Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അന്നു വീണുപിടഞ്ഞ അതേ ഗ്രൗണ്ട്; അതേ എതിരാളികൾ; ഫോം നഷ്ടപ്പെട്ട് ടീമിന് അകത്തും പുറത്തുമായി ഒരുപാട് നാൾ; മുംബൈ തഴഞ്ഞപ്പോൾ ഗുജറാത്തിനെ ഐപിൽ കിരീടത്തിലെത്തിച്ച നായകൻ; ഒടുവിൽ ഇന്ത്യൻ ജഴ്‌സിയിൽ ഗംഭീര തിരിച്ചുവരവ്!; 'തിരിച്ചടികളേക്കാൾ മഹത്തരമാണ് മടങ്ങിവരവ്'എന്ന് ഹാർദിക് പാണ്ഡ്യ

അന്നു വീണുപിടഞ്ഞ അതേ ഗ്രൗണ്ട്; അതേ എതിരാളികൾ; ഫോം നഷ്ടപ്പെട്ട് ടീമിന് അകത്തും പുറത്തുമായി ഒരുപാട് നാൾ; മുംബൈ തഴഞ്ഞപ്പോൾ ഗുജറാത്തിനെ ഐപിൽ കിരീടത്തിലെത്തിച്ച നായകൻ; ഒടുവിൽ ഇന്ത്യൻ ജഴ്‌സിയിൽ ഗംഭീര തിരിച്ചുവരവ്!; 'തിരിച്ചടികളേക്കാൾ മഹത്തരമാണ് മടങ്ങിവരവ്'എന്ന് ഹാർദിക് പാണ്ഡ്യ

സ്പോർട്സ് ഡെസ്ക്

ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഞായറാഴ്ച പാക്കിസ്ഥാനെതിരായ അവസാന ഓവറിൽ സിക്‌സർ പറത്തി ഇന്ത്യയെ ജയത്തിലെത്തിച്ച ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ പ്രകടനത്തെ ക്രിക്കറ്റ് ലോകം പ്രശംസകൾകൊണ്ട് മൂടുന്നതിനിടെ താരത്തിന്റെ പ്രതികരണം വൈറലാകുന്നു.

മത്സരം ശേഷം ഹാർദിക് പങ്കുവച്ച സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. 'തിരിച്ചടികളേക്കാൾ മഹത്തരമാണ് മടങ്ങിവരവ്' എന്ന ക്യാപ്ഷനോടെയാണ് ഹാർദികിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. 2018ൽ പരിക്കേറ്റ് സ്ട്രെച്ചറിൽ പരിക്കേറ്റ് പുറത്തുപോകുന്ന ചിത്രത്തിനൊപ്പം ഇന്നലെ മത്സരം ഫിനിഷ് ചെയ്ത ശേഷമുള്ള ഫോട്ടോയും ചേർത്താണ് ഹാർദിക് പോസ്റ്റിട്ടിരിക്കുന്നത്.

      View this post on Instagram

A post shared by Hardik Himanshu Pandya (@hardikpandya93)

2018 ഏഷ്യാ കപ്പിനിടെയാണ് ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യക്ക് പരിക്കേൽക്കുന്നത്. അതും ഇന്നലെ പാക്കിസ്ഥാനെതിരെ കളിച്ച അതേ വേദിയിൽ ഇതേ എതിരാളികൾക്കെതിരെ. പിന്നീട് ടൂർണമെന്റ് തന്നെ നഷ്ടമായി. പരിക്കിന് ശേഷം ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയെങ്കിലും പഴയ ഫോമിലേക്ക് തിരിച്ചെത്താൻ ഹാർദിക്കിന് സാധിച്ചില്ല. ടീമിന് അകത്തും പുറത്തുമായി ഒരുപാട് നാൾ.

ഇതിനിടെ ട്വന്റി 20 ലോകകപ്പിനുള്ള ടീമിൽ ഹാർദിക്കിനെ ഉൾപ്പെടുത്തി. എന്നാൽ പ്രകടനം ശരാശരിക്കും താഴെയായിരുന്നു. ലോകകപ്പിന് ശേഷം ടീമിൽ നിന്ന് വിട്ടുനൽകുകയാണെന്ന് ഹാർദിക്ക് അറിയിച്ചു. പന്തെറിയാൻ പാകത്തിൽ ശാരീരികക്ഷമത വീണ്ടെടുത്ത ശേഷം മാത്രമെ തിരിച്ചെത്തൂവെന്നും പാണ്ഡ്യ പറഞ്ഞു.

ശേഷം കഥ നടക്കുന്നത് ഐപിഎല്ലിലാണ്. മുംബൈ ഇന്ത്യൻസ് താരത്തെ ഒഴിവാക്കിയപ്പോൾ താരം പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റൻസിനൊപ്പം ചേർന്നു. ടീമിന്റെ ക്യാപ്റ്റനും ഹാർദിക്കായിരുന്നു. ടീമിന്റ പ്രഥമ ഐപിഎലിൽ തന്നെ കിരീടം സമ്മാനിക്കാൻ ഹാർദിക്കിനായി. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങാനും ഹാർദിക്കിനായി. തുടർന്ന് ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ്.

അത് കഴിഞ്ഞദിവസം പാക്കിസ്ഥാനെതിരായ പ്രകടനം വരെ എത്തിനിൽക്കുന്നു. ബാറ്റുകൊണ്ടും പന്തുകൊണ്ടും മികച്ച പ്രകടനം പുറത്തെടുത്ത ഹാർദിക് പ്ലയർ ഓഫ് ദ മാച്ചുമായിരുന്നും. ഹൈ വോൾട്ടേജ് ഗെയിമിൽ മുഹമ്മദ് നവാസിനെതിരെ സിക്സടിച്ചാണ് ഹാർദിക് ഇന്ത്യയുടെ വിജയം ആഘോഷിച്ചത്.

ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിന് വലിയ രീതിയിലുള്ള പ്രതികരണമാണ് ലഭിക്കുന്നത്. ഇന്ത്യയുടെ വനിതാ ടെന്നിസ് താരവും പാക് താരം ഷൊയ്ബ് മാലിക്കിന്റെ ഭാര്യയുമായ സാനിയ മിർസ, ബോളിവുഡ് താരം വരുൺ ധവാൻ, ജയന്ത് യാദവ് തുടങ്ങിയവരെല്ലാം ആശംസകൾ അറിയിച്ച് മറുപടി നൽകി.

പാക്കിസ്ഥാനെതിരെ അവസാന ഓവറിൽ ഇന്ത്യക്ക് 7 റൺസ് വേണമായിരുന്നു. തുടക്കത്തിൽ രവീന്ദ്ര ജഡേജ ക്ലീൻ ബോൾഡ് ആയതോടെ ഇന്ത്യൻ ക്യാംപ് ആശങ്കയിലായി. എന്നാൽ തകർപ്പനൊരു സിക്‌സറിലൂടെ പാണ്ഡ്യ ഇന്ത്യയെ വിജയതീരത്ത് എത്തിക്കുകയായിരുന്നു. ചിരവൈരികളായ പാക്കിസ്ഥാനെതിരെ പന്തുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങിയാണ് ഹർദിക് ഇന്ത്യൻ വിജയത്തിൽ നിർണായകമായി മാറിയത്. മത്സരശേഷം സംസാരിക്കവെ പാക്കിസ്ഥാനെതിരായ അവസാന ഓവറിൽ ഇന്ത്യക്ക് 15 റൺസ് വേണ്ടിയിരുന്നെങ്കിലും ഇടംവലം നോക്കാതെ അടിച്ചെടുക്കുമായിരുന്നുവെന്ന് ഹാർദ്ദിക് പാണ്ഡ്യ പ്രതികരിച്ചിരുന്നു.

28-കാരനായ പാണ്ഡ്യ പാക്കിസ്ഥാൻ ബാറ്റർമാർക്കെതിരെ ഷോർട്ട് പന്തുകളെറിഞ്ഞ്, അവരുടെ താളം തെറ്റിച്ചിരുന്നു. ഷോർട്ട് ബോളുകൾക്ക് കൃത്യമായ ഫീൽഡ് സജ്ജീകരണമുണ്ടായിരുന്നതിനാൽ മികച്ച പ്ലാനോടെയാണ് പാണ്ഡ്യ പന്തെറിഞ്ഞത്. പാക്കിസ്ഥാൻ ബാറ്റർമാരെ നന്നായി ബുദ്ധിമുട്ടിക്കാൻ പാണ്ഡ്യയ്ക്ക് കഴിഞ്ഞു. മത്സരത്തിലെ ഏറ്റവും ഉയർന്ന സ്‌കോററായ മുഹമ്മദ് റിസ്വാന്റേത് ഉൾപ്പടെ നിർണായകമായ മൂന്ന് വിക്കറ്റുകളും പാണ്ഡ്യ സ്വന്തമാക്കിയിരുന്നു

തന്റെ ബൗളിങ് സമീപനത്തെക്കുറിച്ച് സംസാരിച്ച ഹാർദിക്, ഷോർട്ട് ആൻഡ് ഹാർഡ് ലെങ്ത് ബൗൾ ചെയ്യുന്നതാണ് തന്റെ ശക്തിയെന്നും ബാറ്റർമാരെ ബുദ്ധിമുട്ടിക്കാൻ അവ ഫലപ്രദമായി ഉപയോഗിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും പറഞ്ഞു.

''ബൗളിംഗിൽ, സാഹചര്യങ്ങൾ വിലയിരുത്തുകയും ആയുധങ്ങൾ ഉപയോഗിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. എന്നെ സംബന്ധിച്ചിടത്തോളം, ഷോർട്ട്, ഹാർഡ് ലെങ്ത് ബൗളിങ് എന്റെ ശക്തിയാണ്. ഇത് അവർക്കെതിരെ നന്നായി ഉപയോഗിക്കുകയും ബാറ്റർമാരെ ആശയക്കുഴപ്പത്തിലേക്കും അതുവഴി പിഴവ് വരുത്താൻ പ്രേരിപ്പിക്കുകയും ചെയ്തു, ''പാണ്ഡ്യ മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.

19-ാം ഓവറിൽ മൂന്ന് ബൗണ്ടറികൾ പറത്തി പാണ്ഡ്യ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാക്കി, അവസാന ഓവറിലെ നാലാം പന്തിൽ സിക്‌സർ പറത്തി ഇന്ത്യയുടെ വിജയം പൂർത്തിയാക്കി. 17 പന്തിൽ 4 ഫോറും ഒരു സിക്‌സും സഹിതം 33 റൺസുമായി ഹാർദ്ദിക് പാണ്ഡ്യ പുറത്താകാതെ നിന്നു.

ഓൾറൗണ്ട് പ്രകടനത്തിന് പിന്നാലെ പ്ലെയർ ഓഫ് ദി മാച്ച് ആയി ഹാർദ്ദിക് പാണ്ഡ്യ തിരഞ്ഞെടുക്കപ്പെട്ടു, ''ഇതുപോലുള്ള ഏറെ പ്രതിസന്ധി നിറഞ്ഞ റൺ ചേസിൽ, എല്ലായ്‌പ്പോഴും ഓവർ-ബൈ-ഓവർ ആസൂത്രണം പ്രധാനമാണ്. അവസാന ഓവറുകൾ എറിയുന്നത് ഒരു പേസറും ഒരു ഇടങ്കയ്യൻ സ്പിന്നറും ആയിരിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു, ''അദ്ദേഹം കൂട്ടിച്ചേർത്തു.

ആ ഘട്ടത്തിൽ പ്രതിരോധിക്കാൻ ബൗളർമാർ കൂടുതൽ സമ്മർദ്ദത്തിലായതിനാൽ അവസാന ഓവറിൽ തനിക്ക് 15 റൺസ് പോലും പിന്തുടരാനാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ''അവസാന ഓവറിൽ ഞങ്ങൾക്ക് 7 റൺസ് മാത്രമേ ആവശ്യമുള്ളൂ, പക്ഷേ ഞങ്ങൾക്ക് 15 റൺസ് വേണമെങ്കിൽ പോലും, അത് അടിച്ചെടുക്കാൻ എനിക്ക് സാധിക്കുമായിരുന്നു. 20-ാം ഓവറിൽ ബൗളർ എന്നെക്കാൾ സമ്മർദ്ദത്തിലായിരിക്കുന്ന് എനിക്കറിയാം. കാര്യങ്ങൾ എളുപ്പമാക്കാനാണ് ഞാൻ ശ്രമിക്കുന്നത്,' അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP