Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭാര്യയും ഭർത്താവും ടാപ്പിങ്ങിന് പുറപ്പെട്ടത് പതിവ് പോലെ ബൈക്കിൽ ഒരുമിച്ച്;ആനയെക്കണ്ട് ബൈക്ക് നിർത്തി ഭാര്യ ഇറങ്ങിയപ്പോഴേക്കും ഭർത്താവിനെ എടുത്ത് നിലത്തിട്ട് ചവിട്ടി; ഞെട്ടിക്കുന്ന അനുഭവം വിവരിക്കുമ്പോഴും ഭർത്താവിന്റെ ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിൽ വ്യാകുലമേരി; ആനപ്പേടി ഒഴിയാതെ കൊല്ലം അമ്പനാട് നിവാസികൾ

ഭാര്യയും ഭർത്താവും ടാപ്പിങ്ങിന് പുറപ്പെട്ടത് പതിവ് പോലെ ബൈക്കിൽ ഒരുമിച്ച്;ആനയെക്കണ്ട് ബൈക്ക് നിർത്തി ഭാര്യ ഇറങ്ങിയപ്പോഴേക്കും ഭർത്താവിനെ എടുത്ത് നിലത്തിട്ട് ചവിട്ടി; ഞെട്ടിക്കുന്ന അനുഭവം വിവരിക്കുമ്പോഴും ഭർത്താവിന്റെ ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിൽ വ്യാകുലമേരി; ആനപ്പേടി ഒഴിയാതെ കൊല്ലം അമ്പനാട് നിവാസികൾ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കൊല്ലം ജില്ലയുടെ കിഴക്കന്മേഖലയിൽ കാട്ടാനപ്പേടി ഒഴിയുന്നില്ല. ജനവാസമേഖലയിൽ കാട്ടാനയിറങ്ങി വ്യാപക നാശമാണ് വരുത്തുന്നത്. അതോടൊപ്പം തോട്ടം തൊഴിലാളികൾക്ക് ആനയെപ്പേടിച്ച് ജോലിക്കു പോകാൻ കഴിയാത്ത സാഹചര്യവുമാണ്. അമ്പനാട് തോട്ടത്തിൽ കഴിഞ്ഞ 3 മാസത്തിനുള്ളിൽ രണ്ടു പേർക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റത്. കഴിഞ്ഞ ദിവസം കൺമുന്നിൽ ഭർത്താവിനെ കാട്ടാന ആക്രമിച്ചതിന്റെ ഞെട്ടിക്കുന്ന അനുഭവം വിവരിക്കുകയാണ് വ്യാകുലമേരി.

തോട്ടം തൊഴിലാളിയായ ആന്തോണി സ്വാമിയെയാണ് കാട്ടാന തുമ്പിക്കൈകൊണ്ട് എടുത്തെറിഞ്ഞ ശേഷം ചവിട്ടി പരുക്കേൽപ്പിച്ചു.കഴിഞ്ഞ ദിവസം പുലർച്ചെ ഭാര്യയുമൊത്ത് പതിവ് പോലെ ടാപ്പിങ്ങിന് പോകുമ്പോഴായിരുന്നു ആക്രമണം.അമ്പനാട് തോട്ടത്തിലെ ലോവർ ഡിവിഷനിലായിരുന്നു സംഭവം. അന്തോണി സ്വാമിയും ഭാര്യ വ്യാകുല മേരിയും ടാപ്പിങ് ജോലിക്കായി മിഡിൽ ഡിവിഷനിൽ നിന്നും ലോവർ ഡിവിഷനിലേക്കു ബൈക്കിൽ പോകുമ്പോഴായിരുന്നു ഇടതുവശത്ത് മുകളിലെ റബർ തോട്ടത്തിൽനിന്നും കാട്ടാന ഓടിവരുന്നതു കണ്ടത്.

ഉടൻ തന്നെ അന്തോണിസാമി ബൈക്ക് നിർത്തി. പെട്ടെന്ന് വ്യാകുലമേരി ഇറങ്ങിയതും പാഞ്ഞടുത്ത കാട്ടാന അന്തോണി സ്വാമിയെ തുമ്പിക്കൈകൊണ്ട് ചുഴറ്റി എറിഞ്ഞു. ദൂരേക്ക് വീണ അന്തോണി സ്വാമിയുടെ നേരെ വീണ്ടും പാഞ്ഞെത്തിയ കാട്ടാന കാലുവച്ച് ചവിട്ടിയിട്ട് റോഡ് മുറിച്ചു താഴേക്കു പോയി. ഇതിനിടയിൽ ബൈക്കിലും കാട്ടന ചവിട്ടി.ഇതെല്ലാം കണ്ടുനിന്ന വ്യാകുലമേരി മൊബൈൽ ഫോണിൽ തോട്ടം മാനേജരെ വിളിച്ച് വിവരം അറിയിച്ചു. അവർ വാഹനവുമായെത്തി പുനലൂർ താലൂക്ക് ആശുപത്രിലേക്കു കൊണ്ടുപോയി.

അവിടെ നിന്നും പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.വാരിയെല്ലുകൾക്കും ഇടതുകൈയ്ക്കും പൊട്ടലുണ്ട്. അന്തോണി സ്വാമിയെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.സംഭവത്തെക്കുറിച്ച് വ്യാകുലമേരി പറയുന്നത് ഇങ്ങനെ..ശനിയാഴ്ച രാവിലെ പിതവുപോലെ 6 മണി കഴിഞ്ഞപ്പോൾ വീട്ടിൽനിന്നും ടാപ്പിങ് കാട്ടിലേക്ക് ഞാനും ഭർത്താവും ബൈക്കിൽ പുറപ്പെട്ടു. ചാറ്റൽ മഴയുള്ളതിനാൽ മഴക്കോട്ട് ധരിച്ചിരുന്നു. വളവും മഴയും ആയതിനാൽ വളരെ വേഗത കുറച്ചാണ് ഭർത്താവ് ബൈക്ക് ഓടിച്ചിരുന്നത്.

ലോവർ ഡിവിഷനിൽ ഞങ്ങൾ വെട്ടുന്ന റബർമരത്തിന്റെ അടുത്തെത്തിയപ്പോൾ തൊട്ടുമുകളിൽ നിന്നും ഒരു കാട്ടാന പാഞ്ഞ് ബൈക്കിനെ ലക്ഷ്യമാക്കി വരുന്നത് കണ്ടു. ഉടൻതന്നെ ഭർത്താവ് ബൈക്ക് നിർത്തി. ഞാൻ ബൈക്കിൽ നിന്നും ഇറങ്ങിയതും ആന പാഞ്ഞെത്തി ഭർത്താവിനെ തുമ്പിക്കൈക്കൊണ്ട് ചുഴറ്റി ദൂരേക്കെറിഞ്ഞു. താഴേക്ക് വീണ ഭർത്താവിനെ ലക്ഷ്യമാക്കി ആന പായുന്നതോടൊപ്പം ബൈക്കിലും ചവിട്ടി. നിലത്തുകിടന്ന ഭർത്താവിനെ ചവിട്ടിയ ശേഷം ആന താഴേക്ക് ഓടിയിറങ്ങി. ഈ സംഭവം നടക്കുമ്പോൾ ഞാനും ആനയും തമ്മിലുള്ള ദൂരം വെറും ഒന്നരമീറ്ററാണ്.

ഭർത്താവിനെ ഒറ്റയ്ക്ക് വിട്ടിട്ട് ഓടിരക്ഷപെടാൻ മനസ്സ് വരാത്തതിനാൽ അവിടത്തന്നെ നിലവിളിച്ചുകൊണ്ട് നിന്നു. ആന പോയതിനു ശേഷം ഭർത്താവിന്റെയടുത്തെത്തിയപ്പോൾ ബോധം നഷ്ടപ്പെട്ട നിലയിലായിരുന്നു. എന്റെ കൈവശമുണ്ടായിരുന്ന കുപ്പിയിൽനിന്നും വെള്ളം ഭർത്താവിന്റെ മുഖത്ത് തളിച്ച് ഉണർത്തി എടുത്തുയർത്താൻ ശ്രമിച്ചു. വീണ്ടും താഴേക്കു വീണതിനാൽ ആ ശ്രമം ഉപേക്ഷിച്ചു. ഉടൻതന്നെ മൊബൈലിൽ തോട്ടം മാനേജരെ വിവരം അറിയിച്ചു. അവരെത്തിയാണ് ഞങ്ങളെ ആശുപത്രിയിലേക്കു കൊണ്ടുവന്നത്. ഇപ്പോഴും ഞങ്ങളുടെ ജീവിതം തിരിച്ചുകിട്ടിയെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.

കഴിഞ്ഞ മെയ്‌ 17ന് തോട്ടത്തിലെ റിട്ട.സൂപ്പർവൈസർ ഗണേശൻ(63) കാട്ടാനയുടെ ആക്രമണത്തിൽ കാലിന് ഗുരുതര പരുക്കേറ്റ് ഇപ്പോഴും ചികിത്സയിലാണ്. 4 മാസം മുൻപ് ആര്യങ്കാവ് ചേനഗിരി തോട്ടത്തിൽ കാട്ടാനയെക്കണ്ട് ഓടിയതിനെ തുടർന്ന് വീണ ഒരു വനിത തൊഴിലാളിയുടെ കൈ ഒടിഞ്ഞിരുന്നു. ഈ ഭാഗത്ത് നിരവധി തവണ തൊഴിലാളികൾ ആനയിൽ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

അമ്പനാട് തോട്ടത്തിൽ കാട്ടന തമ്പടിച്ചിരിക്കുന്ന വിവരം രണ്ടു ദിവസം മുൻപും മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ആനയുടെ ആക്രമണത്തിൽ പരുക്കേറ്റ തോട്ടം തൊഴിലാളിക്ക് നഷ്ടപരിഹാരം അടിയന്തിരമായി നൽകാൻ വനംവകുപ്പ് തയാറാകണമെന്നും തൊഴിലാളികൾക്ക് സുരക്ഷ ഒരുക്കാൻ തോട്ടം ഉടമയും തയാറാകണമെന്ന് സിപിഐ കഴുതുരുട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ. പി.ബി.അനിൽമോൻ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP