Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇഷ്ടം പോലെ സാക്ഷികളും ആവശ്യത്തിലേറെ തെളിവുകളും, എന്നിട്ടും ശിവൻകുട്ടിയെയും ജലീലിനെയും രക്ഷിക്കാൻ കള്ളക്കളികൾ; ദൃശ്യങ്ങളിൽ കൃത്രിമം നടന്നെന്ന വാദവും കോടതിയിൽ പൊളിഞ്ഞു; ശിവൻകുട്ടിയുടെ മന്ത്രിസ്ഥാനം രാജി വെക്കേണ്ടി വരുമോ? നിയമസഭാ കൈയാങ്കളി കേസിൽ സംഭവിക്കുന്നത് ഇങ്ങനെ

ഇഷ്ടം പോലെ സാക്ഷികളും ആവശ്യത്തിലേറെ തെളിവുകളും, എന്നിട്ടും ശിവൻകുട്ടിയെയും ജലീലിനെയും രക്ഷിക്കാൻ കള്ളക്കളികൾ; ദൃശ്യങ്ങളിൽ കൃത്രിമം നടന്നെന്ന വാദവും കോടതിയിൽ പൊളിഞ്ഞു; ശിവൻകുട്ടിയുടെ മന്ത്രിസ്ഥാനം രാജി വെക്കേണ്ടി വരുമോ? നിയമസഭാ കൈയാങ്കളി കേസിൽ സംഭവിക്കുന്നത് ഇങ്ങനെ

സായ് കിരൺ

തിരുവനന്തപുരം: അതിശക്തമായ തെളിവുകളും ആവശ്യത്തിലേറെ സാക്ഷികളുമുള്ള നിയമസഭാ കൈയാങ്കളിക്കേസിൽ മന്ത്രിയെയും എംഎ‍ൽഎയെയും മുന്നണി കൺവീനറെയും ശിക്ഷിപ്പിക്കാനുള്ള ദൗത്യമാണ് സർക്കാരിന് ഇനിയുള്ളത്. പ്രതികൾ വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവോടെ ഇതുവരെ കേസ് അവസാനിപ്പിച്ച് പ്രതികളെ രക്ഷിക്കാൻ ശ്രമിച്ച സർക്കാർ ഊരാക്കുടുക്കിലായി. മന്ത്രി വി.ശിവൻകുട്ടിയെയും ജനപ്രതിനിധികളെയും സംരക്ഷിക്കാൻ വിചാരണ നീട്ടിക്കൊണ്ടുപോവുകയെന്ന ഒറ്റവഴിയാണ് സർക്കാരിന് മുന്നിലുള്ളത്. മന്ത്രി ശിവൻകുട്ടി രാജിവെക്കേണ്ട സാഹചര്യം ഉണ്ടാകുമോ എന്നും കണ്ടു തന്നെ അറിയണം. നിയമസഭ തല്ലിത്തകർത്ത കേസിൽ വിചാരണ നേരിടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തയാൾ മന്ത്രിസ്ഥാനത്ത് തുടർന്നാൽ മുന്നണിക്കും സർക്കാരിനും അത് വലിയ പ്രതിച്ഛായാ നഷ്ടമുണ്ടാക്കും.

സംഘർഷത്തിനിടെ നശിപ്പിക്കപ്പെട്ട സാധനങ്ങളുടെ കൂട്ടത്തിൽ സ്പീക്കറുടെ ഡയസിലെ ഇലക്ട്രോണിക്‌സ് പാനൽ ഒഴിവാക്കി ശിവൻകുട്ടിയെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചിരുന്നെങ്കിലും കോടതിയിൽ ചീറ്റിപ്പോയി. സ്പീക്കറുടെ ഡയസിലെ ഇലക്ട്രോണിക്‌സ് പാനൽ ശിവൻകുട്ടി നശിപ്പിച്ചെന്നാണ് കുറ്റമെങ്കിലും നശിപ്പിക്കപ്പെട്ട സാധനങ്ങളുടെ പട്ടികയിൽ അതില്ല. അതിനാൽ ശിവൻകുട്ടി തെറ്റുചെയ്തിട്ടില്ലെന്ന് ശിവൻകുട്ടിയുടെ അഭിഭാഷകൻ നേരത്തേ സി.ജെ.എം കോടതിയിൽ വാദിച്ചിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും സാക്ഷി മൊഴികളിൽ നിന്നും കുറ്റകൃത്യത്തിൽ പ്രതികളുടെ പങ്ക് വ്യക്തമാണെന്നും ആവശ്യത്തിലേറെ തെളിവുകളുമുണ്ടെന്നുമായിരുന്നു സി.ജെ.എം കോടതിയുടെ മറുപടി. അടുത്ത ദിവസമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്ന വാദം പ്രതികൾ ഉയർത്തിയെങ്കിലും അതിൽ കഴമ്പില്ലെന്ന് കോടതി നിരീക്ഷിച്ചു.

ക്രിമിനൽ കേസിൽ രണ്ടുവർഷം ശിക്ഷിക്കപ്പെട്ടാൽ സർക്കാരിന്റെ ഭാഗമായ മന്ത്രിക്കും കെ.ടി.ജലീൽ എംഎ‍ൽഎയ്ക്കും ഔദ്യോഗികസ്ഥാനങ്ങൾ നഷ്ടമാവും. ജനപ്രാതിനിധ്യ നിയമപ്രകാരം ആറുവർഷം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യതയുണ്ടാവും. നിയമസഭയിലെ പ്രക്ഷോഭത്തിൽ പങ്കെടുത്ത കൂടുതൽ എംഎ‍ൽഎമാർ വിചാരണഘട്ടത്തിൽ പ്രതിചേർക്കപ്പെട്ടേക്കാമെന്ന കുരുക്കും സർക്കാരിനെ കാത്തിരിക്കുന്നു. തെളിവുകൾ ധാരാളമുള്ളതിനാൽ ദൃശ്യങ്ങളിലുള്ളവരെ കണ്ടെത്തി ഐ.പി.സി109, സിആർപിസി 319 വകുപ്പുകൾ പ്രകാരം പ്രതികളാക്കാൻ വിചാരണകോടതിക്ക് അധികാരമുണ്ട്. ഈ ആവശ്യമുന്നയിച്ച് ഏത് പൗരനും കോടതിയെ സമീപിക്കാനുമാവും. സ്പീക്കറുടെ പോഡിയത്തിൽ കയറി പൊതുമുതൽ നശിപ്പിച്ചില്ലെങ്കിലും, ഇവർക്കെതിരെ പ്രേരണാകുറ്റം ചുമത്താനാവും. നിലവിൽ പ്രതികൾക്കു മേൽ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ അവർക്കും ബാധകമാവാം.

സർക്കാരിന്റെ ഭാഗമായ മന്ത്രിക്കും എംഎ‍ൽഎയ്ക്കുമടക്കം ശിക്ഷവാങ്ങി നൽകുകയാണ് ഇനി നിയമപരമായ ചുമതല. സർക്കാർ നിയമിച്ച പ്രോസിക്യൂഷൻസ് ഡെപ്യൂട്ടി ഡയറക്ടർ ബാലചന്ദ്രമേനോൻ മന്ത്രിക്കെതിരെ വാദിക്കുന്നതിൽ നിയമപ്രശ്‌നമുണ്ടാകുമെന്നതിനാൽ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കേണ്ടിവരും. പ്രതികളുടെ വിടുതൽ ഹർജി തിരുവനന്തപുരം സി.ജെ.എം കോടതിയുടെ പരിഗണനയിലുണ്ടെങ്കിലും, ഹൈക്കോടതി വിചാരണ നേരിടാൻ ഉത്തരവിട്ടതോടെ ഇത് അപ്രസക്തമാവും. ഇപ്പോൾ ജാമ്യത്തിലുള്ള പ്രതികളെ സമൻസയച്ച് വിളിപ്പിച്ച് കുറ്രപത്രം വായിച്ചുകേൾപ്പിച്ച് മൂന്നുമാസത്തിനകം വിചാരണ തുടങ്ങാം. ജില്ലാ ജഡ്ജി കൂടിയായ അന്നത്തെ നിയമസഭാ സെക്രട്ടറി പി.ഡി.ശാരംഗധരൻ മുഖ്യസാക്ഷിയായ കേസിൽ ഏതാനും എംഎ‍ൽഎമാരും സഭയിലുണ്ടായിരുന്ന വാച്ച് ആൻഡ് വാർഡുമാരും സാക്ഷികളാണ്. വീഡിയോദൃശ്യങ്ങളടക്കം ശക്തമായ ഡിജിറ്റൽ തെളിവുകളുമുണ്ട്. അതിനാൽ കേസിൽനിന്ന് രക്ഷപെടുക എളുപ്പമാവില്ല.

മന്ത്രി വി.ശിവൻകുട്ടി, കഴിഞ്ഞ സർക്കാരിലെ മന്ത്രിമാരായിരുന്ന ഇ.പി.ജയരാജൻ, കെ.ടി.ജലീൽ എംഎ‍ൽഎ, മുൻ എംഎ‍ൽഎമാർ കെ.കുഞ്ഞമ്മദ്, സി.കെ.സദാശിവൻ, കെ.അജിത്ത് എന്നിവരാണ് നിയമസഭാ കൈയാങ്കളിക്കേസിലെ പ്രതികൾ. പ്രതികളെല്ലാം പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്നാണ് സർക്കാർ അഭിഭാഷകൻ നേരത്തേ ചീഫ് ജുഡീഷ്യൽ മജ്‌സ്ട്രേറ്റ് കോടതിയിൽ നിലപാടെടുത്തിരുന്നത്. ഇത് കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു. പ്രതികളുടെ പ്രവർത്തികൾ ഗുരുതരമായ സംശയങ്ങളുണ്ടാക്കുന്നതാണെന്നും വിചാരണ നേരിടുന്നതിൽ നിന്ന് അവരെ ഒഴിവാക്കാനാവില്ലെന്നുമായിരുന്നു കോടതി നിരീക്ഷിച്ചത്. അക്രമം നടത്തണമെന്ന് പ്രതികൾക്ക് ദുരുദ്ദേശമില്ലായിരുന്നു.

പൊലീസ് ഇങ്ങോട്ട് ബലപ്രയോഗം നടത്തിയത് പ്രതിരോധിച്ചപ്പോഴാണ് അനിഷ്ട സംഭവങ്ങളുണ്ടായതെന്ന് പ്രതിഭാഗം വാദിച്ചപ്പോൾ ആറ് പ്രതികളും ബജറ്റ് അവതരണത്തിന്റെ തലേ ദിവസം തന്നെ നിയമസഭയിൽ തങ്ങിയതിനാൽ സഭ തല്ലിത്തകർക്കാൻ ഉദ്ദേശമില്ലായിരുന്നു എന്ന വാദം അംഗീകരിക്കാനിവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ബജറ്റ് അവതരണം തടയാൻ തോമസ് ഐസക്, സി.രവീന്ദ്രനാഥ്, വി എസ്.സുനിൽകുമാർ, പി.ശ്രീരാമകൃഷ്ണൻ, എ.പ്രദീപ്കുമാർ, ജെയിംസ് മാത്യു, ടി.വി.രാജേഷ് എന്നിവരെല്ലാം സ്പീക്കറുടെ ഡയസിൽ കയറിയിട്ടും അവരെയൊന്നും പ്രതികളാക്കിയില്ലെുന്ന് പ്രതിഭാഗം വാദിച്ചിരുന്നു. അക്രമത്തിൽ പ്രതികളുടെ പങ്കിനെക്കുറിച്ചും അവർ തല്ലിത്തകർത്ത സാധനങ്ങളെക്കുറിച്ചും അഞ്ച് സാക്ഷികൾ വ്യക്തമായ മൊഴി നൽകിയിട്ടുണ്ടെന്നും ബജറ്റ് അവതരണം തടയുക മാത്രമായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന വാദം ഈ ഘട്ടത്തിൽ തീരുമാനിക്കേണ്ട കാര്യമല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

തെളിവ് നിയമത്തിലെ 65(ബി) പ്രകാരം ദൃശ്യങ്ങൾ തെളിവായി ഹാജരാക്കുമ്പോൾ അത് സൂക്ഷിച്ചിരുന്നയാളിൽ നിന്ന് സാക്ഷ്യപത്രം വാങ്ങേണ്ടതുണ്ട്. അത് പാലിച്ചില്ലാത്തതിനാൽ ദൃശ്യങ്ങൾ കൃത്രിമമാണെന്നും പ്രതിഭാഗം വാദിച്ചിരുന്നു. എന്നാൽ കോടതി പറഞ്ഞത് ഇങ്ങനെ: ദൃശ്യങ്ങൾക്ക് സാക്ഷ്യപത്രം ഇല്ലാതിരുന്നതിനാൽ കൃത്രിമം കാണിച്ചിരിക്കാമെന്നും അവ വ്യാജമാണെന്നുമുള്ള വാദം അംഗീകരിക്കാനാവില്ല. ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്നത് നിയമസഭാ സെക്രട്ടറിയാണ്. അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥന് നേരിട്ട് ദൃശ്യങ്ങൾ നൽകിയിരുന്നില്ല. നിയമസഭയിലെ ഇലക്ട്രോണിക്‌സ് അസി. എൻജിനിയർ നേരിട്ടാണ് പകർപ്പെടുത്ത് അന്വേഷണ ഉദ്യോഗസ്ഥന് നൽകിയത്. ദൃശ്യങ്ങൾ വ്യാജമല്ലെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP