Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സർക്കാർ അറിയാതെ ഭാരത് പെട്രോളിയത്തിൽ നിന്ന് 17.56 ലക്ഷം കൈപ്പറ്റി; പിങ്ക് പൊലീസിനായി രണ്ട് കാറുകൾ വാങ്ങി നൽകി; എ.ജി കൈയോടെ പിടികൂടിയപ്പോൾ ബെഹ്‌റ ചെയ്ത തെറ്റിന് മാപ്പു പറഞ്ഞ് ഡി.ജി.പി അനിൽകാന്ത്; ആവർത്തിക്കരുതെന്ന് താക്കീത് നൽകി സർക്കാർ

സർക്കാർ അറിയാതെ ഭാരത് പെട്രോളിയത്തിൽ നിന്ന് 17.56 ലക്ഷം കൈപ്പറ്റി; പിങ്ക് പൊലീസിനായി രണ്ട് കാറുകൾ വാങ്ങി നൽകി; എ.ജി കൈയോടെ പിടികൂടിയപ്പോൾ ബെഹ്‌റ ചെയ്ത തെറ്റിന് മാപ്പു പറഞ്ഞ് ഡി.ജി.പി അനിൽകാന്ത്; ആവർത്തിക്കരുതെന്ന് താക്കീത് നൽകി സർക്കാർ

സായ് കിരൺ

തിരുവനന്തപുരം: സർക്കാരിന്റെ അനുമതിയില്ലാതെ, ഭാരത് പെട്രോളിയം കോർപറേഷന്റെ ധനസഹായം സ്വീകരിച്ച് പിങ്ക് പൊലീസിനായി 17.56 ലക്ഷം രൂപ ചെലവിട്ട് രണ്ട് കാറുകൾ വാങ്ങിയതിന് പൊലീസ് മേധാവി അനിൽകാന്ത് സർക്കാരിനോട് മാപ്പു പറഞ്ഞു. 2018ൽ ലോക്‌നാഥ് ബെഹറയുടെ കാലത്താണ് സംഭവം. സർക്കാർ അനുമതിയില്ലാതെ ഭാരത് പെട്രോളിയത്തിന്റെ പണം സ്വീകരിച്ചതും സർക്കാർ അറിയാതെ കാറുകൾ വാങ്ങിയതും അക്കൗണ്ടന്റ് ജനറൽ കയ്യോടെ പിടികൂടിയപ്പോഴാണ് ഡി.ജി.പി മാപ്പു പറഞ്ഞതും ആഭ്യന്തര വകുപ്പ് അനധികൃത ഇടപാട് സാധൂകരിച്ച് നൽകിയതും.

ഭാവിയിൽ സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ സി.എസ്.ആർ ഫണ്ട് സ്വീകരിക്കാനോ സർക്കാരിന്റെ ഭരണ നിയന്ത്രണത്തിന് പുറത്തുള്ള വ്യക്തികളുമായോ സ്ഥാപനങ്ങളുമായോ കരാറുകളിൽ ഏർപ്പെടാനോ പാടില്ല എന്ന കർശന വ്യവസ്ഥയോടെയാണ് കാറുകൾ വാങ്ങിയ ഇടപാട് സാധൂകരിച്ച് ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറി ജി.അജികുമാർ ഉത്തരവിറക്കിയത്. ഉത്തരവിന്റെ പകർപ്പ് പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറലിനും ധനവകുപ്പിനും കൈമാറിയിട്ടുണ്ട്. സർക്കാർ അനുമതിയില്ലാതെ പൊലീസിന്റെ വെബ്സൈറ്റ് പുതുക്കാൻ ഐടി കമ്പനിക്ക് കരാർ നൽകിയതിന് കഴിഞ്ഞ മെയ് മാസത്തിൽ സർക്കാരിനോട് ഡി.ജി.പി അനിൽകാന്ത് മാപ്പു പറഞ്ഞിരുന്നു.

പിങ്ക് പട്രോൾ ഡ്യൂട്ടിക്കായി കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഫണ്ട് (സി.എസ്.ആർ ഫണ്ട്) ഉപയോഗിച്ച് രണ്ട് കാറുകൾ വാങ്ങിയ പ്രവൃത്തിയാണ് ആഭ്യന്തരവകുപ്പ് സാധൂകരിച്ചത്. ഭാരത് പെട്രോളിയം കോർപറേഷന്റെ ധനസഹായത്തോടെ പിങ്ക് പൊലീസ് പട്രോൾ ഡ്യൂട്ടിക്കായി സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ രണ്ട് കാറുകൾ വാങ്ങിയത് സാധൂകരിച്ച് നൽകണമെന്ന് പൊലീസ് മേധാവി ആവശ്യപ്പെട്ടിരുന്നു.

കൊച്ചി സിറ്റിയിൽ വനിതകളുടെ സുരക്ഷയ്ക്കായി അനുവദിച്ചിരുന്ന രണ്ട് വാഹനങ്ങൾ കാലപ്പഴക്കം കാരണം നിരന്തരം അറ്റകുറ്റപ്പണിയുണ്ടായി. ഇതുകാരണം പിങ്ക് പൊലീസിന്റെ ഡ്യൂട്ടിക്ക് തടസം നേരിടുന്ന സാഹചര്യമുണ്ടായി. ഈ സാഹചര്യത്തിലാണ് സി.എസ്.ആർ ഫണ്ട് പ്രകാരം 17,56,572 രൂപയ്ക്ക് രണ്ട് കാറുകൾ വാങ്ങാനുള്ള സാമ്പത്തിക സഹായം സ്വീകരിച്ചതെന്ന് പൊലീസ് മേധാവി സർക്കാരിനെ അറിയിച്ചു.

സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങിയ ശേഷം മാത്രമേ ഇത്തരം പ്രവൃത്തികൾക്ക് സി.എസ്.ആർ ഫണ്ട് സ്വീകരിക്കുള്ളൂവെന്നും ഭാരത് പെട്രോളിയത്തിന്റെ ധനസഹായത്തോടെ പിങ്ക് പൊലീസ് പട്രോൾ ഡ്യൂട്ടിക്കായി രണ്ട് കാറുകൾ വാങ്ങിയത് സാധൂകരിച്ച് നൽകണമെന്നും പൊലീസ് മേധാവി അപേക്ഷിച്ചു. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. പൊലീസ് മേധാവിയുടെ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുള്ള വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ പിങ്ക് പൊലീസ് പട്രോൾ ഡ്യൂട്ടിക്കായി 1756572 രൂപ സ്വീകരിച്ച് കാറുകൾ വാങ്ങിയത് സാധൂകരിക്കുകയായിരുന്നു.

പൊലീസിന്റെ വെബ്‌സൈറ്റ് പുനർ രൂപകൽപ്പന ചെയ്യാൻ കവികാ ടെക്‌നോളജീസ് (KAWIKA Technologies) എന്ന സ്ഥാപനത്തിന് സർക്കാരിൽ നിന്ന് മുൻകൂർ അനുമതിയോ വകുപ്പുതല സാങ്കേതിക സമിതിയുടെ ശുപാർശയോ ലഭിക്കും മുൻപ് വർക്ക് ഓർഡർ നൽകിയതാണ് നേരത്തേ കുരുക്കായത്. ചട്ടവിരുദ്ധ ഇടപാട് എ.ജി കയ്യോടെ പിടികൂടി. 4,01,200 രൂപ ചെലവഴിച്ചതിന് സർക്കാർ സാധൂകരണം നൽകിയില്ല.

മേലിൽ ഇത്തരം വീഴ്ചകളുണ്ടാകാതെ ശ്രദ്ധിക്കാമെന്നും സമയപരിമിതി കാരണം വന്നുപോയ വീഴ്ച മാപ്പാക്കി വെബ്സൈറ്റ് രൂപകൽപ്പന ചെയ്ത പ്രവൃത്തി അംഗീകരിച്ച് തരണമെന്നും സർക്കാരിനോട് പൊലീസ് മേധാവി അപേക്ഷിച്ചു. അനുമതി നേടാത്തത് സമയപരിമിതി കാരണമായിരുന്നെന്നും വെബ്സൈറ്റ് രൂപകൽപ്പനയ്ക്ക് കാലതാമസം നേരിട്ടിരുന്നെങ്കിൽ പ്രവൃത്തിയുടെ ആത്യന്തിക ലക്ഷ്യം നേടാൻ സാധിക്കുമായിരുന്നില്ലെന്നുമാണ് ഡിജിപിയുടെ വാദം. ഡിജിപിയുടെ അപേക്ഷ പരിഗണിച്ച് 4,01,200 രൂപ നൽകിയത് സാധൂകരിച്ച് നൽകി ആഭ്യന്തര (ഇ) വകുപ്പ് ഉത്തരവിറക്കുകയായിരുന്നു.

ലോക്നാഥ് ബെഹ്‌റ പൊലീസ് മേധാവിയായി ചുമതലയേറ്റ ശേഷം 151.41കോടിയുടെ പർച്ചേസ് നടത്തിയെന്നാണ് 2019 ജൂൺ 27നു വി.ടി.ബൽറാമിന്റെ ചോദ്യത്തിനു നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ മറുപടി. നിയമസഭയിൽ വച്ച സി.എ.ജി റിപ്പോർട്ടിൽ പൊലീസ് മേധാവി ലോക്നാഥ് ബെഹറയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണുണ്ടായിരുന്നത്. പർച്ചേസിൽ ചട്ടങ്ങൾ പാലിക്കുന്നില്ലെന്നതടക്കം വീഴ്ചകൾ സി.എ.ജി ചൂണ്ടിക്കാട്ടി.

പൊലീസ് നവീകരണ പദ്ധതിയിൽ വി.ഐ.പി സുരക്ഷയ്ക്ക് വാഹനങ്ങൾ വാങ്ങാനാവില്ലെന്നിരിക്കെ, ദർഘാസ് പോലും വിളിക്കാതെ 1.10കോടിക്ക് രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങി. മാവോയിസ്റ്റ് ഭീഷണിയുള്ള സ്ഥലങ്ങളിൽ പൊലീസിന്റെ പ്രവർത്തനത്തിന് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങുന്നതിന് പകരം വി.ഐ.പി സുരക്ഷയ്ക്കായാണ് അവ വാങ്ങിയത്. ഡി.ജി.പി അറിഞ്ഞുകൊണ്ടു കേന്ദ്ര മാർഗനിർദ്ദേശങ്ങൾ ലംഘിച്ചു.

201617ലാണ് പൊലീസ് വകുപ്പിന് രണ്ടു വെടിയുണ്ട പ്രതിരോധ വാഹനങ്ങൾ വാങ്ങുന്നതിനായി 1.26 കോടിരൂപ അനുവദിച്ചത്. സ്റ്റോഴ്സ് പർച്ചേസ് മാന്വലിലെ വ്യവസ്ഥകൾ കൃത്യമായി പാലിക്കണമെന്നു വ്യവസ്ഥ ചെയ്താണ് സർക്കാർ അനുമതി നൽകിയത്. എന്നാൽ, സ്റ്റോഴ്സ് പർച്ചേസ് മാനുവൽ നിർദ്ദേശിക്കുന്നതിനു വിരുദ്ധമായി ടെൻഡർ വിളിക്കാതെ ഡി.ജി.പി ഒരു ടെക്നിക്കൽ കമ്മറ്റി രൂപീകരിച്ചു. 55.02 ലക്ഷത്തിന് ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങാൻ ശുപാർശ നൽകി.

പിന്നീട് ടെൻഡർ വിളിക്കാതെ 1.10 കോടി രൂപയ്ക്ക് രണ്ടു വാഹനങ്ങൾ വാങ്ങാൻ തീരുമാനിച്ചു. അതേദിവസം തന്നെ, വാഹനങ്ങൾക്ക് ടെൻഡർ വിളിക്കാതെ വിതരണ ഉത്തരവ് നൽകിയ നടപടിക്ക് നിയമ സാധുത നൽകണമെന്നു സർക്കാരിനോട് അഭ്യർത്ഥിച്ചു. സുരക്ഷാ കാരണങ്ങളാൽ ടെൻഡർ വിളിച്ചില്ലെന്നാണ് ഡി.ജി.പിയുടെ വാദം. സർക്കാരിൽനിന്നുള്ള നിയമ സാധുത കാത്തുനിൽക്കാതെ കമ്പനിക്കു 33 ലക്ഷംരൂപ നൽകി. പൊലീസ് മേധാവിയുടെ നടപടിക്ക് നിയമസാധുത നൽകാൻ പിന്നീട് സർക്കാർ വിസമ്മതിച്ചു. ടെൻഡർ വിളിക്കാതെ വിതരണ ഉത്തരവ് നൽകി മുൻകൂറായി തുക വിട്ടുനൽകിയ ഡി.ജി.പിയുടെ നടപടി ചട്ടങ്ങളുടെ ലംഘനമാണെന്ന് സി.എ.ജി തുറന്നടിച്ചു.

വാങ്ങാനുള്ള വാഹനങ്ങൾ നേരത്തെ കണ്ടുവച്ചിരുന്നു എന്നാണ് നടപടി ക്രമങ്ങളിൽനിന്ന് മനസിലാകുന്നതെന്ന് സി.എ.ജി കണ്ടെത്തി. അതിനാൽ തുറന്ന ടെൻഡറോ നിയന്ത്രിത ടെൻഡറോ ആലോചിച്ചില്ലെന്ന് വ്യക്തമാണ്. സുരക്ഷാ കാരണങ്ങളാൽ തുറന്ന ദർഘാസ് ഒഴിവാക്കിയെന്ന ഡി.ജി.പിയുടെ വിശദീകരണം നിലനിൽക്കുന്നതല്ല. ഒഡിഷയിലും ബീഹാറിലുമെല്ലാം തുറന്ന ദർഘാസുണ്ട്. വി.ഐ.പി സുരക്ഷയ്ക്കല്ലാതെ, മാവോയിസ്റ്റ് ബാധിത മേഖലകളിൽ ബുള്ളറ്റ് പ്രൂഫ്, മൈൻ പ്രൂഫ് വാഹനങ്ങൾ ഉപയോഗിക്കേണ്ടതായിരുന്നുവെന്ന് സി.എ.ജി വിലയിരുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP