Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വിരാട് കോഹ്ലിയുടെ ഫോമിലേക്കുള്ള മടങ്ങി വരവും ലോകകപ്പിലേക്കുള്ള മുന്നൊരുക്കവും; പ്രതീക്ഷകളോടെ ഏഷ്യകപ്പിന് നാളെ ക്രീസുണരും; ഇന്ത്യ പാക് പോരാട്ടം ഞായറാഴ്‌ച്ച; കോഹ്ലിയെ കാത്തിരിക്കുന്നത് മൂന്ന് ഫോർമാറ്റിലും നൂറാമനാവാനുള്ള അപൂർവ്വ അവസരം; ഏഷ്യാകപ്പിന്റെ നാൾ വഴിയിലുടെ

വിരാട് കോഹ്ലിയുടെ ഫോമിലേക്കുള്ള മടങ്ങി വരവും ലോകകപ്പിലേക്കുള്ള മുന്നൊരുക്കവും;  പ്രതീക്ഷകളോടെ ഏഷ്യകപ്പിന് നാളെ ക്രീസുണരും; ഇന്ത്യ പാക് പോരാട്ടം ഞായറാഴ്‌ച്ച; കോഹ്ലിയെ കാത്തിരിക്കുന്നത് മൂന്ന് ഫോർമാറ്റിലും നൂറാമനാവാനുള്ള അപൂർവ്വ അവസരം; ഏഷ്യാകപ്പിന്റെ നാൾ വഴിയിലുടെ

സ്പോർട്സ് ഡെസ്ക്

ദുബായ്: ടി 20 ലോകകപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ഏഷ്യയുടെ ക്രിക്കറ്റ് പൂരമായ ഏഷ്യാകപ്പിന് നാളെ ക്രീസുണരും.ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ 15-ാമത് എഡിഷനാണ് നാളെ യുഎഇയിൽ തുടക്കമാകുന്നത്.രണ്ട് ഗ്രൂപ്പുകളിലായി ആറ് ടീമുകളാണ് ഇക്കുറി മുഖാമുഖം വരുന്നത്.ഗ്രൂപ്പ് 1 ൽ ഇന്ത്യ, പാക്കിസ്ഥാൻ, ഹോങ്കോങും ഗ്രൂപ്പ് 2ൽ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകളുമാണ് ഉൾപ്പെടുന്നത്.ആതിഥേയരായ യുഎഇ അവസാന റൗണ്ടിലേക്കെത്തുമെന്ന് കരുതിയിരുന്നെങ്കിലും അട്ടിമറി ജയത്തിലൂടെ ഹോങ്കോങ്ങ് അവസാന എട്ടിൽ ഇടം നേടുകയായിരുന്നു.

കുവൈത്ത്, സിംഗപ്പൂർ, യുഎഇ ടീമുകളെ യോഗ്യതാ റൗണ്ടിൽ മറികടന്നാണ് ഹോങ്കോങ് ടൂർണമെന്റിൽ ഇടംപിടിച്ചത്.ആദ്യം ശ്രീലങ്കയാണ് വേദിയായി നിശ്ചയിച്ചിരുന്നത്.എന്നാൽ ശ്രീലങ്കയിലെ രാഷ്ട്രീയ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ മത്സരങ്ങൾ യുഎഇയിലേക്ക് മാറ്റുകയായിരുന്നു.ഒക്ടോബർ-നവംബർ മാസങ്ങളിലായി ഓസ്ട്രേലിയയിൽ ട്വന്റി20 ലോകകപ്പ് നടക്കും എന്നതിനാൽ ടി20 ഫോർമാറ്റിലാണ് ഇക്കുറി ഏഷ്യാ കപ്പ് മത്സരങ്ങൾ. ഇന്ത്യയാണ് ഏഷ്യാ കപ്പിലെ ഫേവറേറ്റുകൾ എന്നാണ് പൊതു വിലയിരുത്തൽ.

ടൂർണ്ണമെന്റിന്റെ നാൾവഴികൾ

1983ൽ ആരംഭിച്ച ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ 15ാമത് ടൂർണമെന്റാണ് ഇത്തവണത്തേത്. ഏഷ്യൻ രാജ്യങ്ങളിലെ ക്രിക്കറ്റ് സൗഹൃദം ഊട്ടിയുറപ്പിക്കുകയായിരുന്നു ലക്ഷ്യത്തോടെയാണ് ടൂർണ്ണമെന്റ് ആരംഭിച്ചത്.ആദ്യ ടൂർണമെന്റ് ഷാർജയിലായിരുന്നു. സുനിൽ ഗാവസ്‌കർ നയിച്ച ഇന്ത്യ അന്ന് ശ്രീലങ്കയെ തകർത്ത് കന്നിക്കിരീടം സ്വന്തമാക്കി. 1986ൽ സ്വന്തം നാട്ടിൽ ശ്രീലങ്ക ജേതാക്കളായി. ഇന്ത്യ വിട്ടുനിന്ന ടൂർണമെന്റ് കൂടിയായിരുന്നു ഇത്.1988ൽ ശ്രീലങ്കയെ തോൽപിച്ച് ഇന്ത്യ വീണ്ടും കരുത്തുകാട്ടി. 1991ൽ ഇന്ത്യയായിരുന്നു വേദി. രാഷ്ട്രീയ കാരണങ്ങൾ പറഞ്ഞ് പാക്കിസ്ഥാൻ വിട്ടുനിന്നു.

അത്തവണ മുഹമ്മദ് അസ്ഹറുദ്ദീന്റെ ടീം ഇന്ത്യ കിരീടം നിലനിർത്തി. ഇന്ത്യ-പാക്കിസ്ഥാൻ പ്രശ്‌നത്തെ തുടർന്ന് 1993ലെ ഏഷ്യാ കപ്പ് ഉപേക്ഷിച്ചു. 1995ൽ ഇന്ത്യ ജേതാക്കളായപ്പോൾ 1997ൽ ഇന്ത്യയെ തകർത്ത് ശ്രീലങ്ക വിജയികളായി. 2000ൽ പാക്കിസ്ഥാൻ വിജയികളായപ്പോൾ 2004ലും 2008ലും ശ്രീലങ്കയായിരുന്നു കിരീടധാരികൾ. 2010ൽ എം എസ് ധോണി നയിച്ച ഇന്ത്യ ശ്രീലങ്കയെ തകർത്ത് കരുത്തുകാട്ടി. 2012ൽ പാക്കിസ്ഥാനും 2014ൽ ശ്രീലങ്കയുമായിരുന്നു ജേതാക്കൾ. 2016ലും 2018ലും നമ്മുടെ ടീം ഇന്ത്യയുടെ തേരോട്ടമായിരുന്നു ഏഷ്യാ കപ്പിൽ.

ഇതിൽ ഏറ്റവും കൂടുതൽ കിരീടം നേടിയത് ഇന്ത്യയാണ്. 7 തവണ ഇന്ത്യൻ ടീം ഏഷ്യാ കപ്പുയർത്തി. ടീം ഇന്ത്യയേക്കാൾ വളരെ പിന്നിലാണ് പാക്കിസ്ഥാൻ.അഞ്ച് തവണ ശ്രീലങ്ക ചാമ്പ്യന്മാരായപ്പോൾ രണ്ട് തവണയെ പാക്കിസ്ഥാന് കിരീടത്തിൽ മുത്തമിടാനായുള്ളൂ.

ഓഗസ്റ്റ് 27ന് ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ശ്രീലങ്ക-അഫ്ഗാനിസ്ഥാൻ ഗ്രൂപ്പ് മത്സരത്തോടെയാണ് ഏഷ്യാ കപ്പ് തുടങ്ങുന്നത്. പാക്കിസ്ഥാനും ഹോങ്കോങ്ങുമാണ് ഇന്ത്യയുടെ ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ഓഗസ്റ്റ് 28-ാം തിയതി പാക്കിസ്ഥാനെ ടീം ഇന്ത്യ നേരിടും. ഓഗസ്റ്റ് 31-ാം തിയതി ഹോങ്കോങ്ങുമായും ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ പോരടിക്കും. ദുബായിലാണ് ഇന്ത്യയുടെ രണ്ട് മത്സരങ്ങളും. ഇതിന് ശേഷം സെപ്റ്റംബർ മൂന്ന് മുതൽ 9 വരെ സൂപ്പർ ഫോർ മത്സരങ്ങളും 11-ാം തിയതി ഞായറാഴ്ച ഫൈനലും നടക്കും. ഉദ്ഘാടന മത്സരം പോലെ ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയമാണ് കലാശപ്പോരിന്റേയും വേദി. ടി20 ലോകകപ്പ് മുൻനിർത്തി ട്വന്റി20 ഫോർമാറ്റിലാണ് ഇത്തവണ മത്സരങ്ങൾ.

അപുർനേട്ടത്തിനൊപ്പം കാത്തിരിക്കുന്നത് കോഹ്ലിയുടെ മടങ്ങി വരവ്

ടി 20 ലോകകപ്പിന് മുന്നോടിയായുള്ള പ്രധാന ടുർണ്ണമെന്റ് എന്ന നിലയ്ക്ക് തന്നെ ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക എന്നീ ടീമുകൾ ഗൗരവത്തോടെത്തന്നെയാണ് ഇത്തവണത്തെ ടൂർണ്ണമെന്റിനെ കാണുന്നത്.ഇതിൽ ഏറ്റവും നിർണ്ണായകം ഇന്ത്യക്കാണ്.സുപ്പർ താരം വിരാട് കോഹ്ലിയുടെ മടങ്ങിവരവാണ് ക്രിക്കറ്റ് ലോകം ഉറ്റ് നോക്കുന്നത്.കഴിഞ്ഞ ദിവസം നെറ്റ്‌സിൽ ബൗളർമാരെ നിലംതൊടാതെ പറത്തി കോഹ്ലി മടങ്ങിവരവിന്റെ സൂചനകൾ നൽകിയത് ഇന്ത്യൻ ക്യാമ്പിന് തന്നെ പുത്തൻ ഉണർവ്വായിട്ടുണ്ട്.

ഫോമിലേക്ക് മടങ്ങിയെത്തി വിമർശകർക്ക് മറുപടി നൽകാൻ കോലി തയ്യാറെടുക്കേ സൂപ്പർതാരത്തെ കാത്ത് ഒരു റെക്കോർഡും യുഎഇയിലുണ്ട്.ടീം ഇന്ത്യക്കായി മൂന്ന് ഫോർമാറ്റിലും 100 മത്സരം കളിക്കുന്ന ആദ്യ താരമാകാൻ ഒരുങ്ങുകയാണ് വിരാട് കോലി.ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെതിരായ മത്സരം രാജ്യാന്തര ടി20യിൽ കോലിയുടെ 100-ാം കളിയാകും. 2013ലെ ചാമ്പ്യൻസ് ട്രോഫിയിൽ വെസ്റ്റ് ഇൻഡീസിന് എതിരെയായിരുന്നു കോലിയുടെ നൂറാം ഏകദിനം. 2022ൽ മൊഹാലിയിൽ ശ്രീലങ്കയ്ക്കെതിരെ നൂറാം ടെസ്റ്റും കോലി കളിച്ചിരുന്നു.

അതിനാൽ പാക്കിസ്ഥാനെതിരായ മത്സരം കോലിയെ സംബന്ധിച്ച് ചരിത്ര മത്സരമാകും. 102 ടെസ്റ്റിൽ 8074 റൺസും 262 ഏകദിനത്തിൽ 12344 റൺസും 99 രാജ്യാന്തര ടി20യിൽ 3308 റൺസും കോലിക്കുണ്ട്. ആകെ 70 സെഞ്ചുറികളും രാജ്യാന്തര കരിയറിൽ കോലിക്ക് സമ്പാദ്യം.
ഞായറാഴ്ചയാണ് ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടം.2019 നവംബറിന് ശേഷം സെഞ്ചുറി നേടാത്തതിൽ കടുത്ത വിമർശനം നേരിടുന്ന കോലിക്ക് ബാറ്റ് കൊണ്ട് ആരാധകർക്ക് മറുപടി നൽകേണ്ടതുണ്ട് ടൂർണമെന്റിൽ.വരാനിരിക്കുന്ന ടി20 ലോകകപ്പ് സ്‌ക്വാഡിൽ സ്ഥാനമുറപ്പിക്കാൻ കോലിക്ക് ഏഷ്യാ കപ്പ് പ്രകടനം നിർണായകമാണ്.

ഏഷ്യാ കപ്പിന് മുന്നോടിയായി ദുബായിൽ കടുത്ത പരിശീലനത്തിലാണ് കിങ് കോലി. കഴിഞ്ഞ ടി20 ലോകകപ്പിലാണ് ഇന്ത്യ-പാക് ടീമുകൾ അവസാനമായി മുഖാമുഖം വന്നത്. അന്ന് ഇന്ത്യ 10 വിക്കറ്റിന് തോറ്റെങ്കിലും 57 റൺസുമായി വിരാട് കോലിയായിരുന്നു ടീമിന്റെ ടോപ് സ്‌കോറർ.

മത്സരങ്ങൾ ഇങ്ങനെ

ഓഗസ്റ്റ് 27 ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ശ്രീലങ്ക-അഫ്ഗാനിസ്ഥാൻ ഗ്രൂപ്പ് മത്സരത്തോടെയാണ് ടൂർണമെന്റിന് തിരശ്ശീല ഉയരുക. തൊട്ടടുത്ത ദിവസം ഓഗസ്റ്റ് 28-ാം തിയതി പാക്കിസ്ഥാനെതിരെയാണ് ടീം ഇന്ത്യ അങ്കം തുടങ്ങുന്നത്. ഓഗസ്റ്റ് 31-ാം തിയതി ഹോങ്കോങ്ങിനെ ഇന്ത്യ നേരിടും. ദുബായിലാണ് ഇന്ത്യയുടെ രണ്ട് മത്സരങ്ങളും. ഇതിന് ശേഷം സെപ്റ്റംബർ മൂന്ന് മുതൽ 9 വരെ സൂപ്പർ ഫോർ മത്സരങ്ങളും 11-ാം തിയതി ഞായറാഴ്ച ഫൈനലും നടക്കും.

 

ഉദ്ഘാടന മത്സരം പോലെ ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയമാണ് കലാശപ്പോരിന്റേയും വേദി. ദുബായ്ക്കൊപ്പം ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലും മത്സരങ്ങളുണ്ട്. ആകെ മൂന്ന് മത്സരങ്ങളാണ് ഷാർജയിൽ നടക്കുക.ഇന്ത്യയിൽ സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കാണ് ഏഷ്യാ കപ്പിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റർമാർ. അതിനാൽ ഡിസ്നി ഹോട്സ്റ്റാർ വഴി മത്സരത്തിന്റെ ലൈവ് സ്ട്രീമിങ്ങുണ്ടാകും. മത്സരവേദിയായ യുഎഇ ഉൾപ്പെടുന്ന മിഡിൽ ഈസ്റ്റിൽ ഒഎസ്എൻ സ്പോർട്സാണ് മത്സരങ്ങൾ സംപ്രേഷണം ചെയ്യുക. എല്ലാ ദിവസവും ഇന്ത്യൻസമയം രാത്രി ഏഴരയ്ക്കാണ് മത്സരങ്ങൾ ആരംഭിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP