Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാരത് ജോഡോ മുദ്രാവാക്യവുമായി രാഹുൽ രാജ്യ പര്യടനത്തിന്; കോൺഗ്രസ് ചോഡോ ആശയം ചർച്ചയാക്കി കോൺഗ്രസിൽ നിന്ന് രാജി വച്ച് ഗുലാം നബി ആസാദും; രാജീവ് ഗാന്ധിയുടെ പഴയ വിശ്വസ്തൻ പാർട്ടി പ്രാഥമിക അംഗത്വവും വേണ്ടെന്ന് വച്ചു; തീരുമാനം ഹൈക്കമാണ്ടുമായുള്ള നിർദ്ദേശത്തിൽ; തലമുതിർന്ന നേതാവിന്റെ പടിയിറക്കം കോൺഗ്രസിന് നൽകുക വലിയ പ്രതിസന്ധി

ഭാരത് ജോഡോ മുദ്രാവാക്യവുമായി രാഹുൽ രാജ്യ പര്യടനത്തിന്; കോൺഗ്രസ് ചോഡോ ആശയം ചർച്ചയാക്കി കോൺഗ്രസിൽ നിന്ന് രാജി വച്ച് ഗുലാം നബി ആസാദും; രാജീവ് ഗാന്ധിയുടെ പഴയ വിശ്വസ്തൻ പാർട്ടി പ്രാഥമിക അംഗത്വവും വേണ്ടെന്ന് വച്ചു; തീരുമാനം ഹൈക്കമാണ്ടുമായുള്ള നിർദ്ദേശത്തിൽ; തലമുതിർന്ന നേതാവിന്റെ പടിയിറക്കം കോൺഗ്രസിന് നൽകുക വലിയ പ്രതിസന്ധി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺഗ്രസിന് വീണ്ടും തിരിച്ചടി. ഗുലാം നബി ആസാദും പാർട്ടി വിട്ടു. കോൺഗ്രസിന്റെ പ്രാഥമികാംഗത്വം മുതിർന്ന നേതാവ് രാജിവച്ചു. കോൺഗ്രസ്സിലെ വിമതരുടെ സംഘമായ ജി-23യിൽ അംഗമായ ആനന്ദ് ശർമ ഹിമാചൽ പ്രദേശ് തിരഞ്ഞെടുപ്പ് സ്റ്റിയറിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവെച്ചിരുന്നു. 'ആത്മാഭിമാനം വച്ചു വില പേശാൻ കഴിയില്ലെ'ന്ന് സോണിയാ ഗാന്ധിക്ക് അയച്ച കത്തിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ജി - 23 ഗ്രൂപ്പിലെ മറ്റൊരു അംഗമായ ഗുലാം നബി ആസാദും ജമ്മു കശ്മീർ തിരഞ്ഞെടുപ്പ് സമിതിയിൽ നിന്ന് നേരത്തെ രാജിവെച്ചിരുന്നു. പിന്നാലെയാണ് പാർട്ടിയിൽ നിന്നുള്ള രാജി. കോൺഗ്രസിലെ ഏറ്റവും മുതിർന്ന നേതാവാണ് ഗുലാം നബി ആസാദ്. ഭാരത് ജോഡോ യാത്രയുമായി രാഹുൽ ഗാന്ധി ഇന്ത്യ പിടിക്കാൻ ഇറങ്ങുമ്പോഴാണ് ഈ അപ്രതീക്ഷിത തീരുമാനം.

2009 മുതൽ 2014 വരെ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന ജമ്മു & കാശ്മീരിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവാണ്് ഗുലാം നബി ആസാദ്. 2014 മുതൽ 2021 വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന ആസാദ് അഞ്ച് തവണ രാജ്യസഭാംഗം, രണ്ട് തവണ ലോക്‌സഭാംഗം, 2005 മുതൽ 2008 വരെ ജമ്മു & കാശ്മീരിന്റെ മുഖ്യമന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചു. 2022 ഫെബ്രുവരിയിൽ രാജ്യസഭ കാലാവധി പൂർത്തിയായതിനെ തുടർന്ന് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചതു പോലെയായി ഗുലാം നബി ആസാദിന്റെ പ്രവർത്തനം. ഗുലാം നബിക്ക് മോദി സർക്കാർ പത്മഭൂഷൺ നൽകിയതും രാഷ്ട്രീയ ചർച്ചയായിരുന്നു. രാജീവ് ഗാന്ധിയുടെ അതിവിശ്വസ്തനായിരുന്നു ഒരു കാലത്ത് ഗുലാം നബി ആസാദ്. രാഹുൽ ഗാന്ധി കോൺഗ്രസിൽ പിടിമുറുക്കിയതോടെ ആസാദിന് പാർട്ടിയിൽ പിൻനിരക്കാരനാകേണ്ടി വരികയായിരുന്നു.

മുൻ കേന്ദ്രമന്ത്രിയും രാജ്യസഭയിലെ കോൺഗ്രസ് ഉപനേതാവുമായ ആനന്ദ് ശർമയെ ഏപ്രിൽ 26-നാണ് ഹിമാചൽ പ്രദേശിലെ സ്റ്റിയറിങ് കമ്മിറ്റി ചെയർമാനായി നിയമിച്ചത്. എന്നാൽ, നിർണായകമായ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ തന്നെ അവഗണിക്കുന്നതായി ബോധ്യപ്പെട്ടതോടെയാണ് അദ്ദേഹം രാജിവെച്ചത്. ഹിമാചൽ പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ, പ്രചാരണ കമ്മിറ്റി അധ്യക്ഷൻ, തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രൂപീകരിച്ച മറ്റു കമ്മറ്റികളിലെ നേതാക്കൾ തുടങ്ങി കോൺഗ്രസിലെ മുതിർന്ന നേതാക്കൾ പങ്കെടുത്ത യോഗം ജൂൺ 20-ന് നടന്നു. എന്നാൽ സ്റ്റിയറിങ് കമ്മിറ്റി അധ്യക്ഷനായ തന്നെ ഇക്കാര്യമറിയിച്ചില്ല. ഓഗസ്റ്റ് 7, 8 ദിവസങ്ങളിൽ എഐസിസി നിരീക്ഷകർ ഉൾപ്പെടെയുള്ളവർ ഷിംല സന്ദർശിച്ചതിനു പിന്നാലെ മുതിർന്ന നേതാക്കൾ പങ്കെടുത്ത യോഗവും നടന്നു. എന്നാൽ ഈ യോഗങ്ങളെക്കുറിച്ച് തന്നെ അറിയിക്കുകയോ പങ്കെടുക്കാൻ ക്ഷണിക്കുകയോ ചെയ്തില്ല. ഇത്തരത്തിൽ തന്നെ അവഗണിക്കുന്നതായി ബോധ്യപ്പെട്ടതോടെയാണ് ആനന്ദ് ശർമ സ്റ്റിയറിങ് കമ്മറ്റി അധ്യക്ഷസ്ഥാനം രാജിവെച്ചത്.

കോൺഗ്രസ് അഖിലേന്ത്യാ രാഷ്ട്രീയകാര്യ സമിതിയിൽ അംഗമായ ഗുലാം നബി ആസാദിനെ സംസ്ഥാന ഘടകത്തിന്റെ പ്രചാരണ സമിതി അധ്യക്ഷനാക്കിയത് തരം താഴ്‌ത്തലായി വിലയിരുത്തിയിരുന്നു. അതിനാലാണ് ജമ്മു കാശ്മീരിലെ കോൺഗ്രസ് പ്രചാരണ സമിതി അധ്യക്ഷസ്ഥാനത്തു നിന്ന് ഗുലാം നബി ആസാദ് രാജിവെച്ചതെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ പറയുന്നത്. ഇത് ശരിവയ്ക്കും വിധമാണ് ഇപ്പോൾ പാർട്ടിയിൽ നിന്നുള്ള രാജി. ഗുലാം നബി ആസാദിന്റെ അടുത്ത രാഷ്ട്രീയ നീക്കം നിർണ്ണായകമാകും. ജി-23, കോൺഗ്രസിലെ വിമതപക്ഷമാണ്. ഈ പക്ഷത്തെ പ്രധാനിയാണ് ഗുലാം നബി ആസാദ്.

2019-ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി തോറ്റപ്പോൾ, ഒരു കൂട്ടം പാർട്ടി നേതാക്കൾ തിരഞ്ഞെടുപ്പിലെ തോൽവിയിൽ നിന്ന് കരകയറാൻ ശ്രമിച്ചു. പാർട്ടി തലത്തിലുള്ള പരിഷ്‌കാരം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കോൺഗ്രസിലെ വിമതപക്ഷം വാദിച്ചു. ഈ നീക്കം കോൺഗ്രസിനുള്ളിൽ ആഭ്യന്തര കലഹം സൃഷ്ടിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അന്നത്തെ പാർട്ടി അധ്യക്ഷനായ രാഹുൽ ഗാന്ധി അമേഠിയിൽ തോറ്റതോടെ വിമതപക്ഷത്തിന്റെ ആവശ്യങ്ങൾ കനക്കുകയായിരുന്നു. 2020 ഓഗസ്റ്റിൽ, 23 മുതിർന്ന കോൺഗ്രസ് നേതാക്കൾ നേതൃത്വത്തെ സജീവമാക്കണമെന്നും, സംഘടനാ പുനസ്സംഘടന നടത്തണമെന്നും അഭ്യർത്ഥിച്ച് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു.

ലോകസഭാ, സംസ്ഥാന തിരഞ്ഞെടുപ്പുകളിലെ അടിക്കടിയുള്ള പരാജയങ്ങൾ കണക്കിലെടുത്ത് പാർട്ടിക്കുള്ളിൽ ഒരു പുനസ്സംഘടന നടത്തണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. ഈ ആവശ്യം കാലക്രമേണ ശക്തമായി. ഗുലാം നബി ആസാദ്, ആനന്ദ് ശർമ്മ, ഭൂപീന്ദർ സിങ് ഹൂഡ, മിലിന്ദ് ദേവ്‌റ, മുകുൾ വാസ്‌നിക്, മനീഷ് തിവാരി തുടങ്ങിയവർ ഈ ഗ്രൂപ്പിലെ അംഗങ്ങളായിരുന്നു. ശക്തമായ നേതൃത്വവും മാറ്റമുള്ള സംഘടനാ സംവിധാനങ്ങളുമാണ് കോൺഗ്രസിന് ഇന്നാവശ്യം എന്നായിരുന്നു ഈ കൂട്ടായ്മയുടെ നിലപാട്. ജി 23 നേതാക്കളുടെ ഈ ആവശ്യം പരിഗണിക്കാതെ കോൺഗ്രസിന് മുന്നോട്ട് പോയി. ഇതാണ് ഗുലാം നബിയുടെ അടക്കം രാജിക്ക് കാരണമായത്.

കോൺഗ്രസിൽ അധ്യക്ഷ തിരഞ്ഞെടുപ്പിന് സോണിയാ ഗാന്ധി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ പേര് നിർദ്ദേശിച്ചുവെന്നാണ് സൂചന. ഇത് രണ്ട് അർത്ഥത്തിലാണ്. ഒന്ന് രാജസ്ഥാനിലെ ഭരണം സച്ചിൻ പൈലറ്റിന് വിട്ടുകൊടുക്കാനാണ്. മറ്റൊന്ന് ഗാന്ധി കുടുംബം അധികാരം കൈയാളുന്നില്ലെന്ന് അറിയിക്കാൻ കൂടിയാണ്. ഗുലാം നബി ആസാദിനെയും ആനന്ദ് ശർമയെയും ടീം രാഹുലിന് ഒട്ടും താൽപര്യമില്ല. സോണിയാ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് നിർദ്ദേശിക്കുന്ന് പേര് അശോക് ഗെലോട്ടിന്റേതാണ്. രാഹുൽ ഗാന്ധിക്കും എതിർപ്പുകളില്ല. പലതവണ തെളിയിച്ച നേതാവാണ് ഗെലോട്ട്. മോദിയെ ഗുജറാത്തിൽ കഴിഞ്ഞ തവണ ഗെലോട്ട് വെള്ളം കുടിപ്പിച്ചിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് തവണയും രാജസ്ഥാനിൽ നിന്ന് ഒരു ലോക്സഭാ സീറ്റ് പോലും കോൺഗ്രസിന് നേടിക്കൊടുക്കാൻ ഗെലോട്ടിന് സാധിച്ചിട്ടില്ല. 2024ലും ഇതിന് മാറ്റമുണ്ടാകാൻ സാധ്യത കുറവാണ്. അതുകൊണ്ട് അധ്യക്ഷ സ്ഥാനത്ത് ഗെലോട്ട് വരുമോ എന്നറിയില്ല.

പക്ഷേ രാഹുൽ ഗാന്ധിയോ അദ്ദേഹത്തിന്റെ വിശ്വസ്തരോ അധ്യക്ഷരായി വരരുതെന്നാണ് ആസാദും ആനന്ദ് ശർമയും ആഗ്രഹിക്കുന്നത് എന്നും റിപ്പോർട്ടുണ്ടായിരുന്നു. പാർട്ടിയിൽ ഇവരുടെ സ്വാധീനം അതോടെ തീർത്തും ഇല്ലാതാവും. അത് മാത്രമല്ല ഇവർ പോലും ആഗ്രഹിക്കാത്ത തരത്തിലേക്ക് പാർട്ടിയെ രാഹുലും സംഘവും നയിക്കുമെന്നാണ് ആസാദും ശർമയും കരുതുന്നത്. രാഹുലിന് സീനിയേഴ്സിൽ നിന്ന് ഉപദേശം കേൾക്കുന്ന ശീലമില്ല. അദ്ദേഹത്തിനൊപ്പമുള്ളവരൊന്നും ഗ്രൗണ്ട് രാഷ്ട്രീയത്തെ കുറിച്ച് ബോധമുള്ളവരല്ല. രാഹുലിനും ഇതേ പ്രശ്നമുണ്ട്. ഗുലാം നബി ആസാദിന് കുറച്ചെങ്കിലും സ്വാധീനം കശ്മീരിലുണ്ട്. അദ്ദേഹം അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരിക്കുമെന്നും റിപ്പോർട്ടെത്തി. ഇതിനിടെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വം പോലും ഒഴിയുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP