൽ ഓക്സ്ഫഡിലാണ് മേരി എലിസബത്ത് ട്രസ് എന്ന ലിസ് ട്രസിന്റെ ജനനം. കണക്ക് പ്രൊഫസറായിരുന്ന പിതാവും നഴ്സായിരുന്ന മാതാവും തികഞ്ഞ ഇടതുപക്ഷക്കാർ തന്നെ ആയിരുന്നു. ചെറിയ കുട്ടി ആയിരുന്നപ്പോഴേ ലിസിന്റെ അമ്മ അവരെ ലണ്ടനിൽ ആണവ പോർമുനകൾ സ്ഥാപിക്കാനുള്ള മാർഗരറ്റ് താച്ചർ സർക്കാരിന്റെ തീരുമാനത്തിനെതിരെ പോരാടുന്ന സംഘടനയുടെ മാർച്ചുകൾക്കു കൊണ്ടുപോകുമായിരുന്നു. നാലാം വയസ്സിൽ കുടുംബം ഓക്സ്ഫഡിൽനിന്ന് ഗ്ലാസ്ഗോയിലേക്കും പിന്നീട് ലീഡ്സിലേക്കും താമസം മാറി. ലീഡ്സിലെ റൗണ്ട്ഹൈ സ്റ്റേറ്റ് സെക്കൻഡറി സ്‌കൂളിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം.

പക്ഷേ മാർഗരറ്റ് താച്ചറുടെ വേഷമണിഞ്ഞ് ഏഴാം വയസ്സിൽ സ്‌കൂളിലെ മോക്ക് തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട് ലിസ്. അത് താച്ചറോടുള്ള സ്നേഹം കൊണ്ടായിരുന്നില്ല, മത്സരത്തിൽ ജയിക്കാൻ ആയിരുന്നു. ആ തിരഞ്ഞെടുപ്പിൽ തോൽവി ആയിരുന്നു ഫലം. 'ഞാൻ അവസരത്തിനൊത്ത് ഉയർന്നു. ഹൃദയസ്പർശിയായി പ്രസംഗിച്ചു. എന്നാൽ എല്ലാം പൂജ്യം വോട്ടിൽ അവസാനിച്ചു. ഞാൻ പോലും എനിക്കു വോട്ട് ചെയ്തില്ല.'' 39 വർഷങ്ങൾക്കു ശേഷം, മാർഗരറ്റ് താച്ചർ ഇരുന്ന സ്ഥാനത്ത് അവർ എത്തി.

ഓക്സ്ഫഡ് സർവകലാശാലയിലെ വിദ്യാഭ്യാസ കാലയളവാണ് ലിസ് ട്രസിന്റെ ജീവിതത്തിന്റെ പ്രധാന വഴിത്തിരിവായത്. ഫിലോസഫിയും സാമ്പത്തിക ശാസ്ത്രവും രാഷ്ട്രീയവും വ്യക്തമായി മനസ്സിലാക്കാനും വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവ പങ്കാളിയാകാനും ആ കാലഘട്ടം സഹായിച്ചു. 1994ൽ ലിബറൽ ഡമോക്രാറ്റിക് പാർട്ടി സമ്മേളനത്തിൽ രാജവാഴ്ച അവസാനിപ്പിക്കണമെന്നും ജനങ്ങൾ ഭരിക്കപ്പെടാൻ ഉള്ളവരല്ലെന്നും അവർ പ്രസംഗിച്ചു.എന്നാൽ ഓക്സ്ഫഡിൽ വച്ചു തന്നെ ലിസ് കൺസർവേറ്റീവ് പാർട്ടിയിലേക്കു ചുവടുമാറ്റി. ഇടതുപക്ഷത്തുനിന്ന് വലതുപക്ഷത്തേക്കുള്ള ആ മാറ്റം ശരിക്കും അശയപരം തന്നെ ആയിരുന്നു. 'ഇടതുപക്ഷ ആശയങ്ങൾ കടലാസിൽ ഉഗ്രനാണ്. പക്ഷേ അത് പ്രയോഗികമായി പരാജയവുമാണ്. ഇത് വ്യാപകമായി വായനയിൽ നിന്നാണ് ഞാൻ മനസ്സിലാക്കിയത്''- അവർ പറയുന്നു. ഗ്രാജ്വേഷനു ശേഷം അക്കൗണ്ടന്റായി ജോലി നോക്കുമ്പോഴാണ് ഹുഗ് ഒ ലിയറിയെ പരിചയപ്പെടുന്നത്. 2000ൽ ഇരുവരും വിവാഹിതരായി. ഇവർക്കു രണ്ടു മക്കളാണുള്ളത്.

പടിപടിയായി പ്രധാനമന്ത്രി പദത്തിലേക്ക്

സ്ഥാനങ്ങൾ ഒന്നും തളികയിൽ വെച്ച് നൽകപ്പെട്ട നേതാവല്ല അവർ. പടിപടിയായി വെച്ചടിവെച്ചടി കയറി നേതൃസ്ഥാനത്തേക്ക് എത്തുകയായിരുന്നു. 2001ലും 2005ലും പൊതുതിരഞ്ഞെടുപ്പിൽ വെസ്റ്റ് യോർക്ക്ഷെയറിൽനിന്നു ടോറി സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2006ൽ ഗ്രീൻവിച്ചിൽ നിന്ന് കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ലിസിന്റെ രാഷ്ട്രീയ മോഹങ്ങൾക്കു നിറം വച്ചത്. 2010ൽ ഡേവിഡ് കാമറൺ മന്ത്രിസഭയിലേക്ക് എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. 2012ൽ വിദ്യാഭ്യാസ സെക്രട്ടറിയായിരുന്നു. (നമ്മുടെ നാട്ടിൽ മന്ത്രി എന്ന് പറയുന്നത് പകരം ബ്രിട്ടനിൽ സെക്രട്ടറി എന്നാണ് പറയുക.)

ഇതായിരുന്നു അവർക്ക് ബ്രേക്കായത്. 2014 ൽ പരിസ്ഥിതി സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ചു. പിന്നീട് 2016ൽ തെരേസ മേ അധികാരത്തിലെത്തിയപ്പോൾ ആദ്യം നീതിന്യായ വകുപ്പ് സെക്രട്ടറിയായും പിന്നീട് ട്രഷറി ചീഫ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. 2019 ൽ ബോറിസ് ജോൺസൻ പ്രധാനമന്ത്രിയായപ്പോൾ രാജ്യാന്തര വ്യവസായ സെക്രട്ടറി പദവിയിലേക്ക് ഉയർന്നു.

2021ൽ ബോറിസ് ജോൺസൻ സർക്കാരിൽ വദേശകാര്യ സെക്രട്ടറിയായി നിയമിക്കപ്പെട്ടതാണ് ലിസിന്റെ ജീവിതത്തിൽ നിർണായകമായത്. ബ്രക്സിറ്റിലെ ചില കരാറുകൾ ഒഴിവാക്കുന്നതിലും വടക്കൻ അയർലൻഡിന്റെ പ്രോട്ടോക്കോൾ സംബന്ധിച്ച വിഷയത്തിലും ഉൾപ്പെടെ രാജ്യാന്തര വിഷയങ്ങളിൽ തീരുമാനമെടുക്കുന്നതിൽ രാജ്യത്തിന്റെ വിദേശകാര്യ സെക്രട്ടറി എന്ന നിലയിൽ സുപ്രധാന പങ്ക് വഹിച്ചു. ഇപ്പോൾ കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെടുമ്പോൾ, രാജ്യം നേരിടുന്ന പ്രശ്നങ്ങൾക്ക് ലിസ് ട്രസ് സർക്കാർ പരിഹാരം കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

ഇന്ത്യയുമായി അടുത്ത ബന്ധം

ഇന്ത്യൻ വംശജനായ ഋഷി സുനാകിനെ പരാജയപ്പെടുത്തിയാണ് ലിസ് ട്രസ് പ്രധാനമന്ത്രിയാവുന്നത്. ഒരു ഇന്ത്യൻ വംശജൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായാൽ ഇന്ത്യയുമായുള്ള ബന്ധം മെച്ചെപ്പെടും എന്നതൊക്കെ നമ്മുടെ മിഥ്യാധാരണയാണ്. എല്ലാ രാജ്യങ്ങൾക്കും അവരുടെ താൽപ്പര്യം തന്നെയാണ് പ്രധാനം. പക്ഷേ ലിസ് ട്രസിന്റെ മുൻകലാ ചരിത്രം നോക്കിയാൽ അവർ ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തിയ നേതാവ് കുടിയാണ്.

ബ്രിട്ടനും ഇന്ത്യയും ആഗോള വ്യാപാര ശക്തിയുടെ 'സ്വീറ്റ് സ്പോട്ട്' ആണെന്നായിരുന്നു വിദേശകാര്യമന്ത്രിയായിരിക്കെ ലിസ് പറഞ്ഞത്. സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചയ്ക്ക് മുന്നോടിയായിരുന്നു ലിസിന്റെ 'സ്വീറ്റ് സ്പോട്ട്' പരാമർശം. 47കാരിയായ ലിസ് ഇന്ത്യ സന്ദർശിക്കുകയും പീയുഷ് ഗോയലുമായി വെർച്വലായി ചർച്ച നടത്തുകയും ചെയ്തിരുന്നു. ഇത് രാജ്യത്തിന് ഏറ്റവും വലിയ അവസരങ്ങളിൽ ഒന്നാണ് എന്നായിരുന്നു അന്ന് ലിസ് പറഞ്ഞത്. അതുകൊണ്ടുതന്നെ ഇന്ത്യ- ബ്രിട്ടൻ ബന്ധം ഇനിയും ഊഷ്മളം ആവുമെന്നാണ് പൊതുവെയുള്ള കണക്കു കുട്ടൽ.

എന്നാൽ താച്ചറിനെപ്പോലെ പൊടുന്നനെയുള്ള പ്രഖ്യാപാനങ്ങളിലൂടെയാണ് ലിസും പേരെടുത്തത്. പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള പ്രചാരണത്തിന്റെ ആദ്യഘട്ടങ്ങളിൽ ഋഷി സുനാക് ഏറെ മുന്നിട്ടു നിന്നിരുന്നു. എന്നാൽ നികുതി വെട്ടിക്കുറയ്ക്കുമെന്ന പ്രഖ്യാപനമാണ് ലിസ് ട്രസിന് മേൽക്കൈ നൽകിയതെന്നാണ് റിപ്പോർട്ട്. വർഷം 3000 കോടി യൂറോയുടെ നികുതിയിളവാണ് ലിസ് ട്രസ് പ്രഖ്യാപിച്ചത്. കോർപ്പറേറ്റ് നികുതി കൂട്ടാനുള്ള തീരുമാനം പിൻവലിക്കുമെന്നും ഊർജത്തിന് ഈടാക്കുന്ന ഹരിതനികുതി നിർത്തലാക്കുമെന്നും ലിസ് ട്രസ് വാഗ്ദാനം നൽകിയിരുന്നു. അതേസമയം രാജ്യം നേരിടുന്ന വിലക്കയറ്റം പരിഹരിച്ചശേഷമേ നികുതിയിളവിനെക്കുറിച്ച് ആലോചിക്കാനാവൂവെന്നാണ് ഋഷി സുനാക്കിന്റെ നിലപാട്. എന്നാൽ, ലിസ് ട്രസിന്റെ പ്രഖ്യാപനത്തോടെ നികുതി പിൻവലിക്കുമെന്ന് ഋഷി സുനാക്കിനും പ്രഖ്യാപിക്കേണ്ടിവന്നു. ഈ പ്രഖ്യാപനം പക്ഷെ വൈകിപ്പോയിരുന്നു, ഇംഗ്ലണ്ടിന്റെ വനിതാ ഫുട്‌ബോൾ ടീം യൂറോകപ്പ് നേടിയതിന്റെ ആവേശത്തിൽ സുനാക്കിന്റെ പ്രഖ്യാപനം മുങ്ങിപ്പോയി. ഡെയ്‌ലി ടെലഗ്രാഫ് ഒഴികെ പ്രധാനപത്രങ്ങളൊന്നും ഈ വാർത്ത ഒന്നാം പേജിൽ നൽകിയില്ല എന്നതും ഋഷി സുനാകിന് തിരിച്ചടിയായി.

റഷ്യയുടെ കടുത്ത ശത്രു

ഇന്ത്യയുടെ മിത്രം എന്ന് അറിയപ്പെടുന്നതുപോലെ റഷ്യയുടെയും വ്ളാദിമിർ പുടിന്റെയും കടുത്ത ശത്രു കൂടിയാണ് ലിസ് ട്രസ്. ബാറിസ് ജോൺസൺ മന്ത്രിസഭയിലെ വിദേശകാര്യമന്ത്രിയായിരുന്ന സമയത്ത് അവർ റഷ്യക്കെതിരെ കടുത്ത നിലപാടാണ് സ്വീകരിച്ചത്.

റഷ്യ യുക്രൈനിൽ നിന്ന് പിന്മാറി യുദ്ധം അവസാനിപ്പിച്ചാൽ രാജ്യത്തെ പൗരന്മാർക്കും കമ്പനികൾക്കുമുള്ള ഉപരോധങ്ങൾ നീക്കാമെന്ന് പ്രഖ്യാപിച്ചത് വിദേശകാര്യ മന്ത്രി ലിസ് ട്രസായിരുന്നു. 'കടുത്ത ഉപരോധങ്ങളാണ് റഷ്യയ്ക്കുമേലുള്ളത്. സമ്പൂർണ വെടിനിർത്തൽ കരാറിൽ ഒപ്പിടാനും അധിനിവേശത്തിൽ നിന്ന് പിന്മാറാനും തയ്യാറായാലേ ഉപരോധങ്ങൾ നീക്കൂ' എന്നായിരുന്നു ലിസ് അന്ന് വ്യക്തമാക്കിയിരുന്നത്. യുക്രൈൻ അധിനിവേശത്തിന് പിന്നാലെ റഷ്യൻ ബാങ്കുകളുടെ 50 ലക്ഷം കോടിയോളം രൂപയുടെയും റഷ്യൻ ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും 1509 കോടിയുടെയും ആസ്തികൾക്കുമേൽ ബ്രിട്ടീഷ് സർക്കാർ ഉപരോധമേർപ്പെടുത്തിയിരുന്നു. ഇതിന് ചുക്കാൻ പിടിച്ചതും ലിസ് ആയിരുന്നു.

വേഷത്തിലൂടെ മാർഗരറ്റ് താച്ചറെ അനുകരിക്കാൻ ലിസ് ട്രസ് ശ്രമിക്കുകയാണെന്നാണ് ചിലർ വിമർശിക്കുന്നത്. ഇതു തീർത്തും നിരാശാജനകമാണെന്ന് ഫെമിനിസ്റ്റുകളും പറയുന്നുണ്ട്. പക്ഷേ ഇത്തരം താരതമ്യങ്ങൾ ഒന്നും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടാൻ തടസ്സമായില്ലെന്ന് അവർക്ക് തടസ്സമായില്ല. ബ്രിട്ടനെ സാമ്പത്തിക പ്രതിന്ധിയിൽനിന്ന് കരകയറ്റിയ പ്രധാനമന്ത്രി എന്ന നിലയിലാണ് താച്ചർ എന്ന ഉരുക്കുവനിത അറിയപ്പെടുന്നത്. കോവിഡും യുക്രൈൻ യുദ്ധവുമായി ലോകം മറ്റൊരു സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുമ്പോഴാണ്, 'ജൂനിയർ മാർഗറ്റ് താച്ചർ' എന്ന് ട്രോളപ്പെടുന്ന ലിസ് അധികാരത്തിൽ ഏറുന്നത്.

'കടുംപിടിത്തക്കാരി, തന്നിഷ്ടക്കാരി, തനി ഹെഡ്‌മിസ്ട്രസ് ' ബ്രിട്ടനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായ താച്ചറിനു വിമർശകർ ചാർത്തിയ വിശേഷണങ്ങൾ ഇത്തരത്തിലായിരുന്നു. അത്രക്ക് രൂക്ഷമല്ലെങ്കിലും കടും പിടുത്തക്കാരിയും തന്നിഷ്ടക്കാരിയുമായും താച്ചറിന്റെ ഈ ആരാധികയെ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നുണ്ട്. താച്ചർ അധികാരമേറ്റ 80 കളുടെ തുടക്കം പോലെ ബ്രിട്ടനിൽ സമര വേലിയേറ്റങ്ങളുടെ കാലമാണിത്. ബ്രിട്ടീഷ് റെയിൽവേ , ബ്രിട്ടീഷ് ലായേഴ്സ്, ടീച്ചേർസ് യൂണിയൻ, ബ്രിട്ടീഷ് എയർവെയ്‌സ്, ബ്രിട്ടീഷ് ടെലികോം, പോസ്റ്റൽ സർവീസ്, അവരുടെ വിളിക്കുന്ന ബസ് സർവീസ് , എന്നിവയിലെല്ലാം ഈയിടെ സമരം നടന്നു. ഇനിയെല്ലാം അതിജീവിക്കാൻ താച്ചർ ജൂനിറിന് കഴിയുമോ എന്നാണ് ലോകം  ഉറ്റുനോക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP