Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ധനം നിറയ്ക്കുന്നതിനിടെ സാങ്കേതിക തകരാർ; ആർട്ടിമിസ് പ്രഥമ ദൗത്യത്തിന്റെ വിക്ഷേപണം വീണ്ടും മാറ്റി; അരനൂറ്റാണ്ടിനു ശേഷം മനുഷ്യരെ ചന്ദ്രനിലെത്തിക്കാനുള്ള ദൗത്യത്തിന്റെ പരീക്ഷണ യാത്രയ്ക്ക് ഇനിയും കാത്തിരിപ്പ്

ഇന്ധനം നിറയ്ക്കുന്നതിനിടെ സാങ്കേതിക തകരാർ; ആർട്ടിമിസ് പ്രഥമ ദൗത്യത്തിന്റെ വിക്ഷേപണം വീണ്ടും മാറ്റി; അരനൂറ്റാണ്ടിനു ശേഷം മനുഷ്യരെ ചന്ദ്രനിലെത്തിക്കാനുള്ള ദൗത്യത്തിന്റെ പരീക്ഷണ യാത്രയ്ക്ക് ഇനിയും കാത്തിരിപ്പ്

ന്യൂസ് ഡെസ്‌ക്‌

ന്യൂയോർക്ക്: ആർട്ടിമിസ് പ്രഥമ ദൗത്യത്തിന്റെ വിക്ഷേപണം സാങ്കേതിക തകരാറിനെ തുടർന്ന് വീണ്ടും മാറ്റിവച്ചു. റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം മാറ്റിവച്ചതെന്ന് നാസ ഔദ്യോഗിക ട്വിറ്റർ പേജിൽ അറിയിച്ചു. അരനൂറ്റാണ്ടിനു ശേഷം മനുഷ്യരെ വീണ്ടും ചന്ദ്രനിലെത്തിക്കാൻ ലക്ഷ്യമിടുന്നതാണ് ആർട്ടിമിസ് ദൗത്യ പരമ്പര.

പരമ്പരയിലെ ആദ്യ ദൗത്യമായ ആർട്ടിമിസ് 1 ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് ഓഗസ്റ്റ് 29ന് വിക്ഷേപിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ റോക്കറ്റിന്റെ 4 കോർ സ്റ്റേജ് എൻജിനുകളിൽ ഒന്നിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നു അന്നു വിക്ഷേപണം മാറ്റിവച്ചു. പ്രശ്‌നങ്ങൾ പരിഹരിച്ചശേഷം ശനിയാഴ്ച വീണ്ടും വിക്ഷേപിക്കാൻ തീരുമാനിച്ചു. പക്ഷേ വീണ്ടും സാങ്കേതിക പിഴവ് കണ്ടെത്തിയതിനാൽ വിക്ഷേപണം പ്രതിസന്ധിയിലാകുകയായിരുന്നു.

പരീക്ഷണാർഥമാണ് ആർട്ടിമിസ് 1 വിക്ഷേപിക്കുന്നത്. യാത്രികർക്ക് പകരം പാവകളാണ് ഇതിലുള്ളത്. എങ്കിലും ഓറിയൺ പേടകത്തെ ചന്ദ്രനു ചുറ്റുമുള്ള ഭ്രമണപഥത്തിൽ നിക്ഷേപിക്കാൻ ആദ്യദൗത്യം ശ്രമിക്കും. 2024ൽ ചന്ദ്രനു ചുറ്റും യാത്രികർ ഭ്രമണം ചെയ്യാനും 2025ൽ ആദ്യ സ്ത്രീയുൾപ്പെടെ യാത്രികരെ ചന്ദ്രോപരിതലത്തിലെത്തിക്കാനും നാസ പദ്ധതിയിടുന്നു.

അൻപതു വർഷങ്ങൾക്കപ്പുറം നീണ്ട ഇടവേളയ്ക്കു ശേഷം ചന്ദ്രനിലേക്കു വീണ്ടും മനുഷ്യനെ എത്തിക്കാനാണ് നാസ പദ്ധതിയൊരുക്കുന്നത്. ഇതിനായുള്ള നാസയുടെ ദൗത്യപദ്ധതിയായ ആർട്ടിമിസിന്റെ പ്രഥമദൃത്യമാണിത്. ഒട്ടേറെ യാത്രികരെ ചന്ദ്രനിലെത്തിച്ച അപ്പോളോ ദൗത്യങ്ങൾ വഹിച്ചത് സാറ്റേൺ ഫൈവ് എന്ന റോക്കറ്റാണ്. ഇപ്പോഴിതാ ആർട്ടിമിസ് പുറപ്പെടുന്നത് ഇന്ന് വരെ ലോകത്തിൽ നിർമ്മിച്ച ഏറ്റവും കരുത്തുറ്റ റോക്കറ്റുകളിലൊന്നിലാണ്... സ്‌പേസ് ലോഞ്ച് സിസ്റ്റം അഥവാ എസ്എൽഎസ്. പുതിയ കാലഘട്ടത്തിന്റെ മെഗാറോക്കറ്റ്.

ലോകത്തിലെ ഏറ്റവും കരുത്തുറ്റതും 322 അടി ഉയരമുള്ള റോക്കറ്റുമായ സ്പേസ് ലോഞ്ച് സിസ്റ്റമാണ് (എസ്എൽഎസ്) യാത്രികരുടെ പേടകമായ ഓറിയോൺ വഹിക്കുന്നത്. 50 വർഷങ്ങൾക്ക് മുൻപ് അപ്പോളോ ദൗത്യങ്ങളിൽ ഉപയോഗിച്ച സാറ്റേൺ ഫൈവ് റോക്കറ്റുകളെക്കാൾ ഉയരം കുറഞ്ഞതാണ് എസ്എൽഎസ് എങ്കിലും കരുത്ത് കൂടുതലാണ്. 11 അടി പൊക്കമുള്ളതാണ് ഒറിയോൺ പേടകം. 4 യാത്രികരെ വഹിക്കാനുള്ള ശേഷി ഇതിനുണ്ട്.

ഫ്‌ളോറിഡയിലെ വിക്ഷേപണത്തിനു ശേഷം 6 ആഴ്ചയെടുത്താണ് ആർട്ടിമിസ് 1 യാത്ര പൂർത്തീകരിക്കുന്നത്. റോക്കറ്റിന്റെ കോർ സ്റ്റേജ് വിക്ഷേപണത്തിനു ശേഷം കുറച്ചുസമയം കഴിയുമ്പോൾ ഭൂമിയിൽ പതിക്കും. ഭൂമിയിൽ നിന്ന് 3,86,000 കിലോമീറ്റർ അകലെയുള്ള ചന്ദ്രനിലേക്ക് എത്താനായി ഓറിയോൺ ഒരാഴ്ചയെടുക്കും. പിന്നീട് അഞ്ചാഴ്ചയോളം പിന്നിട്ട ശേഷം മണിക്കൂറിൽ 40,000 കിലോമീറ്റർ എന്ന വേഗത്തിൽ പസിഫിക് സമുദ്രത്തിലേക്ക് ഓറിയൺ വീഴും. 9300 കോടിയിലധികം യുഎസ് ഡോളർ ചെലവു വരുന്നതാണ് ആർട്ടിമിസ് പദ്ധതി. ആദ്യദൗത്യത്തിന് 400 കോടി യുഎസ് ഡോളർ ചെലവുണ്ട്.


നാസയുടെ ബഹിരാകാശ പദ്ധതിയിൽ നിർണായക വഴിത്തിരിവാകുന്ന പദ്ധതിയാണ് ആർട്ടിമിസ്. ഇത്രയും പ്രാധാന്യമുള്ള ദൗത്യമായതിനാൽ വളരെ ബൃഹത്തായി മികവുറ്റ രീതിയിലാണ് എസ്എൽഎസ് റോക്കറ്റ് തയ്യാർ ചെയ്തത്. 600 കോടി യുഎസ് ഡോളർ ഇതിനു ചെലവു വന്നു. ഓരോ വിക്ഷേപണത്തിനും 50 കോടി യുഎസ് ഡോളർ ചെലവു വേണ്ടിവരുമെന്നും കണക്കാക്കപ്പെടുന്നു.

322 അടി നീളമുള്ള പടുകൂറ്റൻ റോക്കറ്റാണ് എസ്എൽഎസ്. സാറ്റേൺ ഫൈവ് റോക്കറ്റിനെക്കാൾ 15 ശതമാനം അധികം ഊർജം പുറന്തള്ളി കുതിക്കാൻ ഇതിനു കഴിയും. ദ്രാവക ഇന്ധനം ഉപയോഗിക്കുന്ന 4 ആർഎസ്25 എൻജിനുകളാണ് ഇതിൽ ഉപയോഗിക്കുന്നത്. ഓറഞ്ച് നിറത്തിലുള്ള ഒരു താപകവചസംവിധാനം ഈ റോക്കറ്റിൽ ഉപയോഗിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP