Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പട്ടി കടിയേറ്റ ഉടനെ പെരിനാട് പ്രഥമികാരോഗ്യ കേന്ദ്രത്തിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലും പോയെങ്കിലും കൃത്യമായ ചികിത്സ കിട്ടിയില്ല; ജീവനക്കാർ പറഞ്ഞത് പരിമിതി ഉണ്ടെന്ന്; 12 വയസ്സുകാരി പേവിഷബാധയെറ്റ് മരിച്ച സംഭവത്തിൽ ചികിത്സാപിഴവ് ആരോപിച്ചു കുടുംബം; അഭിരാമിയുടെ ദാരുണാന്ത്യത്തിലും തെളിയുന്നത് ആരോഗ്യ സംവിധാനങ്ങളിലെ പാളിച്ചകൾ

പട്ടി കടിയേറ്റ ഉടനെ പെരിനാട് പ്രഥമികാരോഗ്യ കേന്ദ്രത്തിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലും പോയെങ്കിലും കൃത്യമായ ചികിത്സ കിട്ടിയില്ല; ജീവനക്കാർ പറഞ്ഞത് പരിമിതി ഉണ്ടെന്ന്; 12 വയസ്സുകാരി പേവിഷബാധയെറ്റ് മരിച്ച സംഭവത്തിൽ ചികിത്സാപിഴവ് ആരോപിച്ചു കുടുംബം; അഭിരാമിയുടെ ദാരുണാന്ത്യത്തിലും തെളിയുന്നത് ആരോഗ്യ സംവിധാനങ്ങളിലെ പാളിച്ചകൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പേപ്പട്ടിയുടെ കടിയേറ്റ് പേവിഷ ബാധയേറ്റ് തുടർച്ചയായി ആളുകളുടെ ജീവൻ പൊലിയുന്ന സംഭവം കേരളത്തെ മൊത്തിൽ നടുക്കുകയാണ്. പട്ടികടിച്ചാലും വാക്‌സിൻ എടുത്താൽ മതിയെന്ന ധാരണയും ആത്മവിശ്വാസവും ഇല്ലതാക്കുന്നതാണ് അഭിരാമിയുടെ മരണവും സൂചിപ്പിക്കുന്നത്. തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെയാണ് റാന്നി പെരുനാട് സ്വദേശിനിയായ 12 വയസ്സുകാരി അഭിരാമി മരിച്ചത്.

സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് പെൺകുട്ടിയുടെ കുടുംബം രംഗത്തുവന്നിട്ടുണ്ട്. പെരുനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കൃത്യമായ പ്രാഥമിക ചികിത്സ കിട്ടിയില്ല. പരിമിതിയുണ്ടെന്ന് ആശുപത്രി ജീവനക്കാർ അറിയിച്ചതായി അഭിരാമിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. തുടർന്നായിരുന്നു മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. എന്നിട്ടും ആരോഗ്യം വഷളാവുകയായിരുന്നു.

കുട്ടിക്ക് പനിയുണ്ടെന്ന് പറഞ്ഞിട്ടും ഇന്ന് രാവിലെ പോലും ഡോക്ടർമാർ കാര്യമായി പരിഗണിച്ചില്ലെന്നും മാതാവ് ആരോപിച്ചു. പേപ്പട്ടി വിഷബാധയ്ക്കുള്ള വാക്‌സിന്റെ മൂന്ന് കുത്തിവെപ്പ് എടുത്തെങ്കിലും കുട്ടിയുടെ ആരോഗ്യനില വഷളായിരുന്നു. കുട്ടിയുടെ സ്രവങ്ങൾ പുണെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. നാളെ പരിശോധനാഫലം വരാനിരിക്കെയാണ് മരണം.

ഓഗസ്റ്റ് 13-നാണ് പെരുനാട് മന്ദപ്പുഴ ചേർത്തലപ്പടി ഷീനാഭവനിൽ അഭിരാമിക്ക് തെരുവുനായയുടെ കടിയേറ്റത്. രാവിലെ പാൽ വാങ്ങാൻ പോകുമ്പോഴായിരുന്നു സംഭവം. ഓടിരക്ഷപ്പെടാൻ ശ്രമിച്ച അഭിരാമിയുടെ പിന്നാലെ എത്തി നായ കൈകാലുകളിലും മുഖത്തും വലതുകണ്ണിനോട് ചേർന്നഭാഗത്തും കടിക്കുകയായിരുന്നു.

കഴിഞ്ഞ ആറുമാസത്തിനിടെ കേരളത്തിൽ റാബീസ് മൂലം മരിച്ചത് 13 പേരാണ്. ഇവരിൽ നാലു പേർ വാക്‌സിൻ എടുത്തവരാണ്. ഇപ്പോൾ അഭിരാമി വാക്‌സിൻ എടുത്തിട്ടും മരിച്ചു. ഇതോടെ റാബീസ് വാക്‌സിന്റെ ഫലപ്രാപ്തിയെക്കുറിച്ചും വ്യാപകമായ അശങ്കയുണ്ട്. എന്നാൽ റാബീസ് വാക്‌സിൻ പൂർണ്ണമായും സുരക്ഷിതവും ഫല പ്രദവുമാണ്. ലോക വ്യാപകമായി തെളിയിക്കപ്പെട്ട ഒന്നാണ് അത്. അത് സൂക്ഷിക്കുന്നതിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടോ എന്നാണ് പരിശോധിക്കേണ്ടത്.

പക്ഷേ യഥാർഥ പ്രശ്‌നം ഇതൊന്നുമല്ലെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ദ്ധർ പറയുന്നത്. വളരെ വേഗത്തിൽ തലച്ചോറിൽ എത്തുന്ന വൈറസ് ആണ് റാബീസ്. അതുകൊണ്ടുതന്നെ മുഖത്താണ് കടിയേറ്റത് എങ്കിൽ വളരെ പെട്ടെന്ന് ചികിത്സ തേടണം. വൈറസ് തലച്ചോറിൽ എത്തിക്കഴിഞ്ഞാൽ പിന്നെ ചികിത്സ ഏശില്ല. എന്നാൽ ഇപ്പോഴും നായ കടിച്ചാൽ ഉടനടി ചികിത്സ തേടണം എന്ന അവബോധം നമുക്കില്ല.

വേഗത്തിൽ സഞ്ചരിക്കുന്ന വൈറസ്

അഭിരാമിക്ക് വിഷബാധ ഉണ്ടാകാൻ കാരണം ഈ സമയം വൈകൽ തന്നെയാണെന്നാണ് വിദഗ്ദ്ധർ രഹസ്യമായി സമ്മതിക്കുന്നത്. പത്തനംതിട്ടയിൽ പേപ്പട്ടിയുടെ കടിയേറ്റ കുട്ടിയെ, വാഹന സൗകര്യം കുറവുള്ള സ്ഥലം ആയതിനാൽ ബൈക്കിൽ ആറു കിലോമീറ്റർ ദൂരെയുള്ള ഫാമിലി ഹെൽത്ത് സെന്റിലാണ് ആണ് ആദ്യം എത്തിക്കുന്നത്. അപ്പോൾ അവിടെ ഡോക്ടർ ഇല്ല. ഒരു കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ 24 മണിക്കൂറും ഡോക്ടറുടെ സേവനം ഉണ്ടാകണമെന്നാണ് ചട്ടം. പക്ഷേ രാവിലെ 7.30നും ഇവിടെ ഡോക്ടർ ഉണ്ടായിരുന്നില്ല. വിവരം അറിഞ്ഞെത്തിയ പൊലീസ് ഏർപ്പെടുത്തിയ ഓട്ടോ റിക്ഷയിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു. അവിടെവച്ചാണ് വാക്‌സിൻ നൽകപ്പെട്ടത്. ഈ സമയദൈർഘ്യമാണ് സത്യത്തിൽ വിനയായത്. എന്നാൽ ഇത് ചർച്ചചെയ്യാതെ നമ്മുടെ മാധ്യമങ്ങളും, സോഷ്യൽ മീഡിയയും വാക്‌സിന്റെ ഗുണനിലവാരം ആണ് ചർച്ചചെയ്യുന്നത്.

കുട്ടിക്ക് മുഖത്താണ് കടിയേറ്റത്. പുരികത്തും, കണ്ണിന് താഴെയുമൊക്കെയുള്ള കടി വളരെ അപകടകരം ആണ്. മുഖം, തല, കൈ, കാൽവെള്ള, ജനനേന്ദ്രിയങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ കടിയേറ്റാൽ വളരെ വളരെ അപകടം ആണ്. കൈവെള്ളയിൽ ആണ് കടിയെങ്കിൽ വൈറസ് തലച്ചോറിൽ എത്താൻ ഒരു ദിവസവും, കാൽ വെള്ളയിൽ ആണെങ്കിൽ 2-3 ദിവസവും എടുക്കും. നേർവ് എൻഡിങ് ധാരാളം ഉള്ള സ്ഥലങ്ങൾ ആണ് ഇവിടങ്ങൾ ഒക്കെ. മുഖത്താണ് കടിയെങ്കിൽ വൈറസ് തലച്ചോറിൽ എത്താൻ വെറും നാലു മണിക്കൂർ മതി. ഈ നാലു മണിക്കൂറിനും മുമ്പ് ഇമ്മ്യൂണോഗ്ലോബുലിൻ നൽകണം. ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്ന വൈറസ് ആണ് റാബീസ് വൈറസ്. 20എംഎം മുതൽ 400എംഎം വരെയാണ് ഒരു ദിവസം സഞ്ചരിക്കുക. നേർവിലൂടെയാണ് സഞ്ചാരം. പക്ഷേ നാലുമണിക്കൂറിന് ശേഷമാണ് ഇമ്മ്യൂണോഗ്ലോബുലിൻ നൽകിയതെങ്കിൽ അതിന് ഫലം ഉണ്ടാവില്ല.

പത്തനംതിട്ടയിൽ ഈ രീതിയിൽ കാലതാമസം ഉണ്ടായി എന്നാണ് സംശയം. കൊട്ടിഘോഷിക്കുന്ന കേരളാ മോഡൽ ആരോഗ്യ സംവിധാനത്തിന് ഒരു പാട് ലൂപ്പ് ഹോളുകൾ ഉണ്ടെന്ന് വ്യക്തം. ആർക്കെങ്കിലും തെരുവുനായയുടെ കടിയേറ്റാൽ അയാളെ ആംബുലൻസിൽ അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റി, മിനിട്ടുകൾക്കുള്ളിൽ കുത്തിവെപ്പ് എടുപ്പിക്കയാണ് പോം വഴി. പക്ഷേ പലപ്പോഴും റാബീസ് വാക്‌സിൻ എടുക്കാൻ പോകുന്നവർക്ക് ആശുപത്രിയിൽ കാത്തുനിൽക്കേണ്ട അവസ്ഥ പോലും ഉണ്ടാവുന്നുണ്ട്.

അതുപോലെ തന്നെ തെരുവ് നായകളുടെ പെരുപ്പം നിയന്ത്രിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല. തെരുവ് നായകളെ വന്ധ്യംകരിച്ചില്ല. നായ്ക്കൾക്ക് ലൈസൻസ് ഏർപ്പെടുത്തിയില്ല. തെരുവ് നായകൾക്ക് പേ വിഷബാധക്കെതിരെ പ്രതിരോധ വാക്‌സിൻ നൽകിയില്ല. നായകൾക്ക് വാക്‌സിൻ നൽകുന്നില്ലെങ്കിൽ, എല്ലാ മനുഷ്യർക്കും നാലു ഡോസ് വാക്‌സിൻ നൽകി, പേ വിഷപ്രതിരോധം ഉറപ്പു വരുത്തണം. അതും ചെയ്തില്ല. പലയിടത്തും വാക്‌സിൻ ഇല്ല.

വാക്‌സിൻ ഉണ്ടായിട്ടും കൊടുക്കാതിരുന്ന സംഭവം മുവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ ഉണ്ടായിട്ടുണ്ട്. റാബിസ് വാക്‌സിൻ എടുക്കാൻ വരുന്നവരെ മണിക്കൂറുകൾ കാത്തിരുത്തുന്ന ആശാസ്ത്രീയ നടപടികൾക്ക് അറുതി വരുത്തണം. ഉടനടി വാക്‌സിൻ നൽകണം. കാലതാമസം ഗുരുതരമായ പ്രശ്‌നം ആണ്. ഓരോ മിനിറ്റും വിലപ്പെട്ടതാണ്. ശൈലജ ടീച്ചർ ആരോഗ്യ വകുപ്പ് കൈകര്യം ചെത്ത കാലത്തുനിന്ന് ആരോഗ്യവകുപ്പ് വല്ലാതെ പിറകോട്ട് പോയിട്ടുണ്ട്. നിലവിലെ ആരോഗ്യമന്ത്രി വീണാ ജോർജിനെ ഫോണിൽ വിളിച്ചാലൊന്നും കിട്ടാറില്ലെന്ന് ആക്ഷേപം ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP