Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പാക്കിസ്ഥാനെതിരെ നിർണായക ക്യാച്ച് വിട്ടു; അർഷ്ദീപ് സിങിനെതിരെ വിദ്വേഷപ്രചാരണം; ഖലിസ്ഥാൻ അനുകൂലിയാക്കി താരത്തിന്റെ വിക്കിപീഡിയ പേജ് തിരുത്തി; വിശദീകരണം തേടി കേന്ദ്ര സർക്കാർ; അർഷ്ദീപിനെ പിന്തുണച്ച് കോലിയും ഹർഭജനും

പാക്കിസ്ഥാനെതിരെ നിർണായക ക്യാച്ച് വിട്ടു; അർഷ്ദീപ് സിങിനെതിരെ വിദ്വേഷപ്രചാരണം; ഖലിസ്ഥാൻ അനുകൂലിയാക്കി താരത്തിന്റെ വിക്കിപീഡിയ പേജ് തിരുത്തി; വിശദീകരണം തേടി കേന്ദ്ര സർക്കാർ; അർഷ്ദീപിനെ പിന്തുണച്ച് കോലിയും ഹർഭജനും

സ്പോർട്സ് ഡെസ്ക്

ന്യൂഡൽഹി: ഞായറാഴ്ച നടന്ന ഏഷ്യാ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ നിർണായക ക്യാച്ച് വിട്ട അർഷ്ദീപ് സിങ്ങിനെതിരെ സമൂഹമാധ്യമങ്ങളിൽ വൻ വിദ്വേഷപ്രചാരണം. 'ഖലിസ്ഥാനി' എന്നു വിളിച്ചാണ് താരത്തിനെതിരെ കാംപയിൻ നടക്കുന്നത്. ഖലിസ്ഥാൻ അനുകൂലിയാക്കിയ താരത്തിന്റെ വിക്കിപീഡിയ പേജ് എഡിറ്റ് ചെയ്തു. സംഭവത്തിൽ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം വിക്കിപീഡിയയോട് വിശദീകരണം തേടി.

രവി ബിഷ്‌ണോയി എറിഞ്ഞ 18ാം ഓവറിൽ അർഷ്ദീപ് സിങ് ആസിഫ് അലിയുടെ അനായാസ ക്യാച്ച് വിട്ടുകളഞ്ഞതാണ് രോഷത്തിനു കാരണം. അർഷ്ദിപിനെ 'ഖലിസ്ഥാനാ'യി വരെ ചിത്രീകരിച്ച ചിലർ അദ്ദേഹത്തിന്റെ കുടുംബത്തിനെതിരെ വരെ ആക്രമണം അഴിച്ചുവിട്ടു. എന്നാൽ സൈബർ ആക്രമണം രൂക്ഷമാകുന്നതിനിടെ അർഷ്ദീപിനു പിന്തുണയുമായി ഇന്ത്യൻ താരങ്ങളായ വിരാട് കോലി രംഗത്തെത്തി. മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്ങ് അടക്കം കായികരംഗക്കെ പ്രമുഖരും വിഷയത്തിൽ പ്രതികരിച്ചു.

18 പന്തിൽ 34 റൺസ് വേണ്ട ഘട്ടത്തിലായിരുന്നു അർഷ്ദീപ് ക്യാച്ച് വിട്ടുകളഞ്ഞത്. 18-ാം ഓവർ എറിഞ്ഞ രവി ബിഷ്ണോയിയുടെ പന്തിൽ പാക് താരം ആസിഫ് അലിയുടെ നേരിട്ടുള്ള ഷോട്ട് താരത്തിന് പിടിയിലൊതുക്കാനായില്ല. പിന്നാലെ എറിഞ്ഞ ഭുവനേശ് കുമാറിന്റെ 19-ാം ഓവറിൽ ആസിഫ് നേടിയ ഒരു സിക്സും ബൗണ്ടറിയും സഹിതം പാക്കിസ്ഥാൻ 19 റൺസാണ് അടിച്ചെടുത്തത്. കളിയുടെ ഗതി തന്നെ ആ ഓവറോടെ പാക്കിസ്ഥാന് അനുകൂലമായി.

അവസാന ഓവർ എറിയാൻ അർഷ്ദീപ് എത്തുമ്പോൾ ഏഴു റൺസ് മാത്രമാണ് പാക്കിസ്ഥാനു വേണ്ടിയിരുന്നത്. രണ്ടാം പന്തിൽ യോർക്കറിനുള്ള ശ്രമം ഫുൾടോസായി ബൗണ്ടറിയിൽ കലാശിച്ചതൊഴിച്ചാൽ മികച്ച ബൗളിങ് പ്രകടനമാണ് താരം പുറത്തെടുത്തത്. ആസിഫ് അലിയെ വിക്കറ്റിനു മുന്നിൽ കുടുക്കി പ്രായശ്ചിത്തം ചെയ്യുകയും ചെയ്തു. എന്നാൽ, അഞ്ചാമത്തെ പന്തിൽ വീണ്ടും യോർക്കറിനുള്ള ശ്രമം പാളി. ഇഫ്തിഖാർ അഹ്‌മദ് പാക്കിസ്ഥാന്റെ വിജയറൺ കുറിക്കുകയായിരുന്നു.

മത്സരം പാക്കിസ്ഥാൻ ജയിച്ചതിന് പിന്നാലെ അർഷ്ദീപിനെതിരെ സോഷ്യൽ മീഡിയയിൽ വിദ്വേഷ പ്രചാരണം ആരംഭിച്ചത്. ഖലിസ്ഥാനി അർഷ്ദീപാണ് മത്സരം തുലച്ചതെന്ന തരത്തിലായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചാരണം. അനായാസ ക്യാച്ച് വിട്ടിട്ടും ചിരിക്കുന്നത് കണ്ടില്ലേ, ഖലിസ്ഥാനി തന്നെയെന്നും ആരോപണമുണ്ടായി. ഇതിനു പിന്നാലെയാണ് താരത്തിന്റെ വിക്കിപീഡിയ പേജ് എഡിറ്റ് ചെയ്തത്. രാജ്യത്തിന്റെ പേര് ഖലിസ്ഥാനി പഞ്ചാബ് എന്നാക്കി മാറ്റി. പേര് മേജർ അർഷ്ദീപ് സിങ് ബാജ് ബാജ്വ എന്നാക്കി എഡിറ്റും ചെയ്തു. #Khalistani ഹാഷ്ടാഗ് ട്വിറ്ററിലെ ട്രെൻഡിങ്ങിൽ മുന്നിലാണ്.

എന്നാൽ, പാക്കിസ്ഥാനിൽനിന്നുള്ള ഐ.പി അഡ്രസ് വഴിയാണ് വിക്കിപീഡിയ എഡിറ്റിങ് നടന്നതെന്നാണ് സംഘ്പരിവാർ ഐ.ഡികൾ പ്രചരിപ്പിക്കുന്നത്. ഇതിനു പിന്നാലെയാണ് കേന്ദ്ര വാർത്താ-വിനിമയ മന്ത്രാലയം വിക്കിപീഡിയ എക്‌സിക്യൂട്ടീവിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയത്. എഡിറ്റിങ്ങിനെ കുറിച്ചുള്ള വിശദീകരണം നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

അർഷ്ദിപിനെ 'ഖലിസ്ഥാനാ'യി വരെ ചിത്രീകരിച്ച ചിലർ അദ്ദേഹത്തിന്റെ കുടുംബത്തിനെതിരെ വരെ ആക്രമണം അഴിച്ചുവിട്ടു. എന്നാൽ സൈബർ ആക്രമണം രൂക്ഷമാകുന്നതിനിടെ അർഷ്ദീപിനു പിന്തുണയുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ താരം വിരാട് കോലിയും മുൻ താരം ഹർഭജൻ സിങ്ങും

ആരും മനഃപൂർവം ക്യാച്ച് വിടില്ലെന്നും അതിന്റെ പേരിൽ ബൗളരെ കുറ്റപ്പെടുത്തരുതെന്നും ഹർഭജൻ ആവശ്യപ്പെട്ടു. മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ, മുൻ പാക്കിസ്ഥാൻ താരം മുഹമ്മദ് ഹഫീസ്, ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലി എന്നിവരെല്ലാം താരത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ആർക്കും തെറ്റു പറ്റാമെന്നും വലിയ സമ്മർദമുള്ള മത്സരമായിരുന്നു നടന്നതെന്നും കോഹ്ലി മത്സരശേഷം ചൂണ്ടിക്കാട്ടി

'വളരെയധികം സമ്മർദ്ദമുള്ള മത്സരമായിരുന്നു. അതുകൊണ്ടു തന്നെ ആർക്കുവേണമെങ്കിലും തെറ്റു സംഭവിക്കാം. എനിക്കിപ്പോഴും ഓർമയുണ്ട് ഞാൻ എന്റെ ആദ്യ ചാംപ്യൻസ് ട്രോഫി മത്സരം കളിച്ചത്. പാക്കിസ്ഥാനെതിരെയായിരുന്നു മത്സരം. ഞാൻ ഷാഹിദ് അഫ്രീദിക്കെതിരെ വളരെ മോശം ഒരു ഷോട്ട് കളിച്ചു. ആ മത്സരം കഴിഞ്ഞ രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ഞാൻ പുലർച്ചെ അഞ്ചു മണി വരെ മുകളിലേക്കു നോക്കി കിടന്നു. എന്റെ കരിയർ അവസാനിച്ചു എന്നു തന്നെ കരുതി. എന്നാൽ ഇതെല്ലാം സ്വാഭാവികമാണ്. തെറ്റുകളിൽനിന്നാണ് കളിക്കാർ പലതും പഠിക്കുന്നത്. അതിനാൽ ആ തെറ്റു മനസ്സിലാക്കി അതിനെ നേരിട്ട്, അടുത്ത അങ്ങനൊരു സമ്മർദ്ദഘട്ടത്തെ അഭിമുഖീകരിക്കുകയാണ് ചെയ്യേണ്ടത്.' വിരാട് കോലി പറഞ്ഞു.

'അർഷ്ദീപ് സിങ്ങിനെ വിമർശിക്കുന്നത് അവസാനിപ്പിക്കൂ. ആരും മനപ്പൂർവം ക്യാച്ച് കൈവിടില്ല. ഞങ്ങളുടെ താരങ്ങളെ ഓർത്ത് ഞങ്ങൾക്ക് അഭിമാനമുണ്ട്. പാക്കിസ്ഥാൻ നന്നായി കളിച്ചു. നമ്മുടെ തന്നെ താരങ്ങളെ കുറിച്ച് മോശം പറഞ്ഞ് അവരെ തളർത്തുന്നവരെ കുറിച്ച് ഓർത്ത് ലജ്ജിക്കുന്നു. അർഷ് പൊന്നാണ്.'എന്ന് ഹർഭജൻ ട്വീറ്റ് ചെയ്തു.

ഇരുവർക്കും പുറമേ ഇന്ത്യൻ ബോക്‌സറും ഒളിംപിക് മെഡൽ ജേതാവുമായ വിജേന്ദർ സിങ്ങും അർഷ്ദീപിന് പിന്തുണയുമായെത്തി. 'വിഷമിക്കേണ്ട്, നായ്ക്കൾ കുരച്ചുകൊണ്ടേയിരിക്കും' എന്നാണ് വിജേന്ദർ ട്വീറ്റ് ചെയ്തത്. ഇതിനു പുറമേ നിരവധി ഇന്ത്യൻ ആരാധകരും അർഷ്ദീപിന് പിന്തുണ അറിയിച്ച് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. പാക്കിസ്ഥാനെതിരെ നടന്ന മത്സരത്തിൽ അർഷ്ദീപിന്റെ മികച്ച പ്രകടനം കാണിക്കുന്ന സ്‌കോർ കാർഡ് ഉൾപ്പെടെ ഉയർത്തി കാട്ടിയായിരുന്നു പിന്തുണ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP