Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്‌കൂളിൽ ഓണാഘോഷം, തെരുവിൽ വിദ്യാർത്ഥികളുടെ 'ഓണത്തല്ല്; ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത് നിലമ്പൂരിലും ആറ്റിങ്ങലിലും; ജയിലിലും ആശുപത്രിയിലും 'തല്ലുമാല'; കണ്ണൂർ സെൻട്രൽ ജയിലിൽ തമ്മിലടിച്ചത് കാപ്പ തടവുകാർ

സ്‌കൂളിൽ ഓണാഘോഷം, തെരുവിൽ വിദ്യാർത്ഥികളുടെ 'ഓണത്തല്ല്; ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത് നിലമ്പൂരിലും ആറ്റിങ്ങലിലും; ജയിലിലും ആശുപത്രിയിലും 'തല്ലുമാല'; കണ്ണൂർ സെൻട്രൽ ജയിലിൽ തമ്മിലടിച്ചത് കാപ്പ തടവുകാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഓണാഘോഷത്തിന് പിന്നാലെ തെരുവിൽ തമ്മിലടിച്ച് വിദ്യാർത്ഥികൾ. മലപ്പുറം ജില്ലയിലെ നിലമ്പൂരിലും തിരുവനന്തപുരം ആറ്റിങ്ങലിലുമാണ് ഓണാഘോഷത്തിന് പിന്നാലെ വിദ്യാർത്ഥികൾ തെരുവിൽ തമ്മിലടിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. രണ്ടുദിവസം മുമ്പ് പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലും വിദ്യാർത്ഥികളുടെ കൂട്ടത്തല്ല് അരങ്ങേറിയിരുന്നു. പട്ടാമ്പി പൊലീസ് സ്റ്റേഷന് സമീപത്തെ റോഡിലാണ് ഒരുകൂട്ടം വിദ്യാർത്ഥികൾ തമ്മിലടിച്ചത്.

നിലമ്പൂരിൽ മാനവേദൻ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളാണ് കൂട്ടത്തല്ലുണ്ടാക്കിയത്. പ്ലസ് വൺ വിദ്യാർത്ഥികൾ ഓണാഘോഷത്തിന് മുണ്ട് ധരിച്ചെത്തിയത് പ്ലസ്ടു വിദ്യാർത്ഥികളെ പ്രകോപിപ്പിക്കുകയായിരുന്നു. ഓണാഘോഷത്തിന് മുണ്ടുടുത്ത് വരാൻ പാടില്ലെന്ന് സീനിയർ വിദ്യാർത്ഥികൾ പ്ലസ് വൺ വിദ്യാർത്ഥികളെ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു.

എന്നാൽ ഇത് വകവെയ്ക്കാതെ ചില പ്ലസ് വൺ വിദ്യാർത്ഥികൾ മുണ്ടുടുത്ത് വന്നു. ഇതോടെ പ്രകോപിതരായ പ്ലസ്ടു വിദ്യാർത്ഥികൾ മുണ്ടുടുത്ത് വന്ന പ്ലസ് വൺ വിദ്യാർത്ഥികളെ ഓടിച്ചിട്ട് തല്ലുകയായിരുന്നു. സംഘർഷം സ്‌കൂളിൽനിന്നും സമീപത്തെ റോഡിലേക്കും ടൗണിലേക്കും നീണ്ടു. തുടർന്ന് പൊലീസെത്തി ലാത്തിവീശിയാണ് വിദ്യാർത്ഥികളെ പിരിച്ചുവിട്ടത്. സംഭവത്തിൽ ഒരു വിദ്യാർത്ഥിക്ക് പരിക്കേറ്റതായും ഈ വിദ്യാർത്ഥിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

ആറ്റിങ്ങൽ മുൻസിപ്പൽ ബസ് സ്റ്റാൻഡിലാണ് കഴിഞ്ഞദിവസം വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ഓണാഘോഷത്തിന്റെ ഭാഗമായുണ്ടായ തർക്കമാണ് ഈ സംഘർഷത്തിനും കാരണമായതെന്നാണ് വിവരം. എന്നാൽ ഏത് വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്നവരാണ് ബസ് സ്റ്റാൻഡിൽ തമ്മിലടിച്ചതെന്ന് വ്യക്തമല്ല. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും വിദ്യാർത്ഥികളെല്ലാം ഓടിരക്ഷപ്പെടുകയായിരുന്നു.

ഓണാഘോഷത്തിന് ശേഷമായിരുന്നു ഉച്ചക്ക് വിദ്യാർത്ഥികളുടെ ഓണത്തല്ല്. വിദ്യാർത്ഥികളുടെ അടി ആറ്റിങ്ങൽ ബസ് സ്റ്റാൻഡിലെ സ്ഥിരം കാഴ്ചയെന്നാണ് നാട്ടുകാർ പറയുന്നത്. ആറ് സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ മുൻസിപ്പൽ ബസ് സ്റ്റാന്റിലെത്തിയാണ് പല ബസുകളിലായി വീട്ടിലേക്ക് പോകുന്നത്. വാക്കു തർക്കവും കൈയാങ്കളിയും പതിവായതോടെ രണ്ടു പൊലീസുകാരെ സ്റ്റാൻഡിൽ ഡ്യൂട്ടിക്കിട്ടു. ഇടയ്‌ക്കൊന്ന് തല്ലൊഴിഞ്ഞുവെങ്കിലും ഉച്ചയ്ക്കു ശേഷ വാക്കു തർക്കവും കൂട്ടത്തലുമായി. പൊലീസുകാർ ഓടിയെത്തിയപ്പോൾ വിദ്യാർത്ഥികൾ പല ഭാഗത്തേക്കായി ഓടിയെന്ന് ആറ്റിങ്ങൽ പൊലീസ് പറയുന്നു. നാട്ടുകാരാണ് ഓണത്തല്ല് മൊബൈലിൽ പകർത്തിയത്. പൊലീസ് കേസെടുത്തിട്ടില്ല.

സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിലുള്ള ഏറ്റുമുട്ടലിന് പുറമെ വിവിധയിടങ്ങളിൽ കൂട്ടത്തല്ല് നടന്നു. കണ്ണൂരും തിരുവനന്തപുരത്തുമാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിലാണ് സംഘർഷമുണ്ടായത്. ഏറ്റുമുട്ടയവരെ ജയിൽ മാറ്റി. കോട്ടയം സ്വദേശികളായ ജയേഷ്, അബിൻ, സുജേഷ് ഏറണാകുളത്തെ ശ്രീജിത്ത്, കണ്ണൂർ സിറ്റിയിലെ അതുൽ ജോൺ റൊസാരിയോ എന്നിവരാണ് സംഘർഷമുണ്ടാക്കിയത്. ജയേഷിനെ ജില്ലാ ജയിലിലേക്കും അബിനിനെ സ്‌പെഷൽ സബ് ജയിലിലേക്കും മാറ്റി. കഴിഞ്ഞ ദിവസമായിരുന്നു ഏറ്റുമുട്ടൽ.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആംബുലൻസ് ഡ്രൈവർമാരാണ് തമ്മിലടിച്ചത്. ഇന്നലെ രാത്രിയാണ് ക്യാഷ്വാലിറ്റിക്ക് മുന്നിൽ സംഘർഷമുണ്ടായത്. പരാതി കിട്ടാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് മെഡി. കോളേജ് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇരുപതോളം ഡ്രൈവർമാരാണ് ചേരിതിരിഞ്ഞ് തമ്മിലടിച്ചത്. രോഗികളുടെ ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയതിന് ശേഷമാണ് സംഘർഷാവസ്ഥയ്ക്ക് അയവ് വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP