Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷംസീറെന്താ സ്പീക്കറായോ എന്ന് വി.ഡി.സതീശന് ഇനി ചോദിക്കേണ്ടി വരില്ല; താൻ ഇനി പഴയ ആളേ അല്ലെന്ന് തലശേരി എംഎൽഎ; രാഷ്ട്രീയ നിലപാടുള്ള സ്പീക്കർ ആയിരിക്കുമെങ്കിലും കക്ഷിരാഷ്ട്രീയം കളിക്കില്ല; സ്പീക്കർ കസേരയിൽ ഷംസീർ എത്തുമ്പോൾ

ഷംസീറെന്താ സ്പീക്കറായോ എന്ന് വി.ഡി.സതീശന് ഇനി ചോദിക്കേണ്ടി വരില്ല; താൻ ഇനി പഴയ ആളേ അല്ലെന്ന് തലശേരി എംഎൽഎ; രാഷ്ട്രീയ നിലപാടുള്ള സ്പീക്കർ ആയിരിക്കുമെങ്കിലും കക്ഷിരാഷ്ട്രീയം കളിക്കില്ല; സ്പീക്കർ കസേരയിൽ ഷംസീർ എത്തുമ്പോൾ

അനീഷ് കുമാർ

തലശേരി: വാ തുറന്നാൽ നിയമസഭയിൽ വിവാദങ്ങൾ ഉണ്ടാക്കാറുള്ള എ.എൻ.ഷംസീർ സ്പീക്കറുടെ റോളിൽ സഭ നിയന്ത്രിക്കാനെത്തുമ്പോൾ പതിവു ശൈലിയിൽ നിന്നും കാതലായ മാറ്റങ്ങൾ വരുത്തുമെന്ന് സൂചന. ഇതു സംബന്ധിച്ചുള്ള വ്യക്തമായ സൂചനയാണ് തലശേരിയിൽ നിന്നും മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്ന വേളയിൽ അദ്ദേഹം നൽകിയത്.

നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വിഷ്ണുനാഥുമൊക്കെ സർക്കാരിനെ കടന്നാക്രമിക്കുമ്പോൾ പല്ലും നഖവും ഉപയോഗിച്ചു എതിർക്കുന്ന ശൈലിയായിരുന്നു ഷംസീർ സ്വീകരിച്ചിരുന്നത്. ഒരു ഘട്ടത്തിൽ ഷംസീറെന്താ സ്പീക്കറായോ എന്നു പോലും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ചോദിക്കേണ്ടി വന്നിരുന്നു. അത്രയും അസഹ്യമായിരുന്നു പ്രതിപക്ഷ നിരയ്ക്ക് ഷംസീറിന്റെ ഇടപെടലുകൾ.

എന്നാൽ സതീശന്റെ വാക്കുകൾ അന്വർത്ഥമാക്കി കൊണ്ടു സ്പീക്കർ കസേരയിൽ അതേ ഷംസീർ തന്നെ എത്തുമ്പോൾ പ്രതിപക്ഷത്തിന് വലിയൊരു ആശ്വാസം ലഭിക്കുന്നുണ്ടെങ്കിലും എം.ബി രാജേഷ് പുലർത്തിയ മാന്യതയും നിഷ്പക്ഷതയും തുടരുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. എന്നാൽ താൻ പഴയ ഷംസീറായിരിക്കില്ലെന്ന പറയുമ്പോഴും രാഷ്ട്രീയ നിലപാടിൽ ഒട്ടും വെള്ളം ചേർക്കില്ലെന്നു തന്നെയാണ് ഷംസീർ വ്യക്തമാക്കുന്നത്.

നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അവകാശം കൂടി സംരക്ഷിച്ച് മുന്നോട്ട് പോവുമെന്ന് നിയുക്ത സ്പീക്കർ കൂടിയായ എ എൻ ഷംസീർ പറഞേഞു. തലശേരിയിൽ എം എൽ എ ഓഫിസിൽ നിന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭയിൽ
മുൻവിധികളില്ലാതെ ഭരണ-പ്രതിപക്ഷ ഭേദമന്യേ എല്ലാവരെയും സമീപിക്കും. എല്ലാ പാർട്ടികളുടെയും വികാരം ഉൾക്കൊണ്ട് സഭയിൽ പ്രവർത്തിക്കും. ജനാധിപത്യം സമ്പുഷ്ടമാവുന്നത് ശക്തമായ പ്രതിപക്ഷമുള്ളപ്പോഴാണ്. പ്രതിപക്ഷത്തെ കൂടി സഹകരിപ്പിച്ച് മുന്നോട്ട് പോവും.

കഴിഞ്ഞ ആറ് വർഷവും മാന്യമായ പരിഗണന സഭയിൽ പ്രതിപക്ഷത്തിന് മുൻ സ്പീക്കർമാർ നൽകിയിട്ടുണ്ട്. ഭരണപക്ഷ അംഗമെന്ന ഉത്തരവാദിത്വമായിരുന്നു ഇതുവരെ തനിക്കുണ്ടായിരുന്നത്. സഭയിൽ, സർക്കാരിനെ പ്രതിപക്ഷം കടന്നാക്രമിക്കുമ്പോൾ ശക്തമായി പ്രതിരോധിച്ചിട്ടുണ്ട്. സഭയിലെ എല്ലാവരുമായും നല്ല സൗഹൃദമാണ് സൂക്ഷിക്കുന്നത്. സഭയുടെ നേതാവും കേരളം കണ്ട ഏറ്റവും മികച്ച ഭരണാധികാരിയുമായ മുഖ്യമന്ത്രിയിൽ നിന്ന് ഉപദേശ നിർദ്ദേശങ്ങൾ സ്വീകരിക്കും. മുൻ സ്പീക്കർമാരിൽ നിന്നും പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും സീനിയർ നേതാക്കളിൽ നിന്നും നിർദ്ദേശം ആരായും.

രാഷ്ട്രീയം പറയേണ്ട ഘട്ടത്തിൽ രാഷ്ട്രീയം പറയും. രാഷ്ട്രീയ നിലപാടുള്ള സ്പീക്കർ ആയിരിക്കും. എന്നാൽ കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമായി നിൽകില്ല. സഭയുടെ അന്തസും അഭിമാനവും കാക്കും. എന്നെക്കുറിച്ച് ആർക്കും മുൻവിധി വേണ്ട. വലിയ ഉത്തരവാദിത്വമാണ് പാർട്ടി ഏൽപിച്ചത്. ഇതുവരെയുള്ള പ്രവർത്തനത്തിനുള്ള അംഗീകാരമായാണ് ഇപ്പോൾ ഏൽപിച്ച ചുമതലയെ കാണുന്നത്. സ്പീക്കറെന്ന ചുമതല കഴിവിന്റെ പരമാവധി മികച്ച നിലയിൽ നിർവഹിക്കാൻ ആത്മാർഥമായി പരിശ്രമിക്കുമെന്നും എ എൻ ഷംസീർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP