Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുകെയിലെ മലയാളി നഴ്‌സ് നൽകിയ സ്‌നേഹവും കരുതലും പതിന്മടങ്ങായി തിരിച്ച് നൽകാൻ സിറിയൻ അഭയാർഥി കുടുംബം; ഫണ്ട് റൈസിംഗിനായുള്ള ആകാശച്ചാട്ടത്തിന് സിറിയൻ പെൺകുട്ടിയും; കേരളത്തിലെ പാവങ്ങളുടെ കണ്ണുനീർ കടൽ കടന്ന് എത്തിയവരെയും വേദനിപ്പിക്കുമ്പോൾ

യുകെയിലെ മലയാളി നഴ്‌സ് നൽകിയ സ്‌നേഹവും കരുതലും പതിന്മടങ്ങായി തിരിച്ച് നൽകാൻ സിറിയൻ അഭയാർഥി കുടുംബം; ഫണ്ട് റൈസിംഗിനായുള്ള ആകാശച്ചാട്ടത്തിന് സിറിയൻ പെൺകുട്ടിയും; കേരളത്തിലെ പാവങ്ങളുടെ കണ്ണുനീർ കടൽ കടന്ന് എത്തിയവരെയും വേദനിപ്പിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ജന്മനാട്ടിലെ ആഭ്യന്തര പ്രശ്‌നങ്ങളിലും കലാപങ്ങളിലും പെട്ട് സമാധാനമായി ഉറങ്ങാൻ പോലും കഴിയാത്ത ഒരു സാഹചര്യത്തിലാണ് മോന അമൂസ് എന്ന പതിനെട്ടുകാരി മാതാപിതാക്കളെയും സഹോദരങ്ങളെയും കൂട്ടി ഏഴു വർഷം മുമ്പ് യുകെയിലെ നോർത്തേൺ അയർലണ്ടിലെ ബെൽഫാസ്റ്റിൽ എത്തിയത്. ജന്മനാടായ ഡമാസ്്കസ്സിലെ പേടിപ്പെടുത്തുന്നതും ഭയാശങ്കകൾ നിറഞ്ഞതുമായ സാഹചര്യങ്ങളിൽനിന്നും ജീവൻ തിരിച്ചു കിട്ടിയതിന്റെ മാത്രം ആശ്വാസത്തിലാണ് ഈ കുടുംബം ബെൽഫാസ്റ്റിൽ വന്നിറങ്ങിയത്. അപ്പോഴേക്കും കിടപ്പാടമടക്കം ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ട് സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ടിരുന്നു. മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ഒരു താങ്ങും തണലുമായിതീരണമെന്ന ആഗ്രഹമായിരുന്നു മോനയുടെ മനസ്സ് നിറയെ. നാല് പെൺകുട്ടികൾ ഉള്ള മാതാപിതാക്കളുടെ മൂത്ത പുത്രിയാണ് മോന.

മാനുഷിക പരിഗണനയുടെയും ലോകരാജ്യങ്ങൾ തമ്മിലുള്ള മാനുഷികാവകാശ ഉടമ്പടികളുടെയും അടിസ്ഥാനത്തിൽ പ്രശ്‌ന ബാധിതമേഖലകളിൽ നിന്നും വികസിത രാജ്യങ്ങൾ ജനങ്ങളെ അഭയാർഥികളായി സ്വീകരിക്കുമ്പോൾ, ഭക്ഷണവും പാർപ്പിടവുമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളിലുപരി ഇവർ സാംസ്‌കാരികമായും സാമൂഹികപരമായും നേരിടുന്ന വെല്ലുവിളികൾ ഏറെയാണ്. ഇങ്ങനെയൊരു അവസ്ഥയിലാണ് ബെൽഫാസ്റ്റ് മലയാളിയും നഴ്സുമായ ബിജി ഒരു മാലാഖയേപ്പോലെ ഇവരുടെ രക്ഷയ്ക്കായെത്തുന്നത്.

ബിജിയുടെ സൗദി അറേബ്യയിലെ ജോലി പരിചയവും അറബി ഭാഷയിലുള്ള പരിജ്ഞാനവും, ഇംഗ്ലീഷ് ഭാഷപരിചയം നന്നേ കുറവുള്ള ബെൽഫാസ്റ്റിൽ വന്നെത്തുന്ന കുടുംബങ്ങൾക്ക്, വലിയൊരു ആശ്വാസമായി മാറുകയായിരുന്നു. ബെൽഫാസ്റ്റ് ജിപി സർജറിയിലെ പ്രാക്ടീസ് നഴ്‌സായ കണ്ണൂർ ചെമ്പേരി ചെറിയ അരീയ്ക്കാമല സ്വദേശി ബിജി, ഈ അഭയാർഥി കുടുംബങ്ങൾക്ക് എല്ലാ കാര്യങ്ങളിലും കൂടെയുള്ള ഒരു കുടുംബ സുഹൃത്തായി ക്രമേണ മാറുകയായിരുന്നു.

തുടർന്ന് ബിജിയുടെ എല്ലാവിധ സാമൂഹ്യ പ്രവർത്തനങ്ങളിലും കൂട്ടായി ഇവരും കൂടുകയായിരുന്നൂ. മറുനാടൻ കുടുംബത്തിൽ നിന്നുള്ള ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ കോവിഡ് അപ്പീൽ ഫണ്ട് ശേഖരണവുമായി ബിജി നടത്തിയ ബ്ലാക്ക് മൗണ്ടൻ ചലഞ്ചിലും മോനയും മറ്റ് സിറിയൻ, കുർദിഷ് കുടുംബ സുഹൃത്തുക്കളും പങ്കെടുത്തിരുന്നു. വ്യത്യസ്തങ്ങളായ ഭക്ഷണ വിഭവങ്ങളിലും വേഷവിധാനങ്ങളുമടക്കം പരസ്പരം കൈമാറി ഇന്ത്യയുടെയും മദ്ധ്യ പൂർവേഷ്യൻ രാജ്യങ്ങളുടെയും സാംസ്‌കാരിക തനിമകളും പരിചയപ്പെടുത്തി വളരെയേറെ സാഹോദര്യത്തോടെയും സുഹൃദ് ബന്ധത്തോടെയും ഒരുമയോടും കൂടിയാണ് ഈ കുടുംബങ്ങൾ സമൂഹത്തിൽ ജീവിക്കുന്നത്. ബെൽഫാസ്റ്റ് മലയാളിയായ ബിജി തങ്ങളോട് കാണിക്കുന്ന സ്‌നേഹ വായ്‌പ്പിനും പരിഗണനയ്ക്കും പതിന്മടങ്ങ് തിരിച്ച് നൽകുവാൻ തയ്യാറായാണ് ബെൽഫാസ്റ്റിലെ അഭയാർഥി സമൂഹം നിൽക്കുന്നത്.

മോന അനൂസ് ഇപ്പോൾ സ്‌കൂൾ പഠനം കഴിഞ്ഞ് യൂണിവേഴ്‌സിറ്റി പഠനത്തിനായി കാത്തിരിക്കുന്നു. ഭാവിൽ ഒരു നഴ്സായി തീർന്ന് മറ്റുള്ളവർക്ക് നല്ല പരിചരണം കൊടുക്കണമെന്നാണ് ആഗ്രഹം. കഴിഞ്ഞ മൂന്ന് വർഷമായി കൗമാരക്കാരും യുവതി യുവാക്കളുമടങ്ങുന്ന അഭയാർഥി സമൂഹത്തിൽ തന്നെ ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുകയാണ് മോന. വരുന്ന ഒക്ടോബർ ഒന്നിന് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സ്‌കൈ ഡൈവിങ്ങിൽ മോനയും പങ്കെടുക്കുകയാണ്.

ഒരിക്കലും കാണുകയോ, കേൾക്കുകയോ യാതൊരു പരിചയമോ ഇല്ലാത്ത നമ്മുടെ നാട്ടിൽ കഴിയുന്ന പാവങ്ങളെ സഹായിക്കുവാൻ ഭാഷ, ദേശ, വംശ വ്യത്യാസമില്ലാതെ ഒരു അന്യനാട്ടുകാരി പെൺകുട്ടി മുന്നോട്ട് വരുമ്പോൾ, അവളുടെ ആ വലിയ മനസ്സിന് നമുക്കും ഒരു കൂപ്പ് കൈ നൽകേണ്ടേ...? സമാഹരിക്കുന്ന ഓരോ തുകയും കൃത്യമായി അർഹതപ്പെട്ടവരുടെ കയ്യിലെത്തിക്കുവാൻ നമ്മെ പൂർണമായും വിശ്വസിച്ച് ഫണ്ട് റൈസിംഗിന് വേണ്ടി മോനയും പങ്കെടുക്കുകയാണ്.

മോനയ്ക്ക് പിന്തുണ നൽകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കേരളത്തിലെ നിർധനരും നിരാലംബരുമായ രോഗികളെ സഹായിക്കുവാനാണ് ഈ ചാരിറ്റി യജ്ഞം സംഘടിപ്പിച്ചിരിക്കുന്നത്. സമാഹരിക്കുന്ന തുക മുഴുവനായി അർഹരായവരുടെ കയ്യിൽ നേരിട്ടെത്തിക്കുകയാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ചെയ്യുന്നത്. ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നൽകാൻ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങൾ ഉപയോഗിക്കുക

Name : British Malayali Charity Foundation

Account number: 72314320

Sort Code: 40 47 08

Reference : Sky Diving Appeal

IBAN Number: GB70MIDL40470872314320

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP