Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മോദി വിവാദങ്ങൾ ഒഴിവാക്കി സംസാരിക്കുമ്പോൾ രണ്ടാമൻ കത്തിക്കയറും; സ്വർണ്ണ കടത്തും സഹകരണവും ലാവ് ലിനും ചർച്ചയാക്കി കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കാൻ തിരുവനന്തപുരത്തെ സമ്മേളനം; അമിത് ഷാ വള്ളംക്കളിക്ക് പോകാത്തത് രാഷ്ട്രീയ കടന്നാക്രമണത്തിന് തന്നെ; പരിവാറിൽ വിജയിച്ചത് പ്രതീഷിന്റെ നീക്കം; മോദിയും ഷായും ബിജെപിക്ക് രാഷ്ട്രീയ നേട്ടമാകുമോ?

മോദി വിവാദങ്ങൾ ഒഴിവാക്കി സംസാരിക്കുമ്പോൾ രണ്ടാമൻ കത്തിക്കയറും; സ്വർണ്ണ കടത്തും സഹകരണവും ലാവ് ലിനും ചർച്ചയാക്കി കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കാൻ തിരുവനന്തപുരത്തെ സമ്മേളനം; അമിത് ഷാ വള്ളംക്കളിക്ക് പോകാത്തത് രാഷ്ട്രീയ കടന്നാക്രമണത്തിന് തന്നെ; പരിവാറിൽ വിജയിച്ചത് പ്രതീഷിന്റെ നീക്കം; മോദിയും ഷായും ബിജെപിക്ക് രാഷ്ട്രീയ നേട്ടമാകുമോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും കേരള സന്ദർശനങ്ങൾ രാഷ്ട്രീയനേട്ടമാക്കാനൊരുങ്ങി ബിജെപി. അതിനിടെ നെഹ്‌റു ട്രോഫി വള്ളം കളി കാണാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യം അമിത് ഷാ നിരാകരിച്ചതോടെ സ്വർണ്ണ കടത്തും ഇഡി കേസുമെല്ലാം അമിത് ഷാ വീണ്ടും ചർച്ചയാക്കുമെന്നാണ് ലഭിക്കുന്ന സൂചന. കേരളത്തിൽ രാഷ്ട്രീയ ചർച്ചകൾ പുതിയ തലത്തിലേക്ക് കൊണ്ടു പോകുകയാകും അമിത് ഷായുടെ ലക്ഷ്യം. മോദി വിവാദങ്ങൾ ഒഴിവാക്കി സംസാരിക്കുമ്പോൾ പിണറായി സർക്കാരിനെ അമിത് ഷാ കടന്നാക്രമിച്ചേക്കും. നെഹ്‌റു ട്രോഫിക്ക് അമിത് ഷാ പോകാത്തതിന് പിന്നിൽ പ്രതീഷ് വിശ്വനാഥൻ അടക്കമുള്ളവരുടെ ഇടപെടലുണ്ടെന്നാണ് സൂചന.

കേരളത്തിലെ ബിജെപി കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. സോഷ്യൽ മീഡിയയിൽ നേതാക്കളെ കടന്നാക്രമിക്കുന്ന അണികളെയാണ് കാണുന്നത്. ഏകോപനമില്ലാതെയുള്ള ഈ പോക്കിൽ ബിജെപി ദേശീയ നേതൃത്വവും നിരാശരാണ്. ഇതിൽ നിന്നൊരു മാറ്റം നേതൃത്വത്തിൽ ഉണ്ടാക്കുകയാണ് അമിത് ഷായയുടെ വരവിന്റെ പ്രധാനലക്ഷ്യം. രാഷ്ട്രീയ ലക്ഷ്യങ്ങൾ നിശ്ചയിച്ച് പ്രവർത്തിക്കുന്ന കൂട്ടമായി ബിജെപിയുടെ സംസ്ഥാന നേതൃത്വത്തെ മാറ്റുകയാണ് അമിത് ഷായുടെ ലക്ഷ്യം.

സ്വർണ്ണ കടത്തിലും ലാവ്‌ലിൻ കേസിലും കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിലും ഇടപെടലുകൾ നടത്തുന്നത് പ്രതീഷാണ്. കരുവന്നൂരിൽ കേസിൽ പൊതു ജനങ്ങളിൽ നിന്ന് തെളിവ് ശേഖരണം പോലും പ്രതീഷ് നടത്തുന്നു. സിപിഎമ്മിന്റെ പ്രധാന ശക്തിയായി പരിവാറുകാർ കരുതുന്നത് സഹകരണ പ്രസ്ഥാനങ്ങളാണ്. ഇതിന് പിന്നിലെ കള്ളക്കളികൾ പുറത്തു കൊണ്ടു വരാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇടപെടലുകൾ തുടങ്ങി കഴിഞ്ഞു. സഹകരണ പ്രസ്ഥാനങ്ങളിലെ അഴിമതിയുടെ തെളിവ് തേടി പ്രതീഷ് ഫെയ്‌സ് ബുക്കിലും പോസ്റ്റിട്ടു. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുമായി പൊതു വേദി പങ്കിടുന്നത് മറ്റ് ചില ചർച്ചകളുണ്ടാക്കുമെന്ന സന്ദേശം ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക കിട്ടി. ഇത് കൂടി പരിഗണിച്ചാണ് നെഹ്‌റു ട്രോഫി വള്ളം കളി ഒഴിവാക്കുന്നത്.

ഹൈദരാബാദിൽച്ചേർന്ന ദേശീയ നിർവാഹക സമിതി യോഗത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കായി ബിജെപി പ്രത്യേക പദ്ധതിതന്നെ തയ്യാറാക്കിയിട്ടുണ്ട്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിനായി സ്വീകരിക്കേണ്ട തന്ത്രങ്ങൾ നടപ്പാക്കുന്നതിനായുള്ള നടപടികളും ആരംഭിച്ചു. പ്രധാനപ്പെട്ട ആറു മണ്ഡലങ്ങളിൽ കേന്ദ്രമന്ത്രിമാർക്കുതന്നെ ചുമതലനൽകി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് തീരുമാനം. 'കേരള പാക്കേജി'ന് ആവേശം പകരുന്നതാവും നരേന്ദ്ര മോദിയുടെയും അമിത്ഷായുടെയും വരവെന്ന് നേതാക്കൾ പ്രതീക്ഷിക്കുന്നത്. രണ്ടു പേരും ബിജെപി കോർ കമ്മറ്റിയോഗം വെവ്വേറെ നടത്തുന്നുണ്ട്. മോദിയുടേത് നേതാക്കളുമായുള്ള കൂടിക്കാഴ്ചയായി മാറും. എന്നാൽ അമിത് ഷായുടേതിന്റെ ഇടപെടൽ രൂപം മാറും. കേരള നേതാക്കാളെ തിരുത്തി നേർവഴിക്ക് കൊണ്ടു പോവുകയാണ് അമിത് ഷായുടെ ലക്ഷ്യം.

പ്രാധാനമന്ത്രിയുടെ ആദ്യം നിശ്ചയിച്ച പരിപാടിയിൽ കേരളത്തിലെത്തി വിമാനവാഹിനി രാജ്യത്തിന് സമർപ്പിക്കലും റെയിൽവേ പദ്ധതികളുടെ ഉദ്ഘാടനങ്ങളും മാത്രമാണുണ്ടായിരുന്നത്. എന്നാൽ, മോദിയെത്തുമ്പോൾ അത് ഗുണകരമായി ഉപയോഗിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പൊതുസമ്മേളനം സംഘടിപ്പിക്കാൻ പാർട്ടി നേതൃത്വം ഒടുവിൽ തീരുമാനിച്ചത്. പൊതുസമ്മേളനത്തിനുശേഷം കോർ കമ്മിറ്റി യോഗമുണ്ടാവും. രണ്ട്, മൂന്ന് തീയതികളിൽ കേരള സന്ദർശനം നടത്തുന്ന അമിത്ഷായുടെ വരവ് വിവാദമായിരിക്കുന്ന പശ്ചാത്തലത്തിൽ, നെഹ്രുട്രോഫി വള്ളംകളിയിൽ അദ്ദേഹം പങ്കെടുക്കുന്നത് ഒഴിവാക്കി. കേന്ദ്രമന്ത്രിയെന്നനിലയിൽ പരിപാടിയിൽ പങ്കെടുക്കുന്നതിൽ കുഴപ്പമില്ലെങ്കിലും അത് തെറ്റിദ്ധാരണ ഉണ്ടാക്കിയേക്കുമെന്ന സന്ദേശമാണ് നേതൃത്വത്തിന് ലഭിച്ചത്. ഇതിന് പിന്നിൽ പ്രതീഷിന്റെ ഇടപെടലായിരുന്നു.

കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബിജെപി. കേരള ഘടകം വ്യാഴാഴ്ച സ്വീകരണം നൽകും. പ്രധാനമന്ത്രി ആദിശങ്കരന്റെ ജന്മനാടായ കാലടിയിൽ വരുന്നത് കേരളത്തിന്റെ സാംസ്‌കാരിക തനിമ വീണ്ടെടുക്കാനുള്ള ശ്രമത്തിന് കരുത്തുപകരും എന്നാണ് വിലയിരുത്തൽ.കേന്ദ്ര ആഭ്യന്തര മന്ത്രി എന്ന നിലിയലാണ് തിരുവനന്തപുരത്തേക്കുള്ള അമിത് ഷായുടെ വരവ്. ഇതിനിടെയിലും പാർട്ടി പരിപാടിയുണ്ട്. ഇതിന് കാരണം പിണറായി സർക്കാരിന് ചില താക്കീതുകൾ നൽകുകയാണ്. അമിത് ഷാ പട്ടിക ജാതി സംഗമത്തിൽ പങ്കെടുക്കും. കേരളത്തിലെ പട്ടിക ജാതി വിഭാഗങ്ങൾ നേരിടുന്ന കടുത്ത വെല്ലുവിളികൾ പരിപാടിയിൽ ചർച്ച ചെയ്യും.

പിണറായി സർക്കാർ തിരിഞ്ഞു നോക്കാതെ അവഗണിക്കുന്ന പിന്നോക്ക വിഭാഗക്കാരുടെ പ്രശ്നങ്ങൾ അമിത് ഷായുടെ വരവോടെ ദേശീയ ശ്രദ്ധ നേടുമെന്നും ബിജെപി പറയുന്നു. കേന്ദ്രസർക്കാർ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കായി വീടുകളും സാമ്പത്തിക വായ്പകളും ഉൾപ്പെടെ നൽകുന്നുണ്ടെങ്കിലും സംസ്ഥാനം പലപ്പോഴും ഇത് വേണ്ട വിധത്തിൽ വിതരണം ചെയ്യാറില്ല. ഇതുൾപ്പെടെയുള്ള കാര്യങ്ങൾ അമിത് ഷായ്ക്ക് മുൻപിൽ ഉന്നയിക്കപ്പെടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP