Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദ്രൗപതി മുർമുവിന് ആശംസകളർപ്പിച്ചുള്ള ബോർഡ് ഇളക്കി മാറ്റി; കൺന്റേൺമെന്റ് ഗേറ്റിന് എതിർവശത്ത് പകരം സ്ഥാപിച്ചത് മുഖ്യമന്ത്രിയുടെയും ഭാര്യയുടേയും ചിത്രം; വനിതാവേദിയുടെ നടപടി വിവാദത്തിൽ; മാറ്റിസ്ഥാപിക്കണമെന്ന് എംപ്ലോയീസ് സംഘ്

ദ്രൗപതി മുർമുവിന് ആശംസകളർപ്പിച്ചുള്ള ബോർഡ് ഇളക്കി മാറ്റി; കൺന്റേൺമെന്റ് ഗേറ്റിന് എതിർവശത്ത് പകരം സ്ഥാപിച്ചത് മുഖ്യമന്ത്രിയുടെയും ഭാര്യയുടേയും ചിത്രം; വനിതാവേദിയുടെ നടപടി വിവാദത്തിൽ; മാറ്റിസ്ഥാപിക്കണമെന്ന് എംപ്ലോയീസ് സംഘ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചരിത്രമെഴുതി ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിപദത്തിലെത്തിയ ദ്രൗപദി മുർമുവിന് ആശംസയർപ്പിച്ച് കൺന്റേൺമെന്റ് ഗേറ്റിന് എതിർ വശത്തായി സ്ഥാപിച്ച ആശംസാ ബോർഡ് ഇളക്കി മാറ്റി തൽസ്ഥാനത്ത് മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും ചിത്രം സ്ഥാപിച്ചത് വിവാദത്തിൽ.

ഇടതു സർവ്വീസ് സംഘടനയുടെ ഭാഗമായ വനിതാവേദിയുടെ ഓണാഘോഷ പരിപാടിയുടെ ബോർഡാണ് പ്രസിഡന്റിന്റെ ചിത്രം ഇളക്കിമാറ്റി തൽസ്ഥാനത്ത് സ്ഥാപിച്ചത്. ആദിവാസി വിഭാഗത്തിൽ നിന്നും രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയർന്ന വനിതയോടാണ് ഈ അനാദരവ് വനിതകളുടെ സംഘടന നടത്തിയത് എന്നതാണ് വിരോധാഭാസം. സ്ത്രീകളോട് സ്ത്രീകളുടെ ഒരു സംഘടന തന്നെ അനാദരവ് കാട്ടുന്നതാണ് വിമർശന വിധേയമാകുന്നത്.

ഭാരതത്തിന്റെ പ്രഥമ പൗരയായി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുർമുവിന് ആശംസകളർപ്പിച്ചു കൊണ്ട് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് കൺന്റേൺമെന്റ് ഗേറ്റിന് എതിർ വശത്തായി സ്ഥാപിച്ചിരുന്ന ആശംസാ ബോർഡാണ് ഇളക്കിമാറ്റിയത്. സെക്രട്ടേറിയറ്റിനകത്ത് ഇന്ത്യൻ പ്രസിഡന്റിന്റെ ചിത്രം സ്ഥാപിക്കണമെന്ന നിവേദനം സർക്കാർ പരിഗണിക്കാനിരിക്കെയാണ് ഇടതു സർവ്വീസ് സംഘടനയുടെ ഭാഗമായ വനിതാവേദിയുടെ ഓണാഘോഷ പരിപാടിയുടെ ബോർഡ് തൽസ്ഥാനത്ത് സ്ഥാപിച്ചത്.

വളരെ പിന്നോക്കമായ സാഹചര്യങ്ങളിൽ നിന്നും രാജ്യത്തിന്റെ പ്രഥമ പൗരയായി ഉയർന്നു വന്ന വനിതയായ ദ്രൗപതി മുർമുവിന്റെ ചിത്രം എടുത്തു മാറ്റുകയും അപമാനിക്കും വിധത്തിൽ ഉപേക്ഷിക്കുകയും ചെയ്തത് കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു. സെക്രട്ടറിയറ്റിലെ വനിതകളുടെ സംഘടനയുടെ ഭാഗത്തുനിന്നും ഉണ്ടായ അനാദരവിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഇടത് സംഘടനയായ വനിതാവേദിയുടെ കനൽ എന്ന വിഭാഗം എടുത്തു മാറ്റിയരാഷ്ട്രപതിയുടെ ചിത്രം തൽസ്ഥാനത്ത് സ്ഥാപിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് കത്ത് നൽകി.

സ്വതന്ത്ര ഇന്ത്യയുടെ പതിനഞ്ചാം പ്രസിഡന്റായാണ് ദ്രൗപതി മുർമു സ്ഥാനമേറ്റത്. സമൂഹത്തിന്റെ അടിസ്ഥാന ചോദനകളെ തൊട്ടറിഞ്ഞയാൾ എന്ന നിലയിൽ ഇന്ത്യ കണ്ട മികച്ച പ്രസിഡന്റുമാരിൽ ഒരാളാകുമെന്ന ഉറപ്പോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുർമുവിന്റെ സ്ഥാനാർത്ഥിത്വത്തെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

ബെയ്ഡാപോസിയെന്ന മയൂർബഞ്ചിലെ കുഗ്രാമത്തിൽ നിന്ന് രാഷ്ട്രപതിയുടെ വസതിയിലേക്ക് 64 കാരിയായ ദ്രൗപതി മുർമു താണ്ടിയ കഠിനപാതകളുണ്ട്. സന്താളുകൾക്കിടയിലെ ഗ്രാമമുഖ്യനായിരുന്നു മുത്തച്ഛൻ. പട്ടിണിയും പരിവട്ടവുമായി മുന്നോട്ട് നീങ്ങുന്ന ഒരു സമൂഹത്തിൽ നിന്ന്, കൃഷിയെ സർവസ്വവുമായി കാണുന്ന ജനങ്ങൾക്കിടയിൽ നിന്ന് ഭുവനേശ്വറിലെ രമാദേവി കോളജിൽ നിന്ന് ബിരുദം നേടിയ ദ്രൗപതി സ്വന്തം പ്രയ്തനം കൊണ്ട് 1979 ൽ ജലവകുപ്പിൽ ജൂനിയർ അസിസ്റ്റന്റായി ജോലി നേടി.

1983 വരെ സർക്കാരുദ്യോഗത്തിൽ തുടർന്നു. ശ്രീ അരബിന്ദോ സ്‌കൂളിൽ അദ്ധ്യാപികയായി. 1997 ൽ മുർമുവിന്റെ ജീവിതം മാറി മറിഞ്ഞു. പഞ്ചായത്ത് കൗൺസിലിലേക്ക് ബിജെപി സ്ഥാനാർത്ഥിയായി മുർമു ജനവിധി തേടി. റായ് രംഗ്പൂരുകാർ മുർമുവിനെ നിരാശപ്പെടുത്തിയില്ല. അതേ വർഷം ബിജെപിയുടെ എസ്.ടി മോർച്ചയുടെ ഒഡീഷയിലെ വൈസ് പ്രസിഡന്റുമായി. 2000ത്തിലും 2004 ലും അവർ റായ് രംഗ്പൂരിന്റെ എംഎൽഎയായി. നവീൻ പട്‌നായിക് മന്ത്രിസഭയിൽ അംഗമായി. ഗതാഗതം, വാണിജ്യം, മൃഗപരിപാലനം, മൽസ്യബന്ധനം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തു. 2007 ൽ മികച്ച നിയമസഭാ സാമാജികയ്ക്കുള്ള നിലകാന്ത പുരസ്‌കാരം മുർമുവിനെ തേടിയെത്തി.

ഭർത്താവും മൂന്ന് മക്കളുമടങ്ങുന്നതായിരുന്നു ദ്രൗപതി മുർമുവിന്റെ കുടുംബം. അകാലത്തിൽ രണ്ട് മക്കളെയും ഭർത്താവിനെയും അവർക്ക് നഷ്ടമായി. പക്ഷേ സാമൂഹിക സേവനങ്ങളുമായി അവർ ജനങ്ങൾക്കിടയിൽ തന്നെ കഴിഞ്ഞു.

2010 ൽ ബിജെപിയുടെ സംഘടനാ പ്രവർത്തനത്തിലേക്ക് കൂടുതൽ മുർമു സജീവമായി. 2015 ൽ ഝാർഖണ്ഡിന്റെ എട്ടാമത്തെ ഗവർണറും ആദ്യ വനിതാ ഗവർണറുമായി ദ്രൗപതി മുർമു ചുമതലയേറ്റു. മികച്ച ഭരണാധികാരിയെന്ന് പേരെടുത്ത മുർമുവിനെ പ്രണബ് മുഖർജി സ്ഥാനമൊഴിഞ്ഞപ്പോൾ എൻഡിഎ സർക്കാർ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിച്ചു. പക്ഷേ നറുക്ക് വീണത് രാംനാഥ് കോവിന്ദിനായിരുന്നു. കോവിന്ദ് സ്ഥാനമൊഴിയുമ്പോൾ ആ പദവിയിലേക്ക് ആരെന്ന ചോദ്യത്തിന് എൻഡിഎയുടെ തലപ്പത്തുള്ളവർക്ക് മറ്റൊരാളെ ആലോചിക്കേണ്ടി വന്നില്ല. തെരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തോടെ വിജയിച്ചാണ് ദ്രൗപതി മുർമുവെന്ന സന്താൾ വനിത, ഇന്ത്യയുടെ പ്രഥമ പൗരയായി ചുമതലയേറ്റത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP