Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിക്രാന്ത് എന്നാൽ ധീരൻ; സ്വന്തമായി വിമാന വാഹിനി കപ്പലുണ്ടാക്കി ലോകത്തിനു മുന്നിൽ ശൗര്യം കാണിക്കാൻ രാജ്യത്തെ പ്രാപ്തമാക്കിയ ഈ പദ്ധതിക്കു പിന്നിലും ഒരു വീരൻ മലയാളി; ട്രെയിനിയായി ജോലിക്ക് കയറി സ്ഥാപനത്തെ മുന്നിൽ നിന്ന് നയിക്കുന്ന വിസ്മയം; കൊച്ചിൻ ഷിപ്പിയാർഡിന്റെ സാരഥി മധു എസ് നായരുടെ കഠിനാധ്വാനത്തിന്റെ കഥ

വിക്രാന്ത് എന്നാൽ ധീരൻ; സ്വന്തമായി വിമാന വാഹിനി കപ്പലുണ്ടാക്കി ലോകത്തിനു മുന്നിൽ ശൗര്യം കാണിക്കാൻ രാജ്യത്തെ പ്രാപ്തമാക്കിയ ഈ പദ്ധതിക്കു പിന്നിലും ഒരു വീരൻ മലയാളി; ട്രെയിനിയായി ജോലിക്ക് കയറി സ്ഥാപനത്തെ മുന്നിൽ നിന്ന് നയിക്കുന്ന വിസ്മയം; കൊച്ചിൻ ഷിപ്പിയാർഡിന്റെ സാരഥി മധു എസ് നായരുടെ കഠിനാധ്വാനത്തിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വിക്രാന്ത് എന്നാൽ ധീരൻ. സ്വന്തമായി വിമാനവാഹിനിക്കപ്പലുണ്ടാക്കി ലോകത്തിനുമുന്നിൽ ശൗര്യം കാണിക്കാൻ രാജ്യത്തെ പ്രാപ്തമാക്കിയ ഈ പദ്ധതിക്കു പിന്നിലും ഒരു വീരനുണ്ട്. കൊച്ചിൻ ഷിപ്പ് യാർഡിന്റെ സാരഥി, ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ മധു എസ്. നായർ. ഈ മലയാളിയുടെ കരുത്താണ് കൊച്ചിൻ ഷിപ്പിയാർഡിനെ ഉയരങ്ങളിൽ എത്തിക്കുന്നത്. 2016ൽ സിഎംഡി സ്ഥാനത്തെത്തിയ മധു എസ് നായർ കഴിഞ്ഞ ആറ് വർഷംകൊണ്ട് കപ്പൽശാലയെ ആഗോളതലത്തിൽ ഇന്ത്യയുടെ അഭിമാനമാക്കി മാറ്റി. ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് ഇന്ത്യ കൊച്ചിൻ കപ്പൽ ശാലയിൽ സ്വന്തമായി വിമാനവാഹിനി കപ്പൽ നിർമ്മിച്ചു.

ട്രെയിനിയായി ജോലിക്കു കയറുക. വർഷങ്ങൾക്കുശേഷം ആ സ്ഥാപനത്തെ മുന്നിൽനിന്നു നയിക്കുക. വളരെ കുറച്ചു പേർക്കേ ഇത്തരം നിയോഗത്തിനുള്ള ഭാഗ്യം ലഭിക്കാറുള്ളു. കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മധു എസ്. നായർ അങ്ങനെ ഭാഗ്യം ലഭിച്ചയാളാണ്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി തന്റെ ശ്വാസം പോലെ അടുത്തറിയാവുന്ന കൊച്ചിൻ കപ്പൽശാലയ്ക്ക് വളർച്ചയുടെ പുതിയ ദിശ നൽകാൻ കഴിഞ്ഞ ആവേശത്തിലാണ് മധു എസ്. നായർ.

കൊച്ചി ശാസ്ത്ര സാങ്കേതിക യൂണിവേഴ്‌സിറ്റിയിൽനിന്നു നേവൽ ആർക്കിടെക്ചറിൽ ബിരുദം നേടിയ മധു എസ് നായർ 1988 ജൂണിലാണ് എക്‌സിക്യൂട്ടീവ് ട്രെയിനിയായി കൊച്ചിൻ ഷിപ്പ് യാർഡിൽ ജോലിക്കു കയറുന്നത്. 2002-ൽ ജപ്പാനിലെ ഒസാക്കയിൽനിന്നു എം ടെക് എടുത്ത മധു കന്പനിയുടെ എല്ലാ വളർച്ചാഘട്ടങ്ങളിലും ഭാഗഭാക്കായിരുന്നു. ഈ പങ്കാളിത്തം മധുവിനെ കമ്പനിയിൽ നിന്നുള്ള ആദ്യത്തെ ചെയർമാനും മാനേജിങ് ഡയറക്ടറുമാക്കി. രാജ്യത്തെ ഏറ്റവും വലിയ ഷിപ്പ് റിപ്പയറിങ്- ഷിപ്പ് ബിൽഡിങ് കന്പനിയായ കൊച്ചിൻ ഷിപ്പ് യാർഡ് മാറുകയും ചെയ്തു.

2004ൽ ഡെന്മാർക്കിലെ ക്ലിപ്പർ കമ്പനി കപ്പൽ നിർമ്മാണത്തിന് കരാർ നൽകാനുള്ള ചർച്ച നടത്തുകയാണ്. അവർക്കു കൊച്ചിൻ ഷിപ്പ് യാർഡിൽ താത്പര്യം തോന്നി. ആറ് കപ്പലിന്റെ കോൺട്രാക്ട് ഷിപ്പ്യാർഡിനു നൽകാൻ അവർ തയാറായി. എന്നാൽ ഇത്രയും കപ്പൽ അവർ നിർദ്ദേശിക്കുന്ന സമയത്തു തീർത്തുകൊടുക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസം കൊച്ചിൻ ഷിപ്പ്യാർഡിൽ നിന്നു പോയ ടീമിനില്ലായിരുന്നു. ഇത് അവരെ അറിയിക്കുകയും ചെയ്തു. ഇതോടെ പരിഹാസത്തോടെയുള്ള ചോദ്യങ്ങളെത്തി. ഈ കളിയാക്കൽ കേട്ട് സംഘത്തിലെ താരതമ്യേന ജൂണിയർ ആയിരുന്ന സീനിയർ മാനേജർ പറഞ്ഞു. ഈ കരാർ നമ്മൾ ഏറ്റെടുക്കുന്നു. ആദ്യ ഷിപ്പ് നാല് മാസം വൈകിയാണ് തീർത്തുകൊടുത്തത്. പക്ഷേ, ആറാമത്തെ കപ്പൽ മൂന്നരമാസം നേരത്തെ നൽകി. ഇതോടെയാണ് കൊച്ചി ഷിപ്പിയാർഡിന് സൽപ്പേര് കിട്ടുന്നത്.

ക്ലിപ്പർ കമ്പനിയുടെ കപ്പൽ നല്ല രീതിയിൽ തീർത്തുകൊടുത്തത് ആഗോള തലത്തിൽ കൊച്ചിൻ ഷിപ്പ് യാർഡിനു പേരുണ്ടാക്കി കൊടുത്തു. അന്നു ലോകത്തെ വലിയ സമ്പന്നനായിരുന്ന നോർവീജിയിൻ ഷിപ്പിങ് കമ്പനി ഉടമ ജോൺ ഫ്രെഡറിക്‌സൺ കൊച്ചിൻ കപ്പൽശാലയ്ക്ക് 12 കപ്പലിന്റെ ഓർഡർ കൊടുത്തു. കൊച്ചിൻ കപ്പൽശാല ഇന്നെത്തി നിൽക്കുന്ന വിജയപർവത്തിന്റെ തുടക്കം ഇവിടെനിന്നായിരുന്നു. 2004ൽ ക്ലിപ്പർ കമ്പനിയുടെ ആറ് കപ്പലിന്റെ ഓർഡർ ഏറ്റെടുക്കാൻ മുന്നോട്ടുവന്ന കപ്പൽ ശാലയിലെ ചെറുപ്പക്കാരനായിരുന്നു മധു എസ്. നായർ. കൊച്ചിൻ കപ്പൽ ശാലയ്ക്ക് മധുവിന്റെ കരുത്ത് അനിവാര്യതയായി. അങ്ങനെയാണ് സിഎംഡി പദം മധുവിന് നൽകിയത്. അത് അതിവഗ വിസ്മയമായി ഐഎൻഎസ് വിക്രാന്തിന്റെ പിറവിയായി.

വിക്രാന്തിന്റെ ഏറ്റവും വലിയ സവിശേഷതയായി മധു കാണുന്ന ഒന്നുണ്ട്. അത് വിക്രാന്ത് എന്ന വിമാനവാഹിനി യുദ്ധക്കപ്പൽ ഇന്ത്യ ഡിസൈൻ ചെയ്തു എന്നതാണ്. ഞാൻ എടുത്തു പറയുന്നു, ഇന്ത്യ നിർമ്മിച്ചു എന്നതിനേക്കാൾ പ്രധാനം ഇതു പൂർണമായി ഡിസൈൻ അഥവാ രൂപകൽപന ചെയ്തത് ഇന്ത്യയാണ് എന്നതാണ്. അവിടെയാണ് ഇന്ത്യ ലോകരാജ്യങ്ങളുടെ മുന്നിൽ എത്തിയത്. ചൈനപോലും മറ്റൊരു തരം ഷിപ്പ് രൂപമാറ്റം വരുത്തിയാണ് വിമാനവാഹിനി ഉണ്ടാക്കിയത്. ഇന്ത്യയുടേതു തുടക്കം മുതൽ ഒടുക്കംവരെ പൂർണമായും ഒരു വിമാനവാഹിനിക്കപ്പലാണ്-ഇതാണ് മധുവിന് പറയാനുള്ളത്.

രൂപകൽപ്പന നടത്തിയെന്നതും, ആ രൂപകൽപന പൂർണവിജയമായി എന്നതുമാണ് വിക്രാന്തിന്റെ ഏറ്റവും വലിയ സവിശേഷത. ലോക രാജ്യങ്ങൾ ആദരവോടെയും അമ്പരപ്പോടെയും വിക്രാന്തിനെ കാണുന്നത് ഇന്ത്യ ഇതു നിർമ്മിച്ചു എന്നതുകൊണ്ടല്ല, ഇന്ത്യ പൂർണമായി ഇതു ഡിസൈൻ ചെയ്തു നിർമ്മിച്ചു എന്നതുകൊണ്ടാണ്. അതാണ് ഇന്ത്യ കാണിച്ച അത്ഭുതം. 1972ൽ ആരംഭിച്ച കപ്പൽശാല 1978ൽ കപ്പൽ നിർമ്മാണവും 1981ൽ കപ്പൽ റിപ്പയറിങ്ങും ആരംഭിച്ചു. താഴ്ചയും ഉയർച്ചയും ഇതുകണ്ടു. മൈനസ് 150കോടിയായിരുന്ന ആസ്തി ഇന്ന് 4,400 കോടിയിൽ എത്തിയിരിക്കുന്നു. സമർപ്പണത്തോടെ ജോലി ചെയ്ത ജീവനക്കാരുടെ വിയർപ്പിന്റെ ഫലമാണത്.

രാജ്യത്തിന് അഭിമാനകരമായ യാനങ്ങൾ പണിതു, ഒരു ദിവസം പോലും പണിമുടക്ക് നടന്നിട്ടില്ല. കഴിഞ്ഞ 30 വർഷമായി ലാഭത്തിൽ പ്രവർത്തിക്കുന്നു കഴിഞ്ഞ 18 വർഷമായി ലാഭവിഹിതം നൽകുന്നു. കാറ്റഗറി വൺ മിനിരത്ന കമ്പനിയാണിത്. 2017ൽ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തു. ലോകനിലവാരത്തിലാണ് ഇന്ന് പ്രവർത്തനം. രാജ്യത്തിന് ഏറ്റവും അഭിമാനമായി വിമാനവാഹിനി കപ്പലും ഉണ്ടാക്കി. പക്ഷേ, കൊച്ചിൻ കപ്പൽശാലയുടെ ഏറ്റവും വലിയ നേട്ടം എന്തെന്നു ചോദിച്ചാൽ ഇവിടെ ദിവസം 9,000 പേർക്കു തൊഴിൽ കൊടുക്കുന്നു എന്നതാണ്.

1754 സ്ഥിരം ജീവനക്കാരും 2,498 കരാർ ജീവനക്കാരും 4,700 ഓളം പുറംകരാർ ജീവനക്കാരും ഒരു ദിവസം പണിയെടുക്കുന്നു. എല്ലാ കമ്പനികൾക്കും ഉയർച്ച താഴ്ചകളുണ്ട്. 34 വർഷമായി ഞാനിവിടെ ജോലി ചെയ്യുന്നു. എനിക്കു സമ്മർദമൊന്നുമില്ല. പലരും പറയാറുണ്ട് ജീവിതത്തെയും ജോലിയെയും ബാലൻസ് ചെയ്യണമെന്ന്. പക്ഷേ, അതൊരു പാശ്ചാത്യദർശനമാണ്. അതനുസരിച്ചാണെങ്കിൽ ജോലി എന്നത് എന്തോ ദുരിതം പിടിച്ച സംഗതി ആവണമല്ലോ. ഞാനങ്ങനെ ലീവൊന്നും എടുക്കാറില്ല. ദിവസം 12 മണിക്കൂറോളം ഓഫിസിൽ ഉണ്ടാവാറുണ്ട്്. 25 കിലോ ഭാരം ചുമന്നുകൊണ്ടു നിൽക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്. പക്ഷേ, 25 കിലോ ഭാരമുള്ള മകളെ തോളിലേറ്റി ഉത്സവം കാണിക്കുകയാണെങ്കിലോ?-മധു എസ്. നായർ ചോദിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP