Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാഹുലിന് സർപ്രൈസ് വിസിറ്റ് നൽകാൻ ഇനി മുത്തശിയില്ല; സോണിയ ഗാന്ധിയുടെ അമ്മ പവോല മെയ്‌നോ ഇറ്റലിയിൽ അന്തരിച്ചു; താൻ കണ്ടതിൽ വച്ച് ഏറ്റവും ഹൃദയാലുവായ ആൾ എന്ന് കുറിച്ചതും ചെറുമകൻ; 56 വർഷം മുമ്പ് ഒർബസാനോയിലെ കൃഷിയിടത്തിൽ മരുമകൻ രാജീവ് ഗാന്ധി നൽകിയതും സർപ്രൈസ് വിസിറ്റ്; പവോലയുടെ കഥ

രാഹുലിന് സർപ്രൈസ് വിസിറ്റ് നൽകാൻ ഇനി മുത്തശിയില്ല; സോണിയ ഗാന്ധിയുടെ അമ്മ പവോല മെയ്‌നോ ഇറ്റലിയിൽ അന്തരിച്ചു; താൻ കണ്ടതിൽ വച്ച് ഏറ്റവും ഹൃദയാലുവായ ആൾ എന്ന് കുറിച്ചതും ചെറുമകൻ; 56 വർഷം മുമ്പ് ഒർബസാനോയിലെ കൃഷിയിടത്തിൽ മരുമകൻ രാജീവ് ഗാന്ധി നൽകിയതും സർപ്രൈസ് വിസിറ്റ്; പവോലയുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ അമ്മ പവോല മെയ്‌നോ അന്തരിച്ചു. ഇറ്റലിയിലെ വസതിയിൽ ശനിയാഴ്ച ആയിരുന്നു അന്ത്യം. സംസ്‌കാരം ഞായറാഴ്ച നടന്നതായി എഐസിസിസി ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് അറിയിച്ചു. 98 വയസായിരുന്നു. രോഗാതുരയായ അമ്മയെ കാണാൻ സോണിയ ഓഗസ്റ്റ് 23 ന് പോയിരുന്നു. സോണിയയും, മകൻ രാഹുൽ ഗാന്ധിയും, മകൾ പ്രിയങ്കയും ഇപ്പോൾ ഇറ്റലിയിലാണ്. ഇറ്റലിയിലെ ഓർബസ്സാനോയിലാണു പവോല താമസിക്കുന്നത്. സോണിയയുടെ അച്ഛൻ സ്റ്റെഫാനോ മെയ്‌നോ 1998ൽ മരിച്ചു.

രാഹുൽ ഗാന്ധിക്ക് ഏറെ പ്രിയപ്പെട്ട മുത്തശ്ശിയാണ് കടന്നുപോയത്. മുത്തശ്ശിയെ കാണാൻ വേണ്ടിയുള്ള രാഹുലിന്റെ ഇറ്റലി യാത്രകൾ പലപ്പോഴും വിവാദമായിരുന്നു. 'മുത്തശ്ശിയേയും കുടുംബത്തേയും കാണാനായി പോകുന്നു. അവരുമായി അല്പ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നു.' എന്ന് ട്വീറ്റു ചെയ്തുകൊണ്ട് രാഹുൽഗാന്ധി തന്നെ ചിലപ്പോൾ തന്റെ ഇറ്റലി യാത്രാ വിവരം പങ്കുവച്ചിട്ടുണ്ട്.

ബിജെപി അടക്കമുള്ള എതിരാളികൾ രാഹുവലിന്റെ അടിക്കടിയുള്ള ഇറ്റലി യാത്രയെ പരിഹസിച്ചിരുന്നു. രാഹുൽ ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടാനാണ് ഇറ്റലിയിലേക്ക് പോകുന്നതെന്നായിരുന്നു ആരോപണം. എന്നാൽ, എല്ലാവർക്കും വ്യക്തിപരമായ കാര്യങ്ങളുണ്ടെന്നും, അതിനെ പരിഹസിക്കുന്നത് ശരിയല്ലെന്നും ആയിരുന്നു കോൺഗ്രസിന്റെ മറുപടി. ''രാഹുൽ പോകുന്നതു വളരെ പ്രായമായ അമ്മൂമ്മയെ കാണാനാണ്. മാതാപിതാക്കളെയും പ്രായമായ മുത്തച്ഛൻ, മുത്തശ്ശി തുടങ്ങിയവരെയും പരിചരിക്കുന്നത് ഇന്ത്യൻ സംസ്‌കാരത്തിന്റെ ഭാഗമാണ്'' കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല മുമ്പ് നൽകിയ മറുപടി ഇങ്ങനെ.

രാജീവിന്റെ സർപ്രൈസ് വിസിറ്റുകൾ

ഇറ്റലിയിൽ വടക്ക് കിഴക്കൻ മേഖലയിലള്ള വെനീറ്റോ മുമ്പ് പാവപ്പെട്ട കർഷകരുടെ ഇടമായിരുന്നു. ഇന്ന് വ്യവസായങ്ങളൊക്കെ വളർന്ന് സമ്പന്ന മേഖലയായെങ്കിലും അവിടത്തുകാർ മറക്കാത്ത ഒരുപഴയ ചൊല്ലുണ്ട്. എങ്ങനെ ഒരു നല്ല വീട്ടമ്മയായിരിക്കണം എന്നതാണ് ചൊല്ലിന്റെ സാരാംശം. 'La piasa, la tasa e la sia dona de casa'. ദയവായി നിശ്ശബ്ദയായിരിക്കൂ..നല്ല ഒരു വീട്ടമ്മയാകൂ.

അനൂഷ്‌കയ്ക്കും നാദിയയ്ക്കും ഇടയിലുള്ള മകളായ സോണിയയ്ക്കും അമ്മ പവോല മെയ്നോ ഈ ചൊല്ല് പറഞ്ഞുകൊടുത്തിട്ടുണ്ടാവണം. 90 ശതമാനം ഇറ്റലിക്കാരും കത്തോലിക്ക വിശ്വാസികളാണ്. എല്ലാ ദിവസവും രാവിലെ കുർബാന കൊള്ളാൻ പോകുന്നവർ.സ്ത്രീകൾക്ക് കൃത്യമായ ചിട്ടവട്ടങ്ങളും, ആചാരങ്ങളും അനുശാസിക്കുന്നുണ്ട് ഇറ്റലിയിലെ കത്തോലിക്കർ.

രാഹുൽ ഗാന്ധി മുത്തശി പൗഹോള മെയ്നോയ്ക്ക് സർപ്രൈസ് വിസിറ്റ് നടത്തുക പതിവായിരുന്നു. എന്നാൽ, അതിനും മുമ്പ് 1966 നവംബറിൽ രാജീവ് ഗാന്ധിയും ഒർബസാനോയിലേക്ക് ഒരുസർപ്രൈസ് വിസിറ്റ് നടത്തിയിരുന്നു. തന്റെ ജഗ്വാറിലായിരുന്നു യാത്ര. ആദ്യാനുരാഗപരവശനായ രാജീവ് ഗാന്ധി സോണിയയുടെ അച്ഛൻ സ്റ്റാഫാനോ മെയ്നോയെയും, അമ്മ പവോലയെയും കാണുക വിവാഹത്തിന് സമ്മതം നൽകാൻ കളമൊരുക്കുക അതായിരുന്നു സന്ദർശനോദ്ദേശ്യം. 20,000 പേർ മാത്രം താമസിക്കുന്ന കൃത്യമായ നിശ്ശബ്ദയായ വീട്ടമ്മയാകാൻ അനുശാസിക്കുന്ന കത്തോലിക്ക സമൂഹത്തിലുള്ള പെൺകുട്ടി ഇന്ത്യാക്കാരനായ അന്യമതസ്ഥനെ വിവാഹം കഴിക്കുന്നത് മാതാപിതാക്കൾക്ക് ആലോചിക്കാൻ പോലും വയ്യായിരുന്നു.

രണ്ടുപേർക്കും രാജീവിന്റെ സർപ്രൈസ് വിസിറ്റിന്റെ ലക്ഷ്യം അറിയാമായിരുന്നു. എന്നാൽ അറിയാത്ത ഭാവം നടിച്ചു. ആദ്യ കാഴ്ചയിൽ സോണിയയും രാജീവും പ്രണയത്തിലായിട്ട് അപ്പോൾ ഒരുവർഷം തികഞ്ഞിരുന്നു.രാജീവ് ശാന്തനായി സ്റ്റെഫാനോയോട് പറഞ്ഞു: 'ഞാൻ ഇറ്റലി കാണാൻ വന്നതല്ല. എനിക്ക് ഗൗരവമായ ചില കാര്യങ്ങൾ പറയാനുണ്ട്.ഞാൻ നിങ്ങളുടെ മകളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു.

പെരുമാറ്റത്തിൽ അനിഷ്ടമൊട്ടും കാട്ടിയില്ലെങ്കിലും മെയ്നോകൾ ശരിയെന്നോ ശരിയല്ലെന്നോ പറഞ്ഞില്ല. ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയോട്ാണ് തങ്ങൾ സംസാരിക്കുന്നതെന്നും അപ്പോൾ അവർക്ക് അറിയില്ലല്ലോ. രാജീവ് പറയുന്നതൊന്നും മനസ്സിലാകുന്നില്ലെന്ന മട്ടിലാണ് സ്റ്റോഫാനോ പെരുമാറിയത്. അമ്മയായ പവോലയ്ക്ക് പക്ഷേ അങ്ങനെ പെരുമാറാൻ തോന്നിയില്ല.

അച്ഛൻ സ്റ്റെഫാനോ ബന്ധത്തെ ശക്തമായി എതിർത്തപ്പോൾ പവോലയ്ക്ക് വലിയ ആശങ്കകളായിരുന്നു മനസ്സിൽ. മകൾ ഇന്ത്യയിൽ സ്വീകരിക്കപ്പെടുമോ, ഇന്ദിര ഗാന്ധി എങ്ങനെയാവും സോണിയയോട് പെരുമാറുക എന്നൊക്കെയായിരുന്നു അവരുടെ പേടി. എന്നാൽ ഒരുദിവസം ഇന്ദിര ഗാന്ധിയുടെ കത്ത് വന്നതോടെ അവരുടെ എല്ലാ ആശങ്കകളും മാറി. എനിക്കിത്രയും നല്ല ഒരുമകളെ തന്നതിൽ നന്ദി പറയുന്നു എന്നായിരുന്നു കത്തിൽ എഴുതിയിരുന്നത്. ആ കത്ത് പവോല സൂക്ഷിച്ചു വച്ചിരുന്നു. സുന്ദരമായ പുഷ്പം എന്നാണ് ആ കത്തിൽ സോണിയയെ ഇന്ദിര വിശേഷിപ്പിച്ചതെന്ന് ഓർക്കുന്നു പവോല. ഇരുകുടുംബങ്ങളും തമ്മിലുള്ള സ്നേഹത്തിന്റെ പാലം തീർത്ത കത്തായിരുന്നു അത്. ഇതോടെ റോം -ഡൽഹി ഫളൈറ്റുകൾ അവരുടെ ജീവിതത്തിന്റെ ഭാഗമായി മാറി.

1988 ൽ ഭർത്താവ് സ്റ്റെഫാനോ മരിച്ചതിന് ശേഷവും പല വട്ടം പവോല ഇന്ത്യയിലെത്തിരുന്നു. മകൾക്കും കുടുംബത്തിനുമൊപ്പം സമയം ചെലവഴിക്കാൻ. 2004 ലെ തിരഞ്ഞെടുപ്പ് കാലത്ത് സോണിയയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു ആ അമ്മ.കോൺഗ്രസ് വിജയം ആഘോഷിക്കുന്ന വാർത്തകൾ ടെലിവിഷനിൽ കണ്ടുകൊണ്ടാണ് അവർ ഇറ്റലിക്ക് വിമാനം കയറിയത്.

രാജീവ് ഗാന്ധിയുടെ കൊലപാതകത്തിന് ശേഷം അമ്മയ്ക്കും സഹോദരിമാർക്കും സോണിയയുടെ ഭാവിയെ ചൊല്ലി ആശങ്കകൾ ഉണ്ടായിരുന്നു. ഇറ്റലിക്ക് തിരിച്ചുപോരാൻ അവർ സോണിയയോട് ആവശ്യപ്പെട്ടു. എന്നാൽ രാജീവ് മരിച്ചതിന് ശേഷമുള്ള ആദ്യ ടെലിഫോൺ കോളിൽ തന്നെ സോണിയ അമ്മയോട് സംശയലേശമേന്യേ വ്യക്തമാക്കി: എന്റെ ഭാഗധേയം ഇവിടെയാണ് ഇന്ത്യയിലാണ്.എന്നോട് തിരിച്ചുവരാൻ ആവശ്യപ്പെടരുത്. മെയ്നോ കുടുംബം ആ തീരുമാനത്തെ അംഗീകരിച്ചു.

ചെറുമകൻ രാഹുൽ ഗാന്ധി വർഷത്തിലൊരിക്കൽ മുത്തശ്ശിയെ സന്ദർശിച്ച് അവർക്കൊപ്പം സമയം ചെലവഴിക്കുക പതിവായിരുന്നു. 2017 ൽ, തന്റെ 47 ാം പിറന്നാൾ രാഹുൽ ആഘോഷിച്ചത് പവോലയ്ക്കൊപ്പമായിരുന്നു. 'ഇത്തവണ ഉത്തരേന്ത്യ ഹോളി ആഘോഷിക്കുമ്പോൾ രാഹുൽ അങ്ങ് ഇറ്റലിയിലാണ്.93 കാരിയായ മുത്തശ്ശിയെ കാണാൻ താൻ ഇറ്റലിക്ക് പോവുകയാണെന്ന് രാഹുൽ ട്വീറ്റ് ചെയ്തു. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ഹൃദയാലുവാണ് അവർ.ഹോളി വാരാന്ത്യത്തിൽ നാനിക്ക് ഒരു സർപ്രൈസ വിസിറ്റ് നൽകുന്നു, രാഹുൽ അന്ന് കുറിച്ചു.

ഇറ്റലിക്കാരി ഇന്ത്യയുടെ മരുമകളായ കഥ കൂടി

ഇറ്റലിക്കാരിയായ അന്റോണിയ ആൽബിന മെയ്നോ എന്ന സോണിയ ഗാന്ധി ഇന്ത്യയുടെ മരുമകളായതും ഒരു സിൻട്രല്ലാ കഥപോലെയാണ്. ശക്തയായ ഇന്ദിരയുടെ മരുമകളായി എത്തിയ അവർ കോൺഗ്രസുകാരുടെ പ്രിയപ്പെട്ട സോണിയ ഗാന്ധിയായി. രാജ്യത്ത് ഏറ്റവും വലിയ ജനക്ഷേമ പദ്ധതികൾ കൊണ്ടുവന്ന നേതാവായി. അതിവേഗം ഇന്ത്യയെ ലോകത്തിന് മുന്നിൽ കരുത്തുറ്റ രാഷ്ട്രമാക്കി മാറ്റുന്നതിലും സുപ്രധാന പങ്കുവഹിച്ചു. ഇന്ത്യയുടെ മരുമകളായി എത്തി ഇവിടുത്തെ സാധാരണക്കാരുടെ നേതാവായി സോണിയ വളർന്ന കഥ ഇങ്ങനയാണ്:

ഇറ്റലിയിലെ വികെൻസായിൽ നിന്നും 50 കി.മി ദൂരെ, ലുസിയാന എന്ന ചെറിയ ഗ്രാമത്തിൽ , സ്റ്റെഫാനോയുടെയും പവോല മെയ്‌നോയുടെയും മകളായി 1946 ഡിസംബർ ഒൻപതിനാണു സോണിയാ ജനിച്ചത്. റോമൻ കത്തോലിക്കാ വിശ്വാസിയായിരുന്ന സോണിയ ടൂറിനിനടുത്തുള്ള ഒർബസ്സാനോ എന്ന പട്ടണത്തിലാണ് തന്റെ ബാല്യകാലം ചെലവഴിച്ചത്. അവിടെത്തന്നെ ഒരു കത്തോലിക്കാ സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തി. കെട്ടിടം പണികളുടെ കോൺട്രാക്റ്ററായി ജോലി നോക്കിയിരുന്ന പിതാവ് 1983ൽ മരിച്ചു. സോണിയയുടെ സഹോദരിമാർ അടക്കമുള്ളവർ ഇപ്പോഴും ഒർബസ്സാനോയിൽ ജീവിക്കുന്നു.

1964-ൽ ഇംഗ്ലീഷ് ഭാഷ പഠിക്കുന്നതിനു വേണ്ടി സോണിയ കേംബ്രിഡ്ജ് നഗരത്തിലെത്തിയത്. കേംബ്രിഡ്ജിലെ ഈ പഠനമാണ് സോണിയ ഗാന്ധിയുടെ ജീവിതത്തിൽ വഴിത്തിരിവായി മാറിയത്. കാമ്പസിൽ സർട്ടിഫികേറ്റ് കോഴ്സ് ചെയ്തു കൊണ്ടിരിക്കുന്നതിനിടയിൽ കേംബ്രിഡ്ജ് സർവകലാശാലയിലെ കോളേജിൽ പഠിച്ചിരുന്ന രാജീവ് ഗാന്ധിയെ കണ്ടുമുട്ടി. ഈ പ്രണയം അതിവേഗം വളർന്നു. അന്ന് രാഷ്ട്രീയത്തിൽ ഇറങ്ങാത്ത യുവാവ് മാത്രമായിരുന്നു രാജീവ്. 1968ൽ വിവാഹശേഷം സോണിയ രാജീവ് ഗാന്ധിയുടെ അമ്മയും അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാ ഗാന്ധിയുടെ വീട്ടിൽ താമസമാക്കി. അങ്ങനെ അവർ ഇന്ത്യയുടെ മരുമകളായി.

ഭർത്താവ് രാജീവ് ഗാന്ധിയുടെ മരണശേഷമാണ് സോണിയ ഗാന്ധി രാഷ്ട്രീയ രംഗത്ത് സജീവ സാന്നിധ്യമായത്. വ്യക്തിപരമായി രാഷ്ട്രീയത്തോട് താൽപര്യമില്ലായിരുന്നെങ്കിലും കോൺഗ്രസിനുള്ളിലെ താൽപര്യം കണക്കിലെടുത്താണ് സോണിയ ഗാന്ധി കോൺഗ്രസ് പാർട്ടിയുടെ തലപ്പത്തേക്ക് എത്തിയത്.

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് 2017 ലാണ് സോണിയ ഗാന്ധി രാജിവച്ചത്. പിന്നീട് രാഹുൽ ഗാന്ധി അധ്യക്ഷനായി. എന്നാൽ, 2019 ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്ന് രാഹുൽ അധ്യക്ഷ സ്ഥാനം രാജിവച്ചപ്പോൾ സോണിയ ഗാന്ധി വീണ്ടും പാർട്ടിയുടെ തലപ്പത്തേക്ക് വന്നു. 1968 ലാണ് സോണിയ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വിവാഹം. 2013 ൽ ഫോബ്സ് തയ്യാറാക്കിയ ഏറ്റവും കരുത്തയായ സ്ത്രീകളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തായിരുന്നു സോണിയ ഗാന്ധി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP