Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീണ്ടും അവസാന ഓവർ ത്രില്ലർ; വിരാട് കോലിക്ക് മറുപടി മുഹമ്മദ് റിസ്വാനിലൂടെ; പിന്തുണച്ച് മുഹമ്മദ് നവാസും; മധ്യ ഓവറുകളിൽ കളി കൈവിട്ട് ഇന്ത്യ; എഷ്യാകപ്പ് സൂപ്പർ ഫോറിൽ പാക്കിസ്ഥാന് അഞ്ച് വിക്കറ്റ് ജയം

വീണ്ടും അവസാന ഓവർ ത്രില്ലർ; വിരാട് കോലിക്ക് മറുപടി മുഹമ്മദ് റിസ്വാനിലൂടെ; പിന്തുണച്ച് മുഹമ്മദ് നവാസും; മധ്യ ഓവറുകളിൽ കളി കൈവിട്ട് ഇന്ത്യ; എഷ്യാകപ്പ് സൂപ്പർ ഫോറിൽ പാക്കിസ്ഥാന് അഞ്ച് വിക്കറ്റ് ജയം

സ്പോർട്സ് ഡെസ്ക്

ദുബായ്: ഏഷ്യാ കപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയോട് ഏറ്റ തോൽവിക്ക് സൂപ്പർ ഫോർ പോരാട്ടത്തിൽ മറുപടി നൽകി പാക്കിസ്ഥാൻ. ആവേശം അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ ഇന്ത്യയെ അഞ്ചു വിക്കറ്റിനാണ് പാക് ടീം പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 182 റൺസ് വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കേ അഞ്ചു വിക്കറ്റുകൾ നഷ്ടപ്പെടുത്തി പാക്കിസ്ഥാൻ മറികടന്നു. അർധ സെഞ്ചുറി നേടിയ മുഹമ്മദ് റിസ്വാനാണ് പാക്കിസ്ഥാന് നിർണായക ജയം സമ്മാനിച്ചത്. 51 പന്തുകൾ നേരിട്ട താരം രണ്ട് സിക്സും ആറ് ഫോറുമടക്കം 71 റൺസെടുത്തു.

ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 181 റൺസാണ് നേടിയത്. 44 പന്തിൽ 60 റൺസെടുത്ത വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. മറുപടി ബാറ്റിംഗിൽ പാക്കിസ്ഥാൻ 19.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

തുടക്കത്തിൽ ബാബർ അസമിനെ (14) പുറത്താക്കാൻ ഇന്ത്യക്കായിരുന്നു. രവി ബിഷ്ണോയിയാണ് അസമിനെ മടക്കിയത്. മൂന്നാമനായി ക്രീസിലെത്തിയ ഫഖർ സമാനും (15) അധികനേരം ക്രീസിൽ നിൽക്കാനായില്ല. യൂസ്വേന്ദ്ര ചാഹലിനായിരുന്നു വിക്കറ്റ്. മൂന്നാം വിക്കറ്റിൽ ഒന്നിച്ച മുഹമ്മദ് റിസ്വാൻ - മുഹമ്മദ് നവാസ് സഖ്യം കളി പാക്കിസ്ഥാന് അനുകൂലമാക്കി. സ്ഥാനക്കയറ്റം കിട്ടിയെത്തിയ നവാസായിരുന്നു കൂടുതൽ അപകടകാരി. വെറും 20 പന്തിൽ നിന്ന് രണ്ട് സിക്സും ആറ് ഫോറുമടക്കം 42 റൺസെടുത്താണ് നവാസ് മടങ്ങിയത്. അപ്പോഴേക്കും റിസ്വാനൊപ്പം 73 റൺസ് താരം കൂട്ടിച്ചേർത്തിരുന്നു.

ഭുവനേശ്വർ കുമാറിനെ അതിർത്തി കടത്താനുള്ള ശ്രമത്തിൽ നവാസ് മടങ്ങി. റിസ്വാൻ, ഹാർദിക്കിന്റെ പന്തിൽ മടങ്ങിയതോടെ പാക്കിസ്ഥാൻ പ്രതിരോധത്തിലായി. 51 പന്തിലാണ് റിസ്വാൻ 71 റൺസ് നേടിയത്. ആറ് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു റിസ്വാന്റെ ഇന്നിങ്സ്.

റിസ്വാൻ മടങ്ങിയെങ്കിലും ഖുഷ്ദിൽ ഷായും ആസിഫ് അലിയും ചേർന്ന് പാക്കിസ്ഥാനെ വിജയത്തിനടുത്തെത്തിച്ചു. ഭുവനേശ്വർ കുമാർ എറിഞ്ഞ 19-ാം ഓവറിൽ 19 റൺസടിച്ച ഈ സഖ്യമാണ് അവസാന നിമിഷം കളി ഇന്ത്യയിൽ നിന്നും തട്ടിയെടുത്തത്. അവസാന ഓവറിൽ ആസിഫ് (16) പുറത്തായെങ്കിലും അഞ്ചാം പന്തിൽ ഡബിൾ നേടി ഇഫ്തിഖർ അഹമ്മദ് പാക്കിസ്ഥാനെ വിജയത്തിലെത്തിച്ചു. ഖുഷ്ദിൽ 14 റൺസോടെ പുറത്താകാതെ നിന്നു.

വ്യക്തിഗത സ്‌കോർ രണ്ടിൽ നിൽക്കെ ആസിഫ് അലി നൽകിയ അനായാസ അവസരം അർഷ്ദീപ് സിങ് വിട്ടുകളയുകയും ചെയ്തു. ആസിഫ് തന്നെയാണ് പിന്നീട് പാക്കിസ്ഥാനെ വിജയത്തിനടുത്തെത്തിച്ചത്. അവസാന രണ്ട് ഓവറിൽ 26 റൺസാണ് പാക്കിസ്ഥാന് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ ഭുവനേശ്വർ എറിഞ്ഞ 19-ാം ഓവറിൽ 19 റൺസ് പിറന്നു.

അവസാന ഓവറിൽ വേണ്ടത് ഏഴ് റൺസ്. ആദ്യ പന്തിൽ ഖുഷ്ദിൽ സിംഗിൾ നേടി. രണ്ടാം പന്ത് ആസിഫ് ബൗണ്ടറിയിലേക്ക് പായിച്ചു. മൂന്നാം പന്തിൽ റൺസില്ല. നാലാം പന്തിൽ ആസിഫ് വിക്കറ്റിന് മുന്നിൽ കുടുങ്ങി. വീണ്ടും നാടകീയ മുഹൂർത്തങ്ങളിലേക്ക്. അഞ്ചാം പന്തിൽ രണ്ട് റൺസ് നേടി ഇഫ്തിഖർ അഹമ്മദ് വിജയം പൂർത്തിയാക്കി. ഖുഷ്ദിൽ (14) പുറത്താവാതെ നിന്നു.

നേരത്തെ, കെ എൽ രാഹുൽ (28), രോഹിത് ശർമ (28) എന്നിവർ നൽകിയ തുടക്കം കോലി മുതലാക്കുകയായിരുന്നു. മധ്യനിരയിൽ കോലി ഒഴികെ മറ്റാർക്കും തിളങ്ങാനായില്ല. ഷദാബ് ഖാൻ പാക്കിസ്ഥാനായി രണ്ട് വിക്കറ്റ് വീഴ്‌ത്തി. മോശം ഫോമിന്റെ പേരിൽ വിമർശിക്കപ്പെടുന്ന രോഹിത്- രാഹുൽ സഖ്യം വായടപ്പിക്കുന്ന തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ 54 റൺസ് കൂട്ടിചേർത്തു. എന്നാൽ ഹാരിസ് റൗഫ് പാക്കിസ്ഥാന് ബ്രേക്ക് ത്രൂ നൽകി. രോഹിത്തിന് ഖുഷ്ഡൽഹിന്റെ കൈകളിലെത്തിച്ചു. പിന്നാലെ രാഹുലും മടങ്ങി. ഷദാബ് ഖാനായിരുന്നു വിക്കറ്റ്. മൂന്നാമനായി ക്രീസിലെത്തിയ വിരാട് കോലി ഒരു ഭാഗത്ത് ഉറച്ച് നിന്നെങ്കിലും പിന്തുണ നൽകാൻ മധ്യനിരയ്ക്ക് സാധിച്ചില്ല.

സൂര്യുകുമാർ യാദവ് (13), റിഷഭ് പന്ത് (14), ഹാർദിക് പാണ്ഡ്യ (0) എന്നിവർ നിരാശപ്പെടുത്തി. രവീന്ദ്ര ജഡേജയ്ക്ക് പകരം ടീമിലെത്തിയ ദീപക് ഹൂഡ (16) അൽപം ഉത്തരവാദിത്തം കാണിച്ചു. ഇരുവരും വേഗത്തിൽ റൺറേറ്റ് ഉയർത്തി. 37 റൺസാണ് കോലി- ഹൂഡ സഖ്യം കൂട്ടിചേർത്തത്. അവസാന ഓവർ കോലി റണ്ണൗട്ടായി. ഒരു സിക്‌സും നാല് ഫോറും അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിങ്‌സ്. ഭുവനേശ്വർ കുമാർ (0), രവി ബിഷ്‌ണോയിക്കൊപ്പം (8) പുറത്താവാതെ നിന്നു. ഷദാബിന് പുറമെ മുഹമ്മദ് ഹസ്‌നൈൻ, ഹാരിസ് റൗഫ്, മുഹമ്മദ് നവാസ്, നസീം ഷാ എന്നിവർ ഓരോ വിക്കറ്റ് വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP