Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എം വി ഗോവിന്ദൻ മാസ്റ്റർ മന്ത്രിസ്ഥാനം രാജിവെച്ചു; പകരം മന്ത്രിയാകാൻ എം ബി രാജേഷ്; എ എൻ ഷംസീറിന് സ്പീക്കർ സ്ഥാനം ലഭിക്കും; തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ; സജി ചെറിയാൻ രാജിവെച്ച ഒഴിവിൽ പകരം തൽക്കാലം മന്ത്രിയില്ല; മുഖംമിനുക്കാൻ രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം പുനഃസംഘടന

എം വി ഗോവിന്ദൻ മാസ്റ്റർ മന്ത്രിസ്ഥാനം രാജിവെച്ചു; പകരം മന്ത്രിയാകാൻ എം ബി രാജേഷ്; എ എൻ ഷംസീറിന് സ്പീക്കർ സ്ഥാനം ലഭിക്കും; തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ; സജി ചെറിയാൻ രാജിവെച്ച ഒഴിവിൽ പകരം തൽക്കാലം മന്ത്രിയില്ല; മുഖംമിനുക്കാൻ രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം പുനഃസംഘടന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്പീക്കർ എം.ബി.രാജേഷിനെ മന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരാൻ തീരുമാനം. പകരം തലശ്ശേരി എംഎൽഎ എ എൻ ഷംസീർ സ്പീക്കറാകും. ഇന്ന് ചേർന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദൻ വന്ന സാഹചര്യത്തിലാണ് പകരക്കാരനായി എം ബി രാജേഷ് മന്ത്രിസഭയിലേക്ക് എത്തുന്നത്. സജി ചെറിയാന് പകരം ഇപ്പോൾ മന്ത്രി വേണ്ടെന്നും സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. ഇക്കാര്യം വാർത്താകുറിപ്പിൽ സിപിഎം സെക്രട്ടറിയേറ്റ് അറിയിച്ചു.

അനാരോഗ്യം മൂലം കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെയാണ് തദ്ദേശ - എക്‌സൈസ് വകുപ്പുകളുടെ മന്ത്രി എം വി ഗോവിന്ദനെ തെരഞ്ഞെടുത്തത്. ഇതോടെയാണ് മന്ത്രിസഭയിൽ പുനഃസംഘടന ആവശ്യമായി വന്നത്. പാലക്കാട് തൃത്താലയിൽ നിന്നുള്ള നിയമസഭാംഗമാണ് രാജേഷ്. തലശ്ശേരിയിൽ നിന്നുള്ള എംഎൽഎയാണ് ഷംസീർ.

എം വിഗോവിന്ദൻ കൈകാര്യം ചെയ്തിരുന്നത് തദ്ദേശം, എക്‌സൈസ് എന്നീ പ്രധാന വകുപ്പുകളായതിനാൽ എം.ബി.രാജേഷ് പകരക്കാരനാകുന്നതാകും ഉചിതമെന്ന് യോഗത്തിൽ ഭൂരിപക്ഷ അഭിപ്രായമുണ്ടായി. കണ്ണൂരിന് ഒരു മന്ത്രിയെ നഷ്ടപ്പെടുന്നതിനാൽ സ്പീക്കർ പദവിയിലേക്ക് കണ്ണൂരിൽനിന്നുള്ള ജനപ്രതിനിധി എത്തുകയായിരുന്നു. അതേസമയം എം ബി രാജേഷിന് നൽകുന്ന വകുപ്പുകളുടെ കാര്യത്തിലെ അന്തിമ തീരുമാനം പിന്നീടേ ഉണ്ടാകുകയുള്ളൂ. ഇക്കാര്യം മുഖ്യമന്ത്രി കൈക്കൊള്ളും.

നിരവധി വിമർശനങ്ങൾ നേരിടുന്ന മന്ത്രിസഭയുടെ മുഖംമിനുക്കൽ കൂടി ലക്ഷ്യമിട്ടാണ് എം ബി രാജേഷിനെ മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നത്. നേരത്തെ ഷംസീറാകും മന്ത്രിയെന്ന വിധത്തിലുള്ള വാർത്തകളാണ് പുറത്തുവന്നിരുന്നത്. കോടിയേരിയുടെ താൽപ്പര്യവും ഇതായിരുന്നു. എന്നാൽ, പിന്നീട് സ്പീക്കർ സ്ഥാനം ഷംസീറിന് നൽകിയാൽ മതിയെന്ന നിലയിലേക്ക് പാർട്ടി തീരുമാനം കൈക്കൊള്ളുകയായിരുന്നു.

സൈനിക ഉദ്യോഗസ്ഥനായിരുന്ന ചളവറ കയിലിയാട് മാമ്പറ്റ ബാലകൃഷ്ണൻ നായരുടെയും എം.കെ.രമണിയുടെയും മകനായി 1971 മാർച്ച് 12നു പഞ്ചാബിലെ ജലന്തറിലാണ് എം.ബി.രാജേഷിന്റെ ജനനം. ഒറ്റപ്പാലം എൻഎസ്എസ് കോളജിൽനിന്നു സാമ്പത്തിക ശാസ്ത്രത്തിൽ പിജിയും ലോ അക്കാദമിയിൽനിന്നു നിയമ ബിരുദവും നേടി. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇപ്പോൾ സിപിഎം സംസ്ഥാന സമിതിയംഗം.

2009ലും 2014ലും പാലക്കാട് എംപി. ഡിവൈഎഫ്‌ഐ മുഖപത്രം 'യുവധാര'യുടെ പത്രാധിപരായിരുന്നു. ഭാര്യ: കാലിക്കറ്റ് വാഴ്‌സിറ്റി യൂണിയൻ മുൻ ചെയർപഴ്‌സൻ ഡോ. നിനിത കണിച്ചേരി (അസി. പ്രഫസർ, കാലടി സർവകലാശാല) കെഎസ്ടിഎ മുൻ സംസ്ഥാന നേതാവ് റഷീദ് കണിച്ചേരിയുടെ മകളാണ്. മക്കൾ: നിരഞ്ജന, പ്രിയദത്ത (വിദ്യാർത്ഥികൾ)

തലശ്ശേരിയിൽനിന്ന് രണ്ടാം തവണയാണ് ഷംസീർ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടത്. സിപിഎം സംസ്ഥാന സമിതി അംഗം. കണ്ണൂർ സർവകലാശാലയുടെ പ്രഥമ ചെയർമാൻ, എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. എൽഎൽഎം ബിരുദധാരി. തലശ്ശേരി പാറാൽ ആമിനാസിൽ റിട്ട. മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ പരേതനായ കോമത്ത് ഉസ്മാന്റെയും എ.എൻ.സെറീനയുടെയും മകനാണ്. ഭാര്യ. ഡോ. പി.എം.സഹല. മകൻ: ഇസാൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP