Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രശസ്ത വിദ്യാഭ്യാസ വിദഗ്ധ മേരി റോയ് അന്തരിച്ചു; ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്ന സുപ്രീംകോടതി വിധിക്ക് വഴിയൊരുക്കിയ സാമൂഹ്യ പ്രവർത്തക; വിട പറഞ്ഞത് ബുക്കർ പ്രൈസ് ജേതാവുമായ അരുന്ധതി റോയിയുടെ മാതാവ്

പ്രശസ്ത വിദ്യാഭ്യാസ വിദഗ്ധ മേരി റോയ് അന്തരിച്ചു; ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്ന സുപ്രീംകോടതി വിധിക്ക് വഴിയൊരുക്കിയ സാമൂഹ്യ പ്രവർത്തക; വിട പറഞ്ഞത് ബുക്കർ പ്രൈസ് ജേതാവുമായ അരുന്ധതി റോയിയുടെ മാതാവ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ വിദഗ്ധയും പ്രശസ്ത വനിതാ സാമൂഹ്യക്ഷേമ പ്രവർത്തകയുമായ മേരി റോയ് (89) അന്തരിച്ചു. കോട്ടയത്തെ പ്രശസ്തമായ പള്ളിക്കൂടം സ്‌കൂളിന്റെ സ്ഥാപകയായ മേരി റോയിയാണ് ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്ന സുപ്രീംകോടതി വിധിക്കു വഴിയൊരുക്കിയത്. പരേതനായ രാജീബ് റോയ് ആണ് ഭർത്താവ്. പ്രശസ്ത എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ അരുന്ധതി റോയിയും ലളിത് റോയിയും മക്കളാണ്.

കോട്ടയത്തെ ആദ്യ സ്‌കൂളായ റവ. റാവു ബഹദൂർ ജോൺ കുര്യൻ സ്‌കൂളിന്റെ സ്ഥാപകൻ ജോൺ കുര്യന്റെ പേരക്കുട്ടിയും പി.വി. ഐസക്കിന്റെ മകളുമായി 1933 ൽ കോട്ടയം അയ്മനത്താണ് മേരി റോയിയുടെ ജനനം. ഡൽഹി ജീസസ് മേരി കോൺവെന്റിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. ചെന്നൈ ക്വീൻ മേരീസ് കോളജിൽ നിന്ന് ബിരുദം നേടി. കൽക്കത്തയിൽ ഒരു കമ്പനിയിൽ സെക്രട്ടറിയായി ജോലി ചെയ്യവേ പരിചയപ്പെട്ട ബംഗാളിയായ രാജീബ് റോയിയെയാണ് മേരി റോയ് വിവാഹം ചെയ്തത്. കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങൾ മൂലം കുട്ടികളുമായി തിരിച്ചെത്തി പിതാവിന്റെ ഊട്ടിയിലുള്ള വീട്ടിൽ താമസമാക്കി.

ആ വീടിനെച്ചൊല്ലിയുള്ള തർക്കങ്ങളാണ് കോടതിയിലെത്തിയത്. മേരി റോയിയുടെ നിയമപോരാട്ടത്തിനൊടുവിൽ, 1916 ലെ തിരുവിതാംകൂർ ക്രിസ്തീയ പിന്തുടർച്ചാ അവകാശ നിയമം അസാധുവാണെന്നും വിൽപത്രമെഴുതാതെ മരിക്കുന്ന പിതാവിന്റെ സ്വത്തിൽ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യ അവകാശമാണെന്നുമുള്ള സുപ്രധാന വിധി സുപ്രീം കോടതി പുറപ്പെടുവിച്ചു.

1933-ൽ ജനിച്ച മേരി ഡൽഹി ജീസസ് മേരി കോൺവെന്റിലും ബിരുദത്തിന് ചെന്നൈ ക്വീൻ മേരീസിലുമാണ് പഠിച്ചത്. ബംഗാളി ബ്രാഹ്മണനായ രാജീബ് റോയിയെയാണ് മേരി വിവാഹം കഴിച്ചത്. 1916-ലെ തിരുവിതാംകൂർ സിറിയൻ ക്രിസ്ത്യൻ പിന്തുടർച്ചാ നിയമത്തിനെതിരെ നടത്തിയ നിയമ പോരാട്ടത്തിലൂടെയാണ് ഇവർ ശ്രദ്ധേയയായത്. കേസിലൂടെ അവകാശം നേടിയ വീട് മേരി റോയ് പിൽക്കാലത്തു സഹോദരനുതന്നെ തിരിച്ചുനൽകി. സഹോദരന് എതിരെയല്ല കോടതിയിൽ പോയതെന്നും നീതി തേടിയാണെന്നും മക്കൾ തുല്യരാണ്, പെൺകുട്ടി രണ്ടാം കിടക്കാരിയാണെന്ന ചിന്ത മാറണം, അതിനുവേണ്ടിയുള്ള യുദ്ധം മാത്രമായിരുന്നു അതെന്നും പിന്നീട് മേരി റോയ് വ്യക്തമാക്കി.

1967 ൽ കോട്ടയത്തു സ്ഥാപിച്ച കോർപസ് ക്രിസ്റ്റി എന്ന സ്‌കൂളാണ് പിന്നീട് പള്ളിക്കൂടം എന്നറിയപ്പെട്ടത്. പ്രശസ്ത വാസ്തുശിൽപി ലാറി ബേക്കറാണ് സ്‌കൂൾകെട്ടിടം രൂപകൽപന ചെയ്തത്. പരമ്പരാഗത വിദ്യാഭ്യാസ സങ്കൽപങ്ങളെ പൊളിച്ചെഴുതിയ സ്‌കൂൾ ഇന്ന് വളരെ പ്രശസ്തമാണ്. ബുക്കർ സമ്മാനം നേടിയ ആദ്യ നോവൽ 'ഗോഡ് ഓഫ് സ്‌മോൾ തിങ്‌സ്' അരുന്ധതി റോയ് സമർപ്പിച്ചിരിക്കുന്നത് അമ്മയ്ക്കാണ്. മേരിയും മക്കളും ലാറി ബേക്കറുടെ മകളും ഉൾപ്പെടെ ഏഴു പേരാണ് സ്‌കൂൾ നടത്തിപ്പിൽ ഉണ്ടായിരുന്നത്. ഇന്ന്, പള്ളിക്കൂടം എന്ന പേരിൽ അറിയപ്പെടുന്ന ഈ സ്‌കൂളിന്റെ പ്രധാനാധ്യാപികയും മേരിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP