Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഒരേ നിറത്തിലുള്ള വസ്ത്രത്തിൽ റിതുലും സിദ്ധാർഥും ദേവപ്രിയയും; സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷും പ്രതിഭയും വിവാഹിതരായി; സാക്ഷികളായി മൂന്നു മക്കളും അടുത്ത ബന്ധുക്കളും; വിവാഹം ലോകനാർ കാവിൽ ലളിതമായ ചടങ്ങുകളോടെ; റിതുലിനും സിദ്ധാർത്ഥിനും ഇനി അമ്മയും ദേവപ്രിയയ്ക്ക് അച്ഛനും

ഒരേ നിറത്തിലുള്ള വസ്ത്രത്തിൽ റിതുലും സിദ്ധാർഥും ദേവപ്രിയയും; സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷും പ്രതിഭയും വിവാഹിതരായി; സാക്ഷികളായി മൂന്നു മക്കളും അടുത്ത ബന്ധുക്കളും; വിവാഹം ലോകനാർ കാവിൽ ലളിതമായ ചടങ്ങുകളോടെ; റിതുലിനും സിദ്ധാർത്ഥിനും ഇനി അമ്മയും ദേവപ്രിയയ്ക്ക് അച്ഛനും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: റിതുലിനും സിദ്ധാർത്ഥിനും അമ്മയായി ഇനി പ്രതിഭയും ചേച്ചിയായി ദേവപ്രിയയും.സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷും പ്രതിഭയും വിവാഹിതരായി.ലോകനാർ കാവിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ വളരെ ലളിതമായിരുന്നു ചടങ്ങുകൾ.റിതുലിനും സിദ്ധാർത്ഥിനും ഒപ്പം അതേ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് പ്രതിഭയുടെ മകൾ ദേവപ്രിയയും വിവാഹത്തിൽ പങ്കാളിയായത്. ദിവസങ്ങൾക്ക് മുൻപാണ് തന്റെ മക്കൾക്ക് അമ്മയായി പ്രതിഭയെത്തുന്ന വിവരം സജീഷ് ഫേസ്‌ബുക്കിലൂടെ അറിയിച്ചത്.കൊയിലാണ്ടി പൊയിൽക്കാവ് സ്വദേശിയാണ് പ്രതിഭ.

ലിനിയുടെ ഭർത്താവ് സജീഷും മക്കളായ, റിതുലും സിദ്ധാർഥും മലയാളിക്ക് പ്രിയപ്പെട്ടവരാണ്. ഫേസ്‌ബുക്കിലുടെയുള്ള പ്രഖ്യാപനത്തിന് പിന്നാലെ പ്രതിഭയെക്കുറിച്ചും പുതിയ പങ്കാളിയെ കണ്ടെത്തിയതിനെക്കുറിച്ചും സജീഷ് ഒരു മാധ്യമത്തോട് പ്രതികരിച്ചിരുന്നു.ആശംസകൾക്കും ചേർത്തു പിടിക്കലുകൾക്കും നന്ദി. പുതിയൊരാൾ ജീവിതത്തിലേക്ക് വരുമ്പോൾ പഴയ ഓർമകളെ വഴിയിൽ ഉപേക്ഷിക്കുമെന്നുള്ള ചിലരുടെ മുൻവിധികളെ തള്ളിക്കൊണ്ടു പറയട്ടെ. ലിനിയെന്നും എന്റെ ജീവിതത്തിൽ നിഴലായുണ്ടാകും. അത് വിവേകത്തോടെ മനസിലാക്കിയിട്ടുള്ള, എന്റെ കുഞ്ഞുങ്ങളെ മക്കളായി ചേർത്തു പിടിക്കാനുള്ള പക്വതയുള്ള ഒരാളെയാണ് ഞാൻ ജീവിതത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. പ്രതിഭ കൊയിലാണ്ടി പന്തലായനി സ്വദേശിയാണ്. അദ്ധ്യാപികയാണ് സജീഷ് പ്രതിഭയെ പരിചയപ്പെടുത്തിയത് ഇങ്ങനെയാണ്.

 

എന്റെയും ലിനിയുടേയും കുടുംബാംഗങ്ങൾ ഒരുപോലെ മുൻകയ്യെടുത്ത ശേഷമാണ് ഈ ബന്ധത്തിലേക്ക് എത്തിയത്. വിവാഹം ഉറപ്പിപ്പിച്ചിട്ട് കുറച്ചു മാസമാകുന്നു. വിവാഹത്തിന്റെ ആലോചനകൾ നടക്കുമ്പോഴേ എന്റെ ജീവിതത്തെക്കുറിച്ചും, ജീവിതത്തിൽ ലിനിക്കുള്ള സ്ഥാനത്തെക്കുറിച്ചും ഞാൻ പ്രതിഭയെ പറഞ്ഞു മനസിലാക്കിയിട്ടുണ്ട്. അത് പ്രതിഭയും നൂറു ശതമാനം ആത്മാർത്ഥതയോടെ ഉൾക്കൊണ്ടിട്ടുമുണ്ട്. എന്റെ മക്കൾക്ക് രണ്ടാനമ്മയായിട്ടില്ല, അമ്മയായി തന്നെ പ്രതിഭ ഉണ്ടാകും എന്ന് എനിക്ക് നൂറുശതമാനം പ്രതീക്ഷയുണ്ട്.

പ്രതിഭ ആദ്യ വിവാഹ ബന്ധം വേർപെടുത്തിയതാണ്. ആ ബന്ധത്തിലൊരു മകളുണ്ട്. ദേവപ്രിയ, പ്ലസ് വൺ പ്രവേശനത്തിന് തയ്യാറെടുക്കുകയാണ്. എന്റെ കുഞ്ഞുങ്ങളെ നിറഞ്ഞ മനസോടെ സ്വീകരിക്കുമ്പോൾ ദേവ പ്രിയക്ക് എല്ലാ സ്‌നേഹ വാത്സല്യങ്ങളും നൽകുന്ന അച്ഛനായി ഞാനും ഒപ്പമുണ്ടാകും.അതിനേക്കാളേറെ എന്റെ റിതുലിനും സിദ്ധാർഥിനും ഒരു കുഞ്ഞേച്ചിയായി ഇനിയെന്നും ദേവപ്രിയയുണ്ടാകും.

ലിനിയുടെ മരണവും അത് എനിക്കുണ്ടാക്കിയ വേദനയും എത്രത്തോളം വലുതാണെന്ന് ഓരോ മലയാളിയേയും പോലെ പ്രതിഭയ്ക്കും അറിയാം. എന്റെ കുഞ്ഞുങ്ങളുടെ ഒറ്റപ്പെടൽ ഒരമ്മയുടെ മനസോടെ പ്രതിഭ തിരിച്ചറിഞ്ഞിടത്താണ് ഞങ്ങൾ ഒരുമിക്കാനുള്ള തീരുമാനം ഉണ്ടായത്. പ്രതിഭ ജീവിതത്തിലേക്ക് വരുമ്പോൾ കുഞ്ഞുങ്ങൾ എങ്ങനെ സ്വീകരിക്കും എന്ന് ടെൻഷനുണ്ടായിരുന്നു. പക്ഷേ ആലോചനയുടെ തുടക്കം മുതലേ പുതിയൊരു അമ്മ വരികയാണ് എന്ന സത്യം അവർ മനസിലാക്കി. അമ്മയെന്ന് തന്നെയാണ് പ്രതിഭയെ വിളിക്കുന്നത്. എന്റെ കുഞ്ഞുങ്ങളുടെ ആ തിരിച്ചറിവ് ദൈവാനുഗ്രഹമാണ്.

ഇതുവരെ നിങ്ങൾ നൽകിയ എല്ലാ കരുതലും സ്‌നേഹവും കൂടെ തന്നെ വേണം. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനകളും ആശംസകളും ഞങ്ങളോടൊപ്പം ഉണ്ടാകണം. സജീഷ് പറഞ്ഞു നിർത്തിയത് ഇങ്ങനെയാണ്.2018ൽ ലിനിയുടെ മരണശേഷം ബഹ്റൈനിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്കെത്തിയ സജീഷിന് സർക്കാർ ആരോഗ്യവകുപ്പിൽ ജോലിനൽകിയിരുന്നു.പന്നിക്കോട്ടൂർ പി.എച്ച്.സി.യിൽ ക്ലാർക്കാണിപ്പോൾ.

ഇളയമകൻ സിദ്ധാർഥ് പാലുകുടിക്കുന്ന പ്രായത്തിലാണ് ലിനിയുടെ വേർപാടുണ്ടായത്. ഇപ്പോൾ സിദ്ധാർഥ് ഒന്നിലും റിതുൽ നാലിലും പഠിക്കുന്നു. ആരോഗ്യമന്ത്രി വീണാ ജോർജ് വിവാഹത്തിന് ആശംസകളറിയിച്ചു. സജീഷ് വിളിച്ച് വിവാഹവിശേഷം പങ്കുവെച്ചുവെന്നും ലിനിയുടെ മക്കൾക്ക് അമ്മയെ ലഭിക്കുകയാണെന്നും ആശംസ നേർന്ന് ആരോഗ്യമന്ത്രി പറഞ്ഞു.അമ്മയായി പ്രതിഭ എത്തുന്നത് ലിനിയുടെ മക്കൾക്ക് സന്തോഷം നൽകുന്ന കാര്യമാകുമെന്നും കുടുംബത്തിന് എല്ലാ ആശംസയും നേരുന്നുവെന്നും മുൻ ആരോഗ്യമന്ത്രിയും എംഎ‍ൽഎ.യുമായ കെ.കെ. ശൈലജ സന്തോഷം പങ്കുവെച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP