Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വി ടി ബൽറാമിനെ മലർത്തിയടിച്ച് സഭയിൽ എത്തിയപ്പോൾ പ്രതീക്ഷിച്ചത് മന്ത്രിപദവി; പാർട്ടി വെച്ചു നീട്ടിയ ദൗത്യം സ്പീക്കറാകാനും; ചുരുങ്ങിയ കാലം കൊണ്ട് പ്രതിപക്ഷത്തിനും സ്വീകാര്യനായ സ്പീക്കറായി; രമയെ അധിക്ഷേപിച്ച മണിയെ മാപ്പു പറയിച്ച സഭാ നാഥൻ; വീഴ്‌ച്ച വരുത്തിയ മന്ത്രി വീണക്കും മുഖം നോക്കാതെ ശാസന; എം ബി രാജേഷ് മന്ത്രിയാകുന്നത് ക്ലീൻ ഇമേജോടെ

വി ടി ബൽറാമിനെ മലർത്തിയടിച്ച് സഭയിൽ എത്തിയപ്പോൾ പ്രതീക്ഷിച്ചത് മന്ത്രിപദവി; പാർട്ടി വെച്ചു നീട്ടിയ ദൗത്യം സ്പീക്കറാകാനും; ചുരുങ്ങിയ കാലം കൊണ്ട് പ്രതിപക്ഷത്തിനും സ്വീകാര്യനായ സ്പീക്കറായി; രമയെ അധിക്ഷേപിച്ച മണിയെ മാപ്പു പറയിച്ച സഭാ നാഥൻ; വീഴ്‌ച്ച വരുത്തിയ മന്ത്രി വീണക്കും മുഖം നോക്കാതെ ശാസന; എം ബി രാജേഷ് മന്ത്രിയാകുന്നത് ക്ലീൻ ഇമേജോടെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രണ്ട് പിണറായി സർക്കാറിനെ മന്ത്രിമാരുടെ പ്രകടനം തീർത്തും മോശമായിരുന്നു ഇതുവരെ. ഇക്കാലയളവിൽ കാര്യമായി ശോഭിക്കാൻ കഴിഞ്ഞ മന്ത്രിമാർ ആരും തന്നെ ഇല്ലാത്ത അവസ്ഥയാണ് ഉണ്ടായിരുന്നത്. ഒരു ജനകീയ പരിവേഷമുള്ള നേതാവിനെ മന്ത്രിയാക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് രണ്ടാം പിണറായി സർക്കാറിനെ മന്ത്രിപദവിയിലേക്ക് എം ബി രാജേഷിനെ നിയമിക്കുന്നത്. എം വി ഗോവിന്ദന്റെ പകരക്കാരനായി അദ്ദേഹത്തെ നിയോഗിക്കുമ്പോൾ രാജേഷിൽ നിന്നും പാർട്ടി ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്.

ഗോവിന്ദൻ കൈകാര്യം ചെയ്ത വകുപ്പുകൾ തന്നെയാണ് രാജേഷും കൈകാര്യം ചെയ്യുക എന്നാണ് സൂചന. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ പാലക്കാട് ലോക്‌സഭാ മണ്ഡലത്തിൽ അപ്രതീക്ഷിതമായി പരാജയപ്പെട്ട രാജേഷിനെ പാർട്ടി ഏൽപ്പിച്ച വെല്ലുവിളിയായിരുന്നു തൃത്താലയിലെ സ്ഥാനാർത്ഥിത്വം. കൈവിട്ട മണ്ഡലം തിരിച്ചു പിടിക്കുക എന്ന ശ്രമകരമായ ദൗത്യം. ആ ദൗത്യം ഭംഗിയായി തന്നെ അദ്ദേഹം നിർവഹിച്ചു. വി.ടി.ബൽറാമിനെ മുട്ടുകുത്തിച്ച ആ പ്രകടന മികവിനുള്ള അംഗീകരമായിരുന്നു സ്പീക്കർ പദവി.

തൃത്താലയിൽ ബൽറാമിനെ മുട്ടുകുത്തിച്ചപ്പോൾ രാജേഷ് മന്ത്രിയാകുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ, അവിടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചാണ് സിപിഎം രാജേഷിനെ സ്പീക്കർ പദവിയിലേക്ക് നിയോഗിച്ചത്. ഈ പദവിയിലേക്ക് രാജേഷിനെ നിയമിക്കുമ്പോൾ പ്രതിപക്ഷത്തിനും സ്വീകാര്യനായിരുന്നു അദ്ദേഹം. ആ പദവിയിൽ നിറഞ്ഞുനിന്ന രാജേഷ്, പല ഘട്ടങ്ങളിലും പ്രതിപക്ഷത്തിന് വരെ സ്വീകാര്യനായി. കെ.കെ.രമയ്‌ക്കെതിരായ എം.എം.മണിയുടെ പരാമർശത്തിലെ ഇടപെടൽ, വീണ ജോർജിനെ താക്കീത് ചെയ്ത നടപടി. ഇങ്ങനെ ഭരണപക്ഷത്തെ പലരെയും തിരുത്താൻ സ്പീക്കർ എന്ന നിലയിൽ രാജേഷ് തയ്യാറായി. പലപ്പോഴും മുഖ്യമന്ത്രി പിണറായി വിജയന് തന്നെ സ്പീക്കർ തലവേദനയായി,

നേരത്തെ അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞിരുന്ന എം.ബി.രാജേഷ്, സ്പീക്കർ പദവയിൽ എത്തിയപ്പോൾ, പലപ്പോഴും രാഷ്ട്രീയ വിവാദങ്ങളിൽ കരുതലോടെയായിരുന്നു പ്രതികരിച്ചിരുന്നത്. ഗവർണർ വിവാദത്തിൽ ഉൾപ്പെടെ. ആ മികവ് തന്നെയാണ് ഇപ്പോൾ മന്ത്രിപദവിയിലേക്ക് എത്തിച്ചത്. പാലക്കാട് ലോക്‌സഭാ മണ്ഡലത്തിൽ രണ്ട് തവണ ജയിച്ച് എംപിയായ എം.ബി.രാജേഷ്, പാർലമെന്റിൽ കേരളത്തിന്റെ ശബ്ദമായിരുന്നു.

സിപിഎം സംസ്ഥാന കമ്മിറ്റിയംഗമാണ് എം ബി രാജേഷ്. ഒറ്റപ്പാലം എൻഎസ്എസ് കോളേജിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായാണ് സംഘടനാ പ്രവർത്തനം തുടങ്ങിയത്. സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും തിരുവനന്തപുരം ലോ അക്കാദമിയിൽനിന്ന് നിയമബിരുദവും നേടി. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്കെത്തിയ എം ബി രാജേഷ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 2009ലും 2014ലും പാലക്കാട് നിന്ന് പാർലമെന്റ് അംഗമായി. പാർലമെന്റിൽ മികച്ച പ്രകടനം കാഴ്ചവച്ചു.

ദ വീക്കിന്റെ മികച്ച യുവ പാർലമെന്റേറിയനുള്ള പുരസ്‌കാരം, മനോരമ ന്യൂസിന്റെ കേരളത്തിലെ മികച്ച പാർലമെന്റംഗത്തിനുള്ള പുരസ്‌കാരം, ചെറിയാൻ ജെ കാപ്പൻ പുരസ്‌കാരം, കോട്ടയം ലയൺസ് ക്ലബിന്റെ ഗ്ലോബൽ മലയാളം ഫൗണ്ടേഷൻ അവാർഡ് എന്നിവ ലഭിച്ചു. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. 1994 മുതൽ വിദ്യാർത്ഥി നേതാവാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്കുനേരെയുള്ള പൊലീസ് മർദ്ദനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തിൽ അടക്കം രാജേഷ് പങ്കെടുത്തിട്ടുണ്ട്.

ജാലിയൻവാലാബാഗ് കൂട്ടകൊലയിൽ നൂറ്വർഷത്തിനുശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി മാപ്പ് പറഞ്ഞത് എം ബി രാജേഷിന്റേയും ശശി തരൂരിന്റേയും ഇടപെടലിനെതുടർന്നായിരുന്നു. പാർലമെന്റിൽ ആയിരത്തോളം ചോദ്യം ചോദിച്ച് റെക്കോഡ് തീർത്ത രാജേഷ് ഇനി നിയമസഭയിൽ അംഗങ്ങളോട് ചേദ്യം ചോദിക്കാൻ ആവശ്യപ്പെടും. മികച്ച പാർലമെന്റേറിയൻ കൂടിയായ രാജേഷ് ബ്രീട്ടിഷ് വിദേശകാര്യവകുപ്പ് തെരഞ്ഞെടുത്ത ഏഴ് പാർലമെന്റംഗങ്ങളിൽ ഒരാളായിരുന്നു. ഇവർക്ക് ലണ്ടൻ കിങ്സ് കോളേജിൽ സ്വീകരണവും നൽകിയിരുന്നു. ആനുകാലിക വിഷയങ്ങളിൽ നല്ല അവഗാഹമുള്ള രാജേഷ് ഇംഗ്ലിഷ് ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ ലേഖനങ്ങളും എഴുതാറുണ്ട്.

സൈനിക ഉദ്യോഗസ്ഥനായ ചളവറ കയില്യാട് മാമ്പറ്റ ബാലകൃഷ്ണൻ നായരുടെയും എം കെ രമണിയുടെയും മകനായി 1971ൽ പഞ്ചാബിലെ ജലന്ധറിൽ ജനനം. ഭാര്യ: ഡോ. നിനിത കണിച്ചേരി ( കാലടി സംസ്‌കൃത സർവകലാശാല അസിസ്റ്റന്റ് പ്രൊഫസർ ). മക്കൾ: നിരഞ്ജന, പ്രിയദത്ത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP