Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റിസർച്ച് പേപ്പറുകൾക്ക് അർഹതയുള്ളതിലധികം മാർക്ക് രേഖ രാജിന് നൽകിയെന്ന് നിഷ വേലപ്പൻ; എം.ജി സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ നിയമനം റദ്ദാക്കി ഹൈക്കോടതി; രണ്ടാം റാങ്കുകാരിക്ക് നിയമനം നൽകാൻ ഉത്തരവ്; രേഖാ രാജ് സുപ്രീം കോടതിയിലേക്ക്

റിസർച്ച് പേപ്പറുകൾക്ക് അർഹതയുള്ളതിലധികം മാർക്ക് രേഖ രാജിന് നൽകിയെന്ന് നിഷ വേലപ്പൻ; എം.ജി സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ നിയമനം റദ്ദാക്കി ഹൈക്കോടതി; രണ്ടാം റാങ്കുകാരിക്ക് നിയമനം നൽകാൻ ഉത്തരവ്; രേഖാ രാജ് സുപ്രീം കോടതിയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എം.ജി സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ നിയമനം ഹൈക്കോടതി റദ്ദാക്കി. പ്രശസ്ത ദളിത് സ്ത്രീ ചിന്തക രേഖാ രാജിന്റെ അദ്ധ്യാപക നിയമനമാണ് കോടതി റദ്ദാക്കിയത്. ഗാന്ധിയൻ സ്റ്റഡീസിൽ അസിസ്റ്റന്റ് പ്രൊഫസറായുള്ള രേഖ രാജിന്റെ നിയമനത്തിനെതിരെ റാങ്ക് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള നിഷ വേലപ്പൻ നായരാണ് ഹൈക്കോടതിയെ സമീപിച്ചത്. അതേ സമയം എംജി സർവ്വകലാശാലയിലെ നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് രേഖാ രാജ് പ്രതികരിച്ചു.

മാർക്ക് സംബന്ധമായി ചില വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിഷ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഇക്കാര്യം വിശദമായി പരിശോധിച്ച ശേഷമാണ് കോടതിയുടെ ഉത്തരവ്. രേഖയ്ക്ക് പകരം റാങ്ക് പട്ടികയിൽ രണ്ടാമതെത്തിയ നിഷ വേലപ്പൻ നായരെ നിയമിക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.



2019ലാണ് എം.ജി സർവകലാശാലയിൽ അസി. പ്രൊഫസറായി രേഖാ രാജിന്റെ നിയമനം നടക്കുന്നത്. പി എച്ച് ഡിയുടെ മാർക്ക് തനിക്ക് നൽകിയില്ലെന്നും, റിസർച്ച് പേപ്പറുകൾക്ക് അർഹതയുള്ളതിലധികം മാർക്ക് രേഖ രാജിന് നൽകി എന്നുമായിരുന്നു ഹർജിക്കാരിയുടെ വാദം. പി എച്ച് ഡിക്ക് ലഭിക്കേണ്ട ആറുമാർക്ക് സെലക്ഷൻ കമ്മിറ്റി നിഷ വേലപ്പൻ നായർക്ക് കണക്കാക്കിയിരുന്നില്ല. റിസർച്ച് പേപ്പറുകൾക്ക് എട്ടുമാർക്കാണ് രേഖാ രാജിന് നൽകിയത്.



എന്നാൽ ഇതിന്റെ വിശദാംശങ്ങൾ പരിശോധിച്ച കോടതി മൂന്നു മാർക്കിന് മാത്രമേ രേഖ രാജിന് യോഗ്യത ഉള്ളുവെന്ന് കണ്ടെത്തി. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാർ, സി എസ് സുധ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നടപടി.

അതേസമയം സർവ്വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ നിയമനം റദ്ദാക്കിയതിനെതിരെ ദളിത്-സ്ത്രീ ചിന്തകയായ രേഖാ രാജ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കും. സ്ഥിര ജോലിയിൽ പ്രവേശിച്ചതിന് ശേഷമുള്ള വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് രേഖ രാജ് പറഞ്ഞു.



ഹൈക്കോടതി വിധിയോട് പ്രതികരിക്കേണ്ടത് സർവ്വകലാശാലയാണെന്നും അക്കാദമിക യോഗ്യതയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തനിക്ക് നിയമനം ലഭിച്ചതെന്നും രേഖ രാജ് പ്രതികരിച്ചു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ നൽകിയ അദ്ധ്യാപക നിയമനവും അടുത്തിടെ ഹൈക്കോടതി മരവിപ്പിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP