Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരോഗ്യമന്ത്രി എന്ന നിലയിൽ പാർട്ടി ഏൽപ്പിച്ച കടമ മാത്രമാണ് ശൈലജ നിർവഹിച്ചത്; അതിന് ഗറില്ലകളെ അടിച്ചമർത്തിയ ഫിലിപ്പൈൻസ് ഭരണാധികാരി ആയിരുന്ന രമൺ മഗ്‌സസെ പേരിലെ പുരസ്‌കാരം വേണ്ട! ശൈലജയെ വീണ്ടും മന്ത്രിയാക്കാത്തവർ ലോകപ്രശസ്ത പുരസ്‌കാരവും വാങ്ങാൻ അനുവദിച്ചിരുന്നില്ല; 'ഏഷ്യയുടെ നോബൽ' ശൈലജ ടീച്ചറിന് നഷ്ടമായ കഥ

ആരോഗ്യമന്ത്രി എന്ന നിലയിൽ പാർട്ടി ഏൽപ്പിച്ച കടമ മാത്രമാണ് ശൈലജ നിർവഹിച്ചത്; അതിന് ഗറില്ലകളെ അടിച്ചമർത്തിയ ഫിലിപ്പൈൻസ് ഭരണാധികാരി ആയിരുന്ന രമൺ മഗ്‌സസെ പേരിലെ പുരസ്‌കാരം വേണ്ട! ശൈലജയെ വീണ്ടും മന്ത്രിയാക്കാത്തവർ ലോകപ്രശസ്ത പുരസ്‌കാരവും വാങ്ങാൻ അനുവദിച്ചിരുന്നില്ല; 'ഏഷ്യയുടെ നോബൽ' ശൈലജ ടീച്ചറിന് നഷ്ടമായ കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ കെ ശൈലജയെ മന്ത്രിയാക്കാത്തവർ മറ്റൊരു അംഗീകാരവും തടഞ്ഞു. ലോകപ്രശസ്ത പുരസ്‌കാരമായ മഗ്‌സസെ അവാർഡ് ഏറ്റുവാങ്ങാൻ കെകെ ശൈലജയ്ക്ക് സിപിഎം അനുമതിയില്ല. പ്രത്യയശാസ്ത്ര പ്രശ്‌നം പറഞ്ഞാണ് അവസരം നിഷേധിക്കുന്നത്. ശൈലജക്ക് 2022ലെ രമൺ മഗ്സസെ അവാർഡ് ലഭിക്കാനുള്ള അവസരം പാർട്ടി ഇതോടെ ഇല്ലാതാക്കിയതായാണ് റിപ്പോർട്ട്. രണ്ട് പതിറ്റാണ്ട് മുമ്പ് മുതിർന്ന നേതാവ് ജ്യോതിബസു പ്രധാനമന്ത്രിപദം നിരസിച്ചതിന് ശേഷം സിപിഎം തങ്ങളുടെ രണ്ടാമത്തെ 'ചരിത്ര മണ്ടത്തരം' ആവർത്തിച്ചു എന്നാണ് 'ദി ന്യൂ ഇന്ത്യൻ എക്സ്‌പ്രസ്' ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജയെ ഇത്തവണത്തെ മഗ്‌സസെ അവാർഡിനായി തിരഞ്ഞെടുത്തിരുന്നു. അവാർഡ് വാങ്ങേണ്ടെന്ന് പാർട്ടി തീരുമാനിച്ചു. കാരണങ്ങളിൽ ഒന്ന് പണ്ട് എങ്ങോ കമ്യുണിസ്റ്റ് ഗറില്ലകളെ അടിച്ചമർത്തിയ ഫിലിപ്പൈൻസ് ഭരണാധികാരി ആയിരുന്നു രമൺ മഗ്‌സസെ എന്നതാണ്; പറയുന്നതാരാ, അലനെയും താഹയെയും പിടിച്ചു അകത്തിട്ട, രൂപേഷിനെ വീണ്ടും യുഎപിഎ തടവുകാരൻ ആക്കാൻ സുപ്രീം കോടതിയിൽ പോയ അതേ പാർട്ടി!-ഇതാണ് സോഷ്യൽ മീഡിയയുടെ പ്രതികരണം.

സംസ്ഥാനത്ത് നിപ, കോവിഡ് 19 പൊട്ടിപ്പുറപ്പെടുന്നത് നിയന്ത്രിക്കുന്നതിന് മുന്നിൽ നിന്ന് ഫലപ്രദമായി നേതൃത്വം നൽകുന്ന പൊതുജനാരോഗ്യ സംവിധാനം ഉറപ്പാക്കുന്നതിലെ പ്രതിബദ്ധതക്കും സേവനത്തിനുമാണ് രമൺ മഗ്സസെ അവാർഡ് ഫൗണ്ടേഷൻ ശൈലജയെ 64-ാമത് മഗ്സസെ അവാർഡിന് തെരഞ്ഞെടുത്തത്. നിപ ബാധയും കോവിഡ് പകർച്ചവ്യാധിയും ഫലപ്രദമായി കൈകാര്യം ചെയ്തതിന് കേരളം ആഗോള അംഗീകാരം നേടിയിരുന്നു.

ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള ഒരു ചെറിയ സംസ്ഥാനം എങ്ങനെ ശാസ്ത്രീയമായ രീതിയിൽ മഹാമാരിക്കെതിരെ പോരാടുന്നു എന്ന് എടുത്തുകാണിച്ച വിവിധ ദേശീയ അന്തർദേശീയ മാധ്യമങ്ങൾ ശൈലജയെ പ്രാധാന്യത്തോടെ അവതരിപ്പിച്ചു. ഈ വർഷം ഓഗസ്റ്റ് അവസാനത്തോടെ അവാർഡിന്റെ പൊതു പ്രഖ്യാപനം നടത്തേണ്ടതായിരുന്നു. അവരെ നോമിനേറ്റ് ചെയ്തതിന് ശേഷം ഫൗണ്ടേഷൻ രാജ്യത്തെ ഏതാനും പ്രമുഖ സ്വതന്ത്രരായ ആളുകളുമായി ക്രോസ് ചെക്ക് നടത്തിയിരുന്നു.

ഒരു ഓൺലൈൻ ആശയവിനിമയത്തിനിടെ ഫൗണ്ടേഷൻ ആദ്യം ശൈലജയെ പരിഗണിച്ചെന്നും പിന്നീട് ജൂലൈ അവസാനത്തോടെ അവാർഡ് വിവരം അറിയിച്ചുവെന്നും പ്രമുഖർ വെളിപ്പെടുത്തിയതായി പത്രം അവകാശപ്പെടുന്നു. അന്താരാഷ്ട്ര ബഹുമതിക്ക് തെരഞ്ഞെടുക്കപ്പെട്ട വിവരം അറിയിച്ചുകൊണ്ട് മുൻ മന്ത്രിക്ക് അയച്ച ഇ-മെയിലിൽ, അവാർഡ് സ്വീകരിക്കാനുള്ള അവരുടെ സന്നദ്ധത രേഖാമൂലം അറിയിക്കാൻ ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. 2022 സെപ്റ്റംബർ മുതൽ നവംബർ വരെ അവാർഡുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങളും ഫൗണ്ടേഷൻ ഷെഡ്യൂൾ ചെയ്തിരുന്നു.

സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗമായ ശൈലജ ഇതേക്കുറിച്ച് പാർട്ടി നേതൃത്വവുമായി ആലോചിച്ചിട്ടുണ്ടെന്നാണ് വിശ്വസനീയമായ വിവരം. അവാർഡിന്റെ വിവിധ വശങ്ങൾ പരിശോധിച്ച നേതൃത്വം, അത് സ്വീകരിക്കേണ്ട എന്ന് തീരുമാനിച്ചു. ആരോഗ്യമന്ത്രി എന്ന നിലയിൽ പാർട്ടി ഏൽപ്പിച്ച കടമ മാത്രമാണ് ശൈലജ നിർവഹിക്കുന്നതെന്ന് പാർട്ടി കരുതുന്നു. കൂടാതെ, നിപ്പ പൊട്ടിപ്പുറപ്പെടുന്നതിനും കോവിഡ് പാൻഡെമിക്കിനുമെതിരായ സംസ്ഥാനത്തിന്റെ ശ്രമങ്ങൾ ഒരു കൂട്ടായ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു. അതിനാൽ അവരുടെ വ്യക്തിഗത ശേഷിയിൽ അവാർഡ് സ്വീകരിക്കേണ്ടതില്ല എന്നായിരുന്നു പാർട്ടി നിലപാട്.

ഇതേത്തുടർന്ന് അവാർഡ് സ്വീകരിക്കാൻ കഴിയില്ലെന്ന് കാണിച്ച് ശൈലജ ഫൗണ്ടേഷന് കത്തയച്ചു. കമ്മ്യൂണിസ്റ്റ് ഗറില്ലകളെ ഒതുക്കുന്നതിൽ പേരുകേട്ട മഗ്സസെയുടെ പേരിലുള്ളതിനാൽ അവാർഡ് സ്വീകരിക്കരുതെന്ന് പാർട്ടി തീരുമാനിച്ചതായും അറിയുന്നതായി 'ദി ന്യൂ ഇന്ത്യൻ എക്സ്‌പ്രസ്' റിപ്പോർട്ട് ചെയ്യുന്നു. ഇത്തരമൊരു അവാർഡ് സ്വീകരിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ തിരിച്ചടിയാകുമെന്ന് സിപിഎമ്മിന് തോന്നി. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭ്യമായില്ല എന്ന് പത്രം പറയുന്നു.

ശൈലജ ടീച്ചർ പ്രതികരിക്കാൻ തയ്യാറായില്ലെന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു. ഏഷ്യയുടെ നോബൽ സമ്മാനമായി പരക്കെ അറിയപ്പെടുന്ന രമൺ മഗ്സസെ അവാർഡ് അന്തരിച്ച ഫിലിപ്പീൻസ് പ്രസിഡന്റിന്റെ പേരിലുള്ള അന്തർദേശീയ ബഹുമതിയാണ്. ശൈലജയെ അവാർഡ് സ്വീകരിക്കാൻ പാർട്ടി അനുവദിച്ചിരുന്നെങ്കിൽ മഗ്‌സസെ പുരസ്‌കാരം കിട്ടുന്ന ആദ്യ മലയാളി വനിതയായി അവർ അറിയപ്പെടുമായിരുന്നു എന്നും 'ദി ന്യൂ ഇന്ത്യൻ എക്സ്‌പ്രസ്' റിപ്പോർട്ട് ചെയ്യുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP