Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജനറൽ ഡയറിനെ ബ്രിട്ടനിൽപോയി വിചാരണ ചെയ്ത വിറപ്പിച്ച മലയാളി! ജാലിയൻ വാലാബാഗിൽ പ്രതിഷേധിച്ച് വൈസ്രോയി കൗൺസിലിൽ നിന്ന് രാജിവെച്ചു; ഖിലാഫത്തിൽ അടക്കം ഗാന്ധിയുടെ വിമർശകൻ; മാപ്പിള ലഹളയിലെ ഹിന്ദുവേട്ട ചൂണ്ടിക്കാട്ടി; കോൺഗ്രസ് അധ്യക്ഷനായത് 40ാം വയസ്സിൽ; കേരളം മറന്ന ഹീറോ; ചേറ്റൂർ ശങ്കരൻ നായരുടെ ജീവിത കഥ

ജനറൽ ഡയറിനെ ബ്രിട്ടനിൽപോയി വിചാരണ ചെയ്ത വിറപ്പിച്ച മലയാളി! ജാലിയൻ വാലാബാഗിൽ പ്രതിഷേധിച്ച് വൈസ്രോയി കൗൺസിലിൽ നിന്ന് രാജിവെച്ചു; ഖിലാഫത്തിൽ അടക്കം ഗാന്ധിയുടെ വിമർശകൻ; മാപ്പിള ലഹളയിലെ ഹിന്ദുവേട്ട ചൂണ്ടിക്കാട്ടി; കോൺഗ്രസ് അധ്യക്ഷനായത് 40ാം വയസ്സിൽ; കേരളം മറന്ന ഹീറോ; ചേറ്റൂർ ശങ്കരൻ നായരുടെ ജീവിത കഥ

എം റിജു

ചേറ്റുർ ശങ്കരൻ നായർ. ആ പേര് മലയാളിക്ക് ഇന്ന് ഒരു പിഎസ്‌സി ചോദ്യം മാത്രമാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായ മലയാളി ആര് എന്നും, ഏത് സമ്മേളനത്തിലാണ് ശങ്കരൻ നായർ കോൺഗ്രസ് അധ്യക്ഷനായത് എന്നതും പതിവായി ചോദിക്കുന്ന പിഎസ്‌സിയെ നമിക്കുക. ലോകം കണ്ട ഏറ്റവും പ്രഗൽഭരിൽ ഒരാളായ മലയാളിയുടെ പേര് മറന്നുപോകാതെ നിൽക്കുന്നത് ആ ഒറ്റക്കാരണം കൊണ്ടാണ്! അല്ലാതെ നമ്മുടെ പാഠ്യപദ്ധതിയിലോ, ചരിത്ര സെമിനാറുകളിലോ ഒന്നും, ബ്രിട്ടനെ വിറപ്പിച്ച ഈ അഭിഭാഷകന്റെ പേര് അധികമൊന്നും പരാമർശിക്കുന്നില്ല. ശരിക്കും ഒരു ഫൊർഗോട്ടൻ ഹീറോ!

പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനായി കോൺഗ്രസ് ഇപ്പോൾ അതിന്റെ സംഘടനാ തെരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. സർ സി ശങ്കരൻ നായർ എന്ന ചേറ്റൂർ ശങ്കരൻ നായർ 1897ലെ അമരാവതി സമ്മേളനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായതിനുശേഷം ഒരു മലയാളിയും, ആ പദവിയിലേക്ക് എത്തിയിട്ടില്ല. ഇപ്പോൾ പാലക്കാട് തരൂരിൽ നിന്ന് ലോകത്തിന്റെ നെറുകയിലേക്ക് ഉയർന്ന ഒരു മലയാളി, സാക്ഷാൽ ശശി തരുർ, കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുമെന്ന വാർത്തകൾ ഉയർന്നുവരികയാണ്. മങ്കരക്കാരൻ ചേറ്റൂരിനെപ്പോലെ, എലവഞ്ചേരിക്കാരൻ തരൂരും പാലക്കാട്ടുകാരൻ തന്നെ.

പക്ഷേ കോൺഗ്രസിന്റെ ആദ്യ മലയാളിയായ അധ്യക്ഷൻ എന്ന വാക്കിൽ മാത്രം ചുരുക്കേണ്ടതല്ല, ശങ്കരൻ നായരുടെ ഐതിഹാസികമായ ജീവിതം. മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകനായും, ജഡ്ജിയായും, സേവനമനുഷ്ഠിച്ച സർ ചേറ്റൂർ ശങ്കരൻ നായർ, ഒരു വിദ്യാഭ്യാസ വിചക്ഷണനും കൂടിയായിരുന്നു. ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് ശേഷം ലെഫ്റ്റനന്റ് ഗവർണർ മൈക്കിൾ ഡയറിനെതിരെ ബ്രിട്ടിനിൽ പോയി അദ്ദേഹം നടത്തിയ നിയമപോരാട്ടം, അമ്പരപ്പിക്കുന്നതായിരുന്നു. ഈ കഥ ബോളിവുഡിലെ പ്രശസ്ത നിർമ്മാതാവ് കരൺ ജോഹർ സനിമയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ശങ്കരൻ നായരുടെ ചെറുമകനായ രഘു പാലാട്ടും ഭാര്യ പുഷ്പ പാലാട്ടും ചേർന്ന് 2019 ൽ എഴുതിയ 'ദി കേസ് ദാറ്റ് ഷുക്ക് ദ എംപയർ' എന്ന പുസ്തകമാണ് സിനിമയ്ക്ക് പ്രചോദനമായിരിക്കുന്നത്. പക്ഷേ ഈ സിനിമ ഇപ്പോഴും തുടങ്ങിയിട്ടില്ല. പക്ഷേ കോവിഡ് പ്രതിസന്ധിമൂലം നീണ്ടുപോവുകയാണെന്നും അത് ഉപേക്ഷിച്ചിട്ടില്ല എന്നുമാണ് ഇപ്പോഴും അറിയുന്നത്.

പക്ഷേ ചേറ്റൂരിന്റെ ജീവിതം പഠിച്ചാൽ അറിയാം. ഒരു സിനിമക്ക് മാത്രമല്ല ഒരു പാട് സിനിമകൾക്ക് സ്‌കോപ്പുള്ള ഒന്നതാണ് അത്.

ബ്രാഹ്മണ ലോബിയുടെ കണ്ണിലെ കരട്

പാലക്കാട് ജില്ലയിലെ മങ്കരയിലെ ചേറ്റൂർ തറവാട്ടിൽ 1857 ജൂലായ് 11നാണ് ശങ്കരൻ നായർ ജനിച്ചത്. ബ്രിട്ടീഷ് സർക്കാരിൽ തഹസിൽദാരായിരുന്ന ഗുരുവായൂർ മമ്മായിൽ രാമുണ്ണിപ്പണിക്കരും ചേറ്റൂർ പാർവ്വതിയമ്മയുമായിരുന്നു മാതാപിതാക്കൾ. ഇദ്ദേഹത്തിന്റെ മുത്തച്ഛനെ മലബാർ മേഖലയിൽ സമാധാനം നിലനിർത്തുന്നതിനായി ഈസ്റ്റ് ഇന്ത്യാ കമ്പനി നിയമിച്ചിരുന്നു. സിവിലിയൻ ഡിവിഷണൽ ഓഫീസറുടെ കീഴിൽ ചീഫ് ഓഫീസറായാണ് മുത്തച്ഛനെ നിയമിച്ചത്.

കോഴിക്കോട്ടും മദ്രാസിലുമായാണ് അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മദ്രാസിലെ പ്രസിഡൻസി കോളേജിൽ നിന്ന് ബിരുദം പൂർത്തിയാക്കുന്നതിനിടയിലാണ് നായർ നിയമ പഠനത്തിലേക്ക് ആകർഷിക്കപ്പെട്ടത്. 1879ൽ നിയമബിരുദം നേടി അഭിഭാഷകനായ അദ്ദേഹം പിന്നീട് മുൻസിഫ് ആയും ജോലി നോക്കി. നിയമത്തിൽ ബിരുദം പൂർത്തിയാക്കിയ ശേഷം സർ ഹൊറേഷ്യോ ഷെപ്പേർഡിന്റെ ജൂനിയർ അഭിഭാഷകനായി. ഷെപ്പേർഡ് പിന്നീട് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി മാറിയിരുന്നു.

അഭിഭാഷകനെന്ന നിലയിൽ ആദ്യകാലം മുതൽ തന്നെ നായർ തൻേറടിയായിരുന്നു. ഒരു ഇംഗ്ലീഷ് ബാരിസ്റ്ററുടെ ജൂനിയറായി ഒരു ഇന്ത്യൻ വക്കീലും പ്രവർത്തിക്കരുതെന്ന് പ്രസ്താവിച്ചുകൊണ്ട് മദ്രാസിലെ ഇന്ത്യൻ അഭിഭാഷകർ പാസാക്കിയ പ്രമേയത്തിനെതിരെ ശങ്കരൻ നായർ എടുത്ത നിലപാട് വ്യത്യസ്തമായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് കൊച്ചുമകൻ രഘുവും പുഷ്പയും എഴുതിയ 'ദി കേസ് ദാറ്റ് ഷുക്ക് ദ എംപയർ' പുസ്തകത്തിൽ കുറിച്ചിട്ടുണ്ട്. തനിക്ക് ഇഷ്ടപ്പെട്ട മുതിർന്ന വക്കീലിനെ തിരഞ്ഞെടുക്കാനുള്ള അവകാശം ഒരു അഭിഭാഷകനും നിഷേധിക്കപ്പെടരുത് എന്ന തത്വത്തിൽ വിശ്വസിച്ചാണ് നായർ ഈ പ്രമേയത്തെ ശക്തമായി എതിർത്തത്. എന്നാൽ ഈ വിഷയത്തിൽ പിന്നീട് മറ്റ് അഭിഭാഷകർ നായരെ ബഹിഷ്‌കരിച്ചിരുന്നു.

സമാനമായ അനുഭവങ്ങൾ അദ്ദേഹത്തിന്റെ കരിയറിൽ ഉടനീളമുണ്ടായിട്ടുണ്ട്. മദ്രാസിലെ ബ്രാഹ്മണർക്കും ശങ്കരൻ നായരോട് വിയോജിപ്പ് ഉണ്ടായിരുന്നു. മദ്രാസ് എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടപ്പോൾ, ബ്രാഹ്മണ വിരുദ്ധനായതിനാൽ തന്നെ നിയമിക്കരുതെന്ന് ആവശ്യപ്പെട്ട് മദ്രാസിലെ ബ്രാഹ്മണ സമൂഹം വൈസ്രോയിക്ക് കത്തെഴുതിയിരുന്നു. അക്കാലത്തെ പ്രധാന ജോലികൾ മുഴുവൻ തമിഴ്‌നാട്ടിലെ ബ്രാഹ്മണ ർ നേടിയെടുക്കുന്ന ഒരു രീതിയുണ്ടായിരുന്നു. ഒന്നാന്തരം അഴിമതിക്കാരുമായിരുന്നു അവർ. കുഭകോണം എന്ന വാക്കുപോലും അങ്ങനെയാണ് ഉണ്ടാവുന്നത്. അതിനെതിരെ ശക്തമായി പ്രതികരിച്ചതുകൊണ്ട് ഈ ലോബിയുടെ കണ്ണിലെ കരടായിരുന്നു അദ്ദേഹം.

നായരുടെ നിർഭയവും തുറന്നടിച്ച് കാര്യങ്ങൾ പറയുന്നതുമായ സ്വഭാവം അദ്ദേഹത്തെ സഹപ്രവർത്തകരിൽ നിന്നും അകറ്റി നിർത്തി. ഒരിക്കൽ അദ്ദേഹത്തെ സ്റ്റേറ്റ് സെക്രട്ടറി എഡ്വിൻ മൊണ്ടേഗ് വിശേഷിപ്പിച്ചത് 'അസാധ്യനായ വ്യക്തി' എന്നാണ്. ''ഏറ്റവും ഉറക്കെ സംസാരിക്കുന്ന വ്യക്തിത്വം. മറ്റൊരാൾ വാദിക്കുന്നത് കേൾക്കാൻ പോലും തയ്യാറാകാത്ത തീർത്തും വിട്ടുവീഴ്ചയില്ലാത്തയാൾ,'' എന്ന് അദ്ദേഹം ശങ്കരൻ നായരെ വിശേഷിപ്പിച്ചിരുന്നതായി രഘുവിന്റെയും പുഷ്പയുടെയും പുസ്തകത്തിൽ പറയുന്നുണ്ട്. നിരവധി വിമർശനങ്ങൾ ഉണ്ടായിരുന്നിട്ടും, മദ്രാസിൽ അഭിഭാഷകനായും സാമൂഹ്യ പരിഷ്‌കർത്താവായും നായരുടെ സാന്നിധ്യം ശക്തമായിരുന്നു.

കോൺഗ്രസ് പ്രസിഡന്റാവുന്നു

മദ്രാസ് സർക്കാരിന്റെ മലബാർ അന്വേഷണ കമ്മിറ്റിയംഗം, മദ്രാസ് നിയമസഭാംഗം, മദ്രാസ് ഹൈക്കോടതി ജഡ്ജി, ഇന്ത്യൻ യൂണിവേഴ്സിറ്റി കമ്മീഷൻ അംഗം, സൈമൺ കമ്മീഷനുമായി സഹകരിക്കാനുള്ള ഇന്ത്യൻ സെൻട്രൽ കമ്മിറ്റിയുടെ അദ്ധ്യക്ഷൻ, തുടങ്ങിയ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചു.

1885ൽ വിരമിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ അലൻ ഒക്ടേവിയൻ ഹ്യൂം മുൻകയ്യെടുത്ത്് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന സംഘടന സ്ഥാപിക്കുമ്പോൾ,
ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരുക എന്ന ലക്ഷ്യം അതിന് ഇല്ലായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണതലത്തിൽ അഭ്യസ്തവിദ്യരായ ഇന്ത്യക്കാർക്ക് കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുക എന്നതായിരുന്നു അന്ന് കോൺഗ്രസിന്റെ ലക്ഷ്യം. ബ്രിട്ടീഷ് ഭരണത്തോട് തുടക്കത്തിൽ ഈ പ്രസ്ഥാനം എതിർപ്പു പ്രകടിപ്പിച്ചിരുന്നില്ല. 1884ൽ രൂപവൽകരിക്കപ്പെട്ട ഇന്ത്യൻ നാഷണൽ യൂണിയൻ എന്ന സംഘടന പേരുമാറ്റിയാണ്, 1885ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസായത്. ഇന്ത്യയിലെ വൈസ്രോയ് ആയിരുന്ന ഡഫറിൻ പ്രഭുവിന്റെ അനുമതിയോടെയും പിന്തുണയോടെയും സ്‌കോട്ട്ലൻഡുകാരനായ ഏഓ.ഹ്യൂം കോൺഗ്രസിന്റെ രൂപവത്കരണ സമ്മേളനം വിളിച്ചു ചേർത്തത്.

പക്ഷേ വളരെ പെട്ടന്നുതന്നെ കോൺഗ്രസ് ചിന്തിക്കുന്ന യുവാക്കക്കളുടെയും അഭ്യസ്തവിദ്യർക്കും ഇടയിൽ ശ്രദ്ധിക്കപ്പെട്ടു. വിദ്യാഭ്യാസ പുരോഗതിയാണ് ദാരിദ്ര നിർമ്മാർജത്തിന്റെ അടിസ്ഥാനഘടകം, എന്ന് വിശ്വസിച്ചിരുന്ന ശങ്കരൻനായർക്ക്, അതുകൊണ്ടുതന്നെ കോൺഗ്രസിനെ ഇഷ്ടപ്പെട്ടു. തീപ്പൊരി പ്രഭാഷൻ എന്ന നിലയിലും അഭിഭാഷൻ എന്ന നിലയിലും അദ്ദേഹം നിറഞ്ഞു നിൽക്കുന്ന സമയം ആയിരുന്നു അത്.
അങ്ങനെ വെറും നാൽപ്പതാമത്തെ വയസ്സിൽ, 1897ൽ പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി അദ്ദേഹം മാറി. ഈ പദവി വഹിച്ച ഒരേയൊരു മലയാളിയായുമായി. തുടർന്ന് വിദേശ മേധാവിത്വത്തെ ശക്തമായി വിമർശിക്കുകയും ഇന്ത്യക്ക് പുത്രികാരാജ്യ പദവിയോടുകൂടി സ്വയം ഭരണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്ത അദ്ദേഹത്തിന്റെ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടു. അന്ന് സമ്പുർണ്ണ സ്വാതന്ത്ര്യം എന്ന പ്രഖ്യാപനത്തിലേക്ക് കോൺഗ്രസ് എത്തിയിരുന്നില്ല.

1907ൽ കോൺഗ്രസ് തീവ്രവാദി, മിതവാദി എന്ന നിലയിൽ ഭിന്നച്ചതൊക്കെ നാം ചരിത്ര ക്ലാസുകളിൽ പഠിച്ചതാണേല്ലോ. അതോടെ ശങ്കരൻ നായരും മറ്റ് വഴികളിലേക്ക് തിരിഞ്ഞു. പിന്നീട് ഗാന്ധി യുഗം ആരംഭിച്ചതോടെ അദ്ദേഹം കോൺഗ്രസിൽനിന്ന് മാറി നടന്നു. ഗാന്ധിജിയുടെ കടുത്ത വിമർശകൻ ആയിരുന്ന ശങ്കരൻ നായർ.

1908 ആയപ്പോഴേക്കും മദ്രാസ് ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിയായി നിയമിതനായി. 1902ൽ കർസൺ പ്രഭു അദ്ദേഹത്തെ റാലി യൂണിവേഴ്‌സിറ്റി കമ്മീഷനിലെ അംഗമായി നിയമിച്ചു. 1904ൽ അദ്ദേഹത്തെ ഇന്ത്യൻ സാമ്രാജ്യത്തിന്റെ കമ്പാനിയൻ ആയി ചക്രവർത്തി നിയമിക്കുകയും ചെയ്തു. 1915ൽ അദ്ദേഹം വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല വഹിച്ച വൈസ്രോയി കൗൺസിലിന്റെ ഭാഗമായി. 1904ൽ കമാൻഡർ ഓഫ് ഇന്ത്യൻ എമ്പയർ എന്ന ബഹുമതി അദ്ദേഹത്തിനു നൽകിയ ബ്രിട്ടീഷ് സർക്കാർ 1912ൽ സർ പദവിയും നൽകി. ഇതെല്ലാം കാണുമ്പോൾ അദ്ദേഹം ബ്രിട്ടീഷുകാരോട് മൃദുസമീപനമാണോ പുലർത്തിയിരുന്നത് എന്ന് ആർക്കും തോന്നിപ്പോകാം. പക്ഷേ അത് അദ്ദേഹത്തിന്റെ പ്രൊഫണൽ മികവിനുള്ള അംഗീകാരം മാത്രം ആയിരുന്നു.

മതേതര വിദ്യാഭ്യാസ വിചക്ഷണൻ

വിദ്യാഭ്യാസ മേഖലയിലും സുത്യർഹമായ സേവനങ്ങളാണ് അദ്ദേഹം നടത്തിയത്. ശങ്കരൻ നായർ എന്നും നിലകൊണ്ടത് മതേതര വിദ്യാഭ്യാസത്തിനുവേണ്ടി ആയിരുന്നു.
ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് 1912ൽ ചേറ്റൂർ ആനി ബസന്റുമായി നടത്തുന്ന കത്തിടപാട്. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ സ്ഥാപനവുമായി ബന്ധപ്പെട്ട ആനി ബസന്റ് ശങ്കരൻ നായരോട് സാമ്പത്തിക സഹായം അഭ്യർത്ഥിക്കുകയുണ്ടായി. എന്നാൽ, വളരെ വിനയപൂർവ്വം തന്റെ എതിരഭിപ്രായം ചേറ്റൂർ കത്തിലൂടെ അറിയിച്ചുവെന്ന് അദ്ദേഹത്തിന്റെ ആത്മകഥയിൽ പറയുന്നു ഏതെങ്കിലും തരത്തിലുള്ള വിഭാഗീയതകൾ വളർത്തുന്ന രീതിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനു ഞാൻ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നു എന്നാണ് ചേറ്റൂർ എഴുതുന്നത്.

ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി എന്ന പേരിൽ സ്ഥാപനങ്ങൾ തുടങ്ങുന്നതിനെ ശങ്കരൻ നായർ എതിർത്തു. പക്ഷേ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ സിലബസ് കാണിക്കുകയും, അവിടെ എല്ലാതരം കോഴ്സുകൾ ഉണ്ടെന്ന് മദൻ മോഹൻ മാളവ്യയെപ്പോലുള്ള നേതാക്കൾ ബോധ്യപ്പെടുത്തിയപ്പോൾ മാത്രമാണ് അദ്ദേഹം, അതിന്റെ പ്രവർത്തനത്തിനായി മുന്നിട്ട് ഇറങ്ങിയത്. പിന്നീട് ബനാറസ് യൂണിവേഴ്സിറ്റിയുടെ എല്ലാ പ്രവർത്തിനത്തിലും സജീവമായി ശങ്കരൻ നായർ ഉണ്ടായിരുന്നു.

അതുപോലെ മാതൃഭാഷക്കൊപ്പം ഇംഗ്ലീഷും പഠിച്ചാലെ നാം രക്ഷപ്പെടൂ എന്ന ഉറച്ച അഭിപ്രായം ഉണ്ടായിരുന്ന ആളായിരുന്നു അദ്ദേഹം ചേറ്റൂരിന്റെ എടുത്ത് പറയത്തക്ക മറ്റൊരിടപെടൽ ലോഡ് കഴ്സൺ നടപ്പിലാക്കാൻ ശ്രമിച്ച വിദ്യാഭ്യാസനയവുമായി ബന്ധപ്പെട്ടായിരുന്നു. അടിസ്ഥാന സ്‌കൂൾ വിദ്യാഭ്യാസം പ്രാദേശിക ഭാഷയിൽ ആക്കുകയും ഇംഗ്ലീഷ് വിദ്യാഭ്യാസം സമൂഹത്തിലെ പ്രമുഖർക്കു മാത്രമായി ലഭ്യമാക്കുകയും ചെയ്യണം എന്നുള്ളതായിരുന്നു ലോഡ് കഴ്സന്റെ വിദ്യാഭ്യാസ പദ്ധതി മുന്നോട്ടുവച്ച ഒരു നിർദ്ദേശം. ലോഡ് കഴ്സണെ സംബന്ധിച്ചിടത്തോളം കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാൻ താല്പര്യമുള്ള ഇന്ത്യക്കാരെ തൃപ്തിപ്പെടുത്താൻ വേണ്ടി ഒരു വിദ്യാഭ്യാസം എന്ന നിലയിൽ പ്രാദേശിക ഭാഷയിലുള്ള വിദ്യാഭ്യാസവും എന്നാൽ, ഉന്നത ഗുണനിലവാരമുള്ള പൗരന്മാരെ പടുത്തുയർത്തുന്നതിനുവേണ്ടി ഇംഗ്ലീഷ് വിദ്യാഭ്യാസവും എന്നതായിരുന്നു ആശയം. ഇതിനെതിരെ ശങ്കരൻ നായർ ശക്തമായി മുന്നോട്ടുവന്നു. വിവിധ ബ്രിട്ടീഷ് കമ്മറ്റികളിൽ അംഗമായിരുന്നു, അദ്ദേഹം ഇത്തരം നിയമങ്ങൾക്കെതിരെ ശക്തമായി നീങ്ങി. വിജ്ഞാനത്തിന്റെ ഭാഷയായ ഇംഗ്ലീഷ് ബഹിഷ്‌ക്കരിക്കുന്നത് സ്വാതന്ത്ര്യസമരം അല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജാലിയൻവാലാബാഗിൽ രാജിവെച്ചു

മദ്രാസ് ഹൈക്കോടതി ജഡ്ജിയെന്ന നിലയിൽ, ശങ്കരൻ നായരുടെ ഏറ്റവും അറിയപ്പെടുന്ന വിധിന്യായങ്ങൾ സാമൂഹിക പരിഷ്‌കാരങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ വ്യക്തമായി സൂചിപ്പിക്കുന്നവയായിരുന്നു. ബുഡാസ്ന വി ഫാത്തിമയിൽ (1914), ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്തവരെ പുറത്താക്കപ്പെട്ടവരായി കണക്കാക്കാനാവില്ലെന്ന് ചേറ്റൂർ വിധി പ്രസ്താവിച്ചു. മറ്റ് ചില കേസുകളിൽ, ഇന്റർ കാസ്റ്റ് വിവാഹങ്ങളെ അദ്ദേഹം ശരിവച്ചിരുന്നു.

ഒരു സ്വാതന്ത്ര്യസമര സേനാനിയെന്ന നിലയിൽ, സ്വാതന്ത്രത്തിനായുള്ള ഇന്ത്യയുടെ അവകാശത്തിൽ അദ്ദേഹം ഉറച്ചു വിശ്വസിച്ചു. 1919ൽ, മൊണ്ടാഗു-ചെംസ്ഫോർഡ് പരിഷ്‌കാരങ്ങളിലെ വ്യവസ്ഥകൾ വിപുലീകരിക്കുന്നതിൽ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു. ഇത് പ്രവിശ്യകളിൽ രാജഭരണ സമ്പ്രദായം അവതരിപ്പിക്കുകയും ഭരണത്തിൽ ഇന്ത്യക്കാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുകയും ചെയ്തു.

ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നപ്പോൾ ഇതിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി വൈസ്രോയി കൗൺസിലിൽ നിന്ന് ചേറ്റൂർ രാജിവയ്ക്കുകയായിരുന്നു. നായരുടെ രാജി ബ്രിട്ടീഷ് സർക്കാരിനെ പിടിച്ചുകുലുക്കി. തൊട്ടുപിന്നാലെ പഞ്ചാബിലെ പ്രസ് സെൻസർഷിപ്പ് പിൻവലിക്കുകയും സൈനിക നിയമം അവസാനിപ്പിക്കുകയും ചെയ്തു. കൂടാതെ, പഞ്ചാബിലെ പ്രശ്നങ്ങൾ പരിശോധിക്കാൻ വില്യം ഹണ്ടർ പ്രഭുവിന്റെ കീഴിൽ ഒരു സമിതിയും രൂപീകരിച്ചിരുന്നു.

ചരിത്രത്തിൽ ഇടംനേടിയ കോടതിമുറി യുദ്ധം

ജാലിയൻവാലാബാഗ് സംഭവത്തിന്റെ ഉത്തരവാദിയായ ജനറൽ മൈക്കിൾ ഡയറിനെതിരെ സർ ചേറ്റൂർ ശങ്കരൻ നായർ ഇംഗ്ലണ്ടിൽ ചെന്ന് കേസ് വാദിച്ചു. ലണ്ടനിലെ കിങ്സ് ബെഞ്ചിന് മുമ്പുള്ള വിചാരണ അഞ്ചര ആഴ്ച നീണ്ടു. അക്കാലത്ത് വാദത്തിനായി ഏറ്റവും കൂടുതൽ സമയമെടുത്ത കേസായിരുന്നു ഇത്. വിചാരണയുടെ തുടക്കം മുതൽ തന്നെ കോടതിമുറി തിങ്ങി നിറഞ്ഞിരുന്നു. ബിക്കാനീർ മഹാരാജാവ് ഉൾപ്പെടെ വിശിഷ്ട വ്യക്തികൾ കോടതി നടപടികൾക്ക് സാക്ഷ്യം വഹിക്കും. 12 അംഗ ജൂറിയിൽ അദ്ധ്യക്ഷത വഹിച്ചത് ജസ്റ്റിസ് ഹെന്റി മക്കാർഡി ആയിരുന്നു.

വിചാരണ ആരംഭിച്ച് രണ്ട് ദിവസത്തിന് ശേഷം, പ്രതിയുടെ സാക്ഷികളെ വിളിക്കാൻ അനുവദിക്കുന്നതിനുപകരം, മക്കാർഡി അദ്ദേഹത്തെ ചോദ്യം ചെയ്തു. ജാലിയൻവാലയിലെ ജനക്കൂട്ടത്തിന് നേരെ വെടിയുതിർത്തതിൽ ജനറൽ ഡയർ ചെയ്തത് ശരിയാണോ തെറ്റാണോ എന്ന് തെളിയിക്കാൻ നായർ ഉദ്ദേശിക്കുന്നുണ്ടോ എന്ന് മക്കാർഡി പരിഹാസ രൂപേണ ചോദിച്ചു. വിചാരണയിലുടനീളം മക്കാർഡിയുടെ ഭാഗത്തുനിന്നും സമാനമായ ഇടപെടലുകൾ ഉണ്ടായി. ഒന്നിനെതിരെ 11 ഭൂരിപക്ഷത്തോടെ കേസ് ഡയർ വിജയിച്ചു. ഹരോൾഡ് ലസ്‌കി മാത്രമാണ് വിയോജിപ്പ് അറിയിച്ച ജഡ്ജി. ഡയറിനെ അപകീർത്തിപ്പെടുത്തിയതിന് 500 ഡോളറും വിചാരണയുടെ ചെലവും നായർ വാദിക്ക് നൽകേണ്ടി വന്നു. നായർ ക്ഷമാപണം നടത്തിയാൽ, പിഴ ഒഴിവാക്കാൻ തയ്യാറാണെന്ന് ഡയർ വ്യക്തമാക്കിയിരുന്നു. എന്നാൽ നായർ ക്ഷമ ചോദിക്കാൻ തയ്യാറായില്ല.

വിധി ഏകകണ്ഠമായ തീരുമാനമല്ലാത്തതിനാൽ, നായർക്ക് കേസുമായി മുന്നോട്ട് പോകാമായിരുന്നു. എന്നാൽ വാദം മുന്നോട്ട് കൊണ്ടുപോകാൻ നായർ വിസമ്മതിച്ചു. അടുത്ത വിചാരണയിലും 12 ഇംഗ്ലീഷുകാർ തന്നെയാകും കേസ് കേൾക്കുക എന്ന് നായർക്ക് ഉറപ്പായിരുന്നു. നായർ കേസിൽ തോറ്റെങ്കിലും വിചാരണ ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്തെ സാരമായി ബാധിച്ചു. ദേശീയ പ്രസ്ഥാനം ശക്തി പ്രാപിച്ചുകൊണ്ടിരുന്ന ആ കാലഘട്ടത്തിൽ ബ്രിട്ടീഷ് ഗവൺമെന്റിന്റെ വ്യക്തമായ പക്ഷപാതവും സ്വന്തം ജനതയ്‌ക്കെതിരെ അതിക്രമങ്ങൾ നടത്തുന്നവരെ സംരക്ഷിക്കാനുള്ള ശ്രമവും ഇന്ത്യക്കാർ വിധിന്യായത്തിലൂടെ മനസ്സിലാക്കി. സ്വാതന്ത്രത്തിനായി പോരാടാൻ ദേശീയവാദികളെ കൂടുതൽ ശക്തപ്പെടുത്താൻ ഈ വിധി സുപ്രധാന കാരണമായി മാറി. ഈ സംഭവമാണ് കരൺ ജോഹർ സിനമാക്കാൻ ഉദ്ദേശിച്ചിരുന്നത്.

ഗാന്ധിജിയുടെ ശക്തനായ എതിരാളി

ജീവിച്ചിരിക്കുന്ന കാലത്ത് ഗാന്ധിജി നേരിട്ട ഏറ്റവും ശക്തനായ എതിരാളിയായിരുന്നു ചേറ്റുർ ശങ്കരൻ നായർ. ഗാന്ധിജിയുടെ നിസ്സഹകര പ്രസ്ഥാനത്തോടും, ഖിലാഫത്തിനെ സ്വാതന്ത്ര്യസമരവുമായി കൂട്ടിക്കെട്ടിയതിനോടുമൊക്കെ കടുത്ത വിയോജിപ്പായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ഗാന്ധി ആൻഡ് അനാർക്കി എന്ന തന്റെ പുസ്തകത്തിൽ അദ്ദേഹം ഇക്കാര്യങ്ങൾ എല്ലാം വിശദീകരിച്ച് പറയുന്നുണ്ട്. 1922ലാണ് അദ്ദേഹം ഈ പുസ്തകം എഴുതിയത്. ശങ്കരൻ നായർ ഇങ്ങനെ ചോദിക്കുന്നു. ''പ്രവർത്തകർ തന്നെ സ്വയം ഭരണഘടനാധികാരത്തിനെതിരെ കലാപം പ്രഖ്യാപിച്ചാൽ, അതിനെ നശിപ്പിക്കാൻ ശ്രദ്ധരായാൽ, പ്രവർത്തനം അഹിംസാത്മകമാകുന്നതെങ്ങനെ. അധികാരികൾ തങ്ങളെ വെടിവയ്ക്കാൻ ഉതകും വിധമുള്ള നിസ്സഹകരണ സമരം നടന്നാൽ അത് അഹിംസാത്മകമാകുമോ''.

അദ്ദേഹം തുടരുന്നു. ''അലഹബാദിലോ ബനാറസിലോ ഗാന്ധി 1920ൽ ഇത് ആദ്യം പറഞ്ഞപ്പോൾ, ലക്ഷ്യങ്ങൾ ഭരണഘടനാ വിരുദ്ധവും രീതികൾ നിയമവിരുദ്ധവും എനിക്ക് സംശയമില്ലായിരുന്നു. അതിന്റെ നടപ്പാക്കൽ അക്രമത്തിലും അരാജകത്വത്തിലും കലാശിക്കുമെന്ന് ഉറപ്പായിരുന്നു. നേതാക്കളുടെ അഹിംസാ വചനങ്ങൾ വെറം വാക്കുകളാകും. അതിന്റെ അപ്രസക്തമായ ആദ്യഘട്ടം നോക്കേണ്ടതില്ല. പദവികൾ വേണ്ടെന്ന് വയ്ക്കുക, സ്‌കൂളുകളും കോളജുകളും ബഹിഷ്‌കരിക്കുക, വക്കീൽമാർ പ്രാക്ടീസ് വേണ്ടെന്ന് വയ്ക്കുക ഒക്കെയായിരുന്നു അപ്പോൾ നിസ്സഹകരണം. ഇവ പ്രത്യേകിച്ചും യുവാക്കൾക്ക് ദോഷം ചെയ്തു. ഈ ഘട്ടത്തിൽ തന്നെ അക്രമങ്ങൾ നടന്നു. സാമൂഹിക ബഹിഷ്‌കരണ ഭീഷണിയും സാമുദായിക സ്പർദ്ധയും വ്യക്തികളെ ബാധിച്ചു. ഈ പ്രസ്ഥാനത്തെ മൊത്തമായി എടുക്കാം. അതിന്റെ അവസാനഘട്ടങ്ങൾ വച്ച് വിലയിരുത്താം. അത് രാജ്യ നിയമങ്ങൾക്കും പൊലീസിനും കോടതിക്കും എതിരെ നിന്നു. പൊലീസ് സ്റ്റേഷനുകൾ ആക്രമിച്ചു. കോടതികൾ പിക്കറ്റ് ചെയ്തു, പട്ടാളക്കാരോട് കൂറുമാറാൻ ആഹ്വാനം ചെയ്തു, നികുതിയും വാടകയും നൽകാൻ വിസമ്മതിച്ചു. പ്രസ്ഥാനത്തെ ആത്യന്തിക ലക്ഷ്യം വച്ച് വിലയിരുത്താം. അത് സർക്കാരിനെ മരവിപ്പിക്കലും അട്ടിമറിക്കലുമാണ്. ഇതിന്റെ അനിവാര്യ ഫലം, അരാജകത്വവും ചോരപ്പുഴയും സകല സമുദായങ്ങൾക്കും ദുരിതവുമാണ്.''- ശങ്കരൻ നായർ ചൂണ്ടിക്കാട്ടുന്നു.

ഇതിന്റെ അർഥം അദ്ദേഹം സ്വാതന്ത്ര്യ സമരത്തിന് എതിരായിരുന്നു എന്ന് അല്ല. ഈ രീതിയിൽ അരാജകത്വം ഉണ്ടാക്കിക്കൊണ്ടല്ല, ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവസരം ഉണ്ടാക്കുകയാണ് വേണ്ടത് എന്നതായിരുന്നു ശങ്കരൻ നായരുടെ പക്ഷം.

ഗാന്ധി കാണാത്ത മാപ്പിള ലഹള

അതുപോലെ 1921ലെ മാപ്പിള ലഹളയിലും ഖിലാഫത്തുമായി സ്വതന്ത്ര്യ സമരത്തെ കൂട്ടിക്കെട്ടിയതിലുമൊക്കെ അദ്ദേഹം ഗാന്ധിജിയെ നിശിതമായി വിമർശിക്കുന്നുണ്ട്. ഗാന്ധി ആൻഡ് അനാർക്കി എന്ന പുസ്തകത്തിലെ ആ ഭാഗം കുരുക്ഷേത്ര പ്രകാശൻ 'ഗാന്ധി കാണാത്ത മാപ്പിള ലഹള' എന്ന പേരിൽ പുസ്തകം ആക്കിയിട്ടുണ്ട്. അവിടെ നടന്നത ഹിന്ദുവംശ ഹത്യയാണെന്ന് അദ്ദേഹം തുറന്ന് പറയുന്നുണ്ട്.

ശങ്കരൻ നായർ ഇങ്ങനെ എഴുതുന്നു. ''മുസ്ലിംകൾ പിന്തുടരുന്നത് അക്രമോൽസുകമായ മതമാണെന്ന് നമുക്കറിയാം. അവർ മതപരമായ നിയമം എന്ന് കരുതുന്ന ഒന്നിനായി ആ മതം ബലപ്രയോഗം അനുശാസിക്കുകയും അനുവദിക്കുകയും ചെയ്യുന്നു. നിസ്സഹകരണ പ്രവർത്തകരുടെ സ്വഭാവമനുസരിച്ച് രക്തച്ചൊരിച്ചിലിൽ മാത്രം അവസാനിക്കുന്ന കലാപങ്ങൾ ഉറപ്പാണ്. ഖിലാഫത്തുകാർക്ക് ഖലീഫയെ പുസ്സ്ഥാപിക്കയാണ് പ്രധാനം. ഇന്ത്യൻ സ്വതന്ത്ര്യ സമരം അവർക്ക് രണ്ടാമതാണ്''- ശങ്കരൻ നായർ എഴുതി.

''മാപ്പിള ലഹളയുടെ ഫലം മുസ്ലിംങ്ങൾക്കും ഹിന്ദുക്കൾക്കും ദോഷകരമായിരുന്നു. രണ്ടായിരത്തിലധികം മുസ്ലിംങ്ങളെ സൈന്യം കൊന്നതായാണ് കണക്ക്. ആയിരങ്ങൾ മറ്റു തരത്തിലും കൊല്ലപ്പെട്ടു. പരുക്കേറ്റവർ ഇതിലധികം. വെട്ടിക്കൊല്ലപ്പെട്ടവരും ജീവനോടെ തൊലിയുരിക്കപ്പെട്ടവരും കശാപ്പിന് മുൻപ് സ്വന്തം ശവക്കുഴി തോണ്ടാൻ വിധിക്കപ്പെട്ടവരുമായ ഹിന്ദുക്കൾ ആയിരങ്ങൾ വരും. സ്ത്രീകൾ ബലാൽസംഗം ചെയ്യപ്പെട്ടത് നൈമിഷിക ആവേശത്തള്ളിച്ചയിൽ മാത്രമല്ല. ആസൂത്രിതമായി മാസങ്ങൾ അവരെ കൈമാറി. കണക്കു കൂട്ടി അവരോട് ചെയ്ത കിരാതത്വത്തിന് ചരിത്രത്തിൽ സമാനതകളില്ല. ആയിരങ്ങളെ ബലം പ്രയോഗിച്ച് മതം മാറ്റി. ഇതെല്ലാം ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പേരിലും അതിന് വേണ്ടിയും ആയിരുന്നു. ഗാന്ധിയുടെയും ഷൗക്കത് അലിയുടെയും വരവിനെ തുടർന്നായിരുന്നു ഇത്.''- ശങ്കരൻ നായർ ചൂണ്ടിക്കാട്ടുന്നു.

മലബാറിൽ കർഷക കലാപമൊന്നുമല്ല നടന്നത് കൃത്യമായ വർഗീയ ലഹളായണെന്നും അദ്ദേഹം പറയുന്നുണ്ട്. വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്വാതന്ത്ര്യ സമര സേനാനിയായി വാഴ്‌ത്തുന്നവർ, അക്കാലത്ത് ജീവിച്ചിരുന്ന ശങ്കരൻ നായരുടെ പുസ്തകം ഒന്ന് വായിക്കേണ്ടത് തന്നെയാണ്.

ചേറ്റൂരിൽ നിന്ന് തരൂരിലേക്കോ?

1934ൽ 77-ാം വയസ്സിൽ വാർധക്യ സഹജമായ അസുഖങ്ങളെതുടർന്ന് ശങ്കരൻ നായർ മരണമടഞ്ഞു. ഒൻപത് മക്കളും പേരക്കുട്ടികളുമടങ്ങുന്ന അദ്ദേഹത്തിന്റെ വലിയ കുടുംബം അദ്ദേഹത്തിന്റെ പാരമ്പര്യം നിലനിർത്തുന്നതിൽ ഒട്ടും പിന്നിലല്ല.
ഒറ്റപ്പാലത്തെ ലേഡി ശങ്കരൻ നായർ കോൺവെന്റും (എൽ.എസ്.എൻ) പ്രസിദ്ധമായ പാലാട്ട് റോഡും സർ സി. ശങ്കരൻനായരുടെ ഓർമയ്ക്കായി സ്ഥാപിക്കപ്പെട്ടതാണ്. ഒറ്റപ്പാലത്തെ സി.എസ്.എൻ ട്രസ്റ്റ് ( ചേറ്റൂർ ശങ്കരൻനായർ ട്രസ്റ്റ്) എല്ലാ വർഷവും ഡിസംബറിൽ നൃത്ത സംഗീതോൽസവം സംഘടിപ്പിക്കാറുണ്ട്. സർ സി. ശങ്കരൻ നായരുടെ മൂത്ത മകളുടെ ഭർത്താവ് സർ സി. മാധവൻ നായർ, തമിഴ്‌നാട്ടിലെ പ്രിവികൗൺസിൽ ജഡ്ജിയായിരുന്നു. ഈ മകളുടെ ഓർമക്ക് മഹാലിംഗപുരത്ത് ലേഡി മാധവൻ നായർ കോളനി സ്ഥാപിക്കപ്പെട്ടു.

വിശ്വപ്രശ്‌സത എഴുത്തുകാരനും ഇന്ത്യ കണ്ട ഏറ്റവും മികച്ച നയതന്ത്രജ്ഞനുമായ കെ.പി.എസ്. മേനോന്റെ (സീനിയർ) ഭാര്യ സരസ്വതി മേനോൻ, സർ സി. ശങ്കരൻനായരുടെ ഒമ്പത് മക്കളിൽ രണ്ടാമത്തെ മകളാണ്. അവസാനകാലം ഇവരും ഭർത്താവ് കെ.പി.എസ്. മേനോനും ഒറ്റപ്പാലം പാലാട്ട് തറവാട്ടിലാണ് കഴിഞ്ഞിരുന്നത്്. ശങ്കരൻനായരുടെ മകൻ ആർ.എം. പാലാട്ടും ഏറെ പ്രസിദ്ധനാണ്. ഗോവാ വിമോചന നായകൻ ലെഫ്. ജനറൽ കെ.പി. കാൻഡത്ത്, സർ സി. ശങ്കരൻ നായരുടെ പൗത്രനാണ്. മരുമകൻ കെ.കെ. ചേറ്റൂർ, ജപ്പാനിലെ ആദ്യ ഇന്ത്യൻ അംബാസഡർ. ഇദ്ദേഹത്തിന്റെ മകളാണ് സമതാപാർട്ടി അധ്യക്ഷയായിരുന്ന ജയാ ജയ്റ്റ്‌ലി ( ജയയുടെ മകൾ അദിതി, പ്രമുഖ ക്രിക്കറ്റ്താരം അജയ് ജഡേജയുടെ ഭാര്യ). ഇങ്ങനെ ഒരു വലിയ കുടുംബമാണ് ശങ്കരൻ നായരുടേത്.

ഇപ്പോൾ മറ്റൊരു പാലക്കാട്ടുകാരനായ തരൂരിനെ ചുറ്റിപ്പറ്റിയാണ് കോൺഗ്രസിലെ ചർച്ച. പാലക്കാട് എലവഞ്ചേരിക്കടുത്തെ മുണ്ടാരത്ത് തറവാട്ടുകാരനായ ശശി തരുരിനും ഏതാണ്ട് സമാനമായ ഒരു ജീവിതം തന്നെയാണ്. നീണ്ട ഇടവേളക്ക് ശേഷം നാട്ടിൽ ഓണം ആഘോഷിക്കാൻ കഴിഞ്ഞവർഷം തരൂർ തറവാട്ടിൽ എത്തിയതും വാർത്തയായിരുന്നു. മുറ്റത്തെ മാവിൽ നിന്ന് കല്ലെറിഞ്ഞിട്ട മാമ്പഴത്തിന്റെ കണക്കുപറഞ്ഞാണ് ശശി തരൂർ തുടങ്ങിയത്. പുത്തരിയൂൺ ചടങ്ങിനും തരൂർ ഭാഗമായി. ''അമ്മ വീടാണ് തറവാട്. അമ്മയ്ക്ക് സഹോദരങ്ങളായി ഏഴ് പേരുണ്ട്. ആകെ നാല് ആണുങ്ങളും നാല് പെണ്ണുങ്ങളും. മൂത്തയാളാണ് അമ്മ. അമ്മയുടെ 20ാമത്തെ വയസിൽ ഞാൻ ജനിച്ചു. എനിക്ക് താഴെ പ്രായമുള്ള ഒരു അമ്മാവൻ ഉണ്ട്''- തരൂർ പറയുന്നു.

ഇപ്പോൾ ചേറ്റൂരിനുശേഷം തരൂർ ആണ് കോൺഗ്രസിൽ ചർച്ച. കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിക്കുമോ എന്ന് അറിയാൻ ഏവരും കാത്തിരിക്കയാണ്. ഒരു പാലക്കാട്ടുകാരനുശേഷം ഒരു നൂറ്റാണ്ട് കഴിഞ്ഞ് മറ്റൊരു പാലക്കാട്ടുകാരൻ കോൺഗ്രസ് പ്രസിഡന്റ് ആവുമോ. കാത്തിരുന്ന് കാണം എന്നേ പറയാനുള്ളൂ.

വാൽക്ഷഷ്ണം: ഇന്ത്യൻ നാഷൺൽ കോൺഗ്രസിന്റെ തുടക്കം പരിശോധിച്ചാൽ അതിൽ ഗാന്ധി, നെഹ്റു കുടുംബങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന് കാണാം. എന്നാൽ ആ പാർട്ടി ഇവരുടെ തറവാട്ട് സ്വത്ത് പോലെയാണ് കാര്യങ്ങൾ പോകുന്നത്. നെഹ്റു കുടുംബത്തിൽനിന്നല്ലാതെ ഒരു പുതിയ പ്രസിൻഡന്റ് വരുമോ എന്ന ചർച്ചകളാണ് ഇപ്പോൾ എവിടെയും പുരോഗമിക്കുന്നത്. ആ സമയത്താണ് ശങ്കരൻനായരെപ്പോലെ യാതൊരു ഗോഡ് ഫാദറും ഇല്ലാതെ ഉയർന്നുവന്നവരെ നാം ഓർക്കേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP