Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സോണിയ ഗാന്ധിക്കെതിരേ ജിതേന്ദ്ര പ്രസാദ മത്സരിച്ചപ്പോൾ കിട്ടിയത് വെറും 94 വോട്ടുകൾ; ഗാന്ധി കുടുംബത്തിന്റെ നോമിനിക്ക് എതിരെ തരൂർ കളത്തിലിറങ്ങിയാൽ എത്ര വോട്ട്? തരൂർ മത്സരിക്കുന്നതിനെ തുണച്ച് കെ.സുധാകരൻ; പ്രസിഡന്റ് ഹിന്ദി മേഖലയിൽ നിന്നു തന്നെ വേണോ എന്ന ചോദ്യത്തിന് ഹിന്ദിയിൽ മറുപടി നൽകി തരൂരും

സോണിയ ഗാന്ധിക്കെതിരേ ജിതേന്ദ്ര പ്രസാദ മത്സരിച്ചപ്പോൾ കിട്ടിയത് വെറും 94 വോട്ടുകൾ; ഗാന്ധി കുടുംബത്തിന്റെ നോമിനിക്ക് എതിരെ തരൂർ കളത്തിലിറങ്ങിയാൽ എത്ര വോട്ട്? തരൂർ മത്സരിക്കുന്നതിനെ തുണച്ച് കെ.സുധാകരൻ; പ്രസിഡന്റ് ഹിന്ദി മേഖലയിൽ നിന്നു തന്നെ വേണോ എന്ന ചോദ്യത്തിന് ഹിന്ദിയിൽ മറുപടി നൽകി തരൂരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാൾ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരുമെന്ന് ഉറപ്പായതോടെ, പതിവില്ലാത്ത ഒരു മത്സരാന്തരീക്ഷം നിറഞ്ഞിരിക്കുകയാണ്. ഗാന്ധി കുടുംബത്തിന്റെ പ്രതിനിധിയായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്ത് കളത്തിലിറങ്ങുമെന്നാണ് സൂചന. ജി-23 ഗ്രൂപ്പിന്റെ ഭാഗത്ത് നിന്ന് ഇപ്പോൾ സജീവമായ പേര് ശശിതരൂരിന്റേതാണ്. ഏറ്റവും ഒടുവിൽ കെ പി സി സി അദ്ധ്യക്ഷൻ കെ.സുധാകരൻ തന്നെ തരൂർ മത്സരിക്കുന്നതിനെ പിന്തുണച്ച് പരസ്യമായി രംഗത്ത് എത്തിയതും ശ്രദ്ധേയമായി.

'എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ ശശി തരൂർ യോഗ്യനാണ്. മത്സരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ അദ്ദേഹം മത്സരിക്കട്ടെ. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്. ജനാധിപത്യ പ്രക്രിയയിലൂടെ കോൺഗ്രസ് അധ്യക്ഷനെ കണ്ടെത്തും. കൂടുതൽ വോട്ടു കിട്ടുന്നവർ വിജയിക്കും' സുധാകരൻ പറഞ്ഞു.

അതേസമയം അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമോയെന്ന ചോദ്യത്തിന് ശശി തരൂർ ഇതുവരെ വ്യക്തമായ മറുപടി നൽകിയിട്ടില്ല. മത്സരിക്കാനുള്ള സാധ്യത തിരുവനന്തപുരം എംപി തള്ളിയിട്ടുമില്ല. മത്സരം പാർട്ടിക്ക് ഗുണമേ ചെയ്യൂ. ദോഷം ചെയ്യില്ല. മത്സരിക്കുമോ ഇല്ലയോ എന്ന് ഇപ്പോൾ പറയുന്നില്ല. തെരഞ്ഞെടുപ്പ് നടന്നാൽ പാർട്ടിക്കുള്ളിൽ ജനാധിപത്യം ഉണ്ടെന്ന് സ്ഥാപിക്കാൻ കഴിയും. ഭാരതത്തിന്റെ ഐക്യത്തിന് വേണ്ടി പ്രവർത്തിക്കണം. പല കാര്യങ്ങളും കോൺഗ്രസിന് ചെയ്യാൻ കഴിയും. ചില പ്രശ്‌നങ്ങളും പ്രയാസങ്ങളും പാർട്ടിയിലുണ്ട്. കോൺഗ്രസ് ഒരു വ്യക്തി അല്ല, അംഗങ്ങളാണ് തീരുമാനമെടുക്കേണ്ടത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം പെപ്തംബർ 22 നാണ്. തീരുമാനമെടുക്കാൻ ഇനിയും മൂന്നാഴ്‌ച്ച സമയം ഉണ്ടെന്ന് ശശി തരൂർ തിരുവനന്തപുരത്ത് പറഞ്ഞു. തിരഞ്ഞെടുപ്പ് സംബന്ധിച്ച ചോദ്യത്തിന് തരൂർ ഹിന്ദിയിൽ മറുപടി നൽകിയതും ശ്രദ്ധേയമായി. ഹിന്ദി മേഖലയിൽനിന്നു തന്നെ പ്രസിഡന്റ് വേണോ എന്ന ചോദ്യത്തിനാണ് തരൂർ ഹിന്ദിയിൽ മറുപടി നൽകിയത്. അങ്ങനെ വേണമെങ്കിൽ തിരഞ്ഞെടുപ്പിലൂടെ വരട്ടെയെന്നു ശശി തരൂർ പറഞ്ഞു. ഭാരതീയനാവുകയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

രാഹുലും പ്രിയങ്കയും സോണിയയും മത്സരിക്കില്ല

രാഹുലും, സോണിയയും പ്രിയങ്കയും അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ നാമ നിർദ്ദേശ പത്രിക നൽകില്ല. താൻ മത്സരിക്കാനില്ലെന്ന് രാഹുൽ വ്യക്തമാക്കിയിട്ടുണ്ട്. ആര് മത്സരിക്കുന്നതിനെയും ഗാന്ധി കുടുംബം എതിർക്കില്ലെന്നും എഐസിസി വൃത്തങ്ങൾ അറിയിച്ചു. 136 വർഷം പഴക്കമുള്ള പാർട്ടിയെ നയിക്കാൻ തനിക്ക് താൽപര്യമില്ലെന്ന് രാഹുൽ വ്യക്തമാക്കി കഴിഞ്ഞു. 2017 മുതൽ 19 വരെയായിരുന്നു രാഹുൽ അദ്ധ്യക്ഷനായിരുന്നത്. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം പ്രിയങ്കയും ഉന്നത പദവി ഏറ്റെടുക്കാൻ സന്നദ്ധയല്ല. സോണിയയാകട്ടെ,രോഗാതുരയുമാണ്.

.കുടുംബ പാർട്ടി എന്ന ബിജെപിയുടെയും മറ്റും അധിക്ഷേപം ചെറുക്കാൻ ഗാന്ധി കുടുബത്തിന് പുറത്ത് നിന്നൊരാൾ അദ്ധ്യക്ഷ പദവിയിലേക്ക് വരുന്നതാണ് നല്ലതെന്ന ആലോചന നേരത്തെയുണ്ടായിരുന്നു. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്നാണ് സൂചന. ഗാന്ധി കുടുംബം മത്സരിക്കാത്ത സാഹചര്യത്തിൽ, ജി-23 ഗ്രൂപ്പിലെ ഒരാൾ മത്സരിക്കാനുള്ള സാധ്യത തുറന്നിരിക്കുകയാണ്.

തരൂർ മത്സരിക്കാൻ സാധ്യത

എഐസിസി പ്രസിഡന്റിനായുള്ള തെരഞ്ഞെടുപ്പിൽ ശശി തരൂർ നോമിനേഷൻ കൊടുക്കാൻ സാധ്യത ഏറെ. ഗാന്ധി കുടുംബത്തിന് പുറത്തു നിന്ന് ഔദ്യോഗികമായി ഒരാളെ മത്സരിപ്പിച്ചാൽ വോട്ടെടുപ്പ് വേണമെന്ന നിലപാടിലായിരുന്നു ശശി തരൂർ ആദ്യം. എന്നാൽ എന്തുവന്നാലും മത്സരം വേണമെന്ന നിലപാടിലേക്ക് കോൺഗ്രസിലെ ജി 23 കൂട്ടായ്മ എത്തി കഴിഞ്ഞു. ഇനി അറിയേണ്ടത് ശശി തരൂർ മത്സരിക്കുമോ എന്നതു മാത്രമാണ്.

അതിനിടെ കോൺഗ്രസിനെ പുനരിജ്ജീവിപ്പിക്കാനുള്ള അവസാന അവസരമാണ് ഈ അധ്യക്ഷ തെരഞ്ഞെടുപ്പെന്ന് ശശി തരൂർ മറുനാടനോട് പറഞ്ഞു. താൻ മത്സരിക്കണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. എല്ലാ സാഹചര്യവും പരിശോധിച്ച് മൂന്നാഴ്ചയ്ക്കുള്ളിൽ അന്തിമ നിലപാട് എടുക്കുമെന്നും തരൂർ അറിയിച്ചു. പാർട്ടിയിൽ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ രാജി വച്ച ഗുലാംനബി ആസാദിന്റെ തീരുമാനത്തോട് യോജിപ്പില്ല. പാർട്ടിയെ നേരെയാക്കാനുള്ള സുവർണ്ണാവസരമാണ് അധ്യക്ഷ തെരഞ്ഞെടുപ്പ്. അതും ഫലപ്രദമായി വിനിയോഗിക്കേണ്ടതുണ്ട്-ശശി തരൂർ വിശദീകരിച്ചു. രാഹൂൽ ഗാന്ധി മത്സരിച്ചാലും വോട്ടെടുപ്പ് വേണമെന്നതാണ് തരൂരിന്റെ ഇപ്പോഴത്തെ നിലപാട്.

രാഹുൽ ഗാന്ധി അധ്യക്ഷനാകണമെന്ന നിലപാട് നേരത്തെ ഗുലാംനബി ആസാദ് അടക്കം ഉയർത്തിയതുമാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് പാർട്ടിക്ക് ഗുണകരമാകുമെന്നതാണ് തരൂരിന്റെ നിലപാട്. അധ്യക്ഷനെ വോട്ടെടുപ്പിലൂടെ കണ്ടെത്തുന്ന പ്രക്രിയ പാർട്ടിക്ക് ഉണർവ്വ് നൽകും. അങ്ങനെ എത്തുന്ന അധ്യക്ഷൻ ആരായാലും കരുത്തു കൂടും. അതുകൊണ്ടു തന്നെ മത്സരം നടക്കണമെന്ന നിലപാടിലാണ് തരൂരുള്ളത്. ആരു മത്സരിക്കണമെന്നത് അടക്കം കൂട്ടായ തീരുമാനം വരേണ്ടതുണ്ട്. അതിന് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. താൻ മത്സരിക്കുമോ എന്ന കാര്യത്തിൽ അന്തിമ നിലപാട് എടുത്തിട്ടില്ലെന്ന് തരൂർ മറുനാടനോട് പറഞ്ഞു.

കോൺഗ്രസിലെ ജി 23 ഗ്രൂപ്പ് മത്സരം അനിവാര്യമാണെന്ന നിലപാടിലാണ്. മനീഷ് തിവാരി അടക്കമുള്ളവരുടെ നിലപാടും നിർണ്ണായകമാകും. ഗുലാം നബി ആസാദ് പോയതോടെ ജി 23 ഗ്രൂപ്പിന്റെ നേതൃത്വം തരൂർ ഏറ്റെടുക്കുകയാണെന്നതാണ് വസ്തുത. കോൺഗ്രസിലെ ഭിന്ന സ്വരത്തിന്റെ നേതൃത്വം തരൂരിലേക്ക് എത്തുമ്പോൾ കടുത്ത നടപടികൾ രാഷ്ട്രീയ നിരീക്ഷകരും പ്രതീക്ഷിക്കുന്നുണ്ട്.

ഞായറാഴ്ചയാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഇതിനു പിറ്റേദിവസമാണ് ജി-23 നേതാക്കളിലൊരാളായ ശശി തരൂർ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിന്റെ ആവശ്യകതയെക്കുറിച്ച് തന്റെ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. 22 വർഷങ്ങൾക്ക് ശേഷമാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. നേരത്തെ 2000-ൽ നടന്ന തിരഞ്ഞെടുപ്പിൽ സോണിയ ഗാന്ധിക്കെതിരേ ജിതേന്ദ്ര പ്രസാദ മത്സരിച്ചിരുന്നു. എന്നാൽ സാധുവായ 7542 വോട്ടുകളിൽ വെറും 94 വോട്ടുകൾ മാത്രമാണ് പ്രസാദയ്ക്ക് ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP