Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജീവകാരുണ്യ പ്രവർത്തനത്തിന്റെ പേരിൽ വൈദികൻ ഡ്രൈവറെയും കുടുംബത്തെയും വഞ്ചിച്ചു; 61 സെന്റ് വസ്തു പണയപ്പെടുത്തി കാശു വാങ്ങി; കുടിശിക തീർക്കാതെ വന്നതോടെ വീടും സ്ഥലവും നഷ്ടമാകുന്ന അവസ്ഥയിൽ കുടുംബം; പരാതിയുമായി സമീപിച്ചിട്ടും നീതിയില്ല; ഫാ. വിൽസൺ തോമസിന്റെ ചതിക്കുഴിയിൽ വീണ് ഒരു കുടുംബം

ജീവകാരുണ്യ പ്രവർത്തനത്തിന്റെ പേരിൽ വൈദികൻ ഡ്രൈവറെയും കുടുംബത്തെയും വഞ്ചിച്ചു; 61 സെന്റ് വസ്തു പണയപ്പെടുത്തി കാശു വാങ്ങി; കുടിശിക തീർക്കാതെ വന്നതോടെ വീടും സ്ഥലവും നഷ്ടമാകുന്ന അവസ്ഥയിൽ കുടുംബം; പരാതിയുമായി സമീപിച്ചിട്ടും നീതിയില്ല; ഫാ. വിൽസൺ തോമസിന്റെ ചതിക്കുഴിയിൽ വീണ് ഒരു കുടുംബം

സി ആർ ശ്യാം

കൊച്ചി: ആകെയുണ്ടായിരുന്ന വസ്തു പണയപ്പെടുത്തി. ഇപ്പോൾ തെരുവിൽ ഇറങ്ങേണ്ട ഗതികേടിലാണ് ദമ്പതികൾ. നന്മകൾ ചെയ്തുവെന്ന് വിശ്വസിപ്പിച്ച വൈദികനിൽ നിന്നാണ് ഈ ദുരിതാവസ്ഥ നേരിടേണ്ടി വരുന്നത്. മൂവാറ്റുപുഴ കടവൂർ നടുപറമ്പിൽ മാർട്ടിൻ വർഗീസും ഭാര്യ ബിന്ദുവുമാണ് വൈദികനെതിരെ ആരോപണവുമായി എത്തിയിരിക്കുന്നത്. ഇരുവരുടെയും പേരിലുണ്ടായിരുന്ന 61 സെന്റ് സ്ഥലമാണ് ചിട്ടിപിടിക്കാൻ ജാമ്യം നിന്ന് വസ്തു പണയപ്പെടുത്തിയത്. ഫാ. വിൽസൺ തോമസ് എന്ന അറുപതുകാരനെതിരെയാണ് ആരോപണം. ആലുവ മാറംപള്ളിയിൽ കാേതാലിക്ക കോൺഗ്രിഗേഷൻ ഓഫ് ദി ബ്ലൈൻഡ് എന്ന സ്ഥാപനം നടത്തുകയാണിദേഹം. ചിട്ടിപിടിച്ചതിന് ശേഷം കുടിശിക വരുത്തിയതോടെ വസ്തു ജപ്തി ചെയ്യുമെന്നാണ് കെ. എസ്. എഫ്. ഇ. അധികൃതർ അറിയിച്ചത്. ഇതോടെ മാർട്ടിൻ തോമസും കുടുംബവും പ്രതിസന്ധിയിലായി. തങ്ങളുടെ ദുരിതാവസ്ഥ അച്ഛനെ അറിയിക്കാൻ ശ്രമിച്ചെങ്കിലും അദേഹം കേൾക്കാൻ പോലും തയ്യാറാകുന്നില്ലെന്ന് മാർട്ടിൻ തോമസ് മറുനാടൻ മലയാളിയോട് പറഞ്ഞു.

കെട്ടിടം നിർമ്മിക്കാനെന്ന് പറഞ്ഞാണ് വസ്തു കെ. എസ്. എഫ്. ഇ. ആലുവ, മുട്ടം, ബ്രാഞ്ചുകളിൽ പണയപ്പെടുത്തുന്നത്. 2015 ലാണ് മാർട്ടിൻ വർഗീസ് വൈദികന്റെ സ്ഥാപനത്തിൽ ഡ്രൈവറായി ജോലിയിൽ കയറുന്നത്. കല്ലൂർകാട് നേത്രഗാന്ധി എന്ന സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു മാർട്ടിൻ. അവിടെ ചികിത്സയ്ക്കായി എത്തിയ വൈദികൻ മാർട്ടിനെ ആലുവയിലുള്ള ഇയാളുടെ സ്ഥാപനത്തിൽ ജോലിക്ക് നിയമിക്കുകയായിരുന്നു. പിന്നീട് വൈദികൻ ഇടയ്ക്ക് വീട്ടിൽ എത്തി പ്രാർത്ഥനകൾ നടത്തുമായിരുന്നു. പെട്ടെന്ന് സൗഹൃദത്തിലായ വൈദികൻ ഇവരുടെ വിശ്വാസം നേടിയെടുത്തു. രണ്ടര വർഷക്കാലം ഇയാളുടെ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്തു. ഇതിനിടയിലാണ് വസ്തു പണയം നൽകിയാൽ ചിട്ടി പിടിക്കാമെന്ന് വൈദികൻ പറയുന്നത്. ട്രസ്റ്റിന് കീഴിൽ ആലുവയിൽ കെട്ടിടം നിർമ്മിക്കുന്നതിന് പണം ആവശ്യമാണെന്നും ആരെങ്കിലും സഹായിക്കണമെന്നും അഭ്യർത്ഥിച്ചു. വൈദികനെ വിശ്വാസത്തിലെടുത്ത ദമ്പതികൾ തങ്ങളുടെ വസ്തു പണയപ്പെടുത്താൻ സന്നദ്ധത അറിയിച്ചു.

എന്നാൽ ആറ് ലക്ഷം രൂപയ്ക്ക് ഈ വസ്തു ജില്ല സഹകരണ ബാങ്കിൽ പണയത്തിലായിരുന്നു. വൈദികൻ പണം നൽകി ഇവരുടെ വസ്തു പണയത്തിൽ നിന്നെടുത്തു. പിന്നീട് മാർട്ടിൻ വർഗീസിന്റെ പേരിലുള്ള 31 സെന്റ് വസ്തു കെ. എസ്. എഫ്്. ഇ. മുട്ടം ബ്രാഞ്ചിലും ബിന്ദുവിന്റെ പേരിലുള്ള 30 സെന്റ് സ്ഥലം ആലുവ മെയ്ൻ ബ്രാഞ്ചിലും പണയപ്പെടുത്തി ചിട്ടി പിടിച്ചു. അതിനു ശേഷം വൈദികൻ തുക അടച്ചില്ലായെന്നാണ് അറിയാൻ കഴിഞ്ഞത്. ബാങ്കിൽ നിന്നും ജപ്തി നടപടികൾ അറിയിച്ച് നോട്ടീസ് വന്നു. ഇതോടെ വൈദികനെ സമീപിച്ചപ്പോൾ പരിഹാരം ഉണ്ടാക്കാമെന്ന് അറിയിച്ചു. രണ്ട് വർഷക്കാലം യാതൊരു പുരോഗതിയും ഇക്കാര്യത്തിൽ ചെയ്യാതെ വന്നതോടെയാണ് വഞ്ചിക്കപ്പെട്ടതായി മനസിലാകുന്നത്. തുടർന്ന് 2022 ഫെബ്രുവരി മാസം ആലുവ റൂറൽ എസ്. പിക്ക് ഇരുവരും പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ആലുവ സി. ഐയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ഈ മാസം തുക അടയ്ക്കാമെന്ന് വൈദികൻ ഉറപ്പു നൽകിയെങ്കിലും അത് പാലിച്ചില്ല. പിന്നീട് പലതവണ വൈദികനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

ഈ മാസം 31 ന് അദാലത്തിൽ തുക അടയ്ക്കേണ്ടതുണ്ട്. നിരവധി തവണ കുടിശിഖ വരുത്തിയിട്ടുള്ളതായും അദാലത്തിൽ വച്ച് തുക അടച്ചാൽ പലിശ ഇളവ് ലഭിക്കുമെന്നും കെ. എസ്. എഫ്. ഇ. അധികൃതർ അറിയിച്ചു. ഏകദേശം 40 ലക്ഷത്തോളം രൂപയാണ് അടയ്ക്കേണ്ടത്. വൈദികൻ തുക അടയ്ക്കാൻ തയ്യാറാകാത്തതോടെ വസ്തുവും വീടും നഷ്ടമാകുന്ന അവസ്ഥയിലായി. എറണാകുളം അങ്കമാലി രൂപത സെക്രട്ടറിക്കും മാത്യു കുഴൽനാടൻ എംഎൽഎയ്ക്കും പൊലീസിലും പരാതി നൽകിയിട്ടും നീതി ലഭിച്ചില്ല. മധ്യസ്ഥ ചർച്ച നടത്തിയിട്ടും ഫലമുണ്ടായിട്ടില്ല.

വീടും വസ്തുവും നഷ്ടമാകുന്നതോടെ ഇനി എന്തു ചെയ്യണമെന്നറിയാതെ ദുരിതത്തിലാണ് ദമ്പതികൾ. ഇപ്പോഴും ഡ്രൈവർ ജോലി ചെയ്താണ് മാർട്ടിൻ കുടുംബം പുലർത്തുന്നത്. നാലു മക്കളാണ് ഇവർക്കുള്ളത്. സ്വന്തം പേരിലുള്ള വസ്തു പണയപ്പെടുത്തിയതിനാൽ മക്കളുടെ വിദ്യാഭ്യാസത്തിനായി കടം മേടിച്ച് വൻ സാമ്പത്തിക ബാധ്യതയിലെത്തി. ഉണ്ടായിരുന്ന സ്വർണമെല്ലാം വിറ്റു. ഇരട്ടകളായ രണ്ടു പെൺകുട്ടികൾ ബി. എസ്. സി നേഴ്സിങ് പഠനം പൂർത്തിയാക്കി മൂന്നു മാസം മുൻപാണ് ഡൽഹിയിൽ ഹോസ്പിറ്റലിൽ ജോലിയിൽ പ്രവേശിച്ചത്. പെൺമക്കളുടെ വിവാഹം, വിദേശ ജോലി എന്നിവ എങ്ങനെ നടത്തുമെന്ന് അറിയില്ല. ഇളയ മകൻ ഐ. ഇ. എൽ. ടി. എസ്. പാസായി വിദേശത്ത് പഠിക്കാൻ അവസരമൊരുങ്ങിയെങ്കിലും പണം ഇല്ലാത്തതിനാൽ പഠനം ഉപേക്ഷിച്ചു. നാലാമത്തെ മകൻ പത്താം ക്ലാസിൽ പഠിക്കുകയാണ്.

വീടും സ്ഥലവും നഷ്ടമായാൽ ഇനി മുൻപോട്ടുള്ള ജീവിതം ഓർത്ത് ആകുലതപ്പെടുകയാണ്. ഈ വൈദികൻ ട്രസ്റ്റിന്റെ മറവിൽ നിരവധി പേരിൽ നിന്ന് പണം കടം വാങ്ങിയതായും ഇതൊന്നും തിരിച്ചു നൽകിയിട്ടില്ലെന്നും ആരോപണമുണ്ട്. വൈദികനായതിനാൽ ആരും പരാതിപ്പെടാൻ തയ്യാറായിട്ടില്ല. കണ്ണൂർ, തൃശൂർ, മൂവാറ്റുപുഴ തുടങ്ങിയ സ്ഥലങ്ങളിലുള്ളവരിൽ നിന്നും സമാനമായ രീതിയിൽ വസ്തു പണയപ്പെടുത്തി വഞ്ചിച്ചിട്ടുണ്ട്. ഇപ്പോൾ വസ്തു പണയം നൽകിയവർ തന്നെയാണ് കുടിശിക അടച്ചുകൊണ്ടിരിക്കുന്നത്. ഇയാൾ ഡയറക്ടറായി ആലുവ മാറംപള്ളി, മുരിങ്ങൂർ, വാഴക്കുളം തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥാപനങ്ങളുണ്ട്. സഭയിൽ നിന്നും കുർബാന നടത്തുന്നതിന് വിലക്കിയിരിക്കുന്ന ആളാണെന്ന് പിന്നീടാണ് താൻ അറിഞ്ഞതെന്ന് മാർട്ടിൻ പറഞ്ഞു. സഭയ്ക്ക് പുറത്ത് സ്വതന്ത്രമായി ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്തു വരുന്നതിനാൽ ഇയാൾക്കെതിരെ യാതൊരു നടപടിയും എടുക്കാൻ കഴിയില്ലെന്നാണ് രൂപത നേതൃത്വം അറിയിച്ചതെന്ന് മാർട്ടിൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP